This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്രഹാം മാര്‍ത്തോമ്മ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അബ്രഹാം മാര്‍ത്തോമ്മ (1880 - 1947)

മാര്‍ത്തോമ്മാ സുറിയാനിസഭയുടെ വികാസത്തിനും കെട്ടുറപ്പിനും വേണ്ടി അനവരതം യത്നിച്ച മെത്രാപ്പോലീത്താ.

അബ്രഹാം മാര്‍ത്തോമ്മ

മധ്യതിരുവിതാംകൂറിലെ മാരേട്ട് എന്ന പ്രധാന ക്രൈസ്തവ കുടുംബത്തില്‍ നൈനാന്റെയും ശങ്കരമംഗലത്ത് കരിക്കാട്ടു മറിയാമ്മയുടെയും ഏക പുത്രനായി 1880 ഒ. 30-ന് അബ്രഹാം ജനിച്ചു. അഞ്ചു വയസ്സുള്ളപ്പോള്‍ പിതാവ് അന്തരിച്ചു. മാതാവിന്റെ വീട്ടില്‍ മാതുലന്റെ സംരക്ഷണത്തില്‍ വളര്‍ന്നുവന്ന അബ്രഹാമിനു ആധ്യാത്മിക വിഷയങ്ങളോട് ആഭിമുഖ്യം ഉണ്ടാകത്തക്ക സാഹചര്യങ്ങള്‍ ലഭിച്ചിരുന്നു.

ഇരവിപേരൂരും വള്ളംകുളത്തും തിരുവല്ലായിലുമുള്ള സര്‍ക്കാര്‍ സ്കൂളുകളില്‍ ആദ്യകാല വിദ്യാഭ്യാസം പൂര്‍ണമാക്കിയശേഷം അബ്രഹാം കോട്ടയം എം.ഡി. സെമിനാരിയിലും തുടര്‍ന്നു സി.എം.എസ്. കോളജിലും പഠിക്കുകയുണ്ടായി. 1904-ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ചേര്‍ന്നു. അവിടെവച്ചു മലേറിയ പിടിപെട്ടതിനാല്‍ പഠിപ്പു മുടങ്ങിപ്പോയി. പിന്നീട് തൃശ്ശിനാപ്പള്ളി എസ്.പി.ജി. കോളജില്‍ ചേര്‍ന്നു. 1906-ല്‍ വീണ്ടും മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ചേരുകയും ബി.എ. ബിരുദം നേടുകയും ചെയ്തു. പഠിക്കുന്ന കാലത്ത് സല്‍സ്വഭാവത്തിനുള്ള സമ്മാനത്തിന് ഇദ്ദേഹം അര്‍ഹനായി. ബാല്യകാലം തൊട്ടേ ആധ്യാത്മിക കാര്യങ്ങ

ളില്‍ തത്പരനായിരുന്ന അബ്രഹാം, രോഗികളെയും ദുഃഖിതരേയും ആശ്വസിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു.

ഒരു ബ്രഹ്മചാരിയായി സഭാസേവനം അനുഷ്ഠിക്കാനുദ്യമിച്ചപ്പോള്‍ അബ്രഹാമിനു പല പ്രതിബന്ധങ്ങളേയും നേരിടേണ്ടിവന്നു. സഭാസേവനം ചെയ്യാന്‍ ഇദ്ദേഹം തീരുമാനിച്ചതില്‍ അമര്‍ഷംകൊണ്ട പിതാമഹന്‍, പൌത്രന് കുടുംബസ്വത്ത് നല്കുകയില്ലെന്ന് തീര്‍ത്തു പറഞ്ഞു. എങ്കിലും സഭാസേവനത്തിന് അബ്രഹാം സ്വജീവിതം അര്‍പ്പിച്ചു. 1911 ഏ. 30-ന് ഇദ്ദേഹം ശെമ്മാശുപട്ടം ഏറ്റു. അതിനുശേഷം കാനഡയിലെ ടൊറെന്റോ സര്‍വകലാശാലയിലെ വിക്ളിഫ് കോളജില്‍ ചേര്‍ന്നു ദൈവശാസ്ത്രം പഠിച്ചു. 1915-ല്‍ എം.എ., ബി.ഡി. ബിരുദങ്ങള്‍ നേടി. 1916-ല്‍ ഇദ്ദേഹം കശ്ശീശാസ്ഥാനം ഏറ്റു. കായംകുളം, കറ്റാനം, പള്ളിക്കല്‍ എന്നീ ഇടവകകള്‍ ആണ് അബ്രഹാം കശ്ശീശയുടെ ആദ്യകാല സേവനരംഗങ്ങള്‍.

1918-ല്‍ തീത്തൂസ് ദ്വിതീയന്‍ മെത്രാപ്പോലീത്തായുടെ സഹായമെത്രാനായി (സഫ്റഗന്‍) അബ്രഹാം കശ്ശീശാ വാഴിക്കപ്പെട്ടു. മാര്‍ത്തോമ്മാസഭയുടെ ആധ്യാത്മിക നവോത്ഥാനത്തിനും കെട്ടുറപ്പിനും ആവശ്യമായ പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ ഇദ്ദേഹം അനവരതം യത്നിക്കുകയും സുവിശേഷഘോഷണപരമായ സംഘടിത പ്രവര്‍ത്തനങ്ങള്‍ക്കായി മാര്‍ത്തോമ്മാസഭയെ സന്നദ്ധമാക്കുകയും ചെയ്തു. സുവിശേഷസേവികാസംഘം, സന്നദ്ധസുവിശേഷസംഘം തുടങ്ങിയ നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും ഇദ്ദേഹത്തിന്റെ പ്രേരണയും നേതൃത്വവും മൂലം ജന്മമെടുത്തു. മാരാമണ്‍ കണ്‍വെന്‍ഷനെ പ്രസിദ്ധമായ ഒരു പ്രസ്ഥാനമാക്കിത്തീര്‍ത്തതും ഇദ്ദേഹമാണ്.

1944-ല്‍ തീത്തുസ് ദ്വിതീയന്‍ അന്തരിച്ചപ്പോള്‍ അബ്രഹാം മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയായി അവരോധിക്കപ്പെട്ടു. ഒരു അനുഗൃഹീത വാഗ്മിയായിരുന്ന ഇദ്ദേഹം ഭാരതത്തില്‍ ഉടനീളം സഞ്ചരിച്ചു പ്രസംഗിക്കുകയും ജറുസലേമിലും മറ്റു വിദേശരാജ്യങ്ങളിലും പര്യടനം നടത്തുകയും ചെയ്തിട്ടുണ്ട്. 1947 സെപ്. 1-ന് ഇദ്ദേഹം നിര്യാതനായി.

(ടി. ചാണ്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍