This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരയന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരയന്മാര്‍

കേരളത്തിന്റെ കടല്‍ത്തീരത്തെ അധിവസിക്കുന്ന ധീവരവര്‍ഗത്തില്‍പ്പെട്ട ഒരു പ്രമുഖ ജനവിഭാഗം. അരയന്മാര്‍ (ശംഖന്മാര്‍), മുക്കുവന്മാര്‍, വാലന്മാര്‍ (ഭരതന്മാര്‍), മുകയര്‍, നുളയര്‍, പരവന്മാര്‍, മരയ്ക്കാന്മാര്‍, അമുക്കുവന്മാര്‍ എന്നിവര്‍ ധീവരവര്‍ഗത്തിലെ പ്രധാന വിഭാഗങ്ങളാകുന്നു. ഇവരില്‍ അരയന്മാരും മുക്കുവന്മാരും സംഖ്യാബലത്തില്‍ മുന്നിട്ടുനില്ക്കുന്നു.

അരയന്‍ എന്ന പദം നാടുവാഴി എന്നര്‍ഥമുള്ള 'അരശന്‍' എന്ന ദ്രാവിഡപദത്തിന്റെ മറ്റൊരു രൂപം ആവാനിടയുണ്ട്. മത്സ്യബന്ധനം മുഖ്യതൊഴിലാക്കിയ ധീവരവര്‍ഗക്കാര്‍ ഇന്ത്യയില്‍ പല പ്രദേശങ്ങളിലും ഒരു കാലത്ത് നാടുവാഴികളായിരുന്നു. അവരുടെ പ്രാമാണികത്വത്തിന് സിന്ധുതടസംസ്കാരകാലത്തോളം പഴക്കമുണ്ട്. സിന്ധുതടപ്രദേശങ്ങളില്‍ പാര്‍ത്തിരുന്നവരില്‍ 'മീനര്‍' (Minas) അഥവാ 'മീനവര്‍' (Minavas), 'പരവന്മാര്‍' (Paravas) അഥവാ 'പരവതന്മാര്‍' (Paravathas) എന്നിവരായിരുന്നു പ്രബലരും പ്രമുഖരുമായ വിഭാഗക്കാര്‍ എന്നു ചില ചരിത്രരേഖകള്‍ തെളിയിക്കുന്നു. ധീവരഗോത്രജരെന്ന് ഇന്ന് അറിയപ്പെടുന്ന ജനവിഭാഗങ്ങളെല്ലാം മീനവ, പരവന്മാരുടെ പിന്‍ഗാമികളാണെന്നു വിശ്വസിക്കപ്പെടുന്നു. പുരാതന ഭാരതത്തില്‍ മിനാട്, പരവനാട്, മരംകൊത്തിനാട്, ഏള്‍നാട് എന്നിങ്ങനെ നാലു രാജ്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഫാദര്‍ ഹീറാസ് (Fr.Heras) അഭിപ്രായപ്പെടുന്നു. ഈ രാജ്യങ്ങളിലെ രാജാക്കന്മാരുടെ കൊടിയടയാളം 'രണ്ടു മത്സ്യങ്ങള്‍' ആയിരുന്നത്രെ. രാജ്യവാസികളുടെ മുഖ്യതൊഴിലുകള്‍ മത്സ്യബന്ധനവും സമുദ്രാന്തരീയ വ്യാപാരവുമായിരുന്നു. എന്നാല്‍ കപ്പല്‍നിര്‍മാണം, കൃഷി എന്നീ ഉപതൊഴിലുകളിലും ഇവര്‍ ഏര്‍പ്പെട്ടിരുന്നു.

ദക്ഷിണേന്ത്യയിലും ധീവരവര്‍ഗക്കാരുടെ ഒരു മീനവരാജ്യം വേലൂര്‍ പട്ടണം കേന്ദ്രമാക്കി നിലനിന്നിരുന്നതായി സംഘകാലകൃതികളില്‍നിന്നു മനസ്സിലാക്കാം. ഭാരതത്തിന്റെ ഉത്തര-പൂര്‍വദേശങ്ങളില്‍ നിന്ന് അവിടത്തെ ആദിമനിവാസികളായിരുന്നവര്‍ ആദ്യകാലത്തുതന്നെ വേലൂരിലേക്കു കുടിയേറിപ്പാര്‍ത്തുതുടങ്ങിയിരുന്നു. കുടിയേറ്റക്കാരില്‍ മീനവന്മാരും പരവന്മാരുമായിരുന്നു പ്രമുഖ വിഭാഗങ്ങള്‍. അവരെക്കൂടാതെ വില്ലവര്‍ (വില്ലാളികള്‍), എട്ടുകാലികള്‍ (നെയ്ത്തുകാര്‍), എറുവന്മാര്‍ (ഖനനജോലിക്കാര്‍) എന്നിവരുമുണ്ടായിരുന്നു. ആര്യന്മാരുടെ ആഗമനത്തോടുകൂടി കുടിയേറ്റക്കാരുടെ സംഖ്യ വര്‍ധിച്ചു. അവര്‍ കരമാര്‍ഗമായും ജലമാര്‍ഗമായും വേലൂരിലേക്കും തൊട്ടടുത്ത പ്രദേശങ്ങളിലേക്കും കൂട്ടംകൂട്ടമായി എത്തിച്ചേര്‍ന്നു. കരവഴി വന്നവര്‍ കുന്നിന്‍ചരിവുകളിലും സമതലങ്ങളിലും കാടുകളിലും അധിവാസമുറപ്പിച്ചു. കടല്‍വഴി വന്നവര്‍ തമിഴ്നാടിന്റെയും കേരളത്തിന്റെയും കടലോരങ്ങളില്‍ പാര്‍പ്പിടങ്ങള്‍ സ്ഥാപിച്ചു. ഓരോ വിഭാഗക്കാരും തങ്ങളുടെ പൂര്‍വികമായ തൊഴിലുകള്‍ പുനരാരംഭിച്ചു. സമതലങ്ങളില്‍ വാസമാക്കിയവര്‍ കുരുമുളക് (കോലം) കൃഷി ചെയ്ത് ഉപജീവനം നടത്തി. ഇക്കൂട്ടര്‍ 'കോലരയന്മാര്‍' എന്ന് അറിയപ്പെട്ടു. കുന്നിന്‍ചരിവുകളിലും കാടുകളിലും വേട്ടയാടിക്കഴിഞ്ഞവര്‍ 'മലയരയന്മാര്‍' എന്നു വിളിക്കപ്പെട്ടു. കടല്‍ത്തീരത്തു താമസമാക്കുകയും മീന്‍പിടിത്തം മുഖ്യതൊഴിലായി സ്വീകരിക്കുകയും ചെയ്തവര്‍ക്കു 'കടലരയന്മാര്‍' എന്നു പേരു സിദ്ധിച്ചു. ഇക്കൂട്ടരാണ് 'അരയന്മാര്‍' എന്ന പൊതുവായ പേരില്‍ ഇന്ന് അറിയപ്പെടുന്നത്.

കേരളത്തില്‍ രാജവാഴ്ച അവസാനിക്കുന്നതുവരെ അരയന്മാര്‍ക്കിടയില്‍ സ്ഥാനികള്‍ ഉണ്ടായിരുന്നു. ഇവര്‍ രാജാക്കന്മാരുടെ അകമ്പടിക്കാരായിരുന്നു. രാജാക്കന്മാര്‍ പള്ളിയോടങ്ങളില്‍ എഴുന്നള്ളുമ്പോള്‍ ഓടങ്ങള്‍ നയിക്കുവാനും അകമ്പടി സേവിക്കുവാനും ചില അരയപ്രമാണിമാരെ നിയോഗിച്ചിരുന്നു. അവര്‍ക്ക് വലിയഅരയന്‍ എന്ന സ്ഥാനപ്പേരും നല്കിയിരുന്നു. വലിയഅരയന്‍ ഊരിയവാള്‍ ഉയര്‍ത്തിപ്പിടിച്ച് മറ്റൊരു വള്ളത്തില്‍ രാജാവിനെ അകമ്പടി സേവിക്കുക എന്നതായിരുന്നു പതിവ്. തിരുവിതാംകൂര്‍ മഹാരാജാവിന്റെ പ്രധാന അകമ്പടിക്കാരനായിരുന്നു 'ചെമ്പില്‍ വലിയഅരയന്‍'. അദ്ദേഹത്തെ കൂടാതെ 'തൃക്കുന്നപ്പുഴ വലിയഅരയന്‍', 'ആലപ്പുഴ വലിയഅരയന്‍' തുടങ്ങിയ സ്ഥാനികളും തിരുവിതാംകൂര്‍ രാജാക്കന്മാരുടെ അകമ്പടിക്കാരായി ഉണ്ടായിരുന്നു. കൊച്ചി രാജാക്കന്മാരെ അകമ്പടി സേവിച്ചിരുന്ന ആളാണ് 'കൊച്ചിയിലെ വലിയഅരയന്‍'. കൊച്ചി രാജാവ് അന്തരിച്ചു കഴിഞ്ഞാല്‍ പുതിയ രാജാവിന്റെ സ്ഥാനാരോഹണവേളയില്‍ ആദ്യമായി തിരുമുല്ക്കാഴ്ച (ഉപ്പും കയറും) അര്‍പ്പിക്കാനുള്ള അവകാശം നല്കപ്പെട്ടിരുന്നത് കൊച്ചിയിലെ വലിയ അരയനായിരുന്നു. കോഴിക്കോട്ടു സാമൂതിരിയും അരയപ്രമാണിമാര്‍ക്കു സ്ഥാനമാനങ്ങള്‍ നല്കിയിരുന്നു. കോഴിക്കോട്ടു നഗരത്തില്‍ കുഞ്ഞിക്കളത്തില്‍ എന്ന അരയകുടുംബത്തിന് പത്തേമാരികളും പണ്ടകശാലകളുമുണ്ടായിരുന്നു. ഇവര്‍ വിദേശവ്യാപാരത്തിലും ഏര്‍പ്പെട്ടിരുന്നു.

കേരളത്തിലെ നാവികപ്പട പല നൂറ്റാണ്ടുകളോളം ഇവിടത്തെ ധീവരസമുദായങ്ങളെ ആശ്രയിച്ചാണ് നിലനിന്നുപോന്നത്. തിരുവിതാംകൂര്‍ രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്നു ചെമ്പില്‍ അനന്തപദ്മനാഭന്‍ വലിയ അരയന്‍. കൊച്ചി വലിയ അരയനായിരുന്നു കൊച്ചി രാജാവിന്റെ നാവികസേനാമേധാവി. കുഞ്ഞാലിമരയ്ക്കാറിനു മുന്‍പ് സാമൂതിരിയുടെ നാവികപ്പടയുടെ നായകത്വം വഹിച്ചിരുന്നത് ഒരു അരയനായിരുന്നു. കാലാള്‍പ്പടയിലും അരയന്മാരുടെ സേവനം പ്രസ്താവമര്‍ഹിക്കുന്നു. അമ്പലപ്പുഴ രാജാവിന്റെ കാലാള്‍പ്പടയില്‍ ഒട്ടുമുക്കാലും അരയന്മാരായിരുന്നു. തിരുവിതാംകൂറിലെയും ദേശിങ്ങനാട്ടിലെയും കരസേനയില്‍ അരയന്മാരായിരുന്നു ഏറ്റവുമധികം. ആറ്റിങ്ങല്‍ റാണിയുടെ സേനാനായകനായിരുന്ന വീരമാര്‍ത്താണ്ഡന്‍ ഒരു അരയനായിരുന്നു.

അരയന്മാര്‍ മുന്‍പ് കുടുമ വയ്ക്കുകയും കടുക്കന്‍ അണിയുകയും ചെയ്തിരുന്നു. സ്ത്രീകള്‍ മുടി മേല്പോട്ടു കോതി നെറ്റിത്തടത്തിനു മുകളിലായി കെട്ടിവയ്ക്കുകയായിരുന്നു പതിവ്. ഇവര്‍ വളകള്‍, തളകള്‍, മൂക്കുത്തി, തോട, തക്ക മുതലായവയും പവന്‍മാല, പക്ഷിക്കാശ്, പൊന്നോല മുതലായ കണ്ഠാഭരണങ്ങളും അണിയാറുണ്ടായിരുന്നു. സമുദായത്തില്‍ സ്ത്രീക്കു മാന്യമായ പദവി നല്കപ്പെട്ടിരുന്നു. സ്വത്തവകാശം, വ്യാപാരവ്യവസായസ്വാതന്ത്ര്യങ്ങള്‍, അധ്യാപനവൃത്തി നടത്താനുള്ള അവകാശം എന്നിവയിലെല്ലാം സ്ത്രീകള്‍ക്കു തുല്യത അനുവദിക്കപ്പെട്ടിരുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരബഹുമാനം പുലര്‍ത്തിപ്പോന്നു. ഭര്‍ത്താവ് ഭാര്യയെ 'തിരുവാള്‍' (തിരു + അവള്‍) എന്നും ഭാര്യ ഭര്‍ത്താവിനെ 'പതിയാള്‍' എന്നുമാണ് സംബോധന ചെയ്തിരുന്നത്.

അരയന്മാരുടെ സാമൂഹികജീവിതത്തില്‍ ആചാരങ്ങള്‍ക്കു വലിയ സ്ഥാനമുണ്ട്. ഒരു പെണ്‍കുട്ടി ഋതുമതിയായാല്‍ അവളെ ഏകയായി ഒരു മുറിയിലിരുത്തി നാലു ദിവസക്കാലം 'തൊട്ടുകൂടായ്മ' ആചരിച്ചിരുന്നു. നാലാം ദിവസം അവളെ കുളിപ്പിച്ച് പുതിയ വസ്ത്രങ്ങള്‍ അണിയിക്കുന്നു. അതിനുശേഷം പെണ്‍കുട്ടിയുടെ തലയില്‍ വെറ്റിലയിടുന്നു. പിന്നീട് കരി, അരി, സ്വര്‍ണം മുതലായവ വെവ്വേറെ കെട്ടിവച്ചിരിക്കുന്ന പൊതികളില്‍നിന്ന് ഒരു പൊതി എടുപ്പിക്കുന്നു. പൊതിയുടെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ ഭാഗ്യം പ്രവചിക്കപ്പെടുന്നു. തുടര്‍ന്നു ബന്ധുമിത്രാദികള്‍ക്ക് വിഭവസമൃദ്ധമായ സദ്യ നല്കപ്പെടുന്നു. ഒരു പെണ്‍കുട്ടി ഋതുമതിയാകുന്നത് വിവാഹാനന്തരമാണെങ്കില്‍ പതിനൊന്നു ദിവസം തൊട്ടുകൂടായ്മ ആചരിക്കുന്നതും പതിവായിരുന്നു.

ഋതുമതിയാകുന്നതിനു മുന്‍പ് താലികെട്ടുകല്യാണം നടത്തുകയെന്നതായിരുന്നു പഴയ കാലത്തെ ആചാരം. താലികെട്ടും വിവാഹവും ഒരേ അവസരത്തില്‍ നടത്തുകയാണ് ഇപ്പോഴത്തെ പതിവ്. പാതിവ്രത്യത്തിനു പരമപ്രാധാന്യം കല്പിക്കപ്പെടുന്നു. പതിവ്രതകളല്ലാത്തവരുടെ ഭര്‍ത്താക്കന്മാര്‍ കടലമ്മയുടെ കോപത്തിനും തന്മൂലം അപകടമരണത്തിനും വിധേയരാകുമെന്ന വിശ്വാസം രൂഢമൂലമാണ്. വിവാഹമോചനം സാധുവാകാന്‍ ഗ്രാമത്തലവന്റെയും സ്ഥാനികളുടെയും അംഗീകാരം ആവശ്യമാണ്. ഭര്‍ത്താവിന്റെ മരണശേഷം ഒരു കൊല്ലത്തെ ദുഃഖാചരണം കഴിഞ്ഞാല്‍ ഗ്രാമത്തലവന്റെ അനുമതിയോടെ പുനര്‍വിവാഹം കഴിക്കാം.

സ്ത്രീകള്‍ ആദ്യമായി ഗര്‍ഭം ധരിച്ചാല്‍ ഒരു നിശ്ചിത മാസത്തില്‍ 'പുളികുടി' നിര്‍വഹിക്കുന്നു. തദവസരത്തില്‍ ബന്ധുമിത്രാദികള്‍ ഗര്‍ഭിണിക്കു മധുരപലഹാരങ്ങള്‍ നല്കുന്നു. പ്രസവാനന്തരം ശിശു ആണാണെങ്കില്‍, ഇഷ്ടദേവതയായ ഭഗവതിയുടെ അനുഗ്രഹത്തിനുവേണ്ടി ഒരു തേങ്ങ ഉടയ്ക്കുന്നു; ശിശു പെണ്ണാണെങ്കില്‍ ഒരു ചിരട്ട ഉടയ്ക്കുകയും പ്രസവമുറിയുടെ വെളിയില്‍ മൂന്നു പ്രാവശ്യം തറയിലടിച്ച് ശബ്ദമുണ്ടാക്കുകയും ചെയ്യുന്നു. കുട്ടിക്ക് ആറു മാസം പ്രായമാകുമ്പോള്‍ ചോറൂണും നാമകരണവും നടത്തുന്നു.

മൃതദേഹങ്ങള്‍ ദഹിപ്പിക്കുകയോ കുഴിച്ചിടുകയോ ചെയ്യുന്നു. പരേതന്റെ ആത്മശാന്തിക്കായി അപരക്രിയകള്‍ നടത്തുക പതിവാണ്. പുരോഹിതന്‍ കൂടിയായ ക്ഷുരകന്‍ ഇതിന് ആധ്യാത്മികനേതൃത്വം നല്കുന്നു.

ക്രിസ്തുമതവും ഇസ്ലാംമതവും കേരളത്തില്‍ പ്രചരിക്കുന്നതുവരെ അരയന്മാര്‍, മറ്റു ധീവരവിഭാഗക്കാരെപ്പോലെ ഏറിയകൂറും ഹിന്ദുമതാനുയായികളായിരുന്നു. അങ്ങിങ്ങായി ബുദ്ധ-ജൈനമതവിശ്വാസികളുമുണ്ടായിരുന്നു. പ്രാചീനകാലം മുതല്‍ക്കേ അരയന്മാര്‍ ശക്തി(ഭഗവതി)യെ ഉപാസിച്ചിരുന്നു. കൂടാതെ വിഷ്ണു, ശിവന്‍, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍ മുതലായ ദേവന്‍മാരെയും അവര്‍ ആരാധിച്ചുപോന്നു. തങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ ഭക്ഷ്യസാധനങ്ങളും അവര്‍ ദൈവങ്ങള്‍ക്കും കൊടുത്തിരുന്നു. പണ്ട് ഓരോ വീട്ടിലും ഇഷ്ടദേവതയെ പ്രതിഷ്ഠിച്ച ഭജനമുറികള്‍ (ശ്രീകോവിലുകള്‍) ഉണ്ടായിരുന്നു. പില്ക്കാലത്തു ബ്രാഹ്മണസമ്പ്രദായത്തിലുള്ള ക്ഷേത്രങ്ങള്‍ നിലവില്‍ വന്നതോടെ ദേവതകളുടെ ആസ്ഥാനം ക്ഷേത്രങ്ങളിലേക്കു മാറ്റി.

ജാതിവ്യവസ്ഥ രൂക്ഷമായിത്തീര്‍ന്നപ്പോള്‍ അരയന്മാരും മുക്കുവരും മറ്റും അധഃസ്ഥിതരായി കണക്കാക്കപ്പെട്ടു. അവര്‍ക്കു സവര്‍ണരുടെ ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. തത്ഫലമായി പലരും ക്രിസ്തുമതമോ ഇസ്ലാംമതമോ സ്വീകരിക്കുകയുണ്ടായി.

കേരളസംസ്കാരത്തിന്റെ പുരോഗതിയില്‍ അരയന്മാരുടെ നാവികപാരമ്പര്യം തനതായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ചരിത്രാതീതകാലം മുതല്‍ കേരളത്തിനു വിദേശങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിഞ്ഞത് ഈ നാവികപാരമ്പര്യം മൂലമാണ്. നോ: വേലുക്കുട്ടി അരയന്‍

(കെ.ഇ. വര്‍ഗീസ്; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍