This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അലാസ്ക
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അലാസ്ക
Alaska
യു.എസ്സിലെ ഏറ്റവും വലിയ സംസ്ഥാനം. വടക്കേ അമേരിക്കയുടെ ഏറ്റവും വ. പടിഞ്ഞാറ് കാനഡയുടെ വടക്കെ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഉപദ്വീപും സമീപത്തുള്ള അനേകം ചെറിയ ദ്വീപുകളും ചേര്‍ന്ന ഭാഗമാണ് അലാസ്ക. ഏഷ്യാവന്‍കരയില്‍ നിന്നു ബെറിംഗ് ജലസന്ധിയാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു.
ഉത്തര അക്ഷാ. 51° ക്കും 71° ക്കും മധ്യേയും പശ്ചിമരേഖാ. 130° ക്കും 163° ക്കും മധ്യേയുമായി സ്ഥിതിചെയ്യുന്ന അലാസ്കയുടെ അതിരുകള്‍ വ. ആര്‍ട്ടിക് സമുദ്രവും പ. ബെറിംഗ് കടല്‍, ബെറിംഗ് ജലസന്ധി എന്നിവയും തെക്ക് പസിഫിക് സമുദ്രവും കി. യൂക്കണ്‍, ബ്രിട്ടീഷ്‍കൊളംബിയ എന്നീ കനേഡിയന്‍ പ്രദേശങ്ങളും ആണ്. വിസ്തീര്‍ണം: 1,53,11,000 ച.കി.മീ.; ഇത് യു.എസ്സിന്റെ 1/5 ഭാഗം വരും.
അലാസ്കയെ മൂന്ന് ഭാഗങ്ങളൊയി തിരിക്കാം:
1.പശ്ചിമരേഖ 141° ക്കു പടിഞ്ഞാറുള്ള പ്രധാനഭാഗം--കോണ്ടിനെന്റല്‍ അലാസ്ക;
2.തെ. കിഴക്ക് പാന്‍ഹാന്‍ഡില്‍ (Panhandle) എന്നറിയപ്പെടുന്ന ഭാഗം. ഏകദേശം 1,100 ദ്വീപുകളുള്‍പ്പെടുന്ന 'അലക്സാണ്ടര്‍ ആര്‍ച്ചിപെലാഗോ' ദ്വീപസമൂഹമാണിവിടെയുള്ളത്. ഫിയോര്‍ഡുകള്‍ (fiords) കൊണ്ട് പിളര്‍ക്കപ്പെട്ട കടലോരത്തോടുകൂടിയതും വനങ്ങള്‍ നിറഞ്ഞതുമായ ഈ ഭാഗം പ്രകൃതിരമണീയമാണ്;
3.തെക്കും തെ. പടിഞ്ഞാറും ഉപദ്വീപിനോടുചേര്‍ന്ന് ഒരു ചങ്ങലപോലെ കിടക്കുന്ന അലൂഷ്യന്‍ ദ്വീപസമൂഹം. ഇവകൂടാതെ ബെറിംഗ് കടലില്‍ സ്ഥിതിചെയ്യുന്ന പ്രിബിലോഫ് ദ്വീപുകള്‍, ഹോള്‍-സെന്റ് മാത്യു ദ്വീപുകള്‍, ബെറിങ് ജലസന്ധിയില്‍ സ്ഥിതിചെയ്യുന്ന സെന്റ് ലോറന്‍സ് ദ്വീപുകള്‍ എന്നിവയും അലാസ്കയുടെ ഭാഗംതന്നെയാണ്.
ഭൂപ്രകൃതി. പ്രധാന ഭൂപ്രകൃതിവിഭാഗങ്ങള്‍ പര്‍വതങ്ങള്‍, പീഠഭൂമികള്‍, സമതലങ്ങള്‍ എന്നിവയാണ്. വടക്കേ അമേരിക്കയിലെ റോക്കി പര്‍വതം അലാസ്കയില്‍ നാലു നിരകളായി കാണപ്പെടുന്നു. തെക്കേയറ്റത്ത് സമുദ്രതീരമടുത്ത് 'പാന്‍ഹാന്‍ഡില്‍' പ്രദേശത്തുളള പര്‍വതപംക്തിക്ക് 1,500 മീ. മുതല്‍ 1,800 മീ. വരെയാണ് ഉയരം. ഈ തീരപ്രദേശനിരയുടെ തുടര്‍ച്ചതന്നെയാണ് അലാസ്കയുടെ മധ്യഭാഗത്ത് തെ. കിഴക്കായി കിടക്കുന്ന സെന്റ് ഏലിയാസ് പര്‍വതനിര. ഈ രണ്ടു നിരകള്‍ക്കും മധ്യേകൂടി ചില്‍ക്കറ്റ് നദി ഒഴുകുന്നു. സെന്റ് ഏലിയാസ് പര്‍വതനിരയിലെ പ്രധാനകൊടുമുടികള്‍ സാന്‍ഫോര്‍ഡ്, ഫെയര്‍വെതര്‍, വാന്‍കൂവര്‍ എന്നിവയാണ്. ഇവയ്ക്കൊക്കെ 4,575 മീറ്ററിലേറെ ഉയരമുണ്ട്; 4,275 മീ. ഉയരമുള്ള റാങ്ഗല്‍ (Wrangell) കൊടുമുടി സജീവ അഗ്നിപര്‍വതമാണ്.
അലൂഷ്യന്‍ പര്‍വതനിരയുടെ ഭാഗങ്ങളാണ് അലൂഷ്യന്‍ദ്വീപസമൂഹം. ഈ പര്‍വതം അലാസ്ക ഉപദ്വീപിലേക്ക് വ്യാപിച്ചുകിടക്കുന്നു. ഈ ഭാഗത്തുള്ള കട്മായ് പര്‍വതം 1912-ല്‍ അഗ്നിപര്‍വത സ്ഫോടനം മൂലം പാടെ നിര്‍മൂലമായി; അതേസമയം ഇതിനു വ. പടിഞ്ഞാറുള്ള താഴ്വരയില്‍ അനേകം അഗ്നിപര്‍വതമുഖങ്ങള്‍ രൂപംകൊള്ളുകയും ചെയ്തു. 'പതിനായിരം ധൂമങ്ങള്‍' എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്.
യൂക്കണ്‍ നദിക്കു വ. എന്‍ഡിക്കോട്ട് പര്‍വതമുള്‍പ്പെടുന്ന ബ്രൂക്സ് പര്‍വതനിര സ്ഥിതിചെയ്യുന്നു. ഈ പര്‍വതനിരയ്ക്കും പസിഫിക് പര്‍വതനിരയ്ക്കും ഇടയിലാണ് വിശാലമായ യൂക്കണ്‍ പീഠഭൂമി സ്ഥിതിചെയ്യുന്നത്. പൊതുവേ ഏതാണ്ട് സമതല രൂപമായ ഈ പീഠപ്രദേശം പര്‍വതങ്ങളോടടുത്ത് ചരിഞ്ഞുകാണുന്നു; ഈ പ്രദേശത്തിന് 1,500 മീറ്ററോളം ഉയരമുണ്ട്. നദീതടപ്രദേശത്തേക്കു വരുന്തോറും ഉയരം 900 മീ. ആയി താഴുന്നു. ബ്രൂക്സ് പര്‍വതനിര മുതല്‍ ആര്‍ട്ടിക് സമുദ്രംവരെ വ്യാപിച്ചുകിടക്കുന്ന സ്ഥലമാണ് ആര്‍ട്ടിക് സമതലപ്രദേശം.
അലാസ്കയിലെ ഏറ്റവും വലിയ നദി യൂക്കണ്‍ (3,139 കി.മീ.) ആണ്; കസ്കോക്വിം, കോപ്പര്‍, സസിറ്റ്നാ, ചില്‍ക്കറ്റ് എന്നിവയാണ് മറ്റു നദികള്‍.
അലാസ്കയുടെ കടലോരം ധാരാളം പിളര്‍പ്പുകളോടുകൂടിയതാണ്. തെ. കിഴക്കുള്ള ഫിയോര്‍ഡുകള്‍ പ്രാചീന ഹിമയുഗത്തിന്റെ പ്രതിഫലനമാണ്. കടലോരത്തിന്റെ ദൈര്‍ഘ്യം ഏതാണ്ട് 76,475 കി.മീ. വരും.
കാലാവസ്ഥ. ബ്രൂക്സ്പര്‍വതനിരയുടെ തെ.ഭാഗത്തുകൂടെയാണ് ആര്‍ട്ടിക് വൃത്തം (66 1/2° വ.) കടന്നുപോകുന്നത്. ഈ രേഖയ്ക്കു തെ. മിതശീതോഷ്ണമേഖലയുമാണ്. പൊതുവേ തണുപ്പുകൂടിയ പ്രദേശമായി അലാസ്കയെ കരുതാം.
ശൈത്യകാലത്ത് (ജനു.) 32° F സമോഷ്ണരേഖ അലാസ്കയുടെ തെ. ഭാഗത്തുകൂടിയാണ് പോകുന്നത്. ഉപദ്വീപു മുഴുവന്‍ അതികഠിനമായ ശൈത്യം അനുഭവപ്പെടുന്നു. ചിലയവസരങ്ങളില്‍ ചൂട് - 75° F മുതല്‍ 80° F വരെയായി കുറയും. ശൈത്യകാലത്ത് മഞ്ഞുവീഴ്ച സര്‍വസാധാരണമാണ്.
ഹ്രസ്വമായ ഉഷ്ണകാലത്ത് മിതമായ താപനിലയാണുള്ളത്. ജൂലായില്‍ 50° F സമോഷ്ണരേഖ അലാസ്കയുടെ വ. ഭാഗത്തുകൂടെ കടന്നുപോകുന്നു. തെ. ഭാഗത്ത് കൂടുതല്‍ ചൂട് അനുഭവപ്പെടും. തീരപ്രദേശങ്ങളെ അപേക്ഷിച്ച് ഉള്‍ഭാഗങ്ങളില്‍ തണുപ്പ് കൂടിയിരിക്കും.
ഇവിടെ വീശുന്ന പ്രധാനകാറ്റ് പശ്ചിമവാതങ്ങളാണ്. ഉഷ്ണകാലത്തു പസിഫിക് സമുദ്രത്തിനു മുകളില്‍കൂടെ വീശുന്ന ഈ കാറ്റ് നീരാവി നിറഞ്ഞതാകയാല്‍ ധാരാളം മഴ ലഭിക്കുന്നതിനു കാരണമാകുന്നു; ഈ കാറ്റുതന്നെ ശീതകാലത്തു ഹിമപാതത്തിനും ഇടവരുത്തുന്നു. വടക്കും വ. പടിഞ്ഞാറുമുള്ള ആര്‍ട്ടിക് സമുദ്രം ഹിമപാതത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നു.
സസ്യ-ജന്തുജാലം. വൈവിധ്യം അലാസ്കയുടെ പ്രത്യേകതയാണ്; സസ്യങ്ങളുടെയും മൃഗങ്ങളുടെയും കാര്യത്തില്‍ ഈ സവിശേഷത കാണാം. അലാസ്കയുടെ വടക്കുഭാഗം ആര്‍ട്ടിക് വൃത്തത്തിനുമപ്പുറത്തു സ്ഥിതിചെയ്യുന്നതുകൊണ്ട് വര്‍ഷത്തില്‍ മൂന്നില്‍ രണ്ടുഭാഗവും മഞ്ഞുമൂടിക്കിടക്കുന്നു. വ. അമേരിക്കയിലെ തുന്‍ഡ്രാപ്രദേശത്തിന്റെ ഭാഗമാണിത്. ഉഷ്ണകാലത്ത് മഞ്ഞുരുകി ഭൂമി തെളിയുമ്പോള്‍ മാത്രമാണ് വളര്‍ച്ചയുടെ കാലം; ഇതു കഷ്ടിച്ച് നാലുമാസം കാണും. പ്രധാനസസ്യങ്ങള്‍ ശൈവാലങ്ങള്‍, കുറ്റിച്ചെടികള്‍ മുതലായവയാണ്. വിവിധയിനം ശൈവാലങ്ങള്‍ വളര്‍ന്നു പുഷ്ടിപ്രാപിച്ച് പ്രദേശം മുഴുവന്‍ മൂടിക്കിടക്കുന്നു. ഗ്രീഷ്മകാലത്തിന്റെ സുഖമനുഭവിക്കാന്‍ പക്ഷികളും മൃഗങ്ങളും ഇവിടേക്ക് എത്തുന്നു. പല പക്ഷികളുടെയും മൃഗങ്ങളുടെയും ഇണചേരല്‍കാലവും ഇതുതന്നെ. സ്നോഗൂസ്, ഐഡര്‍ഡക്ക്, ടാര്‍മിഗണ്‍, കൊക്ക് എന്നീ പക്ഷികള്‍ ഈ സമയം ഇവിടെ കൂടുകെട്ടി വസിക്കുന്നു. റെയിന്‍ഡിയര്‍ ധാരാളമായി തൊട്ടടുത്തുള്ള വനപ്രദേശങ്ങളില്‍നിന്ന് ആഹാരംതേടി ഇവിടേക്കു കടന്നുവരുന്നു.
അലാസ്കയുടെ തെ.ഭാഗത്ത് ഗ്രീഷ്മകാല താപനില കൂടുതലുള്ള സ്ഥലങ്ങളില്‍ സൂചികാഗ്രവൃക്ഷങ്ങള്‍ നിബിഡമായി വളരുന്നു. വ്യവസായപ്രാധാന്യമുള്ള വൃക്ഷങ്ങള്‍ വളരുന്ന വനങ്ങള്‍ തെ. കിഴക്ക് ടോംഗാസിലും പ്രിന്‍സ് വില്യം സൌണ്ടിന്റെ പ്രാന്തത്തിലുള്ള ചുഗാച്ചിലുമാണ്. പ്രധാനവൃക്ഷങ്ങള്‍ സ്പ്രൂസ്, ഹെംലോക്ക്, ബെര്‍ച്, ബാള്‍സം, പൈന്‍ എന്നിവയാണ്. തടിവ്യവസായം ഇവിടെ വന്‍തോതില്‍ നടക്കുന്നു.
പലജാതി മൃഗങ്ങളെയും അലാസ്കയില്‍ കണ്ടുവരുന്നു. ഇവിടെ വളരുന്ന മൃദുരോമമുള്ള മൃഗങ്ങള്‍, ഡേബിള്‍, മിന്‍ക്, ഓട്ടര്‍ എന്നീയിനം നീര്‍നായകളും എര്‍മിന്‍, വൂള്‍വെറിന്‍ എന്നീയിനം കീരികളും ബീവറുമാണ്. കറുപ്പ്, ചാരം, വെള്ള എന്നീ നിറങ്ങളിലുള്ള കരടികള്‍; ചാരനിറത്തിലുള്ള ചെന്നായ്; ചുവപ്പ്, വെളുപ്പ്, നീല എന്നീ നിറങ്ങളിലുള്ള കുറുനരികള്‍ തുടങ്ങിയ ജന്തുക്കളെയും ഇവിടെ കാണാം.
ജനങ്ങള്‍. അലാസ്കയിലെ ആദിവാസികള്‍ പ്രധാനമായും എസ്കിമോവര്‍ഗക്കാരും ഉത്തര അമേരിന്ത്യന്‍വര്‍ഗക്കാരുമാണ്. എസ്കിമോ വര്‍ഗത്തിന്റെ ശാഖയാണ് അല്യൂട്ടുകള്‍. ഇന്ത്യന്‍ വര്‍ഗക്കാരുടെ ശാഖകള്‍ ഹെയ്ഡാസ് (Haidas), ലിന്‍ജിറ്റ് (Tlingit), ടിനസ് (Tinneks) എന്നിവയും.
1867-ല്‍ റഷ്യയുടെ അധീനത്തില്‍നിന്നു വിട്ടുപോരുമ്പോള്‍ ഇവിടെ 30,000 ആദിവാസികളാണുണ്ടായിരുന്നത്. യു.എസ്സിന്റെ ഭാഗമായതിനുശേഷം വെള്ളക്കാര്‍ ഇവിടെ കുടിയേറ്റം തുടങ്ങി. 1890-ല്‍ അവരുടെ എണ്ണം 4,000 ആയിരുന്നു; 1900 ആയപ്പോള്‍ ജനസംഖ്യ 36,000 ആയി വര്‍ധിച്ചു; 1991 ലെ കണക്കനുസരിച്ച് ജനസംഖ്യ 5,70,000 ആണ്.
ഉത്പന്നങ്ങള്‍. മട്ടനൂസ്ക് താഴ്വരയാണ് അലാസ്കയിലെ മുഖ്യ കാര്‍ഷികമേഖല. ഇവിടെ ഗ്രീഷ്മകാലത്ത് ധാന്യങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നു. കോഴിവളര്‍ത്തലിനും തുല്യപ്രാധാന്യമുണ്ട്. അലാസ്കയുടെ ഉള്‍പ്രദേശം നല്ല മേച്ചില്‍പ്രദേശമാകയാല്‍ ഇവിടെ കാലിവളര്‍ത്തല്‍ ഒരു പ്രധാനതൊഴിലായി വികസിച്ചിരിക്കുന്നു. പക്ഷേ, ദീര്‍ഘമായ ശൈത്യകാലം മുഴുവനും കാലികള്‍ക്കു തീറ്റകൊടുത്തു വളര്‍ത്തേണ്ടിയിരിക്കുന്നു. റെയിന്‍ഡിയറിനെ മെരുക്കിവളര്‍ത്തുന്നതും ഒരു മുഖ്യതൊഴിലാണ്.
മൃദുരോമമുള്ള നീര്‍നായകളുടെ തുകല്‍ ശേഖരിക്കുന്നതും മത്സ്യബന്ധനം നടത്തുന്നതുമാണ് പ്രധാനതൊഴിലും വ്യവസായവും. സീല്‍പിടിത്തത്തിനു പ്രിബിലോഫ് ദ്വീപ് പേരുകേട്ടതാണ്. ഇവിടെനിന്നു ലഭിക്കുന്ന പ്രധാന മത്സ്യങ്ങള്‍ ഹെറിങ്, കോഡ്, സാല്‍മണ്‍ എന്നിവയാണ്. തിമിംഗലവും പ്രധാനപ്പെട്ട ഒരു വിഭവം തന്നെ. മത്സ്യങ്ങളെ കേടുകൂടാതെ സൂക്ഷിച്ച് കയറ്റുമതി ചെയ്യുന്നു. കയറ്റുമതിയില്‍ 78 ശ.മാ. മത്സ്യമാണ്.
ധാതുക്കള്‍. സ്വര്‍ണനിക്ഷേപങ്ങളാല്‍ സമ്പന്നമാണ് അലാസ്ക. 1861-ല്‍ സ്റ്റിക്കൈന്‍ നദീതടങ്ങളില്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി. പിന്നീട് കാസ്യാര്‍ ജില്ലയിലും യൂക്കണ്‍ നദീതടങ്ങളിലും നിക്ഷേപങ്ങള്‍ കണ്ടെത്തി. സ്വര്‍ണത്തില്‍ നിന്നുള്ള വരുമാനമായിരുന്നു ഏറ്റവും വലുത്. സ്വര്‍ണത്തിനു പുറമേ ചെമ്പ്, വെള്ളി എന്നീ ലോഹങ്ങളും വന്‍തോതില്‍ കുഴിച്ചെടുക്കുന്നു. കല്‍ക്കരി, ഈയം, പ്ലാറ്റിനം, പലേഡിയം, ആന്റിമണി, ടങ്സ്റ്റണ്‍, പെട്രോളിയം, പ്രകൃതിവാതകം, ജിപ്സം, ഗ്രാഫൈറ്റ്, ഗന്ധകം എന്നിവയും സുലഭമാണ്.
ഗതാഗതവും-വാര്‍ത്താവിനിമയവും. എല്ലാ വിധത്തിലുള്ള ഗതാഗതമാര്‍ഗങ്ങളും വാര്‍ത്താവിനിമയ പദ്ധതികളും അലാസ്കയിലുണ്ട്. 1900-ത്തിനുശേഷം ഇവയെല്ലാം സാരമായതോതില്‍ വികസിച്ചു. അലാസ്കയിലെ പ്രധാനപ്പെട്ട പട്ടണങ്ങളെല്ലാം യു.എസ്സുമായി കേബിള്‍, മെയില്‍, ടെലിഗ്രാഫ്, വയര്‍ലസ് എന്നീ മാര്‍ഗങ്ങളിലൂടെ ബന്ധപ്പെട്ടിരിക്കുന്നു.
രണ്ടാം ലോകയുദ്ധത്തോടെ അലാസ്കയുടെ പ്രാധാന്യം വളരെയേറെ വര്‍ധിച്ചു. തന്‍മൂലം പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലേക്കും റെയില്‍പ്പാതകളും റോഡും നിര്‍മിച്ചുകഴിഞ്ഞിട്ടുണ്ട്. അലാസ്കയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡ്-അലാസ്ക ഹൈവേ-കാനഡയില്‍ റോക്കി പര്‍വതത്തിനു കി.ഭാഗത്തുകൂടെ കടന്ന് യു.എസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. 'റെയില്‍ബെല്‍റ്റ്' എന്ന പേരില്‍ അറിയപ്പെടുന്ന അലാസ്കാ റെയില്‍പ്പാതയ്ക്ക് ഉത്തരധ്രുവം വരെ ദൈര്‍ഘ്യമുണ്ട്.
അലാസ്കയിലെ എല്ലാ തുറമുഖങ്ങളിലേക്കും യു.എസ്സില്‍ നിന്ന് പതിവായുള്ള കപ്പല്‍ബന്ധം സ്ഥാപിച്ചിട്ടുണ്ട്. 1924 മുതല്‍ വിമാനസര്‍വീസും ഉണ്ട്.
പ്രധാനപട്ടണങ്ങള്‍. പൊതുവേ അലാസ്കയിലെ പട്ടണങ്ങള്‍ വളരെ ചെറുതാണ്. പക്ഷേ, ജനസംഖ്യ കൂടുതലുള്ള പട്ടണങ്ങളെ അപേക്ഷിച്ച് ഇവയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ഓരോ പട്ടണവും വ്യവസായകേന്ദ്രം, സാമൂഹികപ്രവര്‍ത്തനരംഗം, ഭരണ ആസ്ഥാനം എന്നീ നിലകളില്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. പ്രധാനപട്ടണങ്ങള്‍ ജൂണി (തലസ്ഥാനം), കെച്ചിക്കാന്‍, ആങ്കറേജ്, ഫയര്‍ബാങ്ക്സ്, സിത്ക, നോം, പീറ്റേഴ്സ്ബര്‍ഗ്, റാംഗല്‍ എന്നിവയാണ്.
ചരിത്രം. മുന്‍പ് 'റഷ്യന്‍അമേരിക്ക' എന്നറിയപ്പെട്ടിരുന്ന അലാസ്ക 1741-ല്‍ റഷ്യന്‍ നാവികനായ വൈറ്റസ് ജോനാഥന്‍ ബെറിംഗ് ആണ് കണ്ടെത്തിയത്. ഉപദ്വീപിന്റെ തെക്കന്‍ തീരത്താകെ പര്യടനം നടത്തുവാനും ബെറിംഗിനു കഴിഞ്ഞു. തുടര്‍ന്ന് അലാസ്കയുടെ ഉള്‍പ്രദേശങ്ങള്‍ കണ്ടെത്തുവാന്‍ റഷ്യാക്കാര്‍ ശ്രമിച്ചു. ഈ കാലഘട്ടത്തില്‍ത്തന്നെ മറ്റു യൂറോപ്യന്‍രാജ്യങ്ങളിലെ അന്വേഷണസഞ്ചാരികള്‍ ഉത്തര പസിഫിക്കില്‍ പര്യടനം നടത്തിപ്പോന്നു. 1821-ല്‍ അലാസ്കാതീരം മുതല്‍ തെ. 51° വ. അക്ഷാ. വരെയുള്ള സമുദ്രഭാഗങ്ങളില്‍ വാണിജ്യസംബന്ധമായോ തിമിംഗലവേട്ടയ്ക്കോ, മീന്‍പിടിത്തത്തിനോ പ്രവേശിക്കുന്നതില്‍ റഷ്യ മറ്റു യൂറോപ്യന്‍രാജ്യങ്ങള്‍ക്കു വിലക്കു കല്പിക്കുകയുണ്ടായി. യു.എസ്സും ബ്രിട്ടനും ഇതില്‍ ശക്തിയായി പ്രതിഷേധിച്ചു. തുടര്‍ന്നുണ്ടായ ഉടമ്പടിപ്രകാരം (1825) അലാസ്കയുടെ ദക്ഷിണ അതിര്‍ത്തി വ. അക്ഷാ. 54° 40' ആയി നിര്‍ണയിക്കുകയുണ്ടായി. 1867 വരെ ഈ മേഖല റഷ്യയുടെ അധീനതയില്‍ തുടര്‍ന്നു. ആ വര്‍ഷം 72 ലക്ഷം ഡോളര്‍ വിലകൊടുത്ത് റഷ്യയില്‍നിന്ന് യു.എസ്. ഈ സ്ഥലം വിലയ്ക്കുവാങ്ങി. ഒരു 'ഐസ് പെട്ടി' വാങ്ങാന്‍ വമ്പിച്ച പൊതുമുതല്‍ നഷ്ടപ്പെടുത്തിയെന്ന വിമര്‍ശനം അന്ന് യു.എസ്സില്‍ പൊന്തിവന്നു. എന്നാല്‍ അലാസ്കയുടെ സമരതന്ത്രപരവും സാമ്പത്തികവുമായ മേന്മ കഴിഞ്ഞ രണ്ടുലോകയുദ്ധങ്ങള്‍കൊണ്ട് വളരെ വ്യക്തമായിരിക്കുന്നു. 1959-ല്‍ യു.എസ്സിലെ സംസ്ഥാനപദവി ലഭ്യമായി. 1964-ല്‍ അലാസ്ക ഏറ്റവും രൂക്ഷമായ ഭൂകമ്പത്തിന് ഇരയായി. 1976-ല്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തുകയും അലാസ്കാ പെര്‍മനന്റ് ഫണ്ട് രൂപീകരിക്കുകയും ചെയ്തു. 2005 മാ.-ല്‍ ഈ ഫണ്ട് 30 ബില്യണ്‍ ഡോളറായി വര്‍ധിച്ചു.
(പ്രൊഫ. സി.ജെ. ജോര്‍ജ്, സ.പ.)