This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അര്‍ച്ചിപെങ്കോ, അലക്‌സാണ്ടര്‍ (1887 - 1964)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Archipenko, Alexander
ശില്‌പചിത്രണം (sculptopainting) എന്ന ആധുനിക ശില്‌പകലാശൈലിയുടെ പ്രണേതാവ്. ശില്‌പരചനയില്‍ ഒട്ടുവളരെ നൂതന ശൈലികള്‍ ആവിഷ്‌കരിക്കുന്നതിലും ആര്‍ച്ചിപെങ്കോ യത്‌നിച്ചിട്ടുണ്ട്. യു.എസ്. പൗരത്വം സ്വീകരിച്ച ആര്‍ച്ചിപെങ്കോ റഷ്യയിലെ കീവിലാണ് ജനിച്ചത് (1887). കീവ് ആര്‍ട്ട് സ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം 1908-ല്‍ ആര്‍ച്ചി പെങ്കോ പാരീസിലേക്കു പോവുകയും സെക്‌ഷന്‍ ദെ ഓറിലെ (section d'ors) പ്രദര്‍ശനങ്ങളില്‍ തന്റെ ശില്‌പചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്‌തു. 1913-ല്‍ ന്യൂയോര്‍ക്കില്‍നടന്ന ആര്‍മറി പ്രദര്‍ശനത്തിലും ഇദ്ദേഹം പങ്കെടുത്തു.
ഘനപദാര്‍ഥങ്ങളില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കി ശില്‌പങ്ങള്‍ക്ക് രൂപം നല്‌കുന്ന ഒരു രീതിയാണ് ആര്‍ച്ചിപെങ്കോ ആദ്യം ആവിഷ്‌കരിച്ചത്. 1912-ല്‍ ഇദ്ദേഹം രചിച്ച വാക്കിംഗ് വുമണ്‍ (Walking Woman) എന്ന ശില്‌പം ഇതിന് ഉദാഹരണമാണ്. ഈ ശില്‌പത്തില്‍ മുഖം, വയറ്, കണങ്കാലുകള്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ ദ്വാരങ്ങളാണ് കാണപ്പെടുന്നത്.
ജ്യാമിതീയരൂപങ്ങളും താളനിബദ്ധമായ വളവുകളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇദ്ദേഹം ക്യൂബിസം എന്ന ശൈലി കൈകാര്യം ചെയ്‌തത്. ഗൊണ്ടോളിയര്‍ (Gondolier) എന്ന ശില്‌പം ഈ രീതിയിലുള്ളതാണ്. 1912-ല്‍ മെദ്രാനോ എന്ന പേരില്‍ വളരെയധികം ശില്‌പങ്ങള്‍ ഇദ്ദേഹം നിര്‍മിച്ചു. ഇതിലേക്കായി തടി, കച്ചാടിച്ചില്ലുകള്‍, ലോഹങ്ങള്‍ തുടങ്ങി പല വസ്‌തുക്കളും ഉപയോഗപ്പെടുത്തുകയും പശ്ചാത്തലത്തിനും രൂപങ്ങള്‍ക്കും കടുത്ത വര്‍ണങ്ങള്‍ നല്‌കുകയും ചെയ്‌തു. നിലവിലിരുന്ന നിര്‍മാണസമ്പ്രദായത്തില്‍നിന്നും തികച്ചും ഭിന്നമായിരുന്നു ഈ രീതി.
1914-ല്‍ ആണ് ആര്‍ച്ചിപെങ്കോ "ശില്‌പചിത്രണം' എന്ന തന്റെ നൂതനസമ്പ്രദായം ആവിഷ്‌കരിച്ചത്. രൂപത്തിന്റെ ചില ഭാഗങ്ങള്‍ റിലീഫ് രീതിയില്‍ നിര്‍മിക്കുകയും വര്‍ണങ്ങള്‍ ഉപയോഗിച്ച് ബാക്കിഭാഗങ്ങള്‍ ചിത്രീകരിക്കുകയുമാണ് ഇതിന്റെ നിര്‍മാണവിധം.
ആര്‍ച്ചിപെന്റൂറാ എന്ന പേരില്‍ ചലിക്കുന്ന ചില രൂപങ്ങള്‍ ഇദ്ദേഹം 1924-ല്‍ സൃഷ്‌ടിക്കുകയുണ്ടായി. കാന്‍വാസുകള്‍ ചെറിയഖണ്ഡങ്ങളായി കുറുകേ കീറിയിട്ട് അത് ഒരു യന്ത്രം ഉപയോഗിച്ച് ചലിപ്പിക്കുകയാണ് ഇദ്ദേഹം ചെയ്‌തത്.
1935 മുതല്‍ 36 വരെ ഇദ്ദേഹം വാഷിങ്‌ടണ്‍ സര്‍വകലാശാലയില്‍ അധ്യാപകനായി സേവനം അനുഷ്‌ഠിച്ചു; 1939-ല്‍ ന്യൂയോര്‍ക്കില്‍ സ്വന്തമായി ഒരു ശില്‌പവിദ്യാലയം ആരംഭിച്ചു. 1945-നു ശേഷം ഇദ്ദേഹം രചിച്ച കലാരൂപങ്ങള്‍ക്ക് അലങ്കരണപ്രാധാന്യം മാത്രമേ ഉള്ളൂ; ആദ്യകാല രചനകള്‍പോലെ അവ മെച്ചപ്പെട്ടവയല്ല. 1964 ഫെ. 25-ന് ന്യൂയോര്‍ക്കില്‍വച്ച് നിര്യാതനായി.