This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭിധര്‍മസാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഭിധര്‍മസാഹിത്യം

ബൌദ്ധധര്‍മ പ്രതിപാദകമായ സാഹിത്യവിഭാഗം. ബുദ്ധമതത്തിന്റെ ധര്‍മതത്ത്വസംഹിതയ്ക്ക് സാമാന്യമായി പറയുന്ന പേരാണ് 'ത്രിപിടകം' (പാലി : തിപിടക). ബുദ്ധഭിക്ഷുക്കള്‍ പാലിഭാഷയില്‍ ഓലയിലെഴുതിയ മൂന്നു വിഭാഗങ്ങളുള്ള തത്ത്വസംഹിത ശ്രദ്ധാപൂര്‍വം 'പിടക'ങ്ങളില്‍ സംഭരിച്ചുവച്ചിരിക്കുന്നതിനാലാണ് അതിന് ഈ പേരു വന്നുകൂടിയത്. 'പിടകം', 'പിട' എന്നീ വാക്കുകള്‍ക്ക് പേടകം, കുട്ട, വട്ടി തുടങ്ങിയ അര്‍ഥങ്ങള്‍ ഉണ്ട്. പിടകങ്ങളില്‍ സംഭൃതമായ മൂന്നു ധര്‍മസംഹിതകളുടെ സമാഹാരമാണ് ത്രിപിടകം; ഈ മൂന്നു സംഹിതകള്‍ വിനയപിടകം, സൂത്രപിടകം, (പാലി : സുത്തപിടക), അഭിധര്‍മപിടകം (പാലി : അഭിധമ്മപിടക) എന്നിവയാണ്.

ആശ്രമത്തിലെ അനുഷ്ഠാനവിധികള്‍, ശിക്ഷണനിയമങ്ങള്‍ തുടങ്ങിയവ പ്രതിപാദിക്കുന്ന അഞ്ചു ഭാഗങ്ങളുണ്ട് വിനയപിടകത്തിന്. സൂത്രപിടകം ബുദ്ധന്റെ സകലധര്‍മ പ്രഭാഷണങ്ങളുടെയും സമാഹാരമാണ്. ഈ പിടകം രണ്ടു 'നികായ'ങ്ങള്‍ (സമാഹാരങ്ങള്‍) ആയി വിഭജിക്കപ്പെട്ടിരിക്കുന്നു. മൂന്നാമത്തേതായ അഭിധര്‍മപിടകമാകട്ടെ, ബുദ്ധമതത്തിന്റെ സമുന്നതമായ ദര്‍ശനത്തെയാണ് പരാമര്‍ശിക്കുന്നത്. മൂന്നു പിടകങ്ങളിലുംവച്ച് 'അഭിധര്‍മ'മാണ് ഏറ്റവും പ്രധാനം.

മതസമ്മേളനങ്ങള്‍. ബുദ്ധന്റെ നിര്‍വാണത്തിനുശേഷം ബുദ്ധഭിക്ഷുക്കളുടെയിടയില്‍ മതസിദ്ധാന്തങ്ങളുടെ വ്യാഖ്യാനവൈവിധ്യമനുസരിച്ച് ആശയസങ്കീര്‍ണതയും പ്രസ്ഥാനഭേദങ്ങളും ഉദ്ഭവിച്ചു. ഗുരുതരമായ ആശയക്കുഴപ്പങ്ങളുണ്ടാകുന്ന ഘട്ടങ്ങളിലൊക്കെ അഭിപ്രായ ഭേദങ്ങള്‍ പറഞ്ഞൊതുക്കി ധര്‍മവ്യവസ്ഥാപനം ചെയ്യുവാന്‍ സന്ന്യാസിമാര്‍ മഹാസമ്മേളനങ്ങള്‍ വിളിച്ചുകൂട്ടിയിരുന്നു. ആദ്യത്തെ മഹാസമ്മേളനം മഹാനിര്‍വാണത്തിന് ഏതാനും ആഴ്ചകള്‍ക്കുശേഷം രാജഗൃഹ (പാലി : രാജഗഹ)ത്തില്‍വച്ചു നടന്നു; രണ്ടാമത്തേത് 100 കൊല്ലത്തിനുശേഷം വൈശാലി (പാലി : വേശാലി)യില്‍വച്ചും, മൂന്നാമത്തേത് അശോകചക്രവര്‍ത്തിയുടെ ഭരണകാലത്ത് (ബി.സി. 274-232) പാടലിപുത്ര (പാലി : പാടലിപുത്ത)ത്തില്‍വച്ചും, നാലാമത്തേത് ബി.സി. 25-ല്‍ വട്ടഗമണി അഭയരാജാവിന്റെ രക്ഷാധികാരത്തില്‍ സിലോണില്‍വച്ചും. ബുദ്ധന്റെ കാലം മുതല്‍ ഏകദേശം അഞ്ഞൂറുകൊല്ലത്തോളം സന്ന്യാസിമാര്‍ ഹൃദിസ്ഥമാക്കിവച്ചിരുന്ന ത്രിപിടകം ആദ്യമായി ലിഖിതരൂപത്തിലാക്കിയത് സിലോണി(ശ്രീലങ്ക)ല്‍വച്ചു നടന്ന ഈ നാലാം സമ്മേളനത്തിലായിരുന്നു. എന്നാല്‍ രാജഗൃഹത്തില്‍വച്ചു നടന്ന പ്രഥമ സമ്മേളനത്തില്‍ തന്നെ ആദ്യത്തെ രണ്ടു പിടകങ്ങളും വ്യവസ്ഥപ്പെടുത്തിക്കഴിഞ്ഞിരുന്നു. അഭിധര്‍മപിടകമാകട്ടെ, പാരമ്പര്യവിശ്വാസപ്രകാരം, നാലാം സമ്മേളനത്തില്‍വച്ചാണ് പൂര്‍ണരൂപം പ്രാപിച്ചത് (ചില പണ്ഡിതന്മാരുടെ പക്ഷത്തില്‍ മൂന്നാം സമ്മേളനത്തില്‍ വച്ചുതന്നെ അഭിധര്‍മത്തിന് അന്തിമരൂപം സിദ്ധിച്ചുകഴിഞ്ഞിരുന്നു). ആദ്യത്തെ രണ്ടു പിടകങ്ങളിലും അഭിധര്‍മത്തെപ്പറ്റി യാതൊരു പരാമര്‍ശവുമില്ലാത്തതിനാല്‍ അത് പില്ക്കാലത്തുണ്ടായതാണെന്ന് നിസ്സംശയം തീരുമാനിക്കാം. അഭിധര്‍മം സിലോണിലാണ് ഉദ്ഭവിച്ചതെന്ന് ഒരു പക്ഷവുമുണ്ട്. എന്നാല്‍ ധര്‍മപാലന്‍, ബുദ്ധഘോഷന്‍ മുതലായ വ്യാഖ്യാതാക്കളുടെ അഭിപ്രായത്തില്‍ അഭിധര്‍മത്തിന്റെ ഒരു ഭാഗമായ 'കഥാവസ്തു' (പാലി : കഥാവത്ഥു) ബി.സി. 3-ാം ശ.-ത്തില്‍ അശോകചക്രവര്‍ത്തിയുടെ സദസ്യനായിരുന്ന ടിസ്സന്‍ രചിച്ചതാണ്. മോഗ്ഗലിപുത്രനായ ടിസ്സന്‍ നേതൃത്വം നല്കിയ പാടലിപുത്രസമ്മേളനത്തില്‍ അഭിധര്‍മത്തിന് അന്തിമരൂപം ലഭിച്ചുവെന്നാണ് അവരുടെ വാദം. എന്തായാലും അഭിധര്‍മം മറ്റു രണ്ടു പിടകങ്ങളെയും അപേക്ഷിച്ച് അര്‍വാചീനമാണെന്നതിന് തര്‍ക്കമില്ല. ശ്രീലങ്കക്കാരുടെ പാരമ്പര്യവിശ്വാസവും ഇതിന് ഉപോദ്ബലകമാണ്.

5-ാം മഹാസമ്മേളനം ഉത്തരബര്‍മയില്‍ മാന്‍ഡലയില്‍വച്ച് 1871-ല്‍ മിന്‍ഡന്‍ രാജാവിന്റെ രക്ഷാധികാരത്തില്‍ നടന്നു. ഈ സമ്മേളനത്തില്‍ ത്രിപിടകത്തിന്റെ സമഗ്രമായ സംശോധിതസംസ്കരണം നിര്‍വഹിക്കപ്പെടുകയും 729 മാര്‍ബിള്‍പ്പലകകളില്‍ അത് മുദ്രിതമാകയും ചെയ്തു. ഓരോ പിടകവും മുദ്രിതമായ മാര്‍ബിള്‍പ്പലകകളുടെ സംഖ്യ താഴെ പറയുന്നു. വിനയപിടകം: 111; സൂത്രപിടകം: 410; അഭിധര്‍മപിടകം: 208.

6-ാം സമ്മേളനം റംഗൂണില്‍വച്ച് 1954 മേയ് 17-ന് ആണ് കൂടിയത്. പണ്ഡിതന്മാരായ 2,500 ഭിക്ഷുക്കള്‍ അതില്‍ സംബന്ധിച്ചിരുന്നു. സമ്മേളന നിശ്ചയപ്രകാരം ആദ്യമായി ത്രിപിടകം അച്ചടിക്കാന്‍ തുടങ്ങുകയും 1956 മേയ് മാസത്തില്‍ ബുദ്ധന്റെ 2,500-ാം ജയന്തിദിനത്തില്‍ അതു പ്രസിദ്ധീകരിക്കുകയും ചെയ്തു.

അഭിധര്‍മപിടകം ബുദ്ധന്റെ ഉന്നതമായ ദര്‍ശനങ്ങളെയാണ് പ്രതിപാദിക്കുന്നത്. ചിന്തകന്മാര്‍ക്ക് ഇതു വളരെ രസാവഹമാണെങ്കിലും അനഭിജ്ഞന്മാര്‍ക്ക് വിരസവും ദുര്‍ഗ്രഹവുമായിത്തോന്നാം. ദര്‍ശനവും ധര്‍മശാസ്ത്രവും മനഃശാസ്ത്രവും എല്ലാം അതിലുണ്ട്. ബുദ്ധന്റെ മൌലികസിദ്ധാന്തങ്ങളെല്ലാം ക്രമാനുസൃതമായി അതില്‍ വിശദീകരിച്ചിരിക്കുന്നു. ബുദ്ധതത്ത്വങ്ങളുടെ വ്യക്തമായ ഗ്രഹണത്തിന് അഭിധര്‍മപഠനം അനിവാര്യമാണ്. അപഗ്രഥനത്തില്‍ അതിസൂക്ഷ്മവും പ്രതിപാദനത്തില്‍ സാങ്കേതികവുമാകയാല്‍ ഗുരുസഹായം കൂടാതെ അത് സമഗ്രമായി ഗ്രഹിക്കുക പ്രയാസമായിരിക്കും. അതുകൊണ്ടാണ് അഭിധര്‍മപിടകം പാശ്ചാത്യ ബുദ്ധമതാനുയായികള്‍ക്ക് മറ്റു രണ്ടു പിടകങ്ങളെയും പോലെ അഭിമതമല്ലാത്തത്.

ഉള്ളടക്കം. അഭിധര്‍മത്തിന്റെ സ്വഭാവം വ്യക്തമാക്കാന്‍ അതിലെ പ്രഥമ ഭാഗമായ 'ധര്‍മസങ്ഗനി'യുടെ പ്രാരംഭം മാത്രമുദാഹരിക്കാം; ഒരുതരം മാനസികാപഗ്രഥനമാണത്. മനുഷ്യന്റെ മനസ്സിലെ സച്ചിന്തകളുടെയും ദുശ്ചിന്തകളുടെയും അവയവസ്ഥിത ചിന്തകളുടെയും ആവിര്‍ഭാവത്തിനുള്ള പശ്ചാത്തലമെന്തെന്നുള്ള പ്രശ്നത്തോടുകൂടിയാണ് അതാരംഭിക്കുന്നത്. 56 തരം മാനസികാവസ്ഥകളുടെ ഒരു പട്ടികകൊണ്ടാണ് അതിന്റെ ഉത്തരം ആവിഷ്കരിച്ചിരിക്കുന്നത്. ചേതന, സങ്കല്പ (സങ്കല്പം), പത്ത (പ്രതിജ്ഞ), വീരിയം (വീര്യം) മുതലായവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഓരോന്നിന്റെയും സംക്ഷിപ്ത നിര്‍വചനമാണ് പിന്നാലേ വരുന്നത്. അതിസൂക്ഷ്മമായ മാനസിക ചിന്തകളെപ്പോലും ഇത്തരത്തില്‍ അപഗ്രഥിച്ചു നിര്‍വചിക്കുന്ന രീതി ബുദ്ധമതത്തിനു മുന്‍പുള്ള ഭാരതീയ സാഹിത്യത്തിലൊന്നും കാണുന്നതല്ല.

ഒരു കാലഘട്ടത്തിന്റെ യുക്തിവാദപ്രവണതയുടെ ഫലമായി ബുദ്ധമതത്തില്‍ അനേകം പ്രസ്ഥാനങ്ങളും അഭിധര്‍മകൃതികളുമുണ്ടായി. സ്ഥവിരവാദ (പാലി: തേരവാദ)മെന്നും മഹാസാംഘികമെന്നും രണ്ടു പ്രസ്ഥാനങ്ങള്‍ ഇവിടെ പ്രസ്താവാര്‍ഹമാണ്.

സ്ഥവിരവാദം യാഥാസ്ഥിതികവും, മഹാസാംഘികം വിപ്ളവാത്മകവുമാണ്. ഇന്നുള്ള അഭിധര്‍മപ്രസ്ഥാനങ്ങളില്‍ ഏറ്റവും പ്രബലമായത് ശ്രീലങ്കയിലെ സ്ഥവിരവാദപ്രസ്ഥാനമാണ്. എന്നാല്‍ ആദ്യകാലങ്ങളില്‍ മറ്റൊരു യാഥാസ്ഥിതികപ്രസ്ഥാനമായ സര്‍വാസ്തിവാദ (പാലി: സബ്ബത്ഥവാദ)ത്തിനായിരുന്നു പ്രചാരം. എല്ലാ വസ്തുക്കളുടെയും സത്തകള്‍ -- അവ പരീക്ഷണീയമോ കേവലമോ ലൌകികമോ അലൌകികമോ ആവട്ടെ -- ഉണ്ടായിരുന്നു, ഉണ്ട്, ഉണ്ടായിരിക്കും എന്നാണ് ഈ വാദത്തിന്റെ സാരം. ബുദ്ധപ്രോക്തമായ സകല സംഗതികളും യഥാര്‍ഥത്തില്‍ സ്ഥിതിചെയ്യുന്നവയാണെന്ന് വിശ്വസിക്കുന്ന യാഥാസ്ഥിതികന്മാരുടെ വാദമാണിത്. ഇതായിരുന്നു ആ കാലഘട്ടത്തിലെ അഭിധര്‍മബുദ്ധമതത്തിന്റെ സ്വഭാവം. ഇതിനെ പാടേ നിഷേധിക്കുന്നതാണ് പ്രസിദ്ധചിന്തകനായ നാഗാര്‍ജുനന്‍ വ്യവസ്ഥിതി നല്കിയ പ്രജ്ഞാപാരമിതസൂത്രങ്ങള്‍. അവ യാഥാര്‍ഥ്യത്തെ നിഷേധിച്ച് ശൂന്യവാദത്തെ സ്ഥിരീകരിക്കുന്നു.

അഭിധര്‍മപിടകത്തിലെ ധര്‍മതത്ത്വപ്രതിവാദങ്ങളായ ഭാഗങ്ങളധികവും പ്രശ്നോത്തരരൂപത്തിലുള്ളവയാണ്.

അഭിധര്‍മത്തിന് പല വ്യാഖ്യാനങ്ങളുമുണ്ടായിട്ടുണ്ട്. എ.ഡി. 5-ാം ശ.-ത്തില്‍ വിരചിതമായ വസുബന്ധുവിന്റെ അഭിധര്‍മകോശം, ബുദ്ധഘോഷന്റെ വിശുദ്ധിമഗ്ഗ (വിശുദ്ധിമാര്‍ഗം) എന്നിവയാണ് പ്രധാനം. കൂടാതെ മഹാനാമന്‍, കസ്സപന്‍, സാരിപുത്തന്‍, അനിരുദ്ധന്‍ തുടങ്ങി അനേകം വിദ്വാന്മാര്‍ അഭിധര്‍മവ്യാഖ്യാനങ്ങളെഴുതിയിട്ടുണ്ട്. ഫ്രഞ്ച് ഭാഷയിലുള്ള ഇതിന്റെ വിവര്‍ത്തനം (Abhidharma Kosa de Vasubandhu, 1924-31) നടത്തിയിരിക്കുന്നത് ലാ വല്ലി പൌസ്സിന്‍ ആണ്.

(പ്രൊഫ. പി.സി. ദേവസ്യ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍