This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ദർപാൽ പണ്ഡിറ്റ് (1901 - 49)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇന്ദര്‍പാല്‍ പണ്ഡിറ്റ് (1901 - 49)
ഇന്ത്യന്‍ സ്വാതന്ത്ര്യസമരനേതാവ്. പഞ്ചാബിലെ കാന്‍ഗ്ര ജില്ലയിലെ നാദാന്‍ ഗ്രാമത്തില്‍ പണ്ഡിറ്റ് ഹരിറാമിന്റെയും റാംദേവിയുടെയും പുത്രനായി 1901 ജനു. 3-നു ഇന്ദര്‍പാല്‍ ജനിച്ചു. ബിഷന്‍, വീര്‍-ഭാരത്, പ്രതാപ് തുടങ്ങിയ പത്രങ്ങളുടെ കലാവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ബി.എ. പാസായി. ലാലാലജ്‌പത്‌റായി, ഹര്‍ദയാല്‍ തുടങ്ങിയവരുടെ പ്രസംഗങ്ങളും പ്രസിദ്ധീകരണങ്ങളും ഇദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. ബ്രിട്ടിഷുകാരെ ബലപ്രയോഗംകൊണ്ടു പുറത്താക്കാന്‍ ഖദര്‍പാര്‍ട്ടി(Ghadar Party)യുടെ മാതൃകയില്‍ ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി രൂപവത്‌കരിച്ചത് ഇദ്ദേഹമാണ്. ചന്ദ്രശേഖര്‍ ആസാദ് ഗെറില്ലാ യുദ്ധതന്ത്രം പരിശീലിപ്പിച്ചിരുന്ന ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ ആര്‍മിയിലും ഇന്ദര്‍പാല്‍ അംഗമായി. ബോംബ് നിര്‍മിക്കുന്നതിന് പണ്ഡിറ്റ് രൂപ്‌ചന്ദ്, ഭഗവതീചരണ്‍, യശ്‌പാല്‍ പണ്ഡിറ്റ്, അമ്രിക്‌സിങ്, ഗുലാബ്‌സിങ് തുടങ്ങിയവരുടെ സഹായം ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. സൈമണ്‍ കമ്മിഷനെ ബഹിഷ്‌കരിക്കാന്‍ ലാഹോറില്‍ നടന്ന ജാഥയില്‍ ഇന്ദര്‍പാല്‍ പങ്കെടുത്തിട്ടുണ്ട്. ലാഹോര്‍, അമൃതസരസ്, ലാല്‍പൂര്‍, റാവല്‍പിണ്ടി, ഗുജ്‌റന്‍വാലാ തുടങ്ങിയ സ്ഥലങ്ങളില്‍ ബോംബു സ്‌ഫോടന കേസുകളില്‍ ഇദ്ദേഹം പ്രതിയായിരുന്നു. കോണ്‍ഗ്രസ്സില്‍ ഇന്ദര്‍പാല്‍ സുഭാഷ്‌ചന്ദ്ര ബോസിന്റെ പക്ഷത്തായിരുന്നു നിലയുറപ്പിച്ചത്. നിരവധി പ്രാവശ്യം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള ഇദ്ദേഹത്തെ സ്വാതന്ത്ര്യപ്രാപ്‌തിക്കുശേഷമാണ് മോചിപ്പിച്ചത്. സ്വാതന്ത്ര്യാനന്തരം സജീവമായ രാഷ്‌ട്രീയത്തില്‍നിന്നും വിരമിച്ച ഇന്ദര്‍പാല്‍ 1949 ഏ. 18-നു നിര്യാതനായി.