This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്തരന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉത്തരന്‍

1. മഹാഭാരതത്തിലെ ഒരു കഥാപാത്രം. മഹാഭാരതകഥയിൽ പാണ്ഡവർ അജ്ഞാതവാസം നടത്തിയ വിരാടരാജ്യത്തിലെ രാജകുമാരനാണ്‌ ഉത്തരന്‍. ഇദ്ദേഹത്തിന്‌ ഭൂമിഞ്‌ജയന്‍ എന്ന ഒരു പര്യായമുണ്ടായിരുന്നതായി വിരാടപർവത്തിൽ പരാമർശമുണ്ട്‌. കൗരവന്മാർ ഗോഗ്രഹണം നടത്തിയ കഥ ഗോപാലകന്മാർ വന്നു പറഞ്ഞപ്പോള്‍ നല്ല ഒരു സാരഥി ഉണ്ടെങ്കിൽ താന്‍ ദുര്യോധനാദികളെ തോല്‌പിച്ച്‌ പശുക്കളെ വീണ്ടെടുക്കാമെന്ന്‌ ഉത്തരന്‍ വീമ്പിളക്കി; ബൃഹന്നള എന്ന പേരിൽ രാജധാനിയിൽ പ്രച്ഛന്ന വേഷനായിത്താമസിച്ചിരുന്ന അർജുനന്‍ തേരാളിയാകാമെന്നു സമ്മതിച്ചു. അവർ രണ്ടാളുംകൂടി പുറപ്പെട്ട്‌ യുദ്ധരംഗത്തെത്തിയപ്പോള്‍ ഉത്തരന്‍ ഭയപരവശനായി തിരിഞ്ഞോടാന്‍ ശ്രമംനടത്തി. എന്നാൽ അർജുനന്‍ ഉത്തരനെ തേരിൽ പിടിച്ചുകെട്ടി, ഏകനായി കൗരവന്മാരുമായി യുദ്ധം ചെയ്‌ത്‌ അവരെ തോല്‌പിച്ച്‌ ഓടിച്ചു.

കുരുക്ഷേത്രയുദ്ധത്തിൽ പങ്കെടുത്ത ഉത്തരനെ ശല്യർ വധിച്ചു. ഉത്തരന്റെ സഹോദരിയായ ഉത്തരയെ അജ്ഞാതവാസക്കാലത്ത്‌ അർജുനന്‍ നൃത്തഗീതാദികള്‍ അഭ്യസിപ്പിക്കുകയും ഒടുവിൽ സ്വപുത്രനായ അഭിമന്യുവിനെക്കൊണ്ട്‌ വിവാഹം കഴിപ്പിക്കുകയും ചെയ്‌തു. ഈ ദമ്പതികളുടെ പുത്രനാണ്‌ പരീക്ഷിത്ത്‌. നോ. അജ്ഞാതവാസം; അഭിമന്യു; ഉത്തരാസ്വയംവരം

2. മഹാഭാരതം സഭാപർവത്തിൽ ആത്മപ്രശംസക്കാരനായ ഒരു രാജാവിനെയും വനപർവത്തിൽ ഒരു അഗ്നിയെയും ഉത്തരന്‍ എന്ന പേരിൽ സൂചിപ്പിച്ചുകാണുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍