This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്‍ഡ്രാഡ ഇ സില്‍വ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്‍ഡ്രാഡ ഇ സില്‍വ (1763 - 1838)

Andrada E Silva


ബ്രസീലിലെ രാജ്യതന്ത്രജ്ഞനും ശാസ്ത്രകാരനും. പൂര്‍ണമായ പേര് അന്‍ഡ്രാഡ ഇ സില്‍വ, ജോസ് ബോണി ഫാസിയോ ദെ എന്നാണ്. ആധുനിക ബ്രസീലിന്റെ പിതാവായ ഇദ്ദേഹം 1763 ജൂണ്‍ 13-ന് സാന്റന്റോസില്‍ (ബ്രസീല്‍) ജനിച്ചു. പോര്‍ത്തുഗലിലെ കോയിംബ്രാ സര്‍വകലാശാലയില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടി. ഭൂഗര്‍ഭശാസ്ത്രവകുപ്പില്‍ പ്രൊഫസറായും ലിസ്ബണ്‍ അക്കാദമിയുടെ സ്ഥിരം കാര്യദര്‍ശിയായും ജോലി നോക്കി. 1790-മുതല്‍ 1800-വരെ പോര്‍ത്തുഗീസ് ഗവണ്‍മെന്റിന്റെ കീഴില്‍ യൂറോപ്പില്‍ ശാസ്ത്രഗവേഷണം നടത്തി. അതിനിടയില്‍ സ്വീഡനില്‍നിന്ന് അന്നുവരെ അറിയപ്പെടാതിരുന്ന അനേകം ധാതുക്കള്‍ കണ്ടുപിടിച്ച് വിജ്ഞാനി എന്ന നിലയില്‍ പ്രസിദ്ധി നേടി. 1819 വരെ പോര്‍ത്തുഗലില്‍ കഴിഞ്ഞു. 56-ാമത്തെ വയസ്സില്‍ (1819) ബ്രസീലില്‍ മടങ്ങിയെത്തി, അവിടത്തെ സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ സജീവമായ പങ്കു വഹിച്ചു. ഡോം പെദ്രോ I-ാമന്റെ (1798-1834) കീഴില്‍ ആഭ്യന്തരകാര്യം, വിദേശകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായി. ഒരു റിപ്പബ്ളിക്കിനെക്കാള്‍ ഭരണഘടനാധിഷ്ഠിതമായ രാജാധിപത്യത്തിലായിരുന്നു അന്‍ഡ്രാഡ വിശ്വസിച്ചിരുന്നത്. ഇതിലേക്ക് സമാധാനപരവും രക്തരഹിതവുമായ മാര്‍ഗങ്ങളായിരുന്നു ഇദ്ദേഹം അവലംബിച്ചത്. ഇതിന്റെ ഫലമായി ബ്രസീലില്‍ 1822-ല്‍ നിയന്ത്രിത രാജവാഴ്ച നിലവില്‍ വന്നു. അന്‍ഡ്രാഡയുടെ ലിബറല്‍ നയങ്ങള്‍ രാജാവിന് ഇഷ്ടപ്പെടാഞ്ഞത് നിമിത്തം ഇദ്ദേഹവും സഹോദരന്‍മാരും (അന്റോണിയോ, മാര്‍ട്ടിം) 1823-ല്‍ ഫ്രാന്‍സിലേക്കു നാടുകടത്തപ്പെട്ടു. 1829-ല്‍ ഇദ്ദേഹത്തിനു നാട്ടില്‍ മടങ്ങിയെത്താന്‍ അനുവാദം നല്കപ്പെട്ടു. 1831-ല്‍ ഇദ്ദേഹം ആറു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന പെദ്രോ II-ാമന്റെ അധ്യാപകനും രക്ഷകര്‍ത്താവുമായി. പെദ്രോ II-ാമന് (1825-91) ബ്രസീലില്‍ ജനാധിപത്യരീതിയില്‍ ഭരിക്കാന്‍ കഴിഞ്ഞത് അന്‍ഡ്രാഡയുടെ ശിക്ഷണഫലമായിട്ടായിരുന്നു. നിരവധി ശാസ്ത്രലേഖനങ്ങളും കവിതകളും അന്‍ഡ്രാഡ രചിച്ചിട്ടുണ്ട്. 1838 ഏ. 6-ന് ബ്രസീലിലെ നിക്തറോയി(Nictheroi)യില്‍ വച്ച് ഇദ്ദേഹം അന്തരിച്ചു.


ഇദ്ദേഹത്തിന്റെ ഇളയസഹോദരനായിരുന്നു അന്‍ഡ്രാഡ മക്കാഡോ ഇ സില്‍വ അന്റോണിയോ കാര്‍ലോസ് ദെ (1773-1845). 'ബ്രസീലിലെ മിരാബോ' എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ബ്രസീല്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നേതാവും പെദ്രോ II-ാ മന്റെ മന്ത്രിയുമായിരുന്നു. ബ്രസീലില്‍ സെനറ്റംഗമായിരിക്കവേ അദ്ദേഹം നിര്യാതനായി (1845). നോ: ബ്രസീല്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍