This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇംഹോഫ് ടാങ്ക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇംഹോഫ് ടാങ്ക്
Imhoff Tank
ഒരിനം സെപ്‌റ്റിക് ടാങ്ക്. കാള്‍ ഇംഹോഫ് (Karl Imhoff) എന്ന പ്രശസ്‌തനായ ജര്‍മന്‍ ശുചിത്വപാലന എന്‍ജിനീയര്‍ (Sanitary Engineer) മലിനജല ശുചീകരണത്തില്‍ സെപ്‌റ്റിക് ടാങ്കിനുള്ള ചില പോരായ്‌മകളെ നികത്തിക്കൊണ്ടു നിര്‍മിച്ച ഒരു സംരചന (structure). സാങ്കേതികഭാഷയില്‍ ഇത് ഇരുനില സെപ്‌റ്റിക് ടാങ്ക് എന്നറിയപ്പെടുന്നു. വിവിധ ഭാഗങ്ങളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു: (a) അവസാദന അറ (Sedimentation Chamber), (b) ദഹന അറ (Digestion Chamber), (c) വാതകനിര്‍ഗമനം (Gas vent) അഥവാ പാടഅറ (Scum Chamber), (d) നീണ്ട ഇടുങ്ങിയ വിടവ് (Long narrow slot) (e) ത്രികോണ തുലാം (Triangular beam), (f) അനുപ്രസ്ഥഭിത്തികള്‍ (Cross Walls), (g) ഹോപ്പര്‍ (Hopper), (h) മലിനജലം അകത്തേക്കുവരുന്ന ചാല് (Inlet channel), (i) മലിനജലം പുറത്തേക്കുപോകുന്ന ചാല് (Outlet channel), (j) ഗതിരോധകം (Baffle), (k) ദഹിച്ച കീടന്‍ പുറത്തേക്കുവിടുന്ന കുഴല്‍ (Sludge withdrawal pipe), (l) ദ്രവനിരപ്പ് (Liquid level), (m) അനുപ്രസ്ഥഭിത്തിയുടെ അടിഭാഗത്തെ ദ്വാരം (Opening below cross wall) (നോ. ചിത്രം 1, 2, 3)
ഇംഹോഫ് ടാങ്കിനു മുകളിലും താഴെയുമായി രണ്ട് പ്രധാന അറകളുണ്ട്; മുകളില്‍ അവസാദന അറയും താഴെ ദഹനഅറയും. മുകളിലത്തെ അറയില്‍ മലിനജലത്തിലെ ചില പദാര്‍ഥങ്ങള്‍ (settleable solids) അടിഞ്ഞുവീഴുന്നു. താഴത്തെ അറയില്‍ കീടന്‍ (sludge) എന്നറിയപ്പെടുന്ന, അടിഞ്ഞുവീണ പദാര്‍ഥങ്ങളുടെ, ദഹനം (digestion) നടക്കുന്നു. അവസാദന അറയുടെ രണ്ടുവശത്തെയും ഭിത്തികള്‍ അകത്തേക്കു ചരിഞ്ഞിട്ട് താഴെ നീണ്ട് ഇടുങ്ങിയ ഒരു വിടവായി അവസാനിക്കുന്നു. ഈ ഭിത്തികളുടെ ഇടയില്‍ക്കൂടി മലിനജലം ഒഴുകുമ്പോള്‍ അതില്‍നിന്ന് അടിഞ്ഞുവീഴുന്ന പദാര്‍ഥങ്ങള്‍ (settling solids) ഈ വിടവില്‍ക്കൂടി ദഹനഅറയില്‍ പതിക്കുന്നു. ദഹനത്തിന്റെ ഫലമായി ഉണ്ടാകുന്ന വാതകങ്ങളും (sludge gas) അവയോടു പറ്റിയിരിക്കുന്ന കീടന്റെ അംശങ്ങളും മുകളിലേക്ക് ഉയരുമ്പോള്‍ അവസാദന അറയിലേക്ക് വീണ്ടും കടക്കാതിരിക്കത്തക്കവിധത്തില്‍ വിടവിനെ അതിവ്യാപനം (over lap) ചെയ്‌തുനില്‍ക്കുന്ന ഒരു ത്രികോണതുലാം വിടവിന്റെ താഴെയായി സ്ഥിതിചെയ്യുന്നു. ചില ഇംഹോഫ് ടാങ്കുകളില്‍ ഇങ്ങനെയുള്ള കുടുക്ക് (trap) കൊടുക്കുന്നത് ത്രികോണതുലാത്തിനു പകരം അവസാദന അറയുടെ രണ്ടു ചരിഞ്ഞ വശഭിത്തികളില്‍ ഒരെണ്ണം വിടവിന്റെ താഴേക്കു നീട്ടിയാണ്. ഈ വാതകങ്ങള്‍ ദഹന അറയുടെ മുകളിലും അവസാദന അറയുടെ വശങ്ങളിലുമായി സ്ഥിതിചെയ്യുന്ന വാതകനിര്‍ഗമനം അഥവാ പാടഅറ വഴിയായി പുറത്തേക്കു പോകുന്നു. ഇവയെ ശേഖരിച്ചു കുഴല്‍വഴി കൊണ്ടുപോയി ഇന്ധനമായി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ സാധാരണയായി അങ്ങനെ ചെയ്യാറില്ല. മുകളിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന വാതകങ്ങളോടു പറ്റിയിരിക്കുന്ന കീടന്റെ അംശങ്ങള്‍ വാതകനിര്‍ഗമനത്തിന്റെ മുകള്‍പ്പരപ്പില്‍ പാടയായിത്തീരുന്നു. ഈ വാതകങ്ങള്‍ അവസാദന (sedimentation) പ്രക്രിയയെ തടസ്സപ്പെടുത്താതിരിക്കുന്നതിനാല്‍ ഇംഹോഫ് ടാങ്കില്‍നിന്നു പുറത്തേക്കു പോകുന്ന മലിനജലം സാധാരണസെപ്‌റ്റിക് ടാങ്കില്‍നിന്നു പുറത്തേക്കുപോകുന്ന മലിനജലത്തെക്കാള്‍ ശുചിത്വമുള്ളതായിരിക്കും.
ദഹന അറയ്‌ക്ക്, തൂക്കായിട്ടുള്ള വശത്തെ ഭിത്തികളും (Vertical side walls), ഹോപ്പര്‍ ആകൃതിയിലുള്ള അടിഭാഗവും ആണ് ഉള്ളത്. സാധാരണയായി രണ്ടുമുതല്‍ നാലുവരെ ഹോപ്പറുകള്‍ അറയുടെ അടിഭാഗത്തുകാണും. ദഹിച്ചുകഴിഞ്ഞ കീടന്‍ അറയുടെ അടിഭാഗത്തുനിന്നു വെളിയിലേക്കു കൊണ്ടുവരുന്നത് പതിനഞ്ചോ ഇരുപതോ സെ.മീ. വ്യാസമുള്ള കുഴല്‍വഴി ദ്രവസ്ഥൈതികമര്‍ദം (Hydrostatic Pressure) ഉപയോഗിച്ചോ, പമ്പുചെയ്‌തോ ആണ്. ദഹിച്ച കീടന്‍ അതുണങ്ങുന്നതിനുള്ള മണല്‍ത്തലം (Sludge drying beds) ഉണ്ടാക്കി അതിന്റെ മുകളില്‍ നിരത്തിയാല്‍ എളുപ്പത്തില്‍ ഉണക്കിയെടുക്കാം. തൊട്ടുകിടക്കുന്ന ഹോപ്പറുകളുടെ ഇടയില്‍, അടിഭാഗത്ത് വലിയ ദ്വാരമുള്ള അനുപ്രസ്ഥഭിത്തികള്‍ (Cross walls) കൊടുക്കാറുണ്ട്. ഇങ്ങനെയുള്ള ഭിത്തികള്‍ മറ്റുഭിത്തികളെ ബലപ്പെടുത്തുകയും ദഹന അറയ്‌ക്കകത്തുകൂടി ഉണ്ടാകാവുന്ന മലിനജലപ്രവാഹം തടയുകയും ചെയ്യും.
ഇംഹോഫ് ടാങ്കുകള്‍ക്ക് സാധാരണ ദീര്‍ഘചതുരാകൃതിയാണ്. നീളം 30 മീറ്ററില്‍ കൂടാറില്ല. തറനിരപ്പില്‍നിന്ന് ആകെയുള്ള താഴ്‌ച 8 മുതല്‍ 12 മീ. വരെ ഉണ്ടാകും. കീടന്‍ ദഹിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രത്യേക ടാങ്കുകള്‍ ആവിര്‍ഭവിച്ചതോടുകൂടി ഇംഹോഫ് ടാങ്കുകളുടെ ഉപയോഗം കുറഞ്ഞുവരികയാണ്. എന്നാല്‍ ഇപ്പോഴും പല ചെറിയ പട്ടണങ്ങളിലെയും മലിനജലശുചീകരണത്തിന് ഇംഹോഫ് ടാങ്ക് ഉപയോഗിക്കപ്പെടുന്നു. അതിന്റെ സാധാരണപ്രവര്‍ത്തനത്തിനു വളരെക്കുറച്ചു മേല്‍നോട്ടമേ ആവശ്യമുള്ളൂ.
(പ്രൊഫ. പി.സി. ജോര്‍ജ്)