This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍ജുനന്‍, ഡോ. വെള്ളായണി (1933 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അര്‍ജുനന്‍, ഡോ. വെള്ളായണി (1933 - )

മലയാള സാഹിത്യകാരനും വിജ്ഞാനകോശകാരനും. തിരുവനന്തപുരം ജില്ലയില്‍ വെള്ളായണി ഗ്രാമത്തില്‍ 1933 ഫെ. 10-ന് പി.ശങ്കരപ്പണിക്കരുടെയും പി. നാരായണിയുടെയും ഏക മകനായി ജനിച്ചു. തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്നു മലയാളം എം.എ.യും കേരള സര്‍വകലാശാലയില്‍ നിന്നു ഹിന്ദി എം.എ.യും പാസ്സായി. കേരള സര്‍വകലാശാലയുടെ മലയാളം ലക്സിക്കണ്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ലക്സിക്കണ്‍ അസിസ്റ്റന്റായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കൊല്ലം എസ്.എന്‍. കോളജിലും അലിഗര്‍ മുസ്ലിം സര്‍വകലാശാലയിലും മലയാളം ലക്ചററായി സേവനമനുഷ്ഠിച്ചു. അലിഗറില്‍ സേവനമനുഷ്ഠിക്കുമ്പോഴാണ് എം.എ. (ഇംഗ്ളീഷ്), എം.എ. (ഹിന്ദി സ്പെഷ്യല്‍), സംസ്കൃതം, തമിഴ്, കന്നഡ, തെലുഗു എന്നീ ഭാഷകളില്‍ പോസ്റ്റു ഗ്രാഡ്വേറ്റു ഡിപ്ലോമകള്‍, പിഎച്ച്.ഡി. എന്നിവ നേടാന്‍ കഴിഞ്ഞത്. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സംക്രമിച്ചിട്ടുള്ള ഹിന്ദി പദങ്ങളുടെ ഭാഷാശാസ്ത്രപരമായ പഠനത്തിന് 1968-ല്‍ ഡിലിറ്റ് ബിരുദം ലഭിച്ചു. 1998-ല്‍ താരതമ്യ ഭാഷാപഠനത്തെ ആസ്പദമാക്കി ഇദ്ദേഹം സമര്‍പ്പിച്ച പ്രബന്ധത്തിന് ആഗ്ര സര്‍വകലാശാല വീണ്ടും ഡിലിറ്റ് ബിരുദം നല്‍കുകയുണ്ടായി.

ഡോ.വെള്ളായണി അര്‍ജുനന്‍

മലയാളം സര്‍വവിജ്ഞാനകോശത്തില്‍ അസിസ്റ്റന്റ് എഡിറ്ററായി 1970-ല്‍ നിയമിതനായ ഇദ്ദേഹം 1974-ല്‍ ചീഫ് എഡിറ്ററായി. ഇദ്ദേഹത്തിന്റെ കാലത്താണ് സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷന്‍സ് എന്ന നിലയില്‍ സ്വയംഭരണസ്ഥാപനമായി മാറിയത്. പ്രഥമ ഡയറക്ടറും ഇദ്ദേഹം തന്നെയായിരുന്നു. റിട്ടയര്‍ ചെയ്തശേഷം മൂന്ന് വര്‍ഷമുള്‍പ്പെടെ 17 വര്‍ഷം ഇദ്ദേഹം സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചു. ഈ കാലയളവില്‍ 20 വാല്യങ്ങളായി സംവിധാനം ചെയ്ത സര്‍വവിജ്ഞാനകോശത്തിന്റെ 7 വാല്യങ്ങള്‍ പ്രസിദ്ധീകരിച്ചു. മഹാത്മാഗാന്ധി സര്‍വകാലാശാലയില്‍ സ്കൂള്‍ ഒഫ് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന്റെ ഡയറക്ടര്‍ എന്ന നിലയിലും സാക്ഷരതാമിഷന്‍ ഡയറക്ടര്‍ എന്ന നിലയിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡോ. വെള്ളായണി കവിയും നിരൂപകനും ബാലസാഹിത്യകാരനുമെന്ന നിലയില്‍ വ്യക്തിമുദ്ര പതിക്കുകയുണ്ടായി. ചോരപ്പൂങ്കുല, കാര്‍ത്തികവിളക്ക്, ഗംഗയാറൊഴുകുന്നു, വിണ്ണില്‍ നിന്നും മണ്ണിലേക്ക് എന്നീ കവിതാസമാഹാരങ്ങളും ഉദ്യാനവിരുന്ന്, ആസ്വാദനവേദി, ഗവേഷണമേഖല, ഉദ്ഗ്രഥന ചിന്തകള്‍ തുടങ്ങിയ പ്രബന്ധസമാഹാരങ്ങളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഞ്ചവര്‍ണക്കിളികള്‍, ഭാരതീയകഥകള്‍, അമ്പിളി, അച്ഛന്റെ കത്തുകള്‍, നെയ്ത്തിരികള്‍ തുടങ്ങിയവ ഇദ്ദേഹത്തിന്റെ ബാലസാഹിത്യ ഗ്രന്ഥങ്ങളാണ്. പഞ്ചവര്‍ണക്കിളികള്‍, ഉദയകാന്തി എന്നിവ സ്കൂള്‍ പാഠപുസ്തകങ്ങളായിരുന്നു. ബംഗാളിസാഹിത്യകാരനായ ദ്വിജേന്ദ്രലാല്‍റായിയുടെ ചന്ദ്രഗുപ്ത എന്ന നാടകം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തതാണ് ഉദയകാന്തി. വിശിഷ്ട വ്യക്തികളെക്കുറിച്ച് പ്രതിപാദിക്കുന്ന സാഹിത്യസല്ലാപമാണ് മറ്റൊരു കൃതി. എന്‍സൈക്ലോപീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചുവരുന്ന വിശ്വസാഹിത്യവിജ്ഞാനകോശം എന്ന സവിശേഷ സാഹിത്യവിജ്ഞാനകോശത്തിന്റെ ആശയവും അതിന്റെ രൂപഘടനയും ചിട്ടപ്പെടുത്തിയത് ഇദ്ദേഹമാണ്.

ശ്രീ നാരായണ അക്കാദമി, ആശാന്‍ അക്കാദമി, ത്രിവേണി കലാരംഗം, ടാഗൂര്‍ സാംസ്കാരികസമിതി, കേരള ഹിന്ദിപരിഷത്ത്, ഭാരതീയ സാഹിത്യപരിഷത്ത്, ജവഹര്‍ലാല്‍ നെഹ്റു ഹിന്ദി അക്കാദമി എന്നിവയുടെ നേതൃത്വസ്ഥാനവും ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. 2008-ല്‍ ഭാരത സര്‍ക്കാര്‍ പദ്മശ്രീ നല്‍കി ഇദ്ദേഹത്തെ ആദരിച്ചു.

(ഡോ. എം.എ. കരീം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍