This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപൂര്‍വം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അപൂര്‍വം

പൂര്‍വമീമാംസാദര്‍ശനത്തില്‍ കര്‍മത്തിനും തദ്ഫലത്തിനും തമ്മിലുള്ള കാര്യകാരണബന്ധം ഉപപാദിക്കുന്നതിനുവേണ്ടി സ്വീകരിച്ചിട്ടുള്ള ഒരു സങ്കേതം. സ്വര്‍ഗം ആഗ്രഹിക്കുന്നവന്‍ 'ജ്യോതിഷ്ടോമം' എന്ന യാഗം ചെയ്യണം എന്ന് ശ്രുതിയില്‍ ഒരു വിധിയുണ്ട്. വിധിപ്രകാരം ഈ യാഗം അനുഷ്ഠിച്ചുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സ്വര്‍ഗപ്രാപ്തി ഉണ്ടാകുന്നതായി കാണുന്നില്ല. അതായത് കര്‍മത്തിന്റെ പരിസമാപ്തിയില്‍ അതിന്റെ ഫലം പൊടുന്നനെ ഉദ്ഭവിക്കുന്നില്ല. അങ്ങനെയിരിക്കെ ചെയ്യപ്പെടുന്ന കര്‍മത്തേയും (കാരണം) ലഭിക്കേണ്ടതായ ഫലത്തേയും (കാര്യം) തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഒരു പുതിയ സങ്കല്പം കൂടാതെ കഴിയുകയില്ല. അതാണ് 'അപൂര്‍വം' എന്ന പേരില്‍ മീമാംസകന്‍മാരാല്‍ വ്യവഹരിക്കപ്പെടുന്നത്. കര്‍മത്തിനും ഫലത്തിനും ഇടയ്ക്ക് അപൂര്‍വം എന്ന ഒന്ന് പുതിയതായി സംഭവിക്കുന്നു എന്നും നിര്‍ദിഷ്ടഫലം സിദ്ധിക്കുന്നതോടുകൂടി അതു നശിക്കുന്നു എന്നുമാണ് അവര്‍ സിദ്ധാന്തിക്കുന്നത്. അര്‍ഥാപത്തി എന്ന പ്രമാണത്തെ ആസ്പദമാക്കി അപൂര്‍വത്തെ അവര്‍ സമര്‍ഥിക്കുന്നു. 'പൊണ്ണനായ ദേവദത്തന്‍ പകല്‍ ഉണ്ണുന്നില്ല' എന്ന പ്രസ്താവനയിലെ 'പൊണ്ണത്തം' മറ്റൊരു തരത്തില്‍ സംഭവിക്കാത്തതിനാല്‍ ദേവദത്തന്‍ രാത്രിയില്‍ ഉണ്ണുന്നു എന്നു സമര്‍ഥിക്കുന്നത് അര്‍ഥാപത്തി പ്രമാണംകൊണ്ടാണ്. അതുപോലെ കര്‍മാവസാനത്തില്‍ അനിവാര്യമായ നിര്‍ദിഷ്ടഫലം ഉടന്‍ ഉദിക്കുന്നില്ലെങ്കിലും 'അപൂര്‍വം' സംഭവിക്കുന്നു എന്ന് ആ പ്രമാണം കൊണ്ട് സ്ഥാപിപ്പിക്കപ്പെടുന്നു.

യാഗങ്ങളിലെ അംഗങ്ങള്‍ ഓരോന്നും വെവ്വേറെ അപൂര്‍വങ്ങളെ ഉണ്ടാക്കുന്നതായി വിചാരിക്കേണ്ടിയിരിക്കുന്നു. അവയ്ക്കു 'അംഗാപൂര്‍വങ്ങള്‍' എന്നാണ് പേര്. മുഖ്യമായ അപൂര്‍വത്തെ ആവിഷ്കരിക്കുന്നതോടുകൂടി ഈ അംഗാപൂര്‍വങ്ങള്‍ തിരോഭവിക്കുന്നു. കറുത്തവാവിലും വെളുത്തവാവിലും (ദര്‍ശപൂര്‍ണം; പൌര്‍ണമി) വെവ്വേറെ അനുഷ്ഠിക്കപ്പെടുന്ന കര്‍മങ്ങള്‍ ഒന്നുചേര്‍ന്നു 'സമുദായാപൂര്‍വം' ഉദ്ഭവിക്കുന്നു. സമുദായാപൂര്‍വവും ഫലത്തോളം നീണ്ടുനില്ക്കുന്ന മുഖ്യാപൂര്‍വത്തെ ഉളവാക്കിക്കഴിഞ്ഞാല്‍ സ്വയം തിരോഭവിക്കുന്നു.

വിഹിത കര്‍മങ്ങള്‍ക്കെന്നപോലെ നിഷിദ്ധകര്‍മങ്ങള്‍ക്കും അപൂര്‍വത്തെ ജനിപ്പിക്കുന്നതിനു ശക്തിയുണ്ട്. പുണ്യം അല്ലെങ്കില്‍ സുകൃതം, പാപം അല്ലെങ്കില്‍ ദുഷ്കൃതം എന്നിവ യഥാക്രമം വിഹിതവും നിഷിദ്ധവുമായ കര്‍മങ്ങള്‍ക്കുണ്ടാകുന്ന അപൂര്‍വങ്ങളാണ്.


(എം.എച്ച്. ശാസ്ത്രികള്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍