This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇക്കു അമ്മത്തമ്പുരാന്, കൊച്ചി (1844 - 1921)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇക്കു അമ്മത്തമ്പുരാന്, കൊച്ചി (1844 - 1921)
കേരളീയകവയിത്രി. കൊച്ചി രാജകുടുംബത്തില്‍പ്പെട്ട കുഞ്ഞമ്മത്തമ്പുരാന്റെയും കൂടലാറ്റുപുറത്ത് കുഞ്ചു നമ്പൂതിരിപ്പാടിന്റെയും പുത്രിയായി കൊ.വ. 1019 മേടം 12-ന് (1844) തൃപ്പൂണിത്തുറയില്‍ ജനിച്ചു; ഇവരുടെ ശരിക്കുള്ള പേര് സുഭദ്ര എന്നാണെങ്കിലും പരക്കെ അറിയപ്പെട്ടിരുന്നത് കൊച്ചി വലിയ ഇക്കുഅമ്മത്തമ്പുരാന്‍ എന്നായിരുന്നു. വളരെ ചെറുപ്പത്തില്‍ത്തന്നെ സംസ്കൃതനാടകാലങ്കാരങ്ങളും തര്‍ക്ക വ്യാകരണാദികളും പ്രഗല്ഭരായ ഗുരുക്കന്മാരില്നിന്ന് അഭ്യസിച്ച് പരിനിഷ്ഠിതമായ പാണ്ഡിത്യം നേടിയശേഷമാണ് ഇക്കുഅമ്മ സാഹിത്യജീവിതത്തിലേക്ക് കാലൂന്നിയത്. താന്ത്രികനും മാന്ത്രികനുമായിരുന്ന ചേന്നാമ്പു നമ്പൂതിരിയായിരുന്നു ഇവരുടെ ഭര്‍ത്താവ്. ഇവരുടെ പുത്രന്മാരില് ഒരാളായിരുന്നു കൊച്ചിയില്‍ കുറച്ചുകാലം രാജ്യഭാരം ചെയ്ത കേരളവര്‍മത്തമ്പുരാന്‍ ബി.എ. ഇക്കു അമ്മത്തമ്പുരാന് കൊട്ടാരത്തിലെ ഇളമുറക്കാരില്‍ പലരെയും സംസ്കൃതമഭ്യസിപ്പിക്കുന്നതിലും തത്പരയായിരുന്നു.
സംസ്കൃതത്തിലും മലയാളത്തിലുമായി ഇക്കു അമ്മത്തമ്പുരാന് രചിച്ചിട്ടുള്ള പദ്യകൃതികള്‍ മിക്കവയും ഭക്തിദ്യോതകങ്ങളാണ്. സൗഭദ്രസ്തവം, ഭഗവത്യഷ്ടകം, പൂര്‍ണത്രയീശകേശാദിപാദവര്‍ണനം, വഞ്ചുളേശസ്തവം എന്നിവ ഇവരുടെ സംസ്കൃതകൃതികളാണ്. മലയാളത്തില്‍ യുദ്ധകാണ്ഡം, പൂര്‍ണത്രയീശ മാഹാത്മ്യം, ധര്‍മനിര്‍ണയം എന്നീ പാനകളും, അഷ്ടമിരോഹിണീമാഹാത്മ്യം എന്ന കിളിപ്പാട്ടും കംസവധം, ഭിക്ഷുഗീത, അമൃതാഹരണം എന്നീ തുള്ളല്‍ കഥകളും, പൂതനാമോക്ഷം, തൃണാവര്‍ത്തവധം എന്നീ കൈകൊട്ടിക്കളിപ്പാട്ടുകളും, ഗജേന്ദ്രമോക്ഷം, വിശ്വരൂപദര്‍ശനം എന്നിങ്ങനെ സംസ്കൃതഛന്ദസ്സിലുള്ള രണ്ടു ഭാഷാകാവ്യങ്ങളും ഇവര്‍ രചിച്ചിട്ടുണ്ട്. ലളിതസുന്ദരമായ രചനാരീതി ഇക്കു അമ്മത്തമ്പുരാന് വശമായിരുന്നു.
കൊ.വ. 1096 മീനം 7-ന് (1921) ഇക്കു അമ്മത്തമ്പുരാന് അന്തരിച്ചു.