This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉത്തരായണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉത്തരായണം
സൂര്യോദയസ്ഥാനം വർഷത്തിൽ ആറുമാസക്കാലം വടക്കോട്ടു മാറുന്നതായി അനുഭവപ്പെടുന്ന പ്രതിഭാസം. യന്ത്രസഹായം കൂടാതെ വെറും ചാക്ഷുഷികമായ നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി പൗരാണികർ ഒരു സംവത്സരക്കാലത്തെ ഉത്തരായണമെന്നും ദക്ഷിണായനമെന്നും രണ്ടു ഭാഗങ്ങളാക്കിത്തിരിച്ചു വ്യവഹരിച്ചിരുന്നു. സൂര്യന്‍ പൂർവചക്രവാളത്തിൽ ഒരേ സ്ഥാനത്തുതന്നെയല്ല എന്നും ഉദിക്കുന്നത്. മാർച്ച് 21-നും സെപ്‌തംബർ 23-നും മാത്രം സൂര്യന്‍ പൂർവബിന്ദുവിൽ ഉദിച്ച് പശ്ചിമബിന്ദുവിൽ അസ്‌തമിക്കുന്നു. മറ്റു ദിവസങ്ങളിലെല്ലാം സൂര്യോദയം ഉണ്ടാകുന്നത് യഥാർഥപൂർവബിന്ദുവിൽ നിന്നും വടക്കോട്ടോ തെക്കോട്ടോ മാറിയാണ്. ജൂണ്‍ 22-ന് സൂര്യന്റെ ഉത്തരക്രാന്തി (north declination) ഏറ്റവും കൂടുതലായിരിക്കും. അന്ന് സൂര്യന്റെ ഉദയസ്ഥാനം പൂർവബിന്ദുവിൽനിന്ന് ഏറ്റവും വടക്കായിരിക്കും. അതുപോലെതന്നെ ദക്ഷിണക്രാന്തി (south declination) ഏറ്റവും കൂടുതലായിരിക്കുന്ന ദിനത്തിൽ (ഡി. 22) സൂര്യന്റെ ഉദയസ്ഥാനം ഏറ്റവും തെക്കോട്ടുമാറിയും ആയിരിക്കും. ഉദയസ്ഥാനത്തിന്റെ മാറ്റം ദിനംപ്രതി ക്രമമായും അല്‌പാല്‌പമായുമാണ് കാണപ്പെടുന്നത്. ഡിസംബർ 22 മുതൽ ജൂണ്‍ 22 വരെയുള്ള കാലഘട്ടത്തിൽ സൂര്യോദയസ്ഥാനം ഇപ്രകാരം ഉത്തരാഭിമുഖമായി നീങ്ങുന്നതുകൊണ്ട് ഈ അന്തരാളത്തിന് ഉത്തരായണകാലമെന്നു പേർ കൊടുത്തിരിക്കുന്നു. ഇതുപോലെതന്നെ ജൂണ്‍ 22 മുതൽ ഡി. 22 വരെയുള്ള അന്തരാളത്തിൽ സൂര്യന്റെ ഉദയസ്ഥാനം ദക്ഷിണാഭിമുഖമായും നീങ്ങുന്നു. ഈ അന്തരാളമാണ് ദക്ഷിണായനകാലം.
ഉദയാസ്‌തമയങ്ങളുടെ സ്ഥാനങ്ങള്‍ക്കു വരുന്ന ഈ മാറ്റങ്ങള്‍ക്കനുസരിച്ച് ദിനരാത്രങ്ങളുടെ ദൈർഘ്യങ്ങള്‍ക്കും വ്യത്യാസം വരുന്നുണ്ട്. ഒരു സംവത്സരത്തിൽ എല്ലാദിവസവും രാപ്പകലുകള്‍ തുല്യങ്ങളായിരിക്കുന്നില്ല. മാർച്ച് 21, സെപ്‌തംബർ 23 എന്നീ രണ്ടു പ്രത്യേക ദിവസങ്ങളിൽ (വിഷുവങ്ങള്‍: equinoxial days) ഭൂമിയുടെ ഏതുഭാഗത്തുള്ളവർക്കും ദിനരാത്രങ്ങള്‍ തുല്യങ്ങളായിരിക്കും. ഭൂമധ്യരേഖയുടെ വടക്കുഭാഗത്തുള്ളവർക്ക് മാർച്ച് 21 മുതൽ ജൂണ്‍ 22 വരെ പകലിന്റെ ദൈർഘ്യം വർധിച്ചുവരുന്നതായും അതനുസരിച്ച് രാവുകളുടെ ദൈർഘ്യം കുറഞ്ഞുവരുന്നതായുമാണ് അനുഭവപ്പെടുന്നത്. ഏറ്റവും ദീർഘമായ പകൽ അവർക്ക് ജൂണ്‍ 22-നാണ്. ഈ ദിവസത്തിനുശേഷം പകലിന്റെ ദൈർഘ്യം ദിവസംപ്രതി കുറഞ്ഞു തുടങ്ങും. കുറഞ്ഞുകുറഞ്ഞ് സെപ്‌തംബർ 23 ആകുമ്പോള്‍ പകലും രാവും തുല്യങ്ങളായിത്തീരും. സെപ്‌തംബർ 23 മുതൽ ഡിസംബർ 22 വരെ പകൽ കുറഞ്ഞുതന്നെ വരികയും അതനുസരിച്ച് രാവുകളുടെ ദൈർഘ്യം കൂടിവരികയും ചെയ്യും. ഡിസംബർ 22-ന് ഏറ്റവും കുറഞ്ഞ പകലും ഏറ്റവും കൂടിയ രാത്രിയും ലഭിക്കുന്നു. പിന്നെയും രാപ്പകലുകളുടെ ദൈർഘ്യത്തിനു മാറ്റം സംഭവിക്കുകയും മാർച്ച് 21-ന് വീണ്ടും അവ തുല്യങ്ങളായിത്തീരുകയും ചെയ്യുന്നു.
ഭൂമധ്യരേഖയുടെ വടക്കുഭാഗത്തുള്ളവർക്കാണ് ഉത്തരായണകാലത്തിൽ പകലിന്റെ ദൈർഘ്യം കൂടിക്കൂടി വരുന്നത്. ദക്ഷിണാർധഗോളത്തിലുള്ളവർക്ക് നേരെ മറിച്ചായിരിക്കും അനുഭവം. എന്നാൽ ഭൂമധ്യരേഖയിലുള്ളവർക്ക് ദിനരാത്രങ്ങള്‍ എന്നും തുല്യം (12 മണിക്കൂർ വീതം) തന്നെയായിരിക്കും. ദിനരാത്രങ്ങളുടെ ദൈർഘ്യത്തിനു മാറ്റംവരുവാനുള്ള കാരണം ഭൂമിയുടെ പ്രദക്ഷിണംമൂലം സൂര്യന് ആപേക്ഷികമായുണ്ടാകുന്ന വാർഷികചലനവും ഭൂമി സ്വയംതിരിയുന്ന അച്ചുതണ്ടിന് ഊർധ്വാദരദിശയിൽ നിന്നുള്ള ചരിവുമാണ്.
ഉത്തരായണത്തിന്റെ ആരംഭത്തെ മകരസംക്രമമെന്നും ദക്ഷിണായനത്തിന്റെ ആരംഭത്തെ കർക്കടക സംക്രമമെന്നും ഭാരതീയ ജ്യോതിശ്ശാസ്‌ത്രജ്ഞന്മാർ വ്യവഹരിക്കുന്നു. പുരാണ സങ്കല്‌പമനുസരിച്ച് ഉത്തരായണകാലം ദേവന്മാരുടെ പകലും, ദക്ഷിണായനകാലം രാത്രിയുമാണ്. ഉത്തരായണകാലത്താണ് യാഗാദികർമങ്ങള്‍ ചെയ്യുന്നത്. ഉത്തരായണകാലത്തു മരിച്ചാൽ മോക്ഷം ലഭിക്കുമെന്ന് ഹിന്ദുക്കള്‍ വിശ്വസിച്ചിരുന്നു. സ്വച്ഛന്ദമൃത്യുവായ ഭീഷ്‌മാചാര്യർ ഉത്തരായണവും പ്രതീക്ഷിച്ച് ശരശയ്യയിൽ കിടന്നിരുന്നതായി മഹാഭാരതത്തിൽ പറയുന്നു.
(പ്രാഫ. കെ. മരുമകന്‍ രാജ; സ.പ.)