This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരിക്കല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അരിക്കല്‍
Filtration
ദ്രാവകത്തിലോ വാതകത്തിലോ ഖരപദാര്‍ഥങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന മിശ്രിതങ്ങളില്‍ നിന്നോ, പല വലുപ്പത്തിലുള്ള ഖരപദാര്‍ഥങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന മിശ്രിതത്തില്‍നിന്നോ മാധ്യമസഹായത്തോടെ ആവശ്യാനുസരണം ഘടകങ്ങളെ വേര്‍പെടുത്തുന്ന പ്രക്രിയ. വൈദ്യുതി, ശബ്ദം, പ്രകാശം എന്നിവയും അരിക്കലിനു വിധേയമാക്കപ്പെടാറുണ്ട്.
ചായ, കാപ്പി മുതലായ പാനീയങ്ങളും എണ്ണ, കുഴമ്പ് മുതലായ ലേപനങ്ങളും അരിച്ച് അവയില്‍നിന്നും ഖരവസ്തുക്കള്‍ വേര്‍തിരിക്കുന്ന രീതി ഗൃഹങ്ങളില്‍ പ്രയോഗത്തിലുണ്ട്. സിഗററ്റ് ഫില്‍ട്ടറുകള്‍, വാതകത്തില്‍നിന്നും ഖരവസ്തുക്കളെ വേര്‍തിരിക്കുന്ന അരിക്കലിനുള്ള ഉപകരണമാണ്. വിവിധ വലുപ്പത്തിലുള്ള ഖരപദാര്‍ഥങ്ങള്‍ ചേര്‍ന്ന മിശ്രിതത്തില്‍നിന്നും വലുപ്പത്തിനനുസരിച്ച് ഘടകങ്ങളെ വേര്‍പെടുത്തുന്നതിനുള്ള അരിക്കലുമുണ്ട്. ഗൃഹങ്ങളില്‍ അരിപ്പൊടി മുതലായവ അരിക്കുന്നത് ഇതിനുദാഹരണമാണ്. അരിക്കാനുപയോഗിക്കുന്ന മാധ്യമമാണ് അരിപ്പ.
തത്ത്വം. അരിക്കല്‍ നടക്കുന്നതിന് ഒരു ചാലകശക്തി ആവശ്യമാണ്. ഭൂഗുരുത്വാകര്‍ഷണം, അപകേന്ദ്രണം (Centrifugation), മര്‍ദപ്രയോഗം, അരിപ്പയുടെ അടിഭാഗത്ത് ശൂന്യതസൃഷ്ടിക്കല്‍ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചുള്ള ചാലകശക്തി ഇക്കാര്യത്തിനു പ്രയോജനപ്പെടുത്തുന്നു. ചിലപ്പോള്‍ ഒന്നിലധികം ചാലകശക്തികളും ഉപയോഗപ്പെടുത്താറുണ്ട്. സാധാരണ അരിപ്പക്കടലാസ് (Filter paper) ഉപയോഗിക്കുമ്പോള്‍ ഭൂഗുരുത്വാകര്‍ഷണബലമാണ് ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നത്. ഭൂഗുരുത്വാകര്‍ണബലത്തെക്കാള്‍ ഫലപ്രദമായി അരിക്കലിന് അപകേന്ദ്രബലം ഉപയോഗപ്പെടുത്താറുണ്ട്.
ജലശുദ്ധീകരണം. രോഗാണുക്കള്‍, അരുചി, ദുര്‍ഗന്ധം, നിറം മുതലായവ നീക്കി ജലത്തെ മനുഷ്യോപയോഗത്തിനു യോഗ്യമാക്കുന്ന ശുദ്ധീകരണ പ്രക്രിയയിലെ പ്രധാനപ്പെട്ട ഇനമാണ് അരിക്കല്‍. ചെറിയ അളവില്‍ ഗൃഹങ്ങളില്‍ ജലശുദ്ധീകരണം നടത്തുന്നതിനു സുഗമമായ രീതികള്‍ ഉണ്ട്. രണ്ട് പൂച്ചട്ടികള്‍കൊണ്ടോ ദ്വാരമുള്ള രണ്ടു കലങ്ങള്‍കൊണ്ടോ അരിപ്പ നിര്‍മിക്കാവുന്നതാണ്. ഒരു പൂച്ചട്ടിക്കു മുകളില്‍ മറ്റേ പൂച്ചട്ടി കയറ്റി വച്ചിരിക്കും. അടിയിലുള്ള പൂച്ചട്ടിയുടെ ചുവട്ടിലെ ദ്വാരം അടയ്ക്കാന്‍ സ്പോഞ്ചും(sponge) അതിനുമുകളില്‍ ചരല്‍ക്കല്ലുകളും അതിനുമീതെ മണലും ഏറ്റവും മുകളില്‍ കരിപ്പൊടിയും വച്ചിരിക്കും. മുകളിലുള്ള പൂച്ചട്ടിയിലാണ് വെള്ളം ഒഴിക്കുക. അതു പെട്ടെന്ന് അടിയിലുള്ള പൂച്ചട്ടിയിലേക്ക് ഒഴുകാതിരിക്കുന്നതിന് അടിയില്‍ സ്പോഞ്ച് ഇട്ടുവച്ചിരിക്കും. അരിക്കല്‍ കഴിഞ്ഞ് രണ്ടാമത്തെ പാത്രത്തിലൂടെ പുറത്തേക്കു ഒഴുകുന്ന ജലം കുടിക്കാന്‍ കൊള്ളാവുന്നതായിരിക്കും.
വന്‍തോതില്‍ ജലം ശുദ്ധീകരിക്കുന്നതിനു മണലട്ടികളാണ് അരിപ്പകളായുപയോഗിക്കുന്നത്. ജലത്തിന്റെ ഭാരം തന്നെ ആവശ്യമായ മര്‍ദം അരിപ്പ (മണലട്ടി)യില്‍ ചെലുത്തുന്നതുകൊണ്ട് അരിക്കല്‍ സുഗമമായി നടക്കുന്നു. മണലട്ടിക്ക് 1/2 മീറ്ററോളം കനമുണ്ടായിരിക്കും. അപദ്രവ്യങ്ങളെ തടഞ്ഞുനിറുത്തുന്ന അരിപ്പയാണിത്. ജൈവവസ്തുക്കള്‍ ക്രമേണ മണലട്ടിയുടെ പ്രതലത്തില്‍ ചെളിയായി പരന്നടിഞ്ഞുകൂടും. മണലട്ടി അരിക്കാന്‍ കഴിയാത്തവിധത്തില്‍ ചെളി നിറഞ്ഞതായാല്‍ വേറൊന്ന് ഉപയോഗപ്പെടുത്തേണ്ടതായി വരും. ചിലപ്പോള്‍ മണലട്ടികള്‍ ഒരു മര്‍ദിതപേടകത്തി(pressure vessel) നുള്ളില്‍ വച്ചശേഷം പുറത്തുനിന്നും ഒരു പമ്പുപയോഗിച്ച് മണലരിപ്പയില്‍ക്കൂടി ജലം കടത്തിവിടുന്നു. ഉപയോഗിച്ച മണലട്ടി ചെളിനിറഞ്ഞ് ഉപയോഗശൂന്യമായാല്‍ കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാന്‍ കഴിയും. നോ: ജലവിതരണ എന്‍ജിനീയറിങ്; ജലശുദ്ധീകരണം
പരീക്ഷണശാലകളില്‍. പരീക്ഷണശാലകളിലെ അരിക്കലിന് അരിപ്പക്കടലാസുകള്‍ ആണ് ഉപയോഗിക്കുന്നത്. മിശ്രിതത്തിലെ ഖരകണങ്ങളുടെ വലുപ്പത്തിന് അനുസരിച്ചുപയോഗിക്കാവുന്ന പല ഗ്രേഡിലുള്ള അരിപ്പക്കടലാസുകളുണ്ട്. ഈ കടലാസ് വൃത്താകൃതിയില്‍ വെട്ടിയെടുത്ത് നാലായി മടക്കി സ്തൂപികാകാരത്തില്‍ നിവര്‍ത്തിയശേഷം സ്ഫടികച്ചോര്‍പ്പി (glass funnel) നകത്തുവച്ച് മിശ്രിതത്തെ സാവധാനത്തില്‍ അതിലേക്കു പകരുന്നു. കടലാസിലെ സുഷിരങ്ങള്‍ക്ക് ഖരകണങ്ങളെക്കാള്‍ വലുപ്പം കുറവാകയാല്‍ ദ്രവാംശം മാത്രമേ അരിക്കപ്പെട്ട് താഴോട്ട് ഒഴുകുകയുള്ളു. അരിപ്പക്കടലാസുകള്‍ ഉപയോഗിക്കാന്‍ നിര്‍വാഹമില്ലാത്ത രാസപ്രവര്‍ത്തനമുള്ളിടത്ത് ആസ്ബെസ്റ്റോസ് നാരുകള്‍ ഉപയോഗിക്കാറുണ്ട്. സാധാരണ അരിക്കലിനെക്കാള്‍ ഫലപ്രദമായി ബുക്ണര്‍ഫണല്‍ ഉപയോഗിച്ച് പരീക്ഷണശാലയില്‍ അരിക്കാന്‍ കഴിയും.
വായുശുദ്ധീകരണം, രാസവസ്തുക്കളുടെ ശുദ്ധീകരണം, ലോഹനിഷ്കര്‍ഷണാവസരങ്ങളില്‍ അപദ്രവ്യങ്ങള്‍ നീക്കംചെയ്യല്‍, കുരുക്കളില്‍നിന്നും മറ്റും തൈലം ഉത്പാദിപ്പിച്ച് ശുദ്ധിചെയ്യല്‍ എന്നിങ്ങനെ വന്‍തോതില്‍ നിര്‍വഹിക്കപ്പെടേണ്ട ഒട്ടുവളരെ കാര്യങ്ങളില്‍ അരിക്കലിനുള്ള പങ്ക് വളരെ പ്രധാനമാണ്.
അരിപ്പകള്‍. അരിപ്പകളെ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാവുന്നതാണ്.
1. സാധാരണ അരിപ്പകള്‍. വാതക-ഖര അരിപ്പകള്‍ക്ക് സിഗററ്റ് ഫില്‍ട്ടര്‍ ഉദാഹരണമാണ്. ജലശുദ്ധീകരണപ്രക്രിയയിലെ അരിക്കലിനുപയോഗിക്കുന്ന മണലട്ടികളും മറ്റും ദ്രാവക-ഖര അരിപ്പകളാണ്. ദ്രാവക-ഖര അരിപ്പകള്‍ തന്നെ രണ്ടുതരത്തിലുണ്ട്. ദ്രാവകം വളരെ കൂടുതലും ഖരപദാര്‍ഥങ്ങള്‍ വളരെ ചെറിയ തോതിലും അടങ്ങിയിട്ടുള്ള മിശ്രിതത്തില്‍ നിന്നും ഖരപദാര്‍ഥങ്ങള്‍ വേര്‍പെടുത്തുന്നതിനുപയോഗിക്കുന്ന ക്ലാരിഫയറും (clarifier), വലിയ അനുപാതത്തില്‍ ഖരപദാര്‍ഥങ്ങള്‍ ദ്രാവകത്തില്‍ കലര്‍ന്നിരിക്കുമ്പോള്‍ ഉപയോഗിക്കുന്ന അരിപ്പുകട്ടകളും (cake filters). നിറംചേര്‍ക്കുന്ന വസ്തുക്കള്‍, സൂക്ഷ്മമായ ക്രിസ്റ്റലുകള്‍, പഞ്ചസാരശുദ്ധീകരണ പ്രക്രിയയില്‍ നിന്നു ലഭിക്കുന്ന ഖരവസ്തുക്കള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്ന കുഴമ്പുകളില്‍ നിന്നും അരിച്ചുമാറ്റുന്നതിനാണ് സാധാരണയായി അരിപ്പുകട്ടകള്‍ ഉപയോഗിക്കുന്നത്.
വൈദ്യുതി, പ്രകാശം, ശബ്ദം എന്നിവ അരിക്കുന്നതിനുവേണ്ടി പ്രത്യേകം സംവിധാനം ചെയ്ത സാങ്കേതികപ്രധാനങ്ങളായ അരിപ്പകള്‍ വേറെയുമുണ്ട്.
2. വൈദ്യുത അരിപ്പകള്‍. വൈദ്യുതസംവിധാനത്തില്‍ അകത്തേക്കു പ്രവേശിക്കുന്ന സിഗ്നലുകളില്‍നിന്ന് ആവശ്യമായവ വിവേചനപരമായ രീതിയില്‍ വേര്‍പെടുത്തിയെടുക്കാനുള്ള പ്രേഷണോപാധി (transmission net work) ആണ് വൈദ്യുത അരിപ്പ (electric filter). ആവശ്യമില്ലാത്ത ആവൃത്തി (frequency) ഘടകങ്ങളുടെ വിവേചനമാണ് ഇതിലടങ്ങിയിട്ടുള്ള തത്ത്വം. വൈദ്യുത അരിപ്പകള്‍കൊണ്ട് വളരെ പ്രയോജനങ്ങളുണ്ട്. മിക്കവാറും എല്ലാ വൈദ്യുത വാര്‍ത്താവിതരണ നിയന്ത്രണോപകരണങ്ങളിലും ഇത്തരം അരിപ്പകള്‍ ആവശ്യമാണ്.
3. ധ്വാനിക അരിപ്പകള്‍ (Acoustic filters). ആവശ്യമുള്ള പ്രത്യേക ആവൃത്തികളില്‍ നിന്ന് ഭിന്ന ആവൃത്തികളിലുള്ള ശബ്ദം ഒഴിവാക്കുവാനുള്ള സാങ്കേതികോപകരണമാണിത്. ഓട്ടോമൊബൈല്‍-ഡീസല്‍ എന്‍ജിനുകളിലും മറ്റും അനാവശ്യശബ്ദങ്ങള്‍ ഒഴിവാക്കേണ്ടതായി വരും. ഉറപ്പുള്ള രീതിയില്‍ ഉരുക്കുകൊണ്ടുണ്ടാക്കിയ ധ്വാനിക അരിപ്പകള്‍ ഇതിനു വളരെ പ്രയോജനപ്പെടുന്നു. ധ്വാനിക അരിപ്പകളില്‍ ഉന്നതാവൃത്തിയിലുള്ള ശബ്ദത്തെ നിലനിര്‍ത്തുന്ന 'ഹൈ-പാസ്' തരവും നിമ്നാവൃത്തിയിലുള്ള ശബ്ദത്തെ നിലനിറുത്തുന്ന 'ലോ-പാസ്' തരവും ഉണ്ട്. ഒന്നില്‍ ഉയര്‍ന്ന ആവൃത്തിയിലുള്ളതും മറ്റേതില്‍ താഴ്ന്ന ആവൃത്തിയിലുള്ളതുമായ ശബ്ദങ്ങളെ അരിച്ചു മാറ്റുന്നു. ഇവ രണ്ടും ചേര്‍ന്ന ബാന്റ്-പാസ് തരം അരിപ്പകളുമുണ്ട്. ഇത്തരം അരിപ്പകള്‍ ഉയര്‍ന്നതും താഴ്ന്നതുമായ ആവൃത്തികള്‍ക്കിടയിലുള്ളവയെ മാത്രം കടത്തിവിടുന്നു.
4. പ്രകാശ അരിപ്പകള്‍ (Light filters). പതനപ്രകാശത്തെ (incident light) ഭാഗികമായി അവശോഷണം ചെയ്യുന്ന ഒരു പ്രാകാശിത ഘടകത്തെ(optical element) പ്രകാശ അരിപ്പ എന്നു പറയാം. ശുദ്ധമായ വര്‍ണരാജി (spectrum) യോടൊത്ത രീതിയില്‍ പ്രകാശത്തെ ശുദ്ധീകരിക്കുന്നവയാണ് വര്‍ണ അരിപ്പകള്‍. വര്‍ണ അരിപ്പകള്‍ ഫോട്ടോഗ്രഫിയിലും പ്രാകാശികോപകരണങ്ങളിലും പ്രകാശാലങ്കാരങ്ങളിലും പ്രയോഗിച്ചു വരുന്നു. സുതാര്യതയ്ക്കു സൗകര്യമുള്ള സ്ഫടികം, സുതാര്യമായ ദ്രാവകം, നിറംചേര്‍ത്ത ജലാറ്റിന്‍ (gelatin) അഥവാ പ്ലാസ്റ്റിക് എന്നിവകൊണ്ടാണ് വര്‍ണ അരിപ്പകള്‍ നിര്‍മിക്കപ്പെടുന്നത്. നോ: ഇലക്ട്രിക് ഫില്‍ട്ടര്‍; ധ്വാനിക അരിപ്പകള്‍; പ്രകാശഅരിപ്പകള്‍
(കെ.പി. മധുസൂദനന്‍ നായര്‍; സ.പ.)