This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആസ്‌തെക്കുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആസ്‌തെക്കുകള്‍
മധ്യമെക്‌സിക്കോയിലെ നൈവതല്‍ (nahuatl) ഭാഷസംസാരിക്കുന്ന വംശീയ വിഭാഗങ്ങള്‍. 14, 15, 16 നൂറ്റാണ്ടുകളില്‍ മെസോ അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഇവരുടെ ആധിപത്യത്തിലായിരുന്നു. 1519-ല്‍ സ്‌പാനിഷ് ആക്രമണത്തോടെ അവരുടെ സാമ്രാജ്യം തകരുകയും സാംസ്‌കാരിക സവിശേഷതകള്‍ നാശോന്മുഖമാവുകയും ചെയ്‌തു. "ആസ്റ്റല'നില്‍ നിന്നുള്ളവര്‍ എന്നര്‍ഥംവരുന്ന നൈവതല്‍ വാക്കില്‍ നിന്നാണ് ആസ്‌തെക് എന്ന വാക്കിന്റെ നിഷ്‌പത്തി. ടെനോപ്‌ടിട്‌ലനി (ആധുനിക മെക്‌സിക്കോ നഗരം)ല്‍ വസിച്ചിരുന്ന ജനതയെ ആയിരുന്നു ഈ സംജ്ഞകൊണ്ട് സൂചിപ്പിച്ചിരുന്നത്. മെക്‌സിക്കോ താഴ്‌വരയാണ് ആസ്‌തെക്കുകളുടെ അധിവാസഭൂമി. അതിപ്രാചീനമായ മനുഷ്യ സംസ്‌കൃതിയുടെ പാരമ്പര്യമുണ്ട് മെക്‌സിക്കന്‍ ഭൂപ്രദേശങ്ങള്‍ക്ക്. ടിയോട്ടിഹ്വാകന്‍ മെക്‌സിക്കോപട്ടണത്തിന് 50 കി.മീ. വ.കി. സ്ഥിതിചെയ്യുന്ന ഈ സ്ഥലം ഏറെ ചരിത്ര പ്രാധാന്യമുള്ളതാണ്. എ.ഡി. 200 മുതല്‍ 700 വരെ മെക്‌സിക്കന്‍ സംസ്‌കൃതിയുടെ കേന്ദ്രമായിരുന്നു ഇവിടം.
തിയോതിഹ്വാകന്‍ (Teotihuacan). ഇവിടെ നിന്ന് നിരവധി പിരമിഡുകളുടെയും മൂന്നോ നാലോ മുറികളുള്ള കെട്ടിടങ്ങളുടെയും അവശിഷ്‌ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സൂര്യചന്ദ്രന്‍മാരെ ആരാധിക്കാനുള്ള പിരമിഡുകളാണ് അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. സൂര്യ പിരമിഡിന്റെ ഭാഗങ്ങള്‍ക്ക് 50 മീ-ല്‍ കുറയാതെ നീളമുണ്ട്; ചാന്ദ്രപിരമിഡ് ചെറുതാണെങ്കിലും അതിന്റെ നിര്‍മിതി വളരെ വിശിഷ്‌ടമാണ്. രാഷ്‌ട്രീയശക്തികളും പുരോഹിത-ഭരണാധികാരികളും നിരന്തരം പ്രയത്‌നിച്ചതിന്റെ ഫലമായിട്ടാണ് തിയോതിഹ്വാകന്‍ ഉയര്‍ന്നുവന്നത്. വാഹാക (തെ. മെക്‌സിക്കോയിലെ ഒരു പ്രദേശം), ഗ്വാട്ടിമാല എന്നിവിടങ്ങള്‍ വരെ തിയോതിഹാകന്റെ പ്രഭാവം ചെന്നെത്തി. സൈനികാക്രമങ്ങളെക്കാള്‍ ഒരു സാംസ്‌കാരികമുന്നേറ്റമാകണം ഇത് സൂചിപ്പിക്കുന്നത്. ഇവിടത്തെ ജനത ആരാധിച്ചിരുന്ന മൂര്‍ത്തികളെത്തന്നെ ആയിരം വര്‍ഷങ്ങള്‍ക്കുശേഷം ആസ്‌തെക്കുകളും ആരാധിച്ചുവന്നു;
മൂലനാഗരികത. മെക്‌സിക്കോസിറ്റിക്ക് ഏകദേശം 80 കി.മീ. വടക്കുള്ള ഹിദാല്‍ ഗോയിലെ ടൂലയില്‍ തോല്‍ തെക്കുകളുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സംസ്‌കാരധാര എ.ഡി. 800-ഓടുകൂടി ഉയര്‍ന്നുവന്നു. ഇത് തിയോതിഹ്വാകന്‍ നാഗരികതയുമായി പല കാര്യങ്ങളിലും ബന്ധപ്പെട്ടിരിക്കുന്നു. എങ്കിലും അടിസ്ഥാനപരമായി ഇവ തമ്മില്‍ ചില വ്യത്യാസങ്ങള്‍ കാണാം. പുരോഹിത-ഭരണാധികാരികളായിരുന്നു തിയോതിഹാകനില്‍ ഭരിച്ചിരുന്നത്; നേരേമറിച്ച് യോദ്ധാക്കളുടെ നിയന്ത്രണത്തിലായിരുന്നു തൂലയിലെ ഭരണം. ശിലയില്‍ ആലേഖനം ചെയ്‌തിട്ടുള്ള ഇവരുടെ രൂപങ്ങള്‍ തൂലയില്‍ എല്ലായിടത്തും കാണാം. തൂലയുടെ ദേവത കെത്‌സാല്‍ കോവാതല്‍ (Quetzalcoatl-തൂവലുള്ള സര്‍പ്പം) ആണ്. ഇത് ആസ്‌തെക്കുകളുടെയും ആരാധനാമൂര്‍ത്തിയാണ്. വിപുലമായൊരു രാജ്യവും കൃഷിപ്രധാനമായ ഒരു വികസ്വരനാഗരികതയും തോല്‍ തെക്കുകള്‍ കെട്ടിപ്പടുത്തിരുന്നു. വടക്കന്‍ മെക്‌സിക്കോയില്‍ നിന്നുള്ള പുതിയ ആക്രമണം മൂലം എ.ഡി. 1168-ഓടുകൂടി തോല്‍ തെക്കു രാജ്യവും സംസ്‌കാരവും നാമാവശേഷമായി. ഈ കാലം മുതല്‍ ആസ്‌തെക്കുകളുടെ ആഗമനം വരെ വിവിധ നഗര-രാഷ്‌ട്രങ്ങളായിരുന്നു മെക്‌സിക്കോതാഴ്‌വര കൈയടക്കിയിരുന്നത്. ടൂല ഭരണാധികാരികളുടെ പിന്‍മുറക്കാരാണ് തങ്ങളെന്ന് അവര്‍ അഭിമാനിക്കുകയും ചെയ്‌തിരുന്നു.
ആസ്‌തെക് കുടിയേറ്റം. ഭൂമിയുടെ അടിത്തട്ടിലെ ഏഴുമുഖങ്ങളുള്ള ഗുഹയില്‍ നിന്നും ഉദ്‌ഭവിച്ചതാണ് ആസ്‌തെക്കുകളും മറ്റു ആറ് വര്‍ഗക്കാരുമെന്ന് അവരുടെ ഐതിഹ്യങ്ങള്‍ പറയുന്നു; പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരാണിവരെന്നതിന് ഭാഷാശാസ്‌ത്രപരമായ തെളിവുകളും ഉണ്ട്. മെക്‌സിക്കോയുടെ വ.ഭാഗത്തുനിന്ന് തെക്കോട്ടു കുടിയേറിപ്പാര്‍ത്ത അപരിഷ്‌കൃതവര്‍ഗങ്ങളുടെ കൂട്ടത്തില്‍ ആസ്‌തെക്കുകളും ഉള്‍പ്പെട്ടിരുന്നു. ബി.സി. 1168-ഓടുകൂടി ആസ്‌തെലന്‍വിട്ട് ഒരു ചെറിയ വിഭാഗം ആസ്‌തെക്കുകള്‍ തൂലെയില്‍ എത്തിയിരിക്കാനാണ് സാധ്യത. ഈ പര്യടനകാലത്ത് അവര്‍ പരിഷ്‌കൃത ജനതയായിരുന്നുവെന്ന് അനുമാനിക്കാന്‍ ന്യായങ്ങള്‍ കുറവാണ്. മെക്‌സിക്കോ താഴ്‌വരയില്‍ താമസമുറപ്പിച്ചിരുന്ന ജനങ്ങളില്‍ നിന്നാണ് അവര്‍ പരിഷ്‌കാരങ്ങളെ സ്വായത്തമാക്കുന്നത്. മെക്‌സിക്കോ താഴ്‌വാരത്തിലെത്തിച്ചേര്‍ന്ന ആസ്‌തെക്കുകള്‍ "ചെപുല്‍ തേപെക്കി' എന്ന സ്ഥലത്ത് താമസമാക്കി. ചുറ്റുപാടും ശക്തരായ ശത്രുക്കളുണ്ടായിരുന്നതുമൂലം 1325-ഓടുകൂടി തിക്‌സ്‌കോക്കോയുടെ പ. ഭാഗത്തുള്ള ദ്വീപില്‍ സ്ഥിരവാസമാക്കി. ആ സ്ഥലത്താണ് ഇപ്പോഴത്തെ മെക്‌സിക്കോസിറ്റി (1325) പടുത്തുയര്‍ത്തിയിരിക്കുന്നത്. അവിടെയും അവര്‍ക്ക് അസ്‌കപൊത്‌സാല്‍ കൊ(Azcapotzalco) യിലെ തെപ്‌നെക്ക് വര്‍ഗക്കാര്‍ക്ക് കപ്പവും സൈനികസേവനവും നിര്‍ബന്ധിതമായി നല്‌കേണ്ടിവന്നു; എന്നാല്‍ വളരെ താമസിയാതെ അംഗസംഖ്യ വര്‍ധിച്ചുവന്നപ്പോള്‍ അവര്‍ തൊട്ടടുത്ത ത്‌ളാകോപനിലെ വര്‍ഗക്കാരെ കൂട്ടുപിടിച്ച് ശക്തി ആര്‍ജിക്കാന്‍ തുടങ്ങി.
രാജ്യവികസനം. തെനോച്‌തിത്‌ലന്‍ നഗരം കേന്ദ്രമാക്കിക്കൊണ്ട് ഒരു വലിയ രാജ്യം രൂപവത്‌കരിക്കാന്‍ ആസ്‌തെക്കുകള്‍ക്കു കഴിഞ്ഞു. അകാമപിച്‌റ്റ്‌ലി (Acamapichtli) ആയിരുന്നു ആദ്യത്തെ ആസ്‌തെക്ക് രാജാവ്. അക്കാലത്ത് ആ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന വര്‍ഗങ്ങളുടെ പരസ്‌പരകലഹങ്ങള്‍ ചൂഷണം ചെയ്‌തും ആ കലഹങ്ങളില്‍ കക്ഷിപിടിച്ച് യുദ്ധം ചെയ്‌തുമാണ് ആസ്‌തെക്കുകള്‍ സ്വന്തം രാഷ്‌ട്രീയശക്തിയും സാമ്പത്തികശക്തിയും വര്‍ധിപ്പിച്ചത്. അസ്‌കപൊത്‌സാല്‍ കൊയിലെ തെപെനക്കുകളെ ഭിന്നിപ്പിക്കാനും അവരെ കീഴടക്കാനും നാലാമത്തെ ആസ്‌തെക്കു രാജാവായ ഇറ്റ്‌സ്‌കോത്‌ല്‍ (Itzcoatl ഭ. കാ. 1427-40) ന് സാധിച്ചു. മോണ്ടെസൂമ I (ഹ്യുഹ്യുമോക്‌ടെ സുമ) എന്ന അഞ്ചാമത്തെ ആസ്‌തെക്കു രാജാവിന്റെ ഭരണകാലത്ത് (1440-69) അവരുടെ രാജ്യത്തില്‍ ഗെറോറൊ, ഹിഡല്‍ ഗൊ, പ്യൂബ്ല, ഒക്‌സാക എന്നീ മെക്‌സിക്കന്‍ സ്റ്റേറ്റുകള്‍ ഉള്‍പ്പെട്ടിരുന്നു. വമ്പിച്ചൊരു ആക്രമണ പരമ്പരയിലൂടെ മെക്‌സിക്കോ ഉള്‍ക്കടലിന്റെ വേരാക്രൂസ് തീരംവരെ മോണ്ടെസൂമ അധികാരമുറപ്പിച്ചു.
അദ്ദേഹത്തിന്റെ പിന്‍ഗാമി അക്‌സയകത്‌ല്‍ (Axayacatl ഭ.കാ. 146981)ഇതരവര്‍ഗക്കാരുടെ കലാപങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. ത്‌ലാതെലോല്‍ ക്കൊ നഗരം കീഴടക്കിയതാണ് ഈ രാജാവിന്റെ ഏറ്റവും വലിയനേട്ടം. ഏഴാമത്തെ ആസ്‌തെക്ക് രാജാവ് തിസോക്കി (ഭ. കാ. 148186)ന്റെ ഭരണകാലത്തും ആസ്‌തെക്ക് സാമ്രാജ്യത്തിന് ഉലച്ചില്‍ തട്ടിയിരുന്നില്ല. എട്ടാമത്തെ രാജാവായിരുന്ന അഹ്യൂത്‌സോത്‌ല്‍ (Ahuitzotl)-ന്റെ ഭരണകാലത്ത് (1486-1502) സാമ്രാജ്യവിസ്‌തൃതി വര്‍ധിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ മോക്‌തെസുമ ഹോക്കോയോത്‌സിന്‍ (മോണ്ടെസുമ II: ഭ. കാ. 150220) തന്റെ രാജ്യത്തിന്റെ രാഷ്‌ട്രീയസ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുകയും സമാധാനം സ്ഥാപിക്കുകയും ചെയ്‌തു. രാജ്യത്തെ പ്രവിശ്യകളായി വിഭജിച്ച്, ഓരോ പ്രവിശ്യയും ഓരോ ഗവര്‍ണറുടെ കീഴിലാക്കി. സുശക്തമായ ഒരു ഉദ്യോഗസ്ഥവൃന്ദം രൂപവത്‌കരിച്ചു. നീതിന്യായ കോടതികളും തപാല്‍ സര്‍വീസുകളും ഏര്‍പ്പെടുത്തി. ആസ്‌തെക്കുപ്രതാപം ഉച്ചാവസ്ഥ പ്രാപിച്ച ഘട്ടമായിരുന്നു ഇത്.
1517-മുതല്‍ സ്‌പാനിഷ് ആക്രമണകാരികള്‍ ആസ്‌തെക്ക് രാജ്യത്തെ കീഴ്‌പ്പെടുത്താനുള്ള ശ്രമം തുടങ്ങി. ഹെര്‍ണാന്‍ഡോ കോര്‍ട്ടസ് (1485-1547) എന്ന സ്‌പാനിഷ് ആക്രമണകാരി തെനോച്‌തിത്‌ലനില്‍ പ്രവേശിച്ച് യുദ്ധം ആരംഭിച്ചു (1521); ആസ്‌തെക്കുകള്‍ ചെറുത്തുനിന്നെങ്കിലും വിജയിച്ചില്ല. അവരുടെ തലസ്ഥാനം കീഴടക്കപ്പെട്ടു. ആ പുരാതനഗരം സ്‌പാനിഷ് ആക്രമണം മൂലം നശിപ്പിക്കപ്പെടുകയാണുണ്ടായത്. അതിന്റെ സ്ഥാനത്ത് ഉയര്‍ന്നുവന്ന നഗരമാണ് ഇന്നത്തെ മെക്‌സിക്കോ സിറ്റി. 200 വര്‍ഷത്തോളം (1321-1521) നിലനിന്ന, 1,94,250 ച.കി.മീ. വിസ്‌തതിയുണ്ടായിരുന്ന ആസ്‌തെക്കുസാമ്രാജ്യം അതോടെ നാമാവശേഷമായി.
ആസ്‌തെക്കുസംസ്‌കാരം. ഭൂമിയും കൃഷിയും. ചോളം, പയറുവര്‍ഗങ്ങള്‍, പരുത്തി, തക്കാളി എന്നിവയായിരുന്നു ആസ്‌തെക്കുകളുടെ പ്രധാന വിളകള്‍. കൈതനാരുകൊണ്ട് വസ്‌ത്രം നെയ്യുന്നതില്‍ ഇവര്‍ പ്രഗല്‌ഭരായിരുന്നു. മഗ്‌വ (maguey) എന്ന ചെടിയില്‍നിന്നും പുല്‍ക്ക് (pulque) എന്നു പേരുള്ള ഒരു പാനീയം ഉണ്ടാക്കിയിരുന്നു. ഈ മദ്യം കഴിക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതായി കാണാം. ആസ്‌തെക്കുസമുദായത്തില്‍ ഭൂമിയുടെ ഉടമാവകാശം ഗോത്രങ്ങള്‍ക്കായിരുന്നു. അതില്‍നിന്നും വിഭജിച്ച് ഓരോ പങ്ക് ഓരോ വര്‍ഗക്കാര്‍ക്കും നല്‌കിവന്നു. ഓരോ കുടുംബത്തിനും ജീവസന്ധാരണത്തിനാവശ്യമായ ഭൂമി മാത്രമേ പതിച്ചുകൊടുത്തിരുന്നുള്ളൂ. എന്നാല്‍ ഭൂമിയുടെ കൈവശാവകാശി അന്തരിച്ചാലോ കൃഷി ചെയ്യാതെ വെറുതെ ഇട്ടാലോ, ആ ഭൂമി ഗോത്രസമൂഹത്തിലേക്ക് തിരിച്ചെടുക്കാന്‍ വ്യവസ്ഥ ഉണ്ടായിരുന്നു. പ്രഭുക്കന്മാര്‍, പുരോഹിതന്മാര്‍ എന്നിവര്‍ക്കുവേണ്ടി മറ്റുള്ള ഭൂമിയില്‍ പൊതുവായി കൃഷിയിറക്കും. നിലം പൂട്ടാന്‍ മൃഗങ്ങളെ ഉപയോഗിച്ചിരുന്നില്ല; അതിനാല്‍ കലപ്പകളും ഉപയോഗിച്ചിരുന്നില്ല. തുര്‍ക്കിക്കോഴികള്‍, താറാവുകള്‍, ചിലതരം പട്ടികള്‍ എന്നിവയെ മാത്രമേ അവര്‍ വളര്‍ത്തിയിരുന്നുള്ളൂ. ആസ്‌തെക്കുകള്‍ക്ക് മാംസഭക്ഷണത്തില്‍ വലിയ താത്‌പര്യമില്ലായിരുന്നു എന്നുവേണം കരുതാന്‍.
നഗരനിര്‍മാണം. ഇപ്പോഴത്തെ മെക്‌സിക്കോ സിറ്റിയുടെ അടിഭാഗങ്ങളില്‍നിന്നാണ് ആസ്‌തെക്ക് കേന്ദ്രമായ തിനോച്‌തിത്‌ലാന്‍ പട്ടണത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെടുത്തിട്ടുള്ളത് ഉത്‌ഖനനത്തിലൂടെ പഴയ നഗരിയില്‍ നിരവധിക്ഷേത്രങ്ങളും ധവളഹര്‍മ്യങ്ങളും ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. നഗരസംവിധാനത്തിലും അവര്‍ നിപുണരായിരുന്നുവെന്ന് ഈ രേഖകള്‍ സൂചിപ്പിക്കുന്നു. പട്ടണത്തിന് തലങ്ങും വിലങ്ങും നിരവധി തോടുകള്‍ അവര്‍ നിര്‍മിച്ചു; അവയിലൂടെ കച്ചവടച്ചരക്കുകള്‍ വഹിച്ചുകൊണ്ടുള്ള വഞ്ചികള്‍ സഞ്ചരിച്ചിരുന്നു. തടാകതീരത്ത് മൂന്നു കല്‍ച്ചിറകള്‍ കെട്ടിയിരുന്നു. ഇവയ്‌ക്കിടയില്‍ ശക്തമായ തൂക്കുപാലങ്ങളും പണിതിരുന്നു. ആഗ്നേയശില, ചെങ്കല്ല്, ചുടാത്ത ഇഷ്‌ടിക, തടി, കുമ്മായക്കൂട്ട് എന്നിവയാണ് ആസ്‌തെക്കുകള്‍ കെട്ടിടനിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത്. ഇപ്പോഴത്തെ സ്‌പാനിഷ് കുരിശുപള്ളിക്കും സെന്‍ട്രല്‍ സ്‌ക്വയറിനും ചുറ്റുമായിട്ടാണ് ആസ്‌തെക്കുക്ഷേത്രങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. 1485-ല്‍ പണിതീര്‍ത്തതും മഴയുടെയും യുദ്ധത്തിന്റെയും ദേവതമാര്‍ക്കുള്ളതുമായ ക്ഷേത്രമാണ് അവയില്‍ പ്രാധാന്യമര്‍ഹിക്കുന്നത്. പിരമിഡുപോലെ തട്ടുകളായാണ് ക്ഷേത്രനിര്‍മാണം. ക്ഷേത്രത്തില്‍നിന്നും താഴോട്ടിറങ്ങാന്‍ കോണികള്‍ ഘടിപ്പിച്ചിരിക്കുന്നു. താഴെയുള്ള തറയിലായിരുന്നു ദേവീദേവന്മാരെ പ്രതിഷ്‌ഠിച്ചിരുന്ന മണ്ഡപം. 256 ക്ഷേത്രങ്ങളും ബലിപ്പുരകള്‍, പുരോഹിതഭവനങ്ങള്‍, സ്‌നാനഘട്ടങ്ങള്‍ തുടങ്ങി അനവധി കെട്ടിടങ്ങളും സ്ഥിതിചെയ്‌തിരുന്നു. ഇവിടെത്തന്നെയാണ് വലിയ പിരമിഡും സ്ഥിതിചെയ്‌തിരുന്നത്. മൂന്ന് പടിക്കെട്ടുകളാണ് ഈ പിരമിഡിലേക്കു നയിച്ചിരുന്നത്. പിരമിഡിന്റെ ഏറ്റവും മുകളിലായി രണ്ടു ക്ഷേത്രങ്ങളും നിര്‍മിച്ചിരുന്നു. വെള്ളയും നീലയും ചായം തേച്ച് മനോഹരമാക്കിയിരുന്ന ദേവാലയം വരുണദേവനും ചുവപ്പുപശ്ചാത്തലത്തില്‍ വെള്ളച്ചായം തേച്ച്, തലയോടുകള്‍കൊണ്ട് അലങ്കരിച്ചിരുന്ന രണ്ടാമത്തെ ക്ഷേത്രം യുദ്ധദേവനായ സൂര്യനുംവേണ്ടി സമര്‍പ്പിച്ചിരുന്നു. വാസ്‌തുശില്‌പങ്ങളെപ്പോലെ തന്നെ സുശക്തങ്ങളായ കൂറ്റന്‍ പ്രതിമാശില്‌പങ്ങളും ഇവര്‍ നിര്‍മിച്ചിരുന്നു. ആസ്‌തെക്കുകളുടെ ശില്‌പശൈലി മതപരമായ ശില്‌പങ്ങളില്‍ ഉദാത്തരൂപംപൂണ്ടു നിലകൊള്ളുന്നതു കാണാം.
കലയും വാസ്‌തുശില്‌പവും. കരകൗശല വിദഗ്‌ധന്മാരായിരുന്നു ആസ്‌തെക്കുകള്‍. സ്വര്‍ണം, വെള്ളി, ചെമ്പ് എന്നിവയിലുള്ള വേലിയില്‍ അവര്‍ പ്രഗല്‌ഭരായിരുന്നു. വിവിധതരം കല്ലുകളും കെട്‌സാല്‍ പക്ഷിയുടെ തൂവലുകളുമായിരുന്നു ഇവരുടെ മുഖ്യ സമ്പത്ത്. സ്‌പാനിഷ് പടയാളിയും ചരിത്രകാരനുമായ ബെര്‍നാഡൊ ഡയസ്‌ഡെല്‍ കസ്റ്റിലൊ ആസ്‌തെക്കു കമ്പോളങ്ങളില്‍ കണ്ട കച്ചവടസാധനങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. കലയിലും കൈത്തൊഴിലുകളിലും അവര്‍ ഉന്നതനിലവാരം പുലര്‍ത്തിയിരുന്നു. ശിലകൊണ്ട് പ്രതിമ നിര്‍മിക്കുന്നതിലും അവരുടെ കരവിരുത് തെളിഞ്ഞുകാണാം. അവര്‍ നിര്‍മിച്ച "പഞ്ചാംഗശില' വിശിഷ്‌ടമാണ് (നോ: ആസ്‌തെക്ക് കലണ്ടര്‍). കച്ചാടികള്‍, കളിമണ്‍ വസ്‌തുക്കള്‍ എന്നിവ വിവിധരൂപത്തില്‍ അവര്‍ നിര്‍മിച്ചിരുന്നു. അവയെ ചിത്രാങ്കിതമാക്കുകയും മനോഹരമാക്കുകയും ചെയ്യുന്നതില്‍ അവര്‍ വൈദഗ്‌ധ്യം കാട്ടി. മുഖംമൂടി നിര്‍മാണത്തിലായിരുന്നു അവര്‍ ഏറെപ്രശസ്‌തരായത്. സ്വര്‍ണം, ചെമ്പ്, എന്നിവകൊണ്ടുള്ള ആഭരണങ്ങള്‍ ആസ്‌തെക്കുകള്‍ നിര്‍മിച്ചിരുന്നു. പഞ്ഞിയില്‍നിന്നു നൂലെടുത്ത് അവര്‍ വസ്‌ത്രം നെയ്‌തുണ്ടാക്കിയിരുന്നു; അവയെ തൂവല്‍ തുടങ്ങിയ വസ്‌തുക്കള്‍കൊണ്ട് മോടിപിടിപ്പിക്കുകയും ചെയ്‌തു. ആഘോഷാവസരങ്ങളില്‍ സംഗീതം ആലപിക്കാനും അവര്‍ മറന്നിരുന്നില്ല. ചെണ്ട, ഓടക്കുഴല്‍, മണി തുടങ്ങിയവയായിരുന്നു സംഗീതോപകരണങ്ങള്‍. ചിത്രമെഴുത്തിലും അവര്‍ ഉന്നതനിലവാരം പുലര്‍ത്തി. ഈ കലാവൈദഗ്‌ധ്യം ആസ്‌തെക്കുകള്‍ വശമാക്കിയത് ദക്ഷിണ മെക്‌സിക്കന്‍ ജനതയില്‍നിന്നായിരുന്നു. മായാ ജനതയില്‍നിന്നും അവര്‍ ഗ്രന്ഥരചന അഭ്യസിച്ചു. ഉത്‌ഖനനം വഴി കണ്ടെടുത്തിട്ടുള്ള അവരുടെ ഗ്രന്ഥങ്ങളില്‍ ഏറ്റവും നല്ല ഒരു മാതൃക ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഉണ്ട്. പുരാതനജനതയുടെ വേട്ടയാടല്‍, ആഹാരരീതി, കുട്ടികളുടെ വിദ്യാഭ്യാസസമ്പ്രദായം എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ പല ഗ്രന്ഥങ്ങളിലും കാണാം.
കൊത്തുപണി ചെയ്‌തിട്ടുള്ള ധാരാളം ഒറ്റക്കല്‍ സ്‌തൂപങ്ങളും ആസ്‌തെക്കുകളുടേതായിട്ടുണ്ട്. സൂര്യദേവ ക്ഷേത്രത്തിലെ ഒറ്റക്കല്‍ സ്‌മാരകസ്‌തൂപം ഇവയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. ആസ്‌തെക്ക് കലയിലെ അവിഭാജ്യപ്രമേയമാണ് ജന്തുക്കള്‍. കുരങ്ങുകള്‍, മുയലുകള്‍, വിട്ടിലുകള്‍, കെട്ടുപിണഞ്ഞ പാമ്പുകള്‍ തുടങ്ങിയവയൊക്കെ ഇവരുടെ ശില്‌പരചനയ്‌ക്ക് വിഷയീഭവിച്ചിട്ടുണ്ട്. വിലയേറിയ കല്ലുകള്‍കൊണ്ട് നിര്‍മിച്ച വളരെയധികം പ്രതിമകളും ആഭരണങ്ങളും മുഖംമൂടികളും കണ്ടുകിട്ടിയിട്ടുണ്ട്.
മണ്‍പാത്രനിര്‍മാണത്തില്‍ ആസ്‌തെക്കുകള്‍ക്ക് സ്വന്തമായ ഒരു ശൈലി ഉള്ളതായി രേഖകളില്ല. മിക്‌സ്‌തെക്കുകളുടെ (Mixtecs) ശൈലി അനുകരിക്കുക മാത്രമാണിവര്‍ ചെയ്‌തത്. ജന്തുക്കളുടെയും പൂക്കളുടെയും രൂപങ്ങള്‍കൊണ്ടലങ്കരിച്ച പാത്രങ്ങള്‍, കോപ്പകള്‍, പാനകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്. മഞ്ഞകലര്‍ന്ന ഓറഞ്ച് പശ്ചാത്തലത്തില്‍ കറുപ്പോ വെള്ളയോ ചായം ഉപയോഗിച്ചാണ് ചിത്രപ്പണി നടത്തിയിട്ടുള്ളത്. സസ്യനാരുകൊണ്ട് നിര്‍മിച്ച് വെള്ളപൂശിയ നീണ്ട ചുരുളുകളാണ് ഇവര്‍ എഴുതുന്നതിന് ഉപയോഗിച്ചിരുന്നത്. ചിത്രലിപിയാണുണ്ടായിരുന്നത്. ഇത്തരത്തിലുള്ള വളരെയധികം ആസ്‌തെക്കു കൈയെഴുത്തു പ്രതികള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ഹ്രസ്വകാലംകൊണ്ട് വളര്‍ന്ന് വികാസം പ്രാപിച്ച് വിദേശാക്രമണത്തിനു വിധേയമായി തകര്‍ന്ന ആസ്‌തെക്കു സംസ്‌കാരത്തിന്റെ കലാവശിഷ്‌ടങ്ങളില്‍ ശേഷിച്ചിട്ടുള്ള പലതും മെക്‌സിക്കോസിറ്റിയിലെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ആസ്‌തെക്ക് ഭാഷ. ആസ്‌തെക്കു ഭാഷയ്‌ക്ക് നാഹുവ അഥവാ നൈവതല്‍ എന്നുംകൂടി പേരുണ്ട്. യൂറോ-ആസ്‌തെക്ക് ഭാഷാഗ്രാതത്തില്‍ പെട്ടതാണിത്. യൂറോപ്യന്‍ അധിനിവേശക്കാലത്ത് ഈ ഭാഷയായിരുന്നു ആ വന്‍കരയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഉപയോഗത്തിലിരുന്നത്. തദ്ദേശീയരുമായി ഇടപഴകാന്‍ സ്‌പാനിഷ് ആക്രമണകാരികള്‍ ഈ ഭാഷ ഉപയോഗിക്കുകയും ഇതിലുള്ള ദൈനംദിന വ്യവഹാരം സാര്‍വത്രികമാക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. മെക്‌സിക്കോയിലെ 10 ലക്ഷത്തിലേറെ ജനങ്ങള്‍ ഇപ്പോഴും ഈ ഭാഷ ഉപയോഗിച്ചുവരുന്നു.
സാമൂഹിക-രാഷ്‌ട്രീയസംഘടനകള്‍. ആസ്‌തെക്‌വര്‍ഗം 20 ഗ്രാതങ്ങള്‍ (calpullis) ചേര്‍ന്നുണ്ടായതാണ്. മതത്തിന് പ്രാധാന്യം നല്‌കിക്കൊണ്ടുള്ള ഒരു സൈനികഭരണക്രമമാണ് ആസ്‌തെക്കുകള്‍ സ്വീകരിച്ചിരുന്നത്. ഭരണപരവും മതപരവുമായ ഈ വിഭജനം ഭൂമിശാസ്‌ത്രപരമായ നിലനില്‌പിനെ ആസ്‌പദമാക്കിയായിരുന്നു. ഓരോ ഗോത്രവും അവരുടെ ഉദ്യോഗസ്ഥന്മാരെയും ഭരണസമിതികളിലേക്കുള്ള പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നു. ഗോത്രത്തിന് അതിന്റേതായ ക്ഷേത്രവും പുരോഹിതനും ഉണ്ട്. ഈ സമിതികള്‍ ചില നിര്‍വാഹകാംഗങ്ങളെയും തെരഞ്ഞെടുത്തിരുന്നു. അവരില്‍നിന്ന് ഒരാളിനെയാണ് ആസ്‌തെക്‌വര്‍ഗത്തിന്റെ മുഖ്യ തലവനായി നാമനിര്‍ദേശം ചെയ്‌തിരുന്നത്. ചില കുടുംബങ്ങളില്‍നിന്നു മാത്രമേ ഭരണമേധാവികളെ തെരഞ്ഞെടുക്കാറുള്ളൂ. ദൈവതുല്യം കരുതിപ്പോന്ന ഈ മേധാവിയെ പരമാധികാരസമിതിക്ക് മാത്രമേ മാറ്റാന്‍ കഴിയുമായിരുന്നുള്ളൂ.
മതവിശ്വാസം. അഗ്നിയില്‍ ആങ്ങാഹുതി നടത്തി സൂര്യചന്ദ്രന്മാരായി പരിണമിച്ച രണ്ടു ദേവതകളില്‍നിന്നാണ് ഭൂമിയുടെ ഉദ്‌ഭവമെന്ന് അവര്‍ വിശ്വസിച്ചു. സൂര്യനും അഗ്നിക്കും പുറമേ വൃഷ്‌ടി, നദീപ്രവാഹം, കൃഷി തുടങ്ങിയവയോട് ബന്ധപ്പെട്ട അധിഷ്‌ഠാന ദേവകളാണിവ. ആസ്‌തെക്കുകള്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ജനവിഭാഗങ്ങളുടെ ചില ആരാധനാമൂര്‍ത്തികളെയും അവര്‍ അംഗീകരിച്ചിട്ടുണ്ട്. അടുക്കടുക്കായി 13 സ്വര്‍ഗങ്ങളും 9 പാതാളങ്ങളും ഉള്ളതായി അവര്‍ വിശ്വസിക്കുന്നു. ഏറ്റവും ഉയര്‍ന്ന സ്വര്‍ഗത്തിലാണ് സൃഷ്‌ടികര്‍ത്താവ് സ്ഥിതിചെയ്യുന്നത്. ഏറ്റവും അടിയിലെ പാതാളമാണ് മരണദേവന്റെയും അദ്ദേഹത്തിന്റെ പത്‌നിയുടെയും ആസ്ഥാനം. മരിക്കുന്നവര്‍ പോകുന്നത് അങ്ങോട്ടാണ്. എന്നാല്‍ വീരയോദ്ധാക്കളും ത്യാഗികളും ആകാശത്തില്‍ സൂര്യദേവനെ പ്രാപിക്കും. മുങ്ങിമരിക്കുന്നവരും ജലരോഗങ്ങള്‍കൊണ്ടു മരിക്കുന്നവരും ത്‌ളാലോക്‌സ് എന്ന വൃഷ്‌ടിദേവതയെ പ്രാപിക്കും. ഭൂമി അഞ്ചു പ്രാവശ്യം സൃഷ്‌ടിക്കപ്പെട്ടുവെന്നും നാല് പ്രാവശ്യം നശിപ്പിക്കപ്പെട്ടുവെന്നും അവര്‍ വിശ്വസിച്ചിരുന്നു. ചിലപ്പോഴൊക്കെ അവര്‍ നരബലിയും നടത്തിയിരുന്നു. യുദ്ധത്തടവുകാരെയോ അടിമകളെയോ ആണ് ഇതിന് ഉപയോഗിച്ചിരുന്നത്. വൃഷ്‌ടിദേവതയ്‌ക്ക് കുട്ടികളെ ഹോമിച്ച് അര്‍പ്പിക്കുന്നതാണ് പ്രിയമെന്ന് അവര്‍ കരുതിയിരുന്നു. ബലിയര്‍പ്പിക്കുവാന്‍ ആളുകളെ ലഭിക്കാനാണ് പലപ്പോഴും ആസ്‌തെക്കുകള്‍ യുദ്ധം ചെയ്‌തിരുന്നത്. സൂര്യനെ പ്രസാദിപ്പിക്കാനും നരബലി നടത്തുന്ന പതിവുണ്ടായിരുന്നു.
പുരോഹിതന്മാര്‍ അവരുടെ മൂപ്പനുസരിച്ച് അധ്യക്ഷത വഹിച്ചിരുന്നു. പഞ്ചാംഗശിലനോക്കി ഭാവി പ്രവചിക്കുവാനും പുരോഹിതര്‍ പഠിച്ചിരുന്നു. ജനനസമയം നോക്കി ഭാവി പ്രവചിക്കുകയും ജാതകം എഴുതിക്കൊടുക്കുകയും ചെയ്യുന്ന പതിവ് അന്നുണ്ടായിരുന്നു.