This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരദുസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരദുസ്

Aradus

ഒരു പുരാതന ഫിനീഷ്യന്‍ നഗരം. സിറിയന്‍ തീരത്തുനിന്നും 3 കി.മീ. ഉള്ളിലായി ലടാക്കിയയ്ക്കും ട്രിപ്പോളിക്കും മധ്യേ സ്ഥിതിചെയ്തിരുന്ന ഈ നഗരത്തെ യഹൂദന്മാര്‍ 'അര്‍വാദ്' എന്ന് വിളിച്ചിരുന്നു. ഒന്നര കി.മീ. ചുറ്റളവുള്ളതും പാറകള്‍ നിറഞ്ഞതുമായ അരദുസ് ദ്വീപിലാണ് നഗരത്തിന്റെ സ്ഥാനം. ഈ ദ്വീപിന്റെ കിഴക്കേതീരത്ത് ഇപ്പോഴും ഫിനീഷ്യന്‍ മതിലുകളുടെ അവശിഷ്ടങ്ങള്‍ കാണാം. അരദുസ് നഗരം സ്ഥാപിച്ചത് സിഡോണിയരാണെന്ന് ഗ്രീക്കുചരിത്രകാരനായ സ്ട്രാബൊ (ബി.സി. 63-എ.ഡി. 21) അഭിപ്രായപ്പെടുന്നു. ക്രിസ്ത്യന്‍ ചരിത്രകാരനായ യുസീബിയസിന്റെ (263-340) അഭിപ്രായം നഗരം ബി.സി. 761-ല്‍ സ്ഥാപിതമായി എന്നാണ്. ജോര്‍ദാനും ചാവുകടലിനും ഇടയ്ക്കുണ്ടായിരുന്ന കനാന്‍ രാജ്യത്തുനിന്നു വന്നവരാണ് അര്‍വാദുകള്‍ (അരദുസുകള്‍) എന്ന് ബൈബിള്‍ പഴയനിയമത്തില്‍ (ഉത്പത്തി x 18) പ്രതിപാദിച്ചിട്ടുണ്ട്. ബി.സി. 15-ാം ശ.-ത്തില്‍ തത്ത്മോസ് III വിദേശാക്രമണങ്ങളില്‍നിന്ന് അരദുസിനെ തടുത്തുനിര്‍ത്തിയെങ്കിലും പിന്നീട് നഗരം തുടര്‍ച്ചയായ വിദേശാക്രമണങ്ങള്‍ക്കു വിധേയമായി എന്ന് ഈജിപ്ഷ്യന്‍ രേഖകള്‍ സൂചിപ്പിക്കുന്നു.

ബാബിലോസിലെ റിബ് അദ്ദിക്കെതിരായി സിഡോണും ബെയ്റൂത്തും ഒന്നിച്ചപ്പോള്‍ അരദുസും അവരോടു ചേര്‍ന്നതായി 14-ാം ശ.-ത്തിലെ അമര്‍നരേഖകള്‍ പ്രസ്താവിക്കുന്നു. പിന്നീട് അരദുസിന്റെ നിയന്ത്രണം ഹിറ്റൈറ്റുകള്‍ക്കായി. ബി.സി. 1288-ല്‍ നടന്ന കഡേഷ് യുദ്ധത്തില്‍ ഹിറ്റൈറ്റുകളെ അരദുസുകള്‍ സഹായിച്ചു. ഫിനീഷ്യന്‍തീരത്ത് വാണിജ്യം വികസിച്ചതോടെ, അരദുസിന്റെ പ്രാധാന്യവും വര്‍ധിച്ചു. അസീറിയന്‍ ഭരണത്തിന്റെ ഒരു ഭാഗമായി വളരെക്കാലം അരദുസ് നിലനിന്നു. ടിഗ്ലത്ത് പിലീസര്‍ I-നും (ഭ.കാ. ബി.സി. 1116-1076) ആഷൂര്‍ നാസിര്‍പാലിനും (ഭ.കാ. ബി.സി. 884-859) അരദുസ് കപ്പം കൊടുത്തിരുന്നു. ഷാല്‍മനേസര്‍ III-നെതിരെ നടന്ന കര്‍ക്കര്‍ യുദ്ധത്തില്‍ (ബി.സി. 853) അരദുസിലെ മാറ്റിനുബാലു 200 പേരടങ്ങിയ ഒരു സൈന്യസംഘത്തെ അയച്ചുകൊടുത്ത് അറാമിയരെ സഹായിച്ചു. ആഷൂര്‍ബാനിപാല്‍ (ഭ.കാ. ബി.സി. 668-616) സമ്മര്‍ദതന്ത്രം ഉപയോഗിച്ച് അരദുസിലെ ഇയാന്‍കിന്‍ലുവിനെക്കൊണ്ട് അസീറിയന്‍ അധീശത്വം അംഗീകരിപ്പിച്ചു. ഇയാന്‍കിന്‍ലുവിന്റെ പുത്രിയെ വിടുപണിചെയ്യാന്‍ നിനവേയിലേക്ക് അയയ്ക്കേണ്ടതായും വന്നു. അരദുസ് അടുത്തതായി പേര്‍ഷ്യന്‍ ഭരണത്തിന്‍കീഴിലായി. അരദുസ് കേന്ദ്രമാക്കി ഒരു പ്രവിശ്യയാക്കി മാറ്റി. ബി.സി. 480-ല്‍ ഗ്രീസ് ആക്രമിച്ച സെര്‍ക്സിസ് I (ബി.സി. 519-465) ന്റെ നാവികപ്പടയില്‍ അരദുസിന്റെ വക കപ്പലുകളും ഉള്‍പ്പെട്ടിരുന്നു. യാതൊരു എതിര്‍പ്പുംകൂടാതെതന്നെ ബി.സി. 332-ല്‍ അലക്സാണ്ടര്‍ക്ക് അരദുസ് കീഴടക്കാന്‍ കഴിഞ്ഞു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B0%E0%B4%A6%E0%B5%81%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍