This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്തോസോവ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
അന്തോസോവ
Anthozoa
സീലന്ററേറ്റ (Coelenterata) ഫൈലത്തിലെ കടല്‍-ആനിമോണുകള്‍ (Sea-anemones), കോറലുകള്‍ (Corals) എന്നീ ജലജീവികള്‍ ഉള്‍പ്പെടുന്ന ജന്തുവര്‍ഗം. അന്തോസോവ എന്ന വാക്കിന് 'പുഷ്പാകൃതിയുള്ള ജന്തുക്കള്‍' എന്നാണര്‍ഥം. ഒറ്റയായോ സംഘമായോ എവിടെയെങ്കിലും പറ്റിപ്പിടിച്ചു ജീവിക്കുന്ന സമുദ്രജീവികളാണ് ഇവയെല്ലാം. കടല്‍ത്തീരത്തിനടുത്ത് പാറക്കഷണങ്ങളിലും മറ്റും പറ്റിപിടിച്ചു പലനിറത്തോടൂകൂടി പുഷ്പങ്ങള്‍ വിരിഞ്ഞുനില്‍ക്കുന്നതുപോലെ കാണപ്പെടുന്ന കടല്‍-ആനിമോണുകള്‍, പവിഴപ്പുറ്റുകള്‍ (corals), കടല്‍വിശറികള്‍ (Sea fans), കടല്ത്തൂവലുകള് (Sea feathers) എന്നിവയെല്ലാം ഈ ജന്തുവര്‍ഗത്തില്‍ ഉള്‍പ്പെടുന്നു.
അവയവ ഘടന
അടിസ്ഥാനപരമായി ഒരു അച്ചുതണ്ടിനു ചുറ്റും വിന്യസിച്ചിരിക്കുന്ന ശരീരഭാഗങ്ങളാണ് ഇവയ്ക്കുള്ളത്. ഇതിന് ത്രിജ്യതാ-സമമിതി (radial symmetry) എന്നു പറയുന്നു. ഈ സമമിതി പല വിധത്തില്‍ രൂപാന്തരപ്പെട്ടിരിക്കുന്നു. ഒരു വൃത്തസ്തംഭത്തിന്റെ ആകൃതിയാണ് ശരീരത്തിനുള്ളത്. ഇതിന്റെ ഒരറ്റം സ്വതന്ത്രമായും മറ്റേയറ്റം എവിടെയെങ്കിലും പറ്റിപ്പിടിച്ചും ഇരിക്കുന്നു. സ്വതന്ത്രാഗ്രം ഒരു വദനഫലകമായി (oral disc) വികസിച്ചിരിക്കുന്നു. ഈ ഭാഗത്ത് മധ്യത്തിലായി ഒരു വിടവുപോലെ വായ് സ്ഥിതിചെയ്യുന്നു. ഇതിനു ചുറ്റും പൊള്ളയായ ഗ്രാഹികള്‍ കാണാം. ചില അന്തോസോവകളില് ഒരു ഗുദ-ദ്വാരം (anal pore) കാണുന്നുണ്ടെങ്കിലും സാധാരണയായി ഗുദം (anus) ഈ ജീവികളില്‍ കാണാറില്ല. വായില്‍നിന്നും തൊണ്ടയ്ക്കു തുല്യമായ ഒരു പരന്ന കുഴല്‍ ഉള്‍ഭാഗത്തേക്കു നീണ്ടുപോകുന്നു. ഇത് ഗ്രസനി (pharynx) എന്ന പേരില്‍ അറിയപ്പെടുന്നു. ഗ്രസനി സീലന്ററോണ് (coelenteron) എന്ന ശരീരഗുഹികയിലേക്കു തുറക്കുന്നു. ഗ്രസനിയോട് ചേര്‍ന്ന് ഒന്നോ രണ്ടോ സിലിയാമയ-പാത്തികള്‍ കാണപ്പെടുന്നു. സൈഫണോഗ്ളീഫ് (syphonoglyph) എന്നറിയപ്പെടുന്ന ഈ പാത്തികള്‍ സീലന്ററോണിനുള്ളിലേക്ക് ജലം പമ്പുചെയ്യാന്‍ സഹായിക്കുന്നു. ഗ്രസനി ഉള്ളില്‍ ഒരു നാളിയിലേക്കാണ് തുറക്കുന്നത്. ഈ നാളിയും ശരീരഭിത്തിയുമായി ലംബമാനമായ അനവധി ഉള്‍ഭിത്തികള്‍ (mesen-teries) മൂലം ബന്ധിച്ചിരിക്കുന്നു. ഈ ഉള്‍ഭിത്തികള്‍ സീലന്ററോണിനെ അനവധി അറകളായി തിരിക്കുന്നു.
വദനഫലകത്തിനു ചുറ്റുമായി കാണുന്ന ഗ്രാഹികള്‍ ആഹാരസമ്പാദനത്തിനും പ്രതിരോധത്തിനുമായാണ് ഉപയോഗപ്പെടുത്തുന്നത്. ഇവയെ വികസിപ്പിക്കുവാനും ചുരുക്കുവാനും സാധിക്കും. ഗ്രാഹികളില്‍ കാണുന്ന അസംഖ്യം സൂക്ഷ്മദംശകോശികകള് (nematocysts) ആണ് പ്രതിരോധകായുധങ്ങളായി പ്രവര്‍ത്തിക്കുന്നത്. വിഷലിപ്തമായ ഈ ദംശകോശികള്കൊണ്ടുള്ള കുത്ത് സൂക്ഷ്മജീവികളെ കൊന്നുകളയുകയോ ഓടിച്ചകറ്റുകയോ ചെയ്യുന്നു.[[Image:
പരിണാമപരമായി താഴ്ന്ന നിലവാരത്തിലുള്ള ശരീരഘടനയാണ് ഇവയ്ക്കുള്ളത്. ബാഹ്യചര്‍മവും (ectoderm), ദഹനക്രിയയെ സഹായിക്കുന്ന അന്തശ്ചര്മവും (endoderm) ചേര്‍ന്ന രണ്ടു പാളികള്‍കൊണ്ടാണ് ശരീരം നിര്‍മിച്ചിരിക്കുന്നത്. ഈ രണ്ടുപാളികളെയും ജല്ലിപോലെയുള്ള മീസോഗ്ളിയ (Mesogloea) എന്ന ഒരു സ്തരം വേര്‍തിരിക്കുന്നു. സീലന്ററേറ്റയിലെ മറ്റു വര്‍ഗങ്ങളായ ഹൈഡ്രോസോവ (Hydrozoa), സ്കൈഫോസോവ (Scyphozoa) എന്നിവയിലെക്കാള് കോശമയമാണ് അന്തോസോവയില് കാണപ്പെടുന്ന മീസോഗ്ളിയയുടെ ഘടന. ഇതിന് ഘടനാപരമായി സംയോജനകല(connective tissue)യുമായാണ് സാദൃശ്യമുള്ളത്.
മിക്ക അന്തോസോവകളിലും വലിയ തോതില്‍ സഞ്ചാര സ്വാതന്ത്ര്യം കാണാറില്ല. ഗ്രാഹികളുടെ ചലനത്താലും ശരീരത്തിന്റെ വികാസ-സങ്കോചങ്ങളാലും ആണ് ഇവ സഞ്ചരിക്കാറുള്ളത്. വിവിധ ആഹാരരീതികളുണ്ടെങ്കിലും അന്തോസോവകള് മൊത്തത്തില്‍ മാംസാഹാരികളാണ്.
നാഡീവ്യൂഹം, രക്തപര്യയനവ്യൂഹം, വിസര്ജനേന്ദ്രിയങ്ങള് എന്നിവ ഇവയില്‍ കാണാറില്ല. ശരീരകോശങ്ങള്‍ പൊതുവേ ഈ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നു.
ബീജകോശങ്ങള്‍ അന്തച്ഛര്മത്തില് നിന്നാണുടലെടുക്കുന്നത്. വളര്‍ച്ചയെത്തിയ ബീജകോശങ്ങള്‍ സ്വതന്ത്രമായി വായ്ദ്വാരം വഴി വെളിയിലേക്കു നീങ്ങുകയോ ഉള്ളില്വച്ചു തന്നെ ബീജസങ്കലനവിധേയമാകുകയോ ചെയ്യുന്നു. സീലന്ററേറ്റയുടെ മറ്റു വിഭാഗങ്ങളിലേതുപോലെ ഇവിടെയും ബീജസങ്കലനത്തിനുശേഷം പ്ളാനുല (Planula) എന്ന ലാര്‍വ ഉണ്ടാകുന്നു. ഒരു സ്വതന്ത്രജീവിതത്തിനുശേഷം എവിടെയെങ്കിലും പറ്റിപ്പിടിച്ച് ഇവ വളര്‍ച്ച മുഴുമിപ്പിക്കുകയാണ് പതിവ്.
വര്‍ഗീകരണം
അന്തോസോവയെ രണ്ട് ഉപവര്‍ഗങ്ങളായി തിരിച്ചിരിക്കുന്നു.
1. ആല്സിയൊണേറിയ (ഒക്ടോകൊറേലിയ)
2. സൊവാന്തേറിയ (ഹെക്സാകൊറേലിയ)
ആല്സിയൊണേറിയ
Alcyonaria
സംഘജീവികള്‍. ഓരോന്നും താരതമ്യേന ചെറിയവയാണ്. പവിഴപ്പുറ്റു നിരയിലെ ഒരു പ്രധാന ഘടകമാണിത്. ഒരു മാതൃകാംഗത്തില് 8 ഗ്രാഹികളും 8 ഉള്‍ഭിത്തികളും ഉണ്ട്. ഗ്രാഹികള്‍ തൂവല്മാതിരിയുള്ള പാര്ശ്വഭാഗങ്ങളോടുകൂടിയവാണ്. തൊണ്ടയുടെ ഒരു കോണില്‍, നീളത്തില്‍ സിലിയാമയമായ ഒരു പാത്തി (siphonoglyph)യുണ്ട്. അവയിലെ സിലിയകളുടെ പ്രവര്‍ത്തനംമൂലം തൊണ്ടയില്കൂടെ തുടര്‍ച്ചയായി ഉള്ളിലേക്ക് ജലം ഒഴുകും. തൊണ്ടയുടെ പാത്തിയില്ലാത്ത കോണിന്റെ ഭാഗത്തുള്ള രണ്ടു വലിയ ഭിത്തികളിലെ സിലിയകളുടെ പ്രവര്‍ത്തനം മൂലം ജലം പുറത്തേക്കു പൊയ്ക്കൊണ്ടിരിക്കും. മറ്റ് 6 ഭിത്തികള്‍ ചെറുതും പല ദഹന ഗ്രന്ഥികോശങ്ങളുള്ളവയും ജനനേന്ദ്രിയങ്ങളെ വഹിക്കുന്നവയുമായിരിക്കും. ഈ ജീവികളുടെ മുട്ടകള്‍ പ്ളാനുല എന്ന ലാര്വയാകുകയും കാലക്രമത്തില്‍ എവിടെയെങ്കിലും പറ്റിപ്പിടിച്ച് ജീവിതം ആരംഭിക്കുകയും ചെയ്യുന്നു. ഒരു പ്രത്യേക രീതിയില്‍ പുതിയ മൊട്ടുകള്‍ ഉദ്ഭവിപ്പിച്ച് പല രൂപഭേദങ്ങളിലൂടെ വളര്‍ച്ച മുഴുമിപ്പിക്കുന്ന ഇവ കാലപ്പഴക്കത്തില്‍ ഒരു സംഘജീവിയായിത്തീരുന്നു. പ്രാണിയില്‍നിന്നും കുഴല്‍രൂപത്തില്‍ പാര്‍ശ്വങ്ങളിലേക്കു വളരുന്ന സ്കന്ദങ്ങളില്‍ (solenia) നിന്നായിരിക്കും മൊട്ടുകള്‍ ആവിര്‍ഭവിക്കുക. ഈ സ്കന്ദങ്ങള്‍ അന്തശ്ചര്മം കൊണ്ടുള്ളതാണ്. ഇവ സംഘജീവികളുടെ പൊള്ളയായ ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ഒന്നാക്കിത്തീര്‍ക്കുന്നു. പ്രാണികള്‍ വളരുന്നതോടുകൂടി ഉള്ളില്‍ അസ്ഥികൂടം സ്രവിക്കപ്പെടുന്നു. അങ്ങനെ സംഘജീവികള്ക്ക് മൊത്തമായി വലിയ ഒരു അസ്ഥികൂടം ഉണ്ടാകുന്നു. ചില ജീവികളില്‍ അസ്ഥികൂടത്തിന്റെ സ്ഥാനത്ത് നിരവധി സ്വതന്ത്ര കണ്ഡികകള്‍ (spicules) കാണാം. അന്തോസോവകളില് ബഹുരൂപത (polymorphism) പ്രദര്‍ശിപ്പിക്കുന്നത് ആല്സിയൊണേറിയ മാത്രമാണ്. ഈ ഭിന്നാംഗങ്ങളില് ഒരിനം (Gastro-zooids) ആഹാര പ്രക്രിയ നടത്തുകയും, മറ്റൊരിനം (Siphono-zooids) സംഘജീവിയുടെ ഉള്ളിലും സ്കന്ദങ്ങളിലും കൂടെ ജലപ്രവാഹത്തെ നയിക്കുകയും ചെയ്യുന്നു. ആദ്യത്തെ ഇനം മേല്‍വിവരിച്ച ശരീരഘടനയുള്ളവയാണ്. രണ്ടാം ഇനത്തിന്റെ തൊണ്ടയുടെ പാത്തി ഒഴിച്ചുള്ള ശരീരഭാഗങ്ങളില്‍ വലിയ ലഘൂകരണം നടന്നിരിക്കുന്നു.
ജീവിച്ചിരിക്കുന്ന ആല്സിയൊണേറിയ പല വിഭാഗങ്ങളില്‍പ്പെടുന്നു.
സ്റ്റൊളോണിഫെറ
Stolonifera
ഇതിലെഅംഗങ്ങള്ക്കെല്ലാംകൂടെഒരുപൊതുകല(coenosarc)ഇല്ല.അംഗങ്ങള്‍ ഇഴഞ്ഞുവളരുന്ന സ്റ്റോളനില് (Stolen) നിന്നും ഒറ്റയൊറ്റയായി ഉദ്ഭവിച്ച് ലംബമാനമായി വളരുന്നു. സ്റ്റോളന്റെ ഉള്ളിലുള്ള സ്കന്ദങ്ങള്‍ കൊണ്ട് അംഗങ്ങള്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കും. അസ്ഥികൂടം ചോക്കു പോലുള്ളതും കണ്ഡികയുടെ ആകൃതിയുള്ളതുമായിരിക്കും.
റ്റെലസ്റ്റേഷിയ
Telestacea
ചുവട്ടിലുള്ള സ്റ്റോളനില് നിന്നും മുളയായി ഉദയം ചെയ്യുന്ന ആദ്യത്തെ അംഗങ്ങള്‍ ലംബമാനമായി വളര്‍ന്നുയരുന്നു.തുടര്‍ന്ന് അവയുടെ പാര്‍ശ്വങ്ങളില്‍ മറ്റംഗങ്ങള്‍ ഉണ്ടാകുന്നു. കണ്ഡികയുടെ രൂപത്തിലുള്ള അസ്ഥികൂടങ്ങള്‍ കുറെയൊക്കെ ബന്ധിക്കപ്പെട്ടിരിക്കുന്നു.
ആല്സിയൊണേഷിയ
Alcyonacea
സോഫ്റ്റ് കോറല്‍സ്. മാംസളമായ ഒരു പൊതുകലയില്‍ നിന്നും അംഗങ്ങള്‍ തള്ളിനില്ക്കുന്നു. ഈ പൊതുകല പല ജീവികളില്‍ പല ആകൃതിയിലായിരിക്കും.
സീനോതിക്കേലിയ
Coenothecalia
നീലപ്പവിഴം. ഇതിന്റെ ഘനമായ അസ്ഥികൂടത്തില്‍ ലംബവും സമാന്തരവുമായി മുകളിലേക്കു മാത്രം തുറന്നിരിക്കുന്ന നിരവധി കുഴലുകള്‍ ഉണ്ട്. ഇവ രണ്ടു വലുപ്പത്തിലാണ്. വലുതില്‍ അംഗങ്ങളുടെ ചുവടുഭാഗംഇരിക്കുന്നു.ചെറുത് എണ്ണത്തില്‍ വളരെ കൂടുതലുള്ളതും ഉള്ളില്‍ വലപോലെ സ്കന്ദങ്ങളുള്ളതുമാണ്. അസ്ഥികൂടത്തിന്റെ ഉപരിതലത്തില്‍ പൊതുകല സ്ഥിതിചെയ്യുന്നു. ഇതില്‍നിന്നുമാണ് സ്കന്ദങ്ങള്‍ ഉദ്ഭവിക്കുന്നത്. ഈ സ്കന്ദങ്ങള്‍ അംഗങ്ങളുടെ മധ്യഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. നേരത്തെ പറഞ്ഞ സ്കന്ധങ്ങള്‍ ഇവയില്‍നിന്നും കീഴോട്ട് വളര്‍ന്നു നില്ക്കുന്നവയാണ്.
ഗോര്ഗൊണേഷിയ
Gorgonacea
ഹോണീ (horney) കോറലുകള്‍-കടല്‍ചാട്ട, കടല്തൂവല്, കടല്‍വിശറി മുതലായവ. സാധാരണ ഗോര്ഗൊണിന് (gorgonian) എന്ന കടുപ്പമുള്ള സാധനംകൊണ്ട് അസ്ഥികൂടം സൃഷ്ടിക്കുന്നു. ചുവട്ടിലുള്ള സ്റ്റോളനില് നിന്നും ലംബമാനമായി ചെടികളെപ്പോലെയോ, തുവല്‍, വിശറി മുതലായവയെപ്പോലെയോ വളരുന്നു. ഇവയുടെ തണ്ടുപോലുള്ള (stem) ഭാഗങ്ങളുടെ ഉള്ളിലാണ് അസ്ഥികൂടം കാണപ്പെടുന്നത്. ഇതിനെ ചുറ്റി ഒരു പൊതുകലയുണ്ട്; ഇതില്‍ നിറയെ സ്കന്ധങ്ങളും. തണ്ടിന്റെ അക്ഷത്തിനു ലംബമായി അംഗങ്ങള്‍ വളര്‍ന്ന് പുറത്തേക്കു തള്ളിനില്ക്കുന്നു. സ്കന്ദങ്ങള്‍ ഈ അംഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു.
പെന്നാറ്റുലേഷിയ
Pennatulacea
കടല്പേനകള്. മാംസളമായ സംഘജീവികളാണ് ഇവയെല്ലാം. പ്രധാനമായ അംഗം വളരെ നീളത്തില്‍ വളര്‍ന്ന് സംഘജീവിയുടെ ഒരു ഞെട്ട് പോലെ നില്ക്കുന്നു. അതിന്റെ ഇരുപാര്‍ശ്വങ്ങളിലും മറ്റംഗങ്ങള്‍ വളരുന്നു. ചിലതില്‍ രണ്ടാമത് പറഞ്ഞതരം അംഗങ്ങള്‍ പ്രധാനാംഗത്തിന്റെ എല്ലാ വശത്തേക്കും വളര്ന്നുനില്ക്കുന്നതു കാണാം. പ്രധാനാംഗത്തിന്റെ മധ്യത്തിലാണ് അസ്ഥികൂടം സ്ഥിതിചെയ്യുന്നത്. മറ്റംഗങ്ങള്‍ മേല്‍ വിവരിച്ചമാതിരി രണ്ടുതരമാണ് - ആഹാരപ്രക്രിയ നടത്തുന്നവയും ജലപ്രവാഹത്തെ നയിക്കുന്നവയും.
സൊവാന്തേറിയ
Zoantharia
ഗ്രാഹികളും (tentacles) ഉള്‍ഭിത്തികളും വളരെ അധികമായിരിക്കും (ഒരിക്കലും 8 ആയിരിക്കയില്ല). ഗ്രാഹികള്‍ ലഘുവും കമ്പിളിനാരങ്ങയുടെ അല്ലികളോട് സാദൃശ്യമുള്ളവയുമാണ്. തൊണ്ടയുടെ രണ്ടു കോണുകളിലും പാത്തി കാണപ്പെടുന്നു. സൊവാന്തേറിയ ഭിന്നജാതീയമായ (heterogeneous) ഒരു വിഭാഗമാണ്. ഇവയെ 5 വര്‍ഗങ്ങളായി തിരിച്ചിരിക്കുന്നു.
ആക്റ്റിനിയേറിയ
Actiniaria
കടല്‍ പുഷ്പങ്ങള്‍. സംഘജീവികള്‍ അല്ല. ഇവയില്‍ അസ്ഥികൂടങ്ങള്‍ കാണപ്പെടുന്നില്ല., കല്ലുകളിലോ, സഞ്ചരിക്കുന്ന മറ്റു ജീവികളില്‍ പറ്റിപ്പിടിച്ചോ, മണ്ണ് തുരന്ന് അതിലോ ആണ് സാധാരണ ജീവിക്കുന്നത്. പറ്റിപ്പിടിച്ചിരിക്കുമെങ്കിലും നിരങ്ങി നീങ്ങുവാന്‍ കഴിയുന്നു. ശരീരം വൃത്തസ്തംഭാകൃതിയിലുള്ളതാണ്.
മാഡ്രിപൊറേറിയ
Madriporaria
മാതൃകാപവിഴപ്പുറ്റ്. സ്റ്റോണീ (stony) കോറല്‍സ്. കൂടുതലും സംഘജീവികള്‍. അംഗങ്ങള്‍ കടല്‍ പുഷ്പങ്ങളെപ്പോലിരിക്കും. പക്ഷേ നിരങ്ങിനീങ്ങുവാന് കഴിവില്ല. ഓരോ അംഗവും കപ്പിന്റെ ആകൃതിയിലുള്ള ഒരു അസ്ഥികൂടം സ്രവിച്ച് അതിനകത്തിരിക്കുന്നു. കപ്പിന്റെ ഉള്ളില്‍ നിന്നും ജീവിയുടെ ഉള്‍ഭിത്തികളുടെ മധ്യഭാഗത്തേക്ക് അസ്ഥികൂടം തള്ളിനില്ക്കും (sclerosepta). എല്ലാ ജീവികളുടെയും അസ്ഥികൂടം ഒന്നിച്ചിരിക്കയാല് വളരെ വിസ്തൃതമായിരിക്കും. പഴയ ജീവികളില്‍ പുതിയ മുളകള്‍ ആവിര്‍ഭവിച്ച് വളര്‍ന്നാണ് വലിയ സംഘജീവികളായിത്തീരുന്നത്. കടലില്‍ പലയിടങ്ങളിലും കാണുന്ന പവിഴപ്പുറ്റുനിരകള്‍ പ്രധാനമായും മാതൃകാപവിഴപ്പുറ്റുകളെക്കൊണ്ട് ഉണ്ടായവയാണ്.സൊവാന്തിഡിയ
Zoanthidia
മിക്കവയും സംഘജീവികള്‍. അസ്ഥികൂടം ഇല്ല. അംഗങ്ങള്‍ ഏറെക്കുറെ പുഷ്പജീവികളുടേതുപോലിരിക്കും. സംഘജീവികള്‍ സ്കന്ദങ്ങള്‍ കൊണ്ടോ ചുവട്ടിലുള്ള പൊതുകലകൊണ്ടോ ബന്ധിക്കപ്പെട്ടിരിക്കുന്നു. കനമായ പൊതുകലയില്നിന്നും അംഗങ്ങളുടെ മുഖഭാഗം (oral end) മാത്രം പുറത്തേക്ക് തള്ളിനില്ക്കും.
ആന്റിപതേറിയ
Antipatharia
കരിംപവിഴം അഥവാ മുള്പവിഴം. ശോഷിച്ച് ചെടികളെപ്പോലുള്ള സംഘജീവികള്‍. ഉള്ളിലൂടെ ഒരു അസ്ഥികൂടകാണ്ഡം ഉണ്ട്; ഇതിനെ ചുറ്റി ഒരു പൊതുകലയും. അതില്‍നിന്നും ജീവികള്‍ പുറത്തേക്കു തള്ളിനില്ക്കുന്നു.
സെറിയാന്തേറിയ
Ceriantharia
കടല്പുഷ്പം പോലുള്ള ഏകഗണവിഭാഗം. മണലില്‍ കുഴികളുണ്ടാക്കി അതിനുള്ളിലാണ് ജീവിക്കുന്നത്. മുകള്ഭാഗം മാത്രമേ മണല്പ്പരപ്പിനുമുകളില് വരികയുള്ളു. മുഖത്തുള്ള ഗ്രാഹികള്‍ രണ്ടു വൃത്തങ്ങളിലായിട്ടായിരിക്കും. വൃത്തസ്തംഭാകൃതിയിലുള്ള ശരീരത്തിന്റെ ചുവട്ടില്‍ ഒരു ദ്വാരം കാണപ്പെടുന്നു.
(പ്രൊഫ. എം.പി. മധുസൂദനന്)