This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബാക്കാ വാഴ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അബാക്കാ വാഴ

Abaca

മ്യൂസേസി (Musaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഒരിനം വാഴ. ശാ.നാ. മ്യൂസാ ടെക്സ്റ്റെലിസ് (Musa textilis). ഫിലിപ്പീന്‍സ് ദ്വീപുകളാണ് ഇതിന്റെ ജന്മദേശം. ഫിലിപ്പീന്‍സ് ദ്വീപിന്റെ തെ.ഭാഗങ്ങളിലും ബോര്‍ണിയോയുടെ വടക്കന്‍ പ്രദേശങ്ങളിലും ഇത് സമൃദ്ധമായുണ്ടാകുന്നു. എഴുപത്തഞ്ചിലധികം അബാക്കാ വാഴയിനങ്ങള്‍ ഫിലിപ്പീന്‍സില്‍ കൃഷി ചെയ്തുവരുന്നു. മാനില ഹെംപ് എന്നറിയപ്പെടുന്ന പ്രത്യേകതരം ചണം ഇതിന്റെ തണ്ടില്‍ നിന്നാണ് എടുക്കുന്നത്.


ചിരസ്ഥായി (perennial) സസ്യമായ അബാക്കാവാഴ കാഴ്ചയില്‍ ഏത്തവാഴപോലെയാണെങ്കിലും ഉയരം കുറഞ്ഞതാണ്. അറ്റം കൂര്‍ത്തിരിക്കുന്ന ഇലകള്‍ വീതികുറഞ്ഞതും 15-35 സെ.മീ. നീളമുള്ളതുമാണ്. ഇലകള്‍ നിവര്‍ന്നു വളരുന്നു. കായ്കള്‍ ഭക്ഷ്യയോഗ്യമല്ല. വിത്തുകള്‍ക്ക് കറുത്തനിറമാണ്. വിത്തുകളില്‍നിന്നും തൈകളുണ്ടാകുമെങ്കിലും ഇവ പലപ്പോഴും മുന്‍തലമുറയിലെ സസ്യങ്ങളെപ്പോലെയാകാറില്ല. അതിനാല്‍ കന്നുകളോ (sucker) പ്രകന്ദങ്ങളോ (root stock) ഉപയോഗിച്ചുത്പാദിപ്പിക്കുന്ന തൈകളാണ് കൃഷിക്കുപയോഗിക്കുന്നത്. മിതമായ ചൂടുള്ള കാലാവസ്ഥയാണ് ഇതിന് അനുയോജ്യം. ആര്‍ദ്രതയേറിയതും ധാരാളം മഴ ലഭിക്കുന്നതുമായ പ്രദേശങ്ങളാണ് ഇതിനു യോജിച്ചത്.

2-5 വര്‍ഷം പ്രായമാകുമ്പോള്‍ അബാക്കാ പൂര്‍ണവളര്‍ച്ചയെത്തുന്നു. 18 മാസം പ്രായമാകുമ്പോള്‍ ഇത് പുഷ്പിക്കുന്നു. പുഷ്പിച്ച ചെടികളുടെ തണ്ടില്‍ നിന്നാണ് മാനില ഹെംപ് ലഭിക്കുന്നത്. പുഷ്പിച്ച ചെടിയില്‍ കായ്കളുണ്ടാകുന്നതിനുമുന്‍പ് തണ്ട് (stalk) മുറിച്ചെടുക്കുന്നു. തണ്ടില്‍നിന്നും ഓരോ ഇലത്തണ്ടും (വാഴപ്പോള) റിബണ്‍പോലെ ഉരിഞ്ഞെടുക്കുന്നു. പോളയിലെ മാംസളഭാഗങ്ങള്‍ ചുരണ്ടിയും മറ്റും വൃത്തിയാക്കി നാരുകള്‍ കാറ്റത്ത് ഉണക്കിയെടുക്കുന്നു. മുന്‍കാലങ്ങളില്‍ കൈകള്‍ കൊണ്ടാണ് നാരുകള്‍ വേര്‍പെടുത്തിയെടുത്തിരുന്നത്; ഇപ്പോള്‍ യന്ത്രങ്ങളുപയോഗിച്ചും.

വിത്തുകളുണ്ടാകുമ്പോള്‍ അബാക്കാ വാഴയുടെ അഗ്രഭാഗം നശിച്ചുപോകുന്നു. താമസിയാതെ ഇതിന്റെ കാണ്ഡത്തില്‍നിന്ന് പുതിയ തൈകള്‍ മുളച്ചു വളരുന്നു.

മാനില ഹെംപിനു ഉപ്പുവെള്ളത്തോടുള്ള പ്രതിരോധ ശക്തിയും അതിന്റെ വര്‍ധിച്ച ബലവും കാരണം കടലിലെ ഉപയോഗങ്ങള്‍ക്ക് ആവശ്യമാകുന്ന പലതും ഉണ്ടാക്കുന്നതിന് ഇതുപയോഗിക്കുന്നു. ചാക്കുകള്‍, മെത്തകള്‍, ബലം കൂടുതലുള്ള പേപ്പറുകള്‍, കരകൌശലസാധനങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിലും ഈ ചണം ഉപയോഗപ്പെടുത്തുന്നുണ്ട്. പഴകി ദ്രവിച്ചുതുടങ്ങിയ ഹെംപില്‍ നിന്നാണ് സുപ്രസിദ്ധമായ 'മാനില പേപ്പര്‍' ഉണ്ടാക്കുന്നത്.


കുറുനാമ്പുരോഗം (Bunchy top disease), വാടല്‍ (Wilt) എന്നിവയാണ് ഇതിനുണ്ടാകുന്ന പ്രധാന രോഗങ്ങള്‍. കുറുനാമ്പുരോഗം വൈറസ് മൂലവും, വാടല്‍ ഫംഗസ് മൂലവുമാണുണ്ടാകുന്നത്. വാഴകള്‍ക്കു നേരിടേണ്ടിവരുന്ന പല രോഗങ്ങളേയും ചെറുത്തുനില്ക്കാന്‍ അബാക്കാവാഴയ്ക്കു കഴിവുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍