This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരവിന്ദന്‍, ജി. (1935 - 91)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അരവിന്ദന്‍, ജി. (1935 - 91)
മലയാളചലച്ചിത്ര സംവിധായകനും കാര്‍ട്ടൂണിസ്റ്റും. 1935 ജനു. 23-ന് കോട്ടയത്തു ജനിച്ചു. സാഹിത്യകാരനും അഭിഭാഷകനുമായ എം.എന്‍.ഗോവിന്ദന്‍നായരാണ് പിതാവ്. ബിരുദം നേടിയശേഷം കുറേക്കാലം റബ്ബര്‍ ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്നു. ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഭരണസമിതി അംഗമായും പ്രവര്‍ത്തിച്ചിരുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാര്‍ട്ടൂണ്‍ പരമ്പര വരച്ചുകൊണ്ടാണ് അരവിന്ദന്‍ കലാരംഗത്തേക്കു പ്രവേശിച്ചത്. ഈ പരമ്പരയിലൂടെ ഒരുകാലഘട്ടത്തിലെ സാമൂഹികജീവിതത്തിന്റെ പരിച്ഛേദം കാഴ്ചവയ്ക്കാന്‍ അരവിന്ദനു കഴിഞ്ഞു. ദാര്‍ശനികമാനമുള്ള ഈ കാര്‍ട്ടൂണ്‍ പരമ്പര അരവിന്ദനെ പ്രശസ്തനാക്കി.
പതിനൊന്നു ചലച്ചിത്രങ്ങളും നിരവധി ഡോക്യുമെന്ററി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള അരവിന്ദന്‍ സിനിമാലോകത്ത് ഏറെ പ്രശസ്തനായി. സാഹിത്യം, സംഗീതം, ചിത്രകല എന്നിവയെ സംയോജിപ്പിച്ച് തന്റെ സിനിമയ്ക്കു ഊടും പാവും നെയ്ത അരവിന്ദന്റെ ചലച്ചിത്രങ്ങള്‍ ആഖ്യാനത്തിലും പ്രമേയത്തിലും ഘടനയിലും വൈവിധ്യം പുലര്‍ത്തി. അതിവാചാലതയുടെ ലോകത്തിലേക്ക് വിശുദ്ധമൗനത്തിന്റെ സംഗീതവുമായി ചെന്ന അരവിന്ദന്റെ കലാസൃഷ്ടികളില്‍ മൗനമെന്നപോലെ ഫാന്റസിയും ആന്തരശ്രുതിയായി അനുരണനം ചെയ്യുന്നു. മലയാളസിനിമാപ്രേക്ഷകന്റെ സംവേദനക്ഷമതയെ വലിയൊരളവില്‍ പരിപോഷിപ്പിച്ച ഈ മികച്ച സംവിധായകന്‍ സിനിമ എന്ന ബഹുജനമാധ്യമത്തെ നിരവധി നിരീക്ഷണങ്ങള്‍ക്കു വിധേയമാക്കി. ആത്മീയദര്‍ശനം കലര്‍ന്ന ഉന്നതമായ സൌന്ദര്യബോധം, നമ്മുടെ പൌരാണികസാഹിത്യത്തില്‍നിന്നും നാടന്‍ കലാരൂപങ്ങളില്‍നിന്നും വശഗമായ അനുഭവങ്ങള്‍, സംഗീതത്തോടുള്ള ഉത്കടമായ താത്പര്യം മുതലായ സവിശേഷതകള്‍ കൊണ്ട് മലയാള സിനിമാരംഗത്തെ സമ്പന്നവും ധന്യവുമാക്കിയ ഈ ചലച്ചിത്രകാരന്റെ ആഖ്യാനശൈലി ധ്വന്യാത്മകമായിരുന്നു.
ഉത്തരായണം, കാഞ്ചനസീത, തമ്പ്, എസ്തപ്പാന്‍, കുമ്മാട്ടി, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത്, മാറാട്ടം, വാസ്തുഹാര, ഉണ്ണി എന്നിവയാണ് അരവിന്ദന്‍ സംവിധാനം ചെയ്ത ചലച്ചിത്രങ്ങള്‍. 1974, 79, 81, 85, 86, 90 എന്നീ വര്‍ഷങ്ങളില്‍ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും 1977, 78, 86, 90 എന്നീ വര്‍ഷങ്ങളില്‍ ദേശീയ അവാര്‍ഡും അരവിന്ദനു ലഭിച്ചു.
ദ് മാന്‍ ഹു വാസ് എലോണ്‍, മാണിമാധവചാക്യാര്‍, ദ് കാച്ച്, വി.ടി. ഭട്ടതിരിപ്പാട്, ജെ.കൃഷ്ണമൂര്‍ത്തി, മോഹിനിയാട്ടം, ഇ.എം. എസ്സിന്റെ ഒരു ദിവസം, വി.കെ. കൃഷ്ണമേനോന്‍ എന്നിവ അരവിന്ദന്റെ ശ്രദ്ധേയമായ ഡോക്യുമെന്ററികളാണ്. ഏതാനും സിനിമകള്‍ക്കു സംഗീതം പകരുകയും ചെയ്തു. അമച്വര്‍ നാടകങ്ങളുടെ സംഘാടകനും പ്രയോക്താവുമായ അരവിന്ദന്‍ അവനവന്‍ കടമ്പ, കലി തുടങ്ങിയ പല നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ലോകപ്രശസ്തമായ നിരവധി ചലച്ചിത്രമേളകളില്‍ അംഗീകരിക്കപ്പെട്ട അരവിന്ദന്‍ അമേരിക്കയിലേക്കു ക്ഷണിക്കപ്പെട്ടതനുസരിച്ച് അവിടെ പ്രഭാഷണപര്യടനം നടത്തി. 1990-ല്‍ പദ്മശ്രീ ലഭിച്ചു. 1991 മാ. 15-ന് അരവിന്ദന്‍ നിര്യാതനായി.