This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍ഥോപക്ഷേപകങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അര്‍ഥോപക്ഷേപകങ്ങള്‍

ഭാരതീയ നാട്യശാസ്ത്രം അനുസരിച്ച് സൂച്യങ്ങളായ ഇതിവൃത്തഭാഗങ്ങളെ സദസ്യര്‍ക്കു മനസ്സിലാക്കിക്കൊടുക്കുന്നതിനു നാടകത്തില്‍ അങ്കങ്ങളുടെ ആദിയില്‍ കൂട്ടിച്ചേര്‍ക്കുന്ന സംഭാഷണങ്ങള്‍. പ്രത്യക്ഷത്തില്‍ അഭിനയിക്കേണ്ടാത്തതും എന്നാല്‍ രസപുഷ്ടിക്ക് പ്രേക്ഷകര്‍ അറിഞ്ഞിരിക്കേണ്ടതുമായ കഥാഭാഗങ്ങളെ സൂച്യങ്ങളെന്നും അഭിനയദ്വാരാ പ്രദര്‍ശിപ്പിക്കുന്ന ഭാഗങ്ങളെ ദൃശ്യങ്ങള്‍ എന്നും പറയുന്നു. വിഷ്കംഭം, പ്രവേശകം, അങ്കമുഖം, അങ്കാവതാരം, ചൂളിക എന്നിങ്ങനെ അഞ്ചുവിധം അര്‍ഥോപക്ഷേപകങ്ങളുണ്ട്. ഇവയില്‍ വിഷ്കംഭവും പ്രവേശകവും അങ്കത്തില്‍ ഉള്‍പ്പെടാത്ത പ്രത്യേക രംഗങ്ങളായിരിക്കും. ഇവയിലെ പാത്രങ്ങള്‍ മിക്കപ്പോഴും അപ്രധാനങ്ങള്‍ ആയിരിക്കയും ചെയ്യും.

1. വിഷ്കംഭം. നടന്നു കഴിഞ്ഞതോ നടക്കാനിരിക്കുന്നതോ ആയ കഥാഭാഗങ്ങളെ സംക്ഷേപിച്ച് അങ്കത്തിന്റെ ആദിയില്‍ ചേര്‍ക്കുന്ന ഭാഗമാണ് വിഷ്കംഭം. ഇത് ഏത് അങ്കത്തിന്റെ ആദ്യത്തിലുമാകാം. വിഷ്കംഭം മധ്യകഥാപാത്രപ്രയുക്തമാകുമ്പോള്‍ ശുദ്ധം എന്നും നീചകഥാപാത്ര പ്രയുക്തമാകുമ്പോള്‍ അശുദ്ധം എന്നും വിശേഷിപ്പിക്കപ്പെടുന്നു. ശാകുന്തളം മൂന്നാമങ്കത്തിനു മുന്‍പ് ശുദ്ധവിഷ്കംഭവും മാളവികാഗ്നിമിത്രം ഒന്നാമങ്കത്തിനു മുന്‍പ് മിശ്രവിഷ്കംഭവും കാണാവുന്നതാണ്.

2. പ്രവേശകം. രണ്ടങ്കങ്ങളുടെ ഇടയ്ക്ക് നീചപാത്രങ്ങളെക്കൊണ്ടു ഭൂതഭാവികഥാംശം ചുരുക്കി സൂചിപ്പിക്കുന്നതാണ് പ്രവേശകം. വേണീസംഹാരത്തില്‍ മൂന്നാമങ്കത്തിനു മുന്‍പ് വസാഗന്ധി, രുധിരപ്രിയന്‍ എന്നീ രാക്ഷസമിഥുനത്തിന്റെ സംഭാഷണരംഗം പ്രവേശകത്തിന് ഉദാഹരണമാണ്. പ്രവേശകത്തിലെ ഭാഷ പ്രാകൃതമായിരിക്കും.

3. അങ്കമുഖം. ഒരങ്കത്തില്‍ കഥയിലെ ഭാവവിഭാഗങ്ങളെയും കഥാദിബീജങ്ങളെയും സൂചിപ്പിക്കത്തക്കവിധം പാത്രങ്ങള്‍ തമ്മില്‍ സംഭാഷണം നടത്തുന്നതാണ് അങ്കമുഖം അഥവാ അങ്കാസ്യം. മാലതീമാധവത്തിലെ ഒന്നാമങ്കത്തിന്റെ ആദിയില്‍ നിബന്ധിച്ചിരിക്കുന്ന അവലോകിതാ-കാമന്ദകീ സംഭാഷണം ഉദാഹരണമാണ്. വിവരിക്കാന്‍ പോകുന്ന എല്ലാ സംഭവങ്ങളും അങ്കമുഖം സൂചിപ്പിക്കും.

4. അങ്കാവതാരം. ഒരു അങ്കത്തിന്റെ ഒടുവില്‍ ഏതെങ്കിലും കഥാപാത്രം നല്കുന്ന സൂചനയനുസരിച്ച് അടുത്ത അങ്കം തുടങ്ങുന്ന രീതി. അടുത്ത അങ്കത്തെ മുന്‍കൂട്ടി അവതരിപ്പിക്കുന്നതുകൊണ്ടാകണം ഇതിന് അങ്കാവതാരം എന്നു പേരുണ്ടായത്. മഹാവീരചരിതത്തില്‍ രണ്ടാമങ്കത്തിന്റെ ഒടുവില്‍ സുമന്ത്രര്‍ സൂചിപ്പിക്കുന്ന പ്രകാരം വസിഷ്ഠാദികള്‍ പ്രവേശിച്ചുകൊണ്ടു മൂന്നാമങ്കം ആരംഭിക്കുന്നത് ഉദാഹരണം.

5. ചൂളിക. കഥാപാത്രങ്ങള്‍ രംഗത്തില്‍ പ്രവേശിക്കാതെ പിന്നില്‍നിന്നു സൂചനകള്‍ നല്കുന്നതു ചൂളിക. മഹാവീരചരിതത്തിലെ നാലാമങ്കത്തിന്റെ തുടക്കത്തില്‍ അണിയറയില്‍നിന്നു രാമന്‍ പരശുരാമനെ ജയിച്ചതായി സൂചിപ്പിക്കുന്നത് ഉദാഹരണം. നോ: നാടകം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍