This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അറ്റ്‍വുഡ്, മാര്‍ഗററ്റ് (1939 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അറ്റ്‍വുഡ്, മാര്‍ഗററ്റ് (1939 - )
Atwood,Margaret
കനേഡിയന്‍ സാഹിത്യകാരി. കവയിത്രി, നോവലിസ്റ്റ്, നിരൂപക, ഫെമിനിസ്റ്റ് എന്നീ നിലകളില്‍ പ്രസിദ്ധിനേടി. 1939 ന. 18-ന് കാനഡയിലെ ഒട്ടാവയില്‍ ജനിച്ചു. വനഗവേഷകനായിരുന്ന പിതാവിനോടൊപ്പം ബാല്യകാലം വനപ്രദേശങ്ങളിലാണ് ചെലവഴിച്ചത്. പില്ക്കാലത്ത് രചിച്ച വൈല്‍ഡെര്‍നസ് ടിപ്സ് എന്ന ചെറുകഥാ സമാഹാരത്തില്‍ വനാന്തങ്ങളും വന്യമൃഗങ്ങളും ദൃഷ്ടാന്തമായി കടന്നുവരുന്നുണ്ട്. 1946-ല്‍ അറ്റ്വുഡിന്റെ കുടുംബം ടൊറന്റൊയിലെത്തി. 1959-ല്‍ ബിരുദം നേടിയശേഷം ടൊറന്റൊ സര്‍വകലാശാലയില്‍ പഠനം തുടര്‍ന്നു. 1962-ല്‍ എം.എ. ബിരുദം നേടി. പിന്നീട് വിക്ടോറിയന്‍ സാഹിത്യത്തില്‍ ഗവേഷണപഠനം നടത്തിയെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 1964-65 കാലയളവില്‍ ഇംഗ്ലീഷ് അധ്യാപികയായിരുന്നു. തുടര്‍ന്ന് മറ്റു പല അക്കാദമിക സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചു.
അറ്റ് വുഡിന്റെ ആദ്യത്തെ കവിതാസമാഹാരമായ ഡബിള്‍ പെഴ്സിഫോണ്‍ (1961) പത്തൊന്‍മ്പതാമത്തെ വയസ്സിലാണ് പ്രസിദ്ധീകരിച്ചത്. 1964-ല്‍ പ്രസിദ്ധീകരിച്ച ദ് സര്‍ക്കിള്‍ ഗെയ്ം എന്ന കവിതാ സമാഹാരത്തിന് കനേഡിയന്‍ ഗവര്‍ണര്‍ ജനറലിന്റെ അവാര്‍ഡ് ലഭിച്ചു. 1970-കളില്‍ ടൊറന്റൊ പബ്ലിഷിങ് ഹൗസില്‍ എഡിറ്ററായി ജോലിനോക്കുമ്പോള്‍ സര്‍വൈവല്‍: എ തീമാറ്റിക് ഗൈഡ് ടു കനേഡിയന്‍ ലിറ്ററേച്ചര്‍ എന്ന വിവാദപരമായ പ്രബന്ധം പ്രസിദ്ധീകരിച്ചു. കൊളോണിയല്‍ മനോഭാവം കനേഡിയന്‍ സാഹിത്യത്തെ ക്ഷയോന്മുഖമാക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു. പില്ക്കാലത്തു പ്രസിദ്ധീകരിച്ച സ്ട്രെയ്ഞ്ച് തിങ്സ് : ദ് മലവൊളന്റ് നോര്‍ത്ത് ഇന്‍ കനേഡിയന്‍ ലിറ്ററേച്ചര്‍ (1995) എന്ന കൃതിയിലും അറ്റ് വുഡ് ഈ വിഷയത്തിലേക്ക് കടന്നുവരുന്നു.
അറ്റ് വുഡിന്റെ ആദ്യത്തെ നോവലായ ദി എഡിബിള്‍ വിമന്‍ 1969) ഫെമിനിസ്റ്റ് സങ്കേതത്തില്‍ രചിക്കപ്പെട്ടതാണ്. ഒരു കണ്‍സ്യൂമര്‍ കമ്പനിക്കുവേണ്ടി സേവനമനുഷ്ഠിക്കുന്ന ചെറുപ്പക്കാരിയുടെ ത്രസിപ്പിക്കുന്ന കഥയാണ് ഇതിലെ പ്രതിപാദ്യം. 1985-ല്‍ പ്രസിദ്ധീകരിച്ച ദ് ഹാന്‍ഡ് മെയ്ഡ്സ് ടെയ് ല്‍ എന്ന നോവലില്‍ ഓര്‍വെലിന്റെ സ്വാധീനം പ്രകടമാണ്. ഈ നോവലിന്റെ ചലച്ചിത്രാവിഷ്കാരവും ശ്രദ്ധേയമായി. കാറ്റ്സ് ഐ (1989) എന്ന കൃതിയില്‍ ഒരു ചിത്രകാരിയുടെ ബാല്യകാല സ്മരണകളാണ് ചിത്രീകരിക്കുന്നത്. ദുരൂഹമായ സാഹചര്യത്തില്‍ മരണമടഞ്ഞ ലാറാ ചെയ്സിന്റെയും സഹോദരിയുടെയും കഥ പറയുന്ന ദ് ബ്ളൈന്‍ഡ് അസാസിന്‍ (2000) എന്ന നോവലില്‍ യാഥാര്‍ഥ്യവും ഫാന്റസിയും ഇടകലരുന്നു. സമീപഭാവിയില്‍ നാശോന്മുഖമാകുന്ന ലോകത്തു നടക്കുന്ന പ്രേമകഥയാണ് 2003-ല്‍ പ്രസിദ്ധീകരിച്ച ഓറിക്സ് ആന്‍ഡ് ക്രേക്ക് എന്ന നോവലില്‍ ചിത്രീകരിക്കുന്നത്.
എക്സ്പെഡിഷന്‍സ് (1965) പ്രൊസിഡുവേഴ്സ് ഫോര്‍ അണ്ടര്‍ഗ്രൌണ്ട് (1970) പവര്‍ പൊളിറ്റിക്സ് (1971) യു ആര്‍ ഹാപ്പി (1974) ട്രു സ്റ്റോറീസ് (1981) ഇന്റര്‍ ലൂണാര്‍ (1984) മോണിങ് ഇന്‍ ദ് ബേണ്‍ഡ് ഹൗസ് (1996) മുതലായ കവിതാസമാഹാരങ്ങളും ഡാന്‍സിങ് ഗേള്‍സ് (1977) മര്‍ഡര്‍ ഇന്‍ ദ് ഡാര്‍ക്ക് (1983) ത്രൂ ദ് വണ്‍വേ മിറര്‍ (1986) ഗുഡ് ബോണ്‍സ് (1992) ദ് ടെന്റ് (2006) എന്നീ കഥാസമാഹാരങ്ങളും അറ്റ്വുഡിന്റെ സംഭാവനകളില്‍ ഉള്‍പ്പെടുന്നു.
ആര്‍തര്‍ സി. ക്ലര്‍ക് അവാര്‍ഡ് (1987) ഗിലര്‍ പ്രൈസ് (1996) ബുക്കര്‍ പ്രൈസ് (2000) എന്നിങ്ങനെ അനേകം പുരസ്കാരങ്ങള്‍ അറ്റ്വുഡിന് ലഭിച്ചിട്ടുണ്ട്. ദ് ബ്ളൈന്‍ഡ് അസാസിന്‍ എന്ന നോവലിനാണ് ബുക്കര്‍ സമ്മാനം ലഭിച്ചത്.