This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഡംസ്, ജോണ്‍ കൗച് (1819 - 92)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഡംസ്, ജോണ്‍ കൗച് (1819 - 92)

Adams,John Couch

ബ്രിട്ടീഷ് ജ്യോതിഃശാസ്ത്രജ്ഞന്‍. ഇദ്ദേഹവും ലെവറിയര്‍ എന്ന ഫ്രഞ്ചു ശാസ്ത്രജ്ഞനും വെവ്വേറെ നെപ്ട്യൂണ്‍ ഗ്രഹത്തിന്റെ സ്ഥാനം നിര്‍ദേശിച്ചു.

ആഡംസ് 1819 ജൂണ്‍ 5-ന് കോണ്‍വാളില്‍ ജനിച്ചു. കേംബ്രിജിലെ സെന്റ് ജോണ്‍ കോളജില്‍ വിദ്യാഭ്യാസം നടത്തി. വിദ്യാര്‍ഥിയായിരിക്കുന്ന കാലത്തുതന്നെ, യുറാനസ് ഗ്രഹത്തിന്റെ പ്രദക്ഷിണപഥത്തിലുള്ള വിഭ്രംശങ്ങള്‍ ശ്രദ്ധിച്ചു പഠിക്കുകയും ഈ വിഭ്രംശങ്ങള്‍ അജ്ഞാതമായ ഒരു ഗ്രഹത്തിന്റെ അസ്തിത്വംമൂലമാകാമെന്ന് ഊഹിക്കുകയും ചെയ്തു. ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണനിയമത്തെ അടിസ്ഥാനമാക്കി പ്രസ്തുത ഗ്രഹത്തിന്റെ സ്ഥാനം നിര്‍ണയിക്കുകയും ചെയ്തു. പക്ഷേ, ആഡംസ് നിര്‍ദേശിച്ച സ്ഥാനത്ത് ഗ്രഹം ഉണ്ടോ എന്ന് ഇംഗ്ളണ്ടിലെ വാനനിരീക്ഷണാലയങ്ങള്‍ അപ്പോള്‍ അന്വേഷിച്ചില്ല. ഇതിനിടയില്‍ ലെവറിയര്‍ ഗ്രഹത്തിന്റെ സ്ഥാനം നിര്‍ണയിച്ച് ബര്‍ലിന്‍ നിരീക്ഷണാലയത്തെ അറിയിച്ചു. 1846 സെപ്. 23-ന് ലെവറിയറുടെ നിര്‍ദേശം അനുസരിച്ചുള്ള സ്ഥാനത്ത് ഗ്രഹം കണ്ടെത്തി. കണ്ടുപിടിത്തത്തിന്റെ ബഹുമതി ആഡംസിനും ലെവറിയറിനും നല്കപ്പെട്ടു.

32-ാമത്തെ വയസ്സില്‍ ഇദ്ദേഹത്തെ റോയല്‍ ആസ്റ്റ്രോണമിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. 1861-ല്‍ കേംബ്രിജിലെ വാനനിരീക്ഷണാലയത്തിന്റെ ഡയറക്ടറായി. 1892 ജനു. 21-നു അദ്ദേഹം നിര്യാതനായി.

ഭൂമിയുടെ കാന്തികമണ്ഡലം, ചന്ദ്രന്റെ ശ.ശ. ചലനത്തില്‍ ചിരേണവരുന്ന ത്വരണത്തിനു കാരണം, ലിയോണിഡ് ഉല്‍ക്കകളുടെ ഉദ്ഭവം എന്നിവയെക്കുറിച്ച് ഇദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്.

(കെ. ഗോവിന്ദന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍