This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉക്രേനിയന്‍ ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉക്രേനിയന്‍ ഭാഷയും സാഹിത്യവും

Ukrainian Language and Literature

പാന്റലൈയ്‌മോന്‍ കുലീഷ്‌

ഉക്രയിനിലെ ജനങ്ങളുടെ വ്യവഹാരത്തിലിരിക്കുന്ന ഭാഷ. ഇന്തോ യൂറോപ്യന്‍ ഭാഷാഗോത്രത്തിലെ മൂന്നു പ്രധാനശാഖകളില്‍ മൂന്നാമത്തെ ശാഖയില്‍പ്പെട്ട ഭാഷയാണ്‌ ഉക്രേനിയന്‍. റഷ്യന്‍ ഭാഷയില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ ഒരു കിഴക്കന്‍ സ്ലാവിക്‌ ഭാഷയാണിത്‌. 13-ാം ശതകത്തില്‍ കീവിനു നേരിട്ട പതനത്തിനുശേഷം ഉക്രയിന്‍ രാജ്യത്തിന്റെ ഏറിയ ഭാഗവും ലിത്വേനിയയില്‍ ലയിച്ചതോടുകൂടി ക്രമേണ രൂപംകൊണ്ട വാങ്‌മയത്തെ "ബൈലോറഷ്യന്‍' ((White Russian)എന്നു പറഞ്ഞുവരാറുണ്ടായിരുന്നു; ഇതുതന്നെ 16-ാം ശതകത്തില്‍ പോളിഷ്‌ ആധിപത്യത്തോടുകൂടി അസ്‌തമിതപ്രായമായി. 17-ാം ശതകത്തില്‍ ക്രസ്‌തവസഭകള്‍ ഉപയോഗിച്ചിരുന്ന സ്ലാവിക്‌ രൂപങ്ങള്‍ അതുവരെ അവിടെ നിലനിന്ന സങ്കരഭാഷയില്‍ കലരാന്‍ തുടങ്ങി. ഈ മിശ്രഭാഷയില്‍നിന്നാണ്‌ 18-ാം ശതകത്തിന്റെ അവസാനത്തില്‍ ഒരു ഉക്രേനിയന്‍ സാഹിത്യഭാഷ ഉരുത്തിരിഞ്ഞുവന്നത്‌. പിന്നീട്‌ ആധുനിക ബൈലോറഷ്യനെപ്പോലെ, ധാരാളം പോളിഷ്‌പദങ്ങളും ശൈലികളും ഇടകലര്‍ന്ന്‌ ഒരു ഉക്രേനിയന്‍ സാഹിത്യം രൂപംകൊള്ളാനുള്ള വഴി തുറന്നു. ഈ പുതിയ ഭാഷാരൂപം ശബ്‌ദശാസ്‌ത്രപരമായും നൈരുക്തികമായും ഉച്ചാരണത്തിലും റഷ്യനില്‍ നിന്നു തികച്ചും ഭിന്നവും സ്വതന്ത്രവുമാണ്‌.

മാര്‍ക്കോവൊവ്‌ചെക്ക്‌

സാഹിത്യം. ക്രിസ്‌തുമതസമ്പര്‍ക്കത്തോടുകൂടി "ചര്‍ച്‌-സ്ലാവോണിക്‌' എന്ന്‌ പിന്നീട്‌ ഭാഷാശാസ്‌ത്രജ്ഞന്മാര്‍ നാമകരണം ചെയ്‌ത ഒരു വാങ്‌മയരൂപം ബൈസാന്തിയത്തില്‍നിന്ന്‌ കീവില്‍ എത്തിച്ചേര്‍ന്നു (988). അതില്‍ രചിക്കപ്പെട്ട ചില ആധ്യാത്മിക സൃഷ്‌ടികള്‍ ഉക്രേനിയന്‍ സാഹിത്യത്തിന്റെ ആദ്യകാലസന്തതികളെന്ന നിലയില്‍ ഗണിക്കപ്പെട്ടു വരുന്നു. മതോത്ഥാനവും മതനവീകരണവും യൂറോപ്പില്‍ പ്രബലമായ കാലത്ത്‌ അതിന്റെ അലയടികള്‍ ഉക്രേനിയനിലും അനുഭവപ്പെട്ടു. വിവിധ പ്രത്യയശാസ്‌ത്രവിവാദങ്ങളോടുകൂടിയും അല്ലാതെയും പല ബൈബിള്‍ തര്‍ജുമകള്‍ ഈ നാട്ടില്‍ ആവിര്‍ഭവിച്ചത്‌ ഇക്കാലത്താണ്‌.

കാര്‍പെകോ കാറി

17-ാം ശതകത്തിനുശേഷം പല കാരണങ്ങളാലും ക്ലാസ്സിക്കല്‍ സാഹിത്യസൃഷ്‌ടി ഈ ഭാഷയില്‍ വികാസം പ്രാപിക്കുകയുണ്ടായില്ല. 1805-ല്‍ ഖാര്‍ക്കോവ്‌ സര്‍വകലാശാല സ്ഥാപിതമായതോടുകൂടി ഈ സ്ഥിതിക്ക്‌ മാറ്റം വന്നു. ചരിത്രകൃതികളും റൊമാന്റിക്‌ കാവ്യങ്ങളുമാണ്‌ ഇക്കാലത്തെ പ്രമുഖ സാഹിത്യ സൃഷ്‌ടികള്‍. ബൈബിളും ഷെയ്‌ക്‌സ്‌പിയര്‍ കൃതികളും ഉക്രേനിയനിലേക്ക്‌ വിവര്‍ത്തനം ചെയ്‌ത പാന്റലൈയ്‌മോന്‍ കുലീഷ്‌ (1819-97) കവിയും നോവലിസ്റ്റും ഉപന്യാസകൃത്തുമായിരുന്നു. മാര്‍ക്കോവൊവ്‌ചെക്ക്‌ (1834-1907) ഗദ്യശാഖയെയും കാര്‍പെകോ കാറി (1845-1907) നാടകപ്രസ്ഥാനത്തെയും വികസിപ്പിച്ചെടുത്തവരില്‍ പ്രമുഖരാണ്‌.

ഐവാന്‍ ഫ്രാന്‍കോ

ഐവാന്‍ ഫ്രാന്‍കോ (1856-1916) ആണ്‌ ആധുനിക ഉക്രേനിയന്‍ സാഹിത്യത്തിന്റെ പിതാവെന്ന നിലയില്‍ ആദരിക്കപ്പെടുന്നത്‌. ലെസ്യാ ഉക്രയിന്‍കാ (1871-1913) പേരെടുത്ത ഒരു കവയിത്രിയും നാടകകര്‍ത്രിയുമായിരുന്നു. ഇംപ്രഷണിസ്റ്റ്‌ സാഹിത്യരൂപങ്ങളെ പ്രചരിപ്പിച്ചവരില്‍ മൈഖേലൊ കോട്‌സ്യുബൈന്‍സ്‌കിയും (1864-1903) പാസൈല്‍ സ്റ്റെഫാനൈക്കും (1871-1936) ഭാവഗീതപ്രസ്ഥാനത്തില്‍ ഒ. ഓലെസ്സും (1878-1944) മുന്‍പന്തിയില്‍ നില്‌ക്കുന്നു.

ഒന്നാം ലോകയുദ്ധവും റഷ്യന്‍വിപ്ലവവും അതോടുകൂടി ഉക്രയിന്‍ കൈക്കൊണ്ട സോവിയറ്റ്‌ വിരുദ്ധപ്രവര്‍ത്തനങ്ങളും (1918-22) അവിടത്തെ സാഹിത്യത്തിന്‌ പുതിയ രൂപഭാവങ്ങള്‍ നല്‌കി. ഇക്കാലത്തെ ഏറ്റവും പ്രശസ്‌തനായ കവി മാക്‌സൈം റൈന്‍സ്‌കി ആണ്‌. നവീന ക്ലാസ്സിസിസ്റ്റ്‌ പ്രസ്ഥാനത്തിനു രൂപംനല്‌കിയ മൈകോലാ സെരോവ്‌ 1933-ല്‍ നാട്ടില്‍നിന്ന്‌ ബഹിഷ്‌കൃതനായി. സോവിയറ്റ്‌ ആധിപത്യം സ്ഥാപിതമായശേഷം (1923) ഉക്രേനിയന്‍ സാഹിത്യം കുറേക്കാലത്തേക്ക്‌ മുരടിച്ചു കിടക്കുകയാണുണ്ടായത്‌. 1929-30 കാലത്ത്‌ പല ഉക്രേനിയന്‍ സാഹിത്യകാരന്മാരും സംഹരിക്കപ്പെട്ടതായും അവരുടെ സൃഷ്‌ടികള്‍ വന്‍തോതില്‍ നശിപ്പിക്കപ്പെട്ടതായും ചില ചരിത്രഗ്രന്ഥങ്ങളില്‍ കാണുന്നു.

ഏതാണ്ട്‌ ഒരു നൂറ്റാണ്ടുകാലം ഉക്രേനിയന്‍ സാഹിത്യകാരന്മാരെ നയിച്ചുകൊണ്ടിരുന്ന ദേശാഭിമാനബോധത്തിന്റെ സ്ഥാനം 1930-നുശേഷം പുതിയ സാമൂഹികസാംസ്‌കാരികമൂല്യങ്ങള്‍ പിടിച്ചെടുക്കുകയുണ്ടായി. ഉക്രയിനിന്റെ പശ്ചിമപ്രദേശങ്ങളിലുള്ള സാഹിത്യകാരന്മാര്‍ ഇക്കാലത്ത്‌ ശക്തമായ ചില സ്വകീയശൈലീപ്രസ്ഥാനങ്ങള്‍ക്ക്‌ രൂപം നല്‌കി. ചരിത്രാഖ്യായികാകാരനായ കാറ്റേറൈനാ ഹ്രനെവൈച്‌ (1875-1947), കവികളായ ഓലെഹ്‌ ഓള്‍ഷൈച്ച്‌ (1909-44), യൂറിയ്‌ലൈപാ (1900-44), യൂറീയ്‌ക്ലെന്‍ (1891-1947), സാഹിത്യ വിമര്‍ശകനായ ദിമിത്രാവ്‌ ഡൊണ്‍സോവ്‌ തുടങ്ങിയവര്‍ ഉയിര്‍ത്തെഴുന്നേറ്റ ഉക്രേനിയന്‍ സാഹിത്യത്തിന്റെ നായകന്മാരെന്ന നിലയില്‍ കരുതപ്പെട്ടുവരുന്നു.

സ്വാതന്ത്ര്യ പ്രഖ്യാപനത്തോടെ ഉക്രേനിയന്‍ സാഹിത്യത്തില്‍ പുതിയ വഴിത്തിരിവുണ്ടായി. ഒന്നര നൂറ്റാണ്ടോളം റഷ്യന്‍ ഭാഷയ്‌ക്കും സംസ്‌കാരത്തിനും വിധേയമായിക്കഴിഞ്ഞ ഉക്രയിന്‍ സമൂഹത്തിന്‌ ഇപ്പോള്‍ ദേശീയസ്വത്വം കൈവന്നിരിക്കുന്നു. റഷ്യന്‍ പദാവലി കഴിയുന്നത്ര ഒഴിവാക്കിയും ഔദ്യോഗിക വ്യവഹാരങ്ങളില്‍ ഉക്രേനിയന്‍ നിര്‍ബന്ധമാക്കിയും മാതൃഭാഷയെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. യുറി ആന്‍ഡ്രുഖോവിച്ച്‌, സെര്‍ഹിസഡാന്‍, ഒക്‌സാനസബുക്കോ, ഒലക്‌സാണ്ടര്‍ ഇര്‍വാനെറ്റ്‌, ഇഡ്രിക്‌, മറിയ മറ്റിയോസ്‌, ഇഹര്‍ പാവ്‌ലുക്‌ എന്നിവരെ ആധുനികോത്തര സാഹിത്യകാരന്മാരായി കണക്കാക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍