This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉണ്‍ഗർ, ഫ്രാന്‍സ്‌ (1800 - 70)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉണ്‍ഗർ, ഫ്രാന്‍സ്‌ (1800 - 70)

Unger, Franz

ആസ്‌ട്രിയന്‍ സസ്യശാസ്‌ത്രകാരന്‍. ആസ്റ്റ്രിയയിലെ ലൂട്‌ഷാഹ്‌ എന്ന സ്ഥലത്ത്‌ 1800 ന. 30-ന്‌ ജനിച്ചു. വൈദ്യശാസ്‌ത്രമാണ്‌ പഠനവിഷയമായി ആദ്യം തെരഞ്ഞെടുത്തത്‌. 1827-ൽ വൈദ്യശാസ്‌ത്രത്തിൽ ബിരുദംനേടിയെങ്കിലും ഇദ്ദേഹത്തിന്‌ കൂടുതൽ താത്‌പര്യം സസ്യശാസ്‌ത്രത്തിലായിരുന്നു. സ്വന്തം പരിശ്രമത്താൽ ഈ ശാസ്‌ത്രശാഖയിൽ അവഗാഹം നേടുകയും നിരവധി ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. ശാസ്‌ത്രലോകം ഈ പരിശ്രമങ്ങള്‍ക്ക്‌ അംഗീകാരം നല്‌കുകയുണ്ടായി. ഇതിന്റെ ഫലമായി 1836-ൽ ഗ്രാസ്‌ സർവകലാശാലയിൽ സസ്യശാസ്‌ത്ര പ്രാഫസറായി നിയമിക്കപ്പെട്ടു. ഉണ്‍ഗർ പ്രസിദ്ധിയുടെ ഉച്ചകോടിയിലെത്തിയത്‌, വിയന്നാ സർവകലാശാലയിൽ 1850-ൽ സസ്യശാസ്‌ത്ര പ്രാഫസറായി ക്ഷണിക്കപ്പെട്ടപ്പോഴാണ്‌. അനവധി ഗവേഷണപ്രബന്ധങ്ങള്‍ക്കു പുറമേ, അക്കാലത്ത്‌ യൂറോപ്പിൽ പരക്കെ ഒരു പാഠപുസ്‌തകമായി അംഗീകരിക്കപ്പെട്ടിരുന്ന അനാറ്റമീ ഉന്‍ഡ്‌ ഫിസിയൊളോഗീ ദേർ ഫ്‌ളാന്‍സെന്‍ (Anatomie und physiologie der Pflanzen, 1855)എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്‌. സസ്യപ്രാട്ടോപ്ലാസവും ജന്തുപ്രാട്ടോപ്ലാസവും തമ്മിലുള്ള അഭേദ്യമായ സാദൃശ്യം ആദ്യമായി ചൂണ്ടിക്കാണിച്ചതും ജന്തുക്കളിലെന്നപോലെ സസ്യങ്ങളിലും പരിണാമം സംഭവിച്ചിട്ടുണ്ട്‌ എന്ന്‌ തുറന്ന്‌ പ്രഖ്യാപിച്ചതും ഫ്രാന്‍സ്‌ ഉണ്‍ഗർ ആയിരുന്നു. ഈ വിഷയങ്ങളിൽ പല ശാസ്‌ത്രസദസ്സുകളിലും തന്റെ വാദമുഖത്തിന്‌ നേതൃത്വം നൽകിക്കൊണ്ട്‌ ഇദ്ദേഹം ചർച്ചകള്‍ നടത്തിയിരുന്നു. ഉണ്‍ഗർ 1870 ഫെ. 13-ന്‌ ഗ്രാസിൽവച്ചു നിര്യാതനായി.

(ഡോ. എ.എന്‍.പി. ഉമ്മർകുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍