This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അരി
നെല്ലിന്റെ ഉമി നീക്കിക്കിട്ടുന്ന ചെറുമണി. ഏഷ്യയിലെ ഒരു പ്രമുഖ ധാന്യോത്പന്നമാണിത്. ചൈനയിലാണ് നെല്‍ക്കൃഷി തുടങ്ങിയതെന്നു കരുതപ്പെടുന്നു. ബി.സി. 2800-നു മുന്‍പു മുതല്‍ ചൈനയില്‍ അരി മുഖ്യ ഭക്ഷണസാധനമായിരുന്നു. ലോകത്തെ പകുതിയിലധികം ജനങ്ങളുടെ മുഖ്യമായ ആഹാരം അരിയാണ്.
അരിക്ക് വിവിധ ഭാഷകളിലുള്ള പേരുകള്‍ താഴെ കൊടുക്കുന്നു.
മലയാളം - അരി ഹിന്ദി - ചാവല്‍
തമിഴ് - അരിശി കന്നട - അക്കി
തെലുങ്ക് - ബിയ്യം ബംഗാളി - ചൗള്‍
സംസ്കൃതം - തണ്ഡുലം ഇംഗ്ളീഷ് - റൈസ് (Rice)
ഗ്രീക്കുഭാഷയില്‍ അരിക്ക് അരുസാ എന്നു പറയുന്നു. ഇത് തമിഴിലെ 'അരിശി'യുടെ രൂപാന്തരമാണ്. ഗ്രീക്ക് രൂപത്തില്‍ നിന്നാണ് ഇംഗ്ലീഷിലെ 'റൈസ്' എന്ന പദം ഉണ്ടായത്.
അരിയുടെ അസംസ്കൃത രൂപമായ നെല്ല് ഗ്രാമിനേ (Graminae) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ. ഒറൈസ സറ്റൈവ (Oryza sativa). ഒ. ഇന്‍ഡിക്ക, ഒ. ജപ്പാനിക്ക, ഒ. ജാവാനിക്ക എന്നീ മൂന്ന് ഉപജാതികളും 7,000-ത്തില്‍പ്പരം ഇനങ്ങളുമുണ്ട്. (നോ: നെല്ല്). ഉലക്ക ഉപയോഗിച്ച് കുത്തിയാണ് നെല്ലില്‍നിന്നും അരി എടുത്തുവന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആധുനിക യന്ത്രോപകരണങ്ങളുടെ ആവിര്‍ഭാവത്തോടെ നെല്ലുകുത്തുമില്ലുകള്‍ സര്‍വസാധാരണമായിരിക്കുന്നു.
കൊയ്തു സംഭരിക്കുന്ന നെല്ല് ഉമി നീക്കി പച്ചരിയായും, പുഴുങ്ങി ഉണക്കി ഉമി നീക്കി പുഴുക്കലരിയായും ഉപയോഗിക്കുന്നു. കേരളത്തില്‍ കൂടുതല്‍ പ്രിയം പുഴുക്കലരിക്കാണ്. പുഴുങ്ങുന്ന അവസരത്തില്‍ ഉമി രണ്ടായി പൊട്ടി അരി പുറത്തു കാണുമ്പോള്‍ മാറ്റി, ഉണക്കി, ഉമി നീക്കംചെയ്ത് പുഴുക്കലരി ഉണ്ടാക്കുന്നു. പുഴുക്കലരി രണ്ടുവിധത്തില്‍ ഉണ്ട്. ഒരുതവണ നെല്ല് പുഴുങ്ങി ഉണക്കി കുത്തിയെടുക്കുന്നതിന് ഒരുപ്പുഴുക്കലരിയെന്നും, രണ്ടുതവണ നെല്ല് പുഴുങ്ങി ഉണക്കി കുത്തിയെടുക്കുന്നതിന് ഇരുപ്പുഴുക്കലരിയെന്നും പറയുന്നു. ചെറിയ തരികളായിരിക്കുന്ന അരിക്ക് പൊടിയരിയെന്നും, മുഴുവനായി എടുക്കുന്ന അരിക്ക് നെടിയരിയെന്നും പറയുന്നു. ഒരുപ്പുഴുക്കലരിയുടെ ചോറിനാണ് സ്വാദു കൂടുതലുള്ളത്. വെളിയില്‍ നിന്നു ചാക്കില്‍ നിറച്ചുവരുന്ന അരിക്ക് ചാക്കരി എന്നാണ് പേര്.
അരിയുടെ പുറമേ കാണുന്ന തവിടില്‍ ജീവകം B1 (തയാമിന്‍) അടങ്ങിയിരിക്കുന്നു. തവിട് നിശ്ശേഷം നീക്കിയ അരി ഉപയോഗിക്കുന്നവര്‍ക്ക് സാധാരണയായി 'ബറിബറി' എന്ന രോഗം ഉണ്ടാകാം. വെളുപ്പിക്കാത്ത അരി ഉപയോഗിച്ച് ഇതു പരിഹരിക്കാം.
അരി വേവിച്ച് ചോറായും കഞ്ഞിയായും ഉപയോഗിക്കുന്നു. (നോ: ചോറ്). അരി ഉപയോഗിച്ചു പലതരത്തിലുള്ള പലഹാരങ്ങളും പായസങ്ങളും ഉണ്ടാക്കുന്നു. അരിയിലെ അന്നജം പശയുടെ ആവശ്യത്തിന് ഉപയോഗിക്കാറുണ്ട്. നെല്ല് പൊരിച്ച് മലര്‍പ്പൊരിയും ഇടിച്ച് അവലും ഉണ്ടാക്കുന്നു. കേരളത്തിലെ ക്ഷേത്രനൈവേദ്യങ്ങള്‍ ഉണക്കലരി കൊണ്ടുണ്ടാക്കുന്നവയാണ്. തവിട് പ്രധാനമായ ഒരു കാലിത്തീറ്റയാണ്. ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ അരിയില്‍നിന്നും ആല്‍ക്കഹോള്‍ ഉണ്ടാക്കുന്നുണ്ട്. തവിട് സാധാരണ കാലിത്തീറ്റയായിട്ടാണ് ഉപയോഗിക്കപ്പെടുന്നതെങ്കിലും, അതില്‍നിന്നെടുക്കുന്ന എണ്ണ ആഹാരസാധനങ്ങള്‍ പാകംചെയ്യുന്നതിന് ഉപയോഗിക്കാവുന്നതാണ്.
മറ്റു ധാന്യമണികള്‍ക്കും അരി എന്നു പറയാറുണ്ട്. (ഉദാ. കുടകപ്പാലയരി, ചാമയരി). അതുപോലെതന്നെ വിത്ത്, ബീജം എന്നിവയ്ക്കും അരി എന്നു പറയുന്നു (ഉദാ. വെണ്ടയരി, മത്തയരി). അരിയറ്റുപോവുക, അരിയെത്തുക എന്നീ പ്രയോഗങ്ങള്‍ മരണത്തെ സൂചിപ്പിക്കുന്നതിനായി മലയാളത്തില്‍ പ്രയോഗത്തിലുണ്ട്. നോ: നെല്ല്, തവിട്, നെല്‍ക്കൃഷി
(എസ്. രാമചന്ദ്രന്‍ നായര്‍; മിസിസ് കെ.എം. മാത്യു)