This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍ഗ്ര്‌, ഷീന്‍ അഗസ്റ്റ്‌ ഡൊമിനിക്‌ (1780 - 1867)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്‍ഗ്ര്‌, ഷീന്‍ അഗസ്റ്റ്‌ ഡൊമിനിക്‌ (1780 - 1867)

Ingr, Schuen August domenic

ഫ്രഞ്ച്‌ നിയോക്ലാസ്സിക്കൽ ചിത്രകാരന്‍. 1780-ൽ മൊണ്ടാബനിൽ ജനിച്ചു. ഇന്‍ഗ്ര്‌ ഷീന്‍ 9-ാമത്തെ വയസ്സിൽ ചിത്രരചനയിൽ ഏർപ്പെട്ടു. 1791-ൽ ടൂളസ്‌ അക്കാദമിയിലേക്കയയ്‌ക്കപ്പെട്ട ഇദ്ദേഹം അവിടെവച്ച്‌ ചിത്രരചനയും സംഗീതവും അഭ്യസിച്ചു. 1792-ൽ ഇദ്ദേഹം പാരിസിലെത്തി ലൂയി ഡേവിഡിന്റെ ശിഷ്യത്വം സ്വീകരിച്ചു. 1801-ൽ ഇന്‍ഗ്ര്‌ ഷീന്‍ രചിച്ച എന്‍വോയ്‌സ്‌ ഫ്രം അഗമെമ്‌നണ്‍ (Envoys From Agamemnen) എന്ന ചിത്രത്തിന്‌ പ്രിക്‌സ്‌ ദെ റോം അവാർഡ്‌ ലഭിച്ചു. 1806 വരെ പാരിസിൽത്തന്നെ താമസിച്ച്‌ അനേകം ചിത്രങ്ങള്‍ വരച്ചു. ബോണപ്പാർട്ട്‌ ഫിലിബേർ റിവിയെൽ, മാഡം റിവിയെൽ, മാഡമൊയിസെൽ റിവിയെൽ എന്നിവരുടെ ഛായാചിത്രങ്ങള്‍ ഇക്കൂട്ടത്തിൽ ഉള്‍പ്പെടുന്നു. ലാബെലെ സെലി എന്ന്‌ അറിയപ്പെടുന്ന മാഡം അയ്‌മോന്റെ ചിത്രം ഇന്‍ഗ്രിന്റെ ഛായാചിത്രരചനാ പാടവത്തിനു മകുടോദാഹരണമാണ്‌. 1806-ൽ സലോണിൽ, ഇദ്ദേഹം ഒരു ചിത്രപ്രദർശനം നടത്തുകയുണ്ടായി. ഇവയിൽ റിവിയെൽ കുടുംബത്തിന്റെ മൂന്നു ചിത്രങ്ങളും സിംഹാസനത്തിൽ ഉപവിഷ്‌ടനായ നെപ്പോളിയന്റെ ചിത്രവും ഇന്‍ഗ്രിന്റെ സ്വന്തം ചിത്രവും നിശിതമായ നിരൂപണത്തിനു വിധേയമായി. റോമിലേക്കുള്ള യാത്രാമധ്യേ ഇന്‍ഗ്ര്‌ ഈ നിരൂപണങ്ങളെക്കുറിച്ച്‌ കേള്‍ക്കുകയും തന്റെ എതിരാളികളെ അതിശയിപ്പിക്കുന്നതരത്തിൽ പൂർണതയുള്ള ഒരു ചിത്രം വരച്ചശേഷമല്ലാതെ പാരിസിലേക്ക്‌ മടങ്ങുകയില്ലെന്ന്‌ ശപഥമെടുക്കുകയും ചെയ്‌തു.

ഷീന്‍ അഗസ്റ്റ്‌ ഡൊമിനിക്‌ ഇന്‍ഗ്ര്‌
എന്‍വോയ്‌സ്‌ ഫ്രം അഗമെമ്‌നണ്‍-പെയിന്റിങ്‌

1806 മുതൽ 1810 വരെ ഇന്‍ഗ്ര്‌ റോമിലെ വില്ലാമെഡിസിയിൽ കഴിച്ചുകൂട്ടി. 1813-ൽ മദലെയിന്‍ ചാപെല്ലിനെ വിവാഹം കഴിച്ചു. 1814-ൽ ഇദ്ദേഹം വരച്ച ഗ്രറ്റ്‌ ഒഡാലിസ്‌ക്‌, മാഡം ദെ സെനൊനെസ്‌, സിസ്റ്റയിന്‍ ദേവാലയം എന്നീ ചിത്രങ്ങള്‍ പ്രശസ്‌തി നേടി. ഇക്കാലത്ത്‌ ഇദ്ദേഹം സാമ്പത്തികമായി വളരെ ക്ലേശങ്ങള്‍ അനുഭവിക്കുകയും ഉപജീവനത്തിനുവേണ്ടി സന്ദർശകരുടെ പെന്‍സിൽ ചിത്രങ്ങള്‍ വരയ്‌ക്കാന്‍ നിർബന്ധിതനാവുകയും ചെയ്‌തു. മാഡം സിസ്റ്റാക്കസിന്റെ ചിത്രം ഇതിൽ പ്രാധാന്യം അർഹിക്കുന്നു. 1820-ൽ ഫ്‌ളോറന്‍സിൽ സ്ഥിരതാമസമാക്കിയതോടെ പ്രമുഖ ശില്‌പിയായ ലോറെന്‍സോ ബർട്ടോളിനിയെ പരിചയപ്പെടുകയും ലൂയി തകകകന്റെ ശപഥം എന്ന ചിത്രം വരയ്‌ക്കുകയും ചെയ്‌തു. ഈ ചിത്രം പാരിസിൽകൊണ്ടുപോയി പ്രദർശിപ്പിക്കണമെന്നും അതു പരാജയപ്പെട്ടാൽ പാരിസിനോട്‌ എന്നെന്നേക്കുമായി യാത്ര പറയണമെന്നും ഇന്‍ഗ്ര്‌ തീരുമാനിച്ചു. ശൈലിയിൽ റാഫേലിന്റെ സിസ്റ്റയിന്‍മഡോണയെ അനുകരിച്ചു രചിച്ച ഈ ചിത്രം വിജയപ്രദമായിരുന്നു. ഇന്‍ഗ്ര്‌ നവോത്ഥാന ചിത്രകാരന്മാരുടെ കലാചാതുരി സ്വീകരിച്ചതായി ആസ്വാദകർ കരുതി. 1825-ൽ ഇദ്ദേഹം പാരിസ്‌ അക്കാദമിയിലെ അംഗമായി. പാരിസിൽ ഒരു സ്റ്റുഡിയോ തുടങ്ങുകയും പൗരാണികചിത്രങ്ങള്‍ വരയ്‌ക്കാന്‍ തന്റെ ശിഷ്യന്മാരെ പ്രരിപ്പിക്കുകയും ചെയ്‌തു. 1827-ൽ ഇദ്ദേഹം വരച്ച അപൊതെസിസ്‌ ഒഫ്‌ ഹോമർ എന്ന ചിത്രം അത്യധികം പ്രശംസിക്കപ്പെട്ടു. 1834-ൽ ആട്ടണ്‍ ദേവലായത്തിനുവേണ്ടി മാർട്ടിർഡം ഒഫ്‌ സെന്റ്‌ സിംഫോരി എന്ന ചിത്രം വരയ്‌ക്കുകയുണ്ടായി. ഈ ചിത്രരചനയിൽ ഡേവിന്റെ ശൈലിയുടെ സ്വാധീനം ഇന്‍ഗ്ര്‌ പൂർണമായി ഉപേക്ഷിച്ചു. ഇത്‌ ക്ലാസിസ്റ്റുകലാകാരന്മാരെ ചൊടിപ്പിക്കുകയും അവർ ഐകകണ്‌ഠ്യേന ഇന്‍ഗ്രിനെ എതിർക്കുകയും ചെയ്‌തു. ഇതിൽ ക്രുദ്ധനായ ഇന്‍ഗ്ര്‌ റോമിലെ ഫ്രഞ്ച്‌ അക്കാദമിയുടെ ഡയറക്‌ടർസ്ഥാനം സ്വീകരിച്ചു. 1835 മുതൽ 41 വരെ ഇദ്ദേഹം വില്ലാമെഡിസിയിൽ താമസിച്ച്‌ ഔദ്യോഗിക കാര്യങ്ങളിലും ചിത്രരചനയിലും ഒരുപോലെ മുഴുകി. 1839-ൽ ഒഡാലിസ്റ്റ്‌ വിത്ത്‌ സ്‌ലേവ്‌, 1841-ൽ വെർജിന്‍ വിത്ത്‌ ദി ഹോസ്റ്റ്‌, 1840-ൽ ആന്റിയോക്കസും സ്റ്റ്രാറ്റോണിയും എന്നീ പ്രസിദ്ധ ചിത്രങ്ങള്‍ രചിച്ചു. ആന്റിയോക്കസും സ്റ്റ്രാറ്റോണിയും എന്ന ചിത്രത്തിൽ ആന്റിയോക്കസ്‌ തന്നെ പരിശോധിക്കാന്‍വന്ന ഡോക്‌ടറെ കൈകൊണ്ട്‌ തടുക്കുന്ന രംഗം 55 പ്രാവശ്യം ഇന്‍ഗ്ര്‌ മാറ്റിവരയ്‌ക്കുകയുണ്ടായി. ഈ ചിത്രം അനവധി ആരാധകരെ ഇന്‍ഗ്രിന്‌ നേടിക്കൊടുത്തു. വീണ്ടും പാരിസിലേക്കു മടങ്ങിവന്ന ഇന്‍ഗ്രിന്‌ അഭൂതപൂർവമായ സ്വീകരണമാണു ലഭിച്ചത്‌. ലൂയ്‌നെസിലെ ഡ്യൂക്ക്‌ ഇന്‍ഗ്രിനെ സാംപിയർ ദേവാലയത്തിന്റെ ഗ്യാലറി അലങ്കരിക്കുന്നതിന്‌ ചുമതലപ്പെടുത്തി. അവിടെ അദ്ദേഹം 80-ഓളം രൂപങ്ങള്‍ വരയ്‌ക്കുകയുണ്ടായി. 1849-ൽ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. 1852-ൽ വീണ്ടും വിവാഹിതനായി. ജീവിതത്തിന്റെ അവസാനഘട്ടത്തിൽ ഇന്‍ഗ്ര്‌ പല പുതിയ ചിത്രങ്ങളും രചിക്കുകയുണ്ടായി. നഗ്ന ചിത്രങ്ങളായിരുന്നു ഇവയിൽ അധികവും. വീനസ്‌ അനഡ്യോമിന്‍, ടർക്കിഷ്‌ ബാത്ത്‌ എന്നിവ ഇക്കാലത്ത്‌ വരച്ച ചിത്രങ്ങളാണ്‌. 79-ാമത്തെ വയസ്സിലാണ്‌ ഇന്‍ഗ്ര്‌ ടർക്കിഷ്‌ ബാത്ത്‌ എന്ന ചിത്രം രചിച്ചത്‌. 1867-ൽ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍