This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമീന്‍ അല്‍-ഹുസൈനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമീന്‍ അല്‍-ഹുസൈനി (1893 - 1974)

പലസ്തീന്‍ അറബി നേതാവ്. പലസ്തീനില്‍ ജനിച്ച അമീന്‍ അല്‍-ഹുസൈനി (അമീനുല്‍ഹുസൈനി) ജെറുസലമിലും കെയ്റോയിലെ അല്‍അസ്ഹര്‍ സര്‍വകലാശാലയിലും ഇസ്താംബൂളിലും വിദ്യാഭ്യാസം നിര്‍വഹിച്ചു. 17-ാമത്തെ വയസ്സില്‍ ഇദ്ദേഹം തുര്‍ക്കിപീരങ്കിപ്പടയിലെ ഒരുദ്യോഗസ്ഥനായി ചേര്‍ന്നു. അറബി ദേശീയപ്രസ്ഥാനത്തിന്റെ ആരംഭകാലം മുതല്‍ അതിപ്രധാനമായൊരു പങ്കുവഹിച്ച അമീന്‍-അല്‍ഹുസൈനി, യഹൂദവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് കുറെക്കാലം തടവിലാക്കപ്പെട്ടിരുന്നു. 1921-ല്‍ ജെറുസലമിലെ മുഫ്തിയായി നിയമിതനായി. 1922-ല്‍ സുപ്രീം മുസ്ലിം കൌണ്‍സിലിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പലസ്തീനിലെ അറബിദേശീയ കക്ഷിയുടെ നേതാവായിത്തീര്‍ന്ന ഹുസൈനി പലസ്തീനിലെ യഹൂദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി സംഘടിപ്പിച്ചു. 1937-ല്‍ ഇദ്ദേഹം ലെബനനിലേക്കു പോവുകയും അവിടെനിന്ന് ഇറാക്കിലേക്ക് പ്രവര്‍ത്തനരംഗം മാറ്റുകയും ചെയ്തു. 1939-വരെ ഇറാക്കില്‍ ബ്രിട്ടിഷ് സാമ്രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. റഷീദലിയുടെ പ്രസ്ഥാനത്തിന്റെ പരാജയത്തോടുകൂടി 1941-ല്‍ ഇദ്ദേഹം ഇറാനില്‍ അഭയം തേടി. 1942 മുതല്‍ 1944 വരെ ബെര്‍ലിനില്‍ കഴിച്ചുകൂട്ടി. 1945-ല്‍ ജര്‍മനിയില്‍നിന്നും ഫ്രാന്‍സിലേക്കും, അവിടെനിന്ന് 1946-ല്‍ ഈജിപ്തിലേക്കും മടങ്ങി. പലസ്തീനിനു വേണ്ടിയുള്ള അറബി ഉന്നതസമിതിയുടെ പ്രസിഡന്റായി ഇദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1947 മുതല്‍ ഹുസൈനി പലസ്തീന്‍ അറബികളുടെ പ്രശ്നത്തില്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്നതിനു വളരെയധികം യത്നിക്കുകയുണ്ടായി. നിരവധി ലോകമുസ്ലിം; മതസാംസ്കാരിക സമ്മേളനങ്ങളില്‍ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

(പ്രൊഫ. എം.എ. ഷുക്കൂര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍