This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇഗ്നേഷ്യസ്‌, ലയോളയിലെ വിശുദ്ധ (1491-1556)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇഗ്നേഷ്യസ്‌, ലയോളയിലെ വിശുദ്ധ (1491-1556)

ഇഗ്നേഷ്യസ്‌


ഈശോ(ജസ്യൂട്ട്‌)സഭാസ്ഥാപകന്‍. സ്‌പെയിനിലെ ഗ്യുപുസ്‌കോവയിൽ ലയോളാപ്രഭുവംശത്തിൽ ഡോണാസേനസ്സിന്റെയും ഡോണ്‍ബൽട്രാമിന്റെയും പുത്രനായി 1491-ൽ ഇദ്ദേഹം ജനിച്ചു. ധനികകുടുംബാംഗമായിരുന്ന ഇഗ്നേഷ്യസ്‌ 1517-ൽ രാജ്യസേവനാർഥം സൈന്യത്തിൽ ചേർന്നു. പാംപ്ലോണയിലെ യുദ്ധത്തിൽവച്ച്‌ (1521) വെടിയേറ്റതിന്റെ ഫലമായി ഇടത്തേക്കാൽ ഒടിയുവാനിടയായി. ഈ സംഭവം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. പാംപ്ലോണയിലെ ചികിത്സയ്‌ക്കുശേഷം അദ്ദേഹം ലയോളയിലേക്കു തിരിച്ചുപോയി. ആരോഗ്യം വീണ്ടെടുക്കുന്ന സമയം മുഴുവന്‍ അദ്ദേഹം യേശുക്രിസ്‌തുവിന്റെയും മറ്റ്‌ വിശുദ്ധന്മാരുടെയും ജീവചരിത്രങ്ങള്‍ വായിക്കുന്നതിൽ വ്യാപൃതനായിക്കഴിഞ്ഞു. ഈശ്വരചിന്തയിൽ ആഭിമുഖ്യമുണ്ടാകുവാന്‍ ഈ കൃതികള്‍ ഇഗ്നേഷ്യസിനെ വളരെയധികം സഹായിച്ചു. 1522-ൽ ഇഗ്നേഷ്യസ്‌ വ.കി. സ്‌പെയിനിലെ ഒരു തീർഥാടനകേന്ദ്രമായ മോണ്ട്‌സെറാറ്റി സന്ദർശിച്ചു. അവിടെ തന്റെ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ്‌ വാളും കഠാരയും വിശുദ്ധ കന്യാമറിയത്തിന്റെ പാദങ്ങളിൽ സമർപ്പിച്ച്‌ ഒരു രാത്രി മുഴുവനും ധ്യാനനിരതനായി കഴിച്ചു കൂട്ടി. പിന്നീട്‌ ബാർസെലോണയ്‌ക്കു സമീപമുള്ള മാന്റേസയിൽ ഒരു വർഷത്തോളം ഭിക്ഷയെടുത്ത്‌ ജീവിതം നയിച്ചു. ധ്യാനാഭ്യാസം (Spiritual exercise) എന്ന തന്റെ ലഘുഗ്രന്ഥം എഴുതാന്‍ ഇഗ്നേഷ്യസ്‌ ആരംഭിച്ചത്‌ ഇവിടെവച്ചായിരുന്നു.

പലസ്‌തീനിൽ കുറേക്കാലം കഴിച്ചുകൂട്ടിയശേഷം 1524-ൽ ഇദ്ദേഹം ബാർസെലോണയിൽ തിരിച്ചെത്തി രണ്ടു വർഷത്തോളം ദൈവവിഷയങ്ങളെപ്പറ്റിയുള്ള പഠനം തുടർന്നു. ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ സംശയം തോന്നിയതുമൂലം അധികൃതർ ഇദ്ദേഹത്തെ തുടർന്നു പഠിക്കാനനുവദിച്ചില്ല. തന്മൂലം ഇദ്ദേഹം അവിടം വിട്ടുപോയി. 1528-ൽ പാരിസിലെത്തി. 1535 വരെ അവിടെ കഴിച്ചുകൂട്ടി. ഫ്രാന്‍സിസ്‌ സേവിയർ, പീറ്റർ ഫാവ്‌റ്‌, ഡിഗോലേയിനേ, അൽഫോണ്‍സസ്‌ സാൽമെറോണ്‍ തുടങ്ങിയവരുമായി അവിടെവച്ച്‌ പരിചയപ്പെട്ടു. പില്‌ക്കാലത്ത്‌ ഈശോസഭ സ്ഥാപിക്കുന്നതിന്‌ ഇവരുമായുള്ള സമ്പർക്കം സഹായകമായിത്തീർന്നു. ആരോഗ്യപരമായ കാരണങ്ങളാൽ ഇഗ്നേഷ്യസ്‌ പാരിസ്‌ ഉപേക്ഷിക്കുകയും സ്‌പെയിന്‍, ബൊളോഞ്ഞ, വെനീസ്‌ എന്നിവിടങ്ങളിൽ മാറിമാറി വസിക്കുകയും ചെയ്‌തു. ഇഗ്നേഷ്യസിന്റെ അവസാനകാലം റോമിലും പരിസരങ്ങളിലുമായിട്ടാണ്‌ കഴിച്ചുകൂട്ടിയത്‌. 1539-ൽ ഇഗ്നേഷ്യസിന്റെ മേൽനോട്ടത്തിൽ ഒരു സഭ രൂപവത്‌കൃതമായി. മാർപ്പാപ്പാ പോള്‍ മൂന്നാമന്‍ ഈ സഭയെ അംഗീകരിച്ചു. ഇതോടെ പ്രസ്‌തുത സഭ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ വളരെവേഗം വളർന്നു.

ഇഗ്നേഷ്യസിന്റെ അന്ത്യകാലത്ത്‌ ഏതാണ്ട്‌ 1,000 ജസ്യൂട്ടുകള്‍ സഭാംഗങ്ങളായുണ്ടായിരുന്നു. 12 ഭരണഘടകങ്ങളായി ഇവർ വിഭജിക്കപ്പെട്ടു, ഇവയിൽ മൂന്നെച്ചം ഇറ്റലിയിലും മൂന്നെച്ചം സ്‌പെയിനിലും രണ്ടെച്ചം ജർമനിയിലും ഒന്നുവീതം ഫ്രാന്‍സ്‌, പോർച്ചുഗൽ എന്നിവിടങ്ങളിലും ആയിരുന്നു. കോംഗോ, എത്യോപ്യ, ഇന്ത്യ, ബ്രസീൽ എന്നിവിടങ്ങളിലേക്കും മിഷനറിമാരെ ഇദ്ദേഹം നിയോഗിച്ചിരുന്നു. റോമിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങള്‍ കേന്ദ്രീകരിച്ചിരുന്നത്‌. പില്‌ക്കാലത്ത്‌ ഗ്രിഗോറിയന്‍ സർവകലാശാലയായിത്തീർന്ന റോമന്‍ കോളജ്‌ സ്ഥാപിച്ചത്‌ ഇഗ്നേഷ്യസ്‌ ആണ്‌. കൂടാതെ "വഴി പിഴച്ച' സ്‌ത്രീകള്‍ക്കും മതംമാറിയ യഹൂദന്മാർക്കും വേണ്ടി ഓരോ കേന്ദ്രം ഇദ്ദേഹം സ്ഥാപിച്ചു. ഈശോസഭയുടെ ഭരണഘടനയാണ്‌ ഇദ്ദേഹത്തിന്റെ പ്രധാന കൃതി. 1556 ജൂല. 31-ന്‌ ഇഗ്നേഷ്യസ്‌ അന്തരിച്ചു. 1609-ൽ മാർപ്പാപ്പ പോള്‍ അഞ്ചാമന്‍ ഇഗ്നേഷ്യസിന്റെ പ്രവർത്തനങ്ങള്‍ക്ക്‌ ഔദ്യോഗികാംഗീകാരം നല്‌കി. 1622-ൽ മാർപ്പാപ്പ ഗ്രിഗറി പതിനഞ്ചാമന്‍ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ജൂല. 31-ന്‌ ഇദ്ദേഹത്തിന്റെ പെരുന്നാളായി ആഘോഷിക്കപ്പെട്ടുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍