This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരയാഞ്ഞിലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരയാഞ്ഞിലി

Upas tree

മൊറേസീ (Moraceae) സസ്യകുടുംബത്തില്‍പ്പെട്ട വിഷമുള്ള വൃക്ഷം. ശാ.നാ.: അന്റിയാരിസ് ടോക്സിക്കേരിയ (Antiaris toxicaria). ഈ വൃക്ഷങ്ങളിലെ വിഷാംശത്തിന് ജാവനീസ് ഭാഷയില്‍ അന്റിയാര്‍ എന്നു പറയുന്നു. പ്രസ്തുത പദത്തില്‍ നിന്നാണ് അന്റിയാരിസ് എന്ന പേരിന്റെ ഉദ്ഭവം.

ആഫ്രിക്ക, മലഗസി, ഇന്‍ഡോമലയന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് അരയാഞ്ഞിലി കാണപ്പെടുന്നത്. സമുദ്രനിരപ്പില്‍നിന്ന് 600 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലെ നിത്യഹരിതവനങ്ങളിലാണ് ഇവ വളരുന്നത്. ഇന്ത്യയില്‍ പശ്ചിമഘട്ടത്തിലെ കാടുകളിലാണ് ഈ ഇലകൊഴിയും വൃക്ഷങ്ങള്‍ ധാരാളമായി കാണുന്നത്. ഏകദേശം 60 മീ. ഉയരത്തില്‍ ഇവ വളരും. മരത്തൊലിക്ക് 2 സെ.മീ. കനംവരും; മലവര്‍ഗക്കാര്‍ ഇത് മരവുരിയും സഞ്ചിയും ഉണ്ടാക്കാനുപയോഗിക്കാറുണ്ട്. ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ദീര്‍ഘവൃത്താകൃതിയിലുള്ള ഇലകള്‍ക്ക് 9-15 സെ.മീ. നീളവും 4-6 സെ.മീ. വീതിയുമുണ്ട്. അനുപര്‍ണങ്ങളുണ്ട്. സെപ്തംബറിലോ ഒക്ടോബറിലോ ഹൈപ്പാന്‍ഥോഡിയം (hypanthodium) പുഷ്പമഞ്ജരിയായി പുഷ്പങ്ങളുണ്ടാകുന്നു. നാലഞ്ചുമാസംകൊണ്ട് കായ്കള്‍ വിളയും.

മലയ തുടങ്ങിയ പ്രദേശങ്ങളില്‍ അരയാഞ്ഞിലി വൃക്ഷത്തിന്റെ ചാറ് അമ്പില്‍ തേയ്ക്കാനുള്ള വിഷമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ കാണപ്പെടുന്ന വൃക്ഷങ്ങളില്‍ മലയന്‍ പ്രദേശങ്ങളിലെ വൃക്ഷങ്ങളെക്കാള്‍ വളരെ തുച്ഛമായ തോതില്‍ മാത്രമേ വിഷം അടങ്ങിയിട്ടുള്ളൂ. വിഷാംശം പ്രധാനമായും ഇലയിലും തൊലിയിലും അടങ്ങിയിട്ടുള്ള പാലുപോലുള്ള കറയിലാണുള്ളത്. വിഷം കൂടുതലും ബാധിക്കുന്നത് ഹൃദയത്തെയാണ്. അമ്ലികഫലങ്ങള്‍ ഇതിനൊരു പ്രധാന പ്രതിവിധിയായി നിര്‍ദേശിക്കാറുണ്ടെങ്കിലും ഇതിന്റെ ശാസ്ത്രീയാടിസ്ഥാനം തെളിയിക്കപ്പെട്ടിട്ടില്ല.

(ഡോ. ജോസ് കെ. മംഗലി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍