This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്തമചോളന്‍ (ഭ.കാ. 970 - 85)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉത്തമചോളന്‍ (ഭ.കാ. 970 - 85)

ചോളചക്രവർത്തി. "രാജകേസരി' ബിരുദം സ്വീകരിച്ച രാജരാജന്‍ ക-ന്റെ തൊട്ടടുത്ത മുന്‍ഗാമിയായിരുന്ന ഉത്തമചോളന്‍ തന്റെ ഭരണത്തിലെ 13-ാം വർഷത്തിലാണ്‌ "പരകേസരി' എന്ന ബിരുദം സ്വീകരിച്ചത്‌. ഉത്തമചോളന്റെ പിതൃസഹോദരപുത്രനായിരുന്നു രാജരാജന്‍. ചോളസിംഹാസനത്തിന്റെ ശരിയായ അവകാശിയായിരുന്ന ആദിത്യന്‍ കക-നെ വധിച്ചാണ്‌ ഉത്തമചോളന്‍ സിംഹാസനത്തിലേക്കുള്ള വഴി ഒരുക്കിയതെന്ന്‌ സംശയിക്കപ്പെടുന്നു. അതിനുമുമ്പ്‌ രാജ്യം ഭരിച്ചിരുന്ന സുന്ദരചോളനും പുത്രന്മാരായ ആദിത്യന്‍ കക-ഉം രാജരാജനും അന്യായമായി അധികാരം പിടിച്ചെടുത്തച്ചെടുത്തവരാണ്‌ എന്ന പക്ഷക്കാരനായിരുന്നു ഉത്തമചോളന്‍. ഉത്തമചോളന്റെ ഉദൈയാർഗുഡി ശാസനത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്‌. ആദിത്യപരകേസരിയുടെയും പാർഥിവേന്ദ്രവർമയുടെയും ശാസനങ്ങള്‍ കാണിക്കുന്നത്‌ രാഷ്‌ട്രകൂടർ പിടിച്ചെടുത്തിരുന്ന മിക്ക പ്രദേശങ്ങളും ഉത്തമചോളന്‍ അധികാരമേറ്റകാലത്തു ചോളർ തിരികെ പിടിച്ചിരുന്നുവെന്നാണ്‌.

കണ്ടുകിട്ടിയിട്ടുള്ള ചോളനാണയങ്ങളിൽ ആദ്യത്തേത്‌ ഉത്തമചോളന്‍ പുറപ്പെടുവിച്ച സ്വർണനാണയങ്ങളാണ്‌. അമ്പതും അറുപതും നെന്മണി തൂക്കം ഉണ്ടായിരുന്ന ഈ നാണയങ്ങളിൽ ഗ്രന്ഥാക്ഷരത്തിൽ ഉത്തമചോളന്റെ ബിരുദങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഒരു മത്സ്യത്തെ സശ്രദ്ധം സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുന്ന സിംഹത്തിന്റെ പ്രതിരൂപമാണ്‌ നാണയങ്ങളിൽ. ഉത്തമചോളന്റെ ചെപ്പേടുകളിൽ(മദ്രാസ്‌ മ്യൂസിയം)നിന്ന്‌ അന്നത്തെ സാമൂഹികവും ഭരണപരവുമായ വ്യവസ്ഥിതികള്‍ മനസ്സിലാക്കാവുന്നതാണ്‌. അന്നത്തെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥപ്രമാണി അമ്പലവാന്‍ പല്ലവമൂർനക്കനായിരുന്നു. തിരുനാവുക്കരശ്‌ എന്ന യോഗിവര്യന്‍ ഗോവിന്ദപുത്തൂർ എന്ന പേരിൽ പ്രകീർത്തിക്കുന്ന വിജയമംഗലം ക്ഷേത്രം ഉത്തമചോളന്റെ മാതാവിന്റെ നിർദേശ പ്രകാരം അമ്പലവാന്‍ പണി ചെയ്യിച്ചതാണ്‌. അമ്പലവാന്‌ "വിക്രമസോലമാരായന്‍' എന്ന ബിരുദം നല്‌കി ബഹുമാനിച്ചതിന്‌ ഉത്തമചോളനെ പ്രരിപ്പിച്ച വസ്‌തുത ആ രാജകിങ്കരന്റെ അതിരറ്റ കഴിവായിരുന്നിരിക്കണം. ഉത്തമചോളന്‌ "വിക്രമ'നെന്ന ബിരുദം ഉണ്ടായിരുന്നുവെന്ന സൂചന ഇതിൽ അടങ്ങിയിരിക്കുന്നു. കോലാർ പ്രദേശംവരെ ഉത്തമചോളന്റെ അധികാരപരിധി വ്യാപിച്ചുകിടന്നിരുന്നുവെന്ന്‌ കരുതുവാന്‍ ന്യായമുണ്ട്‌.

ഉത്തമചോളന്‌ അനേകം രാജ്ഞിമാരുണ്ടായിരുന്നുവെങ്കിലും ഉരത്തായന്‍ സൊരദയാർ ആയിരുന്നു പ്രധാനി. "അഗ്രമഹാദേവിയാർ' എന്നും "മൂത്ത നമ്പിരാട്ടിയാർ' എന്നുമായിരുന്നു അവർ അറിയപ്പെട്ടിരുന്നത്‌. "ത്രിഭുവന മഹാദേവിയാർ' എന്ന ബിരുദവും അവർ ഉപയോഗിച്ചിരുന്നിരിക്കണം. ഉത്തമചോളനുശേഷം പിന്നത്തെ ചോളചക്രവർത്തിയായ രാജരാജന്റെ കാലത്ത്‌ ഉയർന്ന ഔദ്യോഗികപദവികള്‍ വഹിച്ചിരുന്ന മധുരാന്തകന്‍ ഗൗഡരാദിത്യനായിരുന്നു ഉത്തമചോളന്റെ പുത്രന്മാരിൽ ഒരാള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍