This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭിരാമന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഭിരാമന്‍

അഭിജ്ഞാനശാകുന്തളത്തിന് ദിങ്മാത്രദര്‍ശനം എന്ന സംസ്കൃത വ്യാഖ്യാനമെഴുതിയ കേരളീയ പണ്ഡിതന്‍. പെരിയാറിന്റെ വടക്കെ കരയില്‍ അങ്കമാലിയോടടുത്ത് കരിയാട് എന്ന ഗ്രാമത്തില്‍ പേരാങ്ങലം എന്ന സ്ഥലത്ത് 1575-നും 1675-നും മധ്യേ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. രുദ്രന്‍ എന്നു പേരായ ഒരു പണ്ഡിതനായിരുന്നു ഗുരുനാഥന്‍. ബ്രാഹ്മണേതരമായ ഒരു ജാതിയിലായിരുന്നു ജനനമെന്നും ശ്രീപരമേശ്വരനായിരുന്നു ഇഷ്ടദേവതയെന്നും വ്യാഖ്യാനോപക്രമപദ്യങ്ങളില്‍നിന്നും ഗ്രഹിക്കാം. കൃഷ്ണചരിതം എന്ന കാവ്യത്തിന്റെ കര്‍ത്താവായ ചന്ദ്രശേഖരവാരിയര്‍, ഗൌരീകല്യാണം എന്ന യമകകാവ്യത്തിന്റെ കര്‍ത്താവായ ഗോവിന്ദനാഥന്‍ എന്നിവര്‍ അഭിരാമന്റെ ശിഷ്യന്‍മാരായിരുന്നു. വളരെയേറെ ഹ്രസ്വമായിപ്പോയ ദിങ്മാത്രദര്‍ശനം കേവലം അപര്യാപ്തമാണെന്ന കാരണത്താല്‍ കേരളത്തിനു വെളിയിലുള്ള നിരൂപകശ്രേഷ്ഠന്‍മാര്‍ അതിനെ യഥാര്‍ഹം ആദരിച്ചിട്ടില്ല. എങ്കിലും കാവ്യം, ശാസ്ത്രം, ഇതിഹാസം തുടങ്ങിയവയില്‍ തികഞ്ഞ അവഗാഹമുള്ള ക്രാന്തദര്‍ശിയായ ഒരു വ്യാഖ്യാതാവിനെ ദിങ്മാത്രദര്‍ശനത്തില്‍ കാണാം. മലയാളശാകുന്തളരചനയില്‍, എ.ആര്‍. രാജരാജവര്‍മ സ്വീകരിച്ചിരിക്കുന്നത് അഭിരാമന്‍ ആവിഷ്കരിച്ചിട്ടുള്ള ശുദ്ധദാക്ഷിണാത്യപാഠമാണ്. ഇതിവൃത്തഘടകങ്ങളെ വിവരിക്കുന്ന ആംഗലേയ വ്യാഖ്യാതാക്കന്‍മാരുടെ രീതി ഇത്രമാത്രം സ്വാധീനമാക്കിയിട്ടുള്ള ഭാരതീയ വ്യാഖ്യാതാക്കന്‍മാര്‍ ഇല്ലെന്നാണ് രാജരാജവര്‍മയുടെ അഭിപ്രായം. അനര്‍ഘരാഘവം, ഉത്തരരാമചരിതം എന്നിവയ്ക്കുകൂടി അഭിരാമന്‍ വ്യാഖ്യാനമെഴുതിയിട്ടുണ്ടെന്നു പറയപ്പെടുന്നു.

മാഘകാവ്യത്തിന് ബാലബോധിക എന്ന വ്യാഖ്യാനമെഴുതിയ ദേശമംഗലത്തു ശ്രീകണ്ഠവാരിയരാണ് അഭിരാമന്‍ എന്ന പേരില്‍ അറിയപ്പെടുന്നതെന്നു ചില പണ്ഡിതന്മാര്‍ ഊഹിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍