This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബ്ദുല്‍ മാലിക് സയ്യദ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അബ്ദുല്‍ മാലിക് സയ്യദ് (1919 - 2000)
ആസാമീസ് സാഹിത്യകാരന്‍. കഥാകൃത്ത്, നാടകകൃത്ത്, കവി എന്നീ നിലകളിലെല്ലാം വിഖ്യാതനാണെങ്കിലും, ആധുനിക ആസാമീസ് നോവലിസ്റ്റുകളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഒരാള്‍ എന്ന പ്രശസ്തിയാണ് ഇദ്ദേഹത്തിന് കൂടുതലുള്ളത്. ആസാമിലെ ശിബ്സാഗര്‍ ജില്ലയില്‍പെട്ട നഹറാനി ഗ്രാമത്തില്‍ 1919 ജനു-ല്‍ ജനിച്ചു. കൊല്‍ക്കത്താ സര്‍വകലാശാലയില്‍ നിന്ന് ആസാമീസ് സാഹിത്യത്തില്‍ എം.എ. ബിരുദം നേടിയശേഷം ചില കോളജുകളില്‍ അധ്യാപകനായി ജോലി നോക്കി. ഒടുവില്‍ ഗുവഹാത്തി സര്‍വകലാശാലയില്‍ ആസാമീസ് പ്രൊഫസറായി.
ആദ്യകാലങ്ങളില്‍ ചെറുകഥയെഴുത്തുകാരനും കവിയുമെന്ന നിലയിലാണ് മാലിക് അറിയപ്പെട്ടിരുന്നത്. എന്നാല്‍ രഥചകറിഘുറേ (1958), ബോന്‍ജുയി (1958), ഛബിഘര്‍ (1958) എന്നീ നോവലുകളുടെ പ്രസിദ്ധീകരണത്തോടെ ഒരു ഒന്നാംകിട നോവലിസ്റ്റ് എന്ന യശസ്സ് ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. കാല്പനിക സമ്പ്രദായവും യഥാതഥപ്രസ്ഥാനവും ഒത്തിണക്കിക്കൊണ്ടുള്ള ഒരു നൂതന രചനാപദ്ധതിയാണ് മാലിക് തന്റെ നോവലുകളില്‍ സ്വീകരിച്ചത്. പുതിയ തലമുറയിലെ നിരവധി എഴുത്തുകാരെ ഈ രീതി ആകര്‍ഷിച്ചു. മാലിക് വീണ്ടും വീണ്ടും പരീക്ഷണത്തിന്റെ പുതിയ മേഖലകള്‍ തേടി നടന്നു; ബോധധാരാരീതിയിലും പ്രതീകാത്മകരീതിയിലും ചില നോവലുകള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ജ്യാജുരിര്‍ഘട്ട് (1960), കണ്ഡഹര്‍ (1961), അന്യ ആകാശ്, അന്യതാരാ (1962), രൂപതീര്‍ഥര്‍ ജാത്രി (1965) എന്നീ നോവലുകള്‍ മാലിക്കിന്റെ പരീക്ഷണനോവലുകളായി അറിയപ്പെടുന്നു. സമകാലികജീവിതത്തിന്റെ എല്ലാ ചലനവും ഈ നോവലുകളില്‍ കാണാന്‍ കഴിയുമെങ്കിലും അവയില്‍ ആന്തരികമായി സ്പന്ദിച്ചുകൊണ്ടിരിക്കുന്ന ദാര്‍ശനികഭാവത്തിനാണ് കൂടുതല്‍ മഹത്വം. ആസാമീസ് നോവല്‍ രംഗത്തു വളര്‍ന്നുകഴിഞ്ഞിരിക്കുന്ന എല്ലാ പ്രധാന പ്രസ്ഥാനങ്ങളുടെയും പ്രണേതാവ് എന്ന നിലയിലും മാലിക് അംഗീകൃതനായിട്ടുണ്ട്. അഹാരി ആത്മര്‍ കാഹിനി (1960), ഏകാബേകാബൂത്താ (1979) തുടങ്ങിയവയും ഇദ്ദേഹത്തിന്റെ പ്രമുഖ നോവലുകളാണ്. അഹാരി ആത്മര്‍ കാഹിനിയ്ക്ക് 1972-ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുകയുണ്ടായി. പാരസമണി, എജനിനതും സോവലി, ആബര്‍ താ മരഹാപാ എന്നീ ചെറുകഥാസമാഹാരങ്ങളും അലഹിഘര്‍ എന്ന നാടകവും ഇദ്ദേഹത്തിന്റെ നോവലുകളെപ്പോലെതന്നെ പ്രസിദ്ധങ്ങളാണ്. യാത്രാവിവരണം, സാഹിത്യനിരൂപണം, രാഷ്ട്രീയസാഹിത്യം എന്നീ ശാഖകളിലും ഇദ്ദേഹം വിജയം വരിച്ചിട്ടുണ്ട്. 2000 ഡി.-ല്‍ ഇദ്ദേഹം അന്തരിച്ചു.