This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്താരാഷ്ട്ര ഭൂഭൌതിക വര്‍ഷം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്താരാഷ്ട്ര ഭൂഭൌതിക വര്‍ഷം

International Geophysical Year

ഭൂമിയുടെ ഭൌതിക സവിശേഷതകള്‍, അന്തരീക്ഷം, ഭൂസൌരബന്ധങ്ങള്‍ എന്നിവയെപ്പറ്റി ഗാഢമായ ഗവേഷണപഠനങ്ങള്‍ നടത്താന്‍ വിനിയോഗിക്കപ്പെട്ട അന്താരാഷ്ട്ര ശാസ്ത്രീയ സഹകരണവര്‍ഷം. 1957 ജൂല. 1-ന് തുടങ്ങി, 1958 ഡി. 31-ന് അവസാനിച്ചു. പ്രസ്തുതവര്‍ഷത്തില്‍ സൂര്യകളങ്കങ്ങളുടെ എണ്ണം പരമാവധി വര്‍ധിക്കും എന്നതായിരുന്നു ഭൂഭൌതിക ഗവേഷണത്തില്‍ അന്താരാഷ്ട്രസഹകരണത്തിനായി ഈ വര്‍ഷംതന്നെ തെരഞ്ഞെടുക്കപ്പെടാന്‍ കാരണം. ഓരോ പതിനൊന്നു വര്‍ഷം കൂടുമ്പോഴും ഇത്തരം 'സൂര്യകളങ്കാവര്‍ത്തനം' (Sunspot cycle) സംഭവിക്കുന്നു. ഭൂമിയുമായി ഏറ്റവും അടുത്തുനില്ക്കുന്ന നക്ഷത്രമായ സൂര്യനാണ് ഭൂതലത്തിന്റെ ജീവന്റെ പ്രഭവങ്ങള്‍ക്കും മറ്റു ഭൌതിക പ്രതിഭാസങ്ങള്‍ക്കും കാരണമായി വര്‍ത്തിക്കുന്നത്. അതിനാല്‍ ഭൂസൌരബന്ധങ്ങളെപ്പറ്റിയുള്ള പഠനങ്ങള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.

അന്താരാഷ്ട്ര ഭൂഭൌതികപരിപാടികളില്‍ ആദ്യം മുതല്‍ സഹകരിച്ച ഒരു രാജ്യമാണ് ഇന്ത്യ. ഇതിലേക്കുള്ള ഇന്ത്യന്‍ ദേശീയസമിതി 1953-ല്‍ രൂപവത്കരിക്കപ്പെട്ടു. അന്താരാഷ്ട്ര ദിനങ്ങളും വാര്‍ത്താവിനിമയവും, അന്തരീക്ഷവിജ്ഞാനീയം, ഭൂകാന്തത (Geomagnetism), ധ്രുവ-വായുദീപ്തികള്‍, അയോണോസ്ഫിയര്‍, സൌരപ്രക്രിയകള്‍, കോസ്മിക് രശ്മികള്‍, അക്ഷാംശരേഖാംശങ്ങള്‍, ഹിമനദീയനം (Glaciation), സമുദ്രവിജ്ഞാനീയം, റോക്കറ്റുകളും കൃത്രിമോപഗ്രഹങ്ങളും, ഭൂകമ്പവിജ്ഞാനീയം, ഭൂഗുരുത്വമിതി, അണുപ്രസരണം എന്നീ പതിനാലു പ്രസക്തശാഖകളിലും ഇന്ത്യ പഠനം നടത്തി. അറുപത്തിയാറു രാഷ്ട്രങ്ങളില്‍നിന്നായി അറുപതിനായിരത്തിലേറെ ശാസ്ത്രകാരന്‍മാര്‍ പരിപാടികളില്‍ പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നാലായിരം നിരീക്ഷണകേന്ദ്രങ്ങളിലായി അവര്‍ പ്രവര്‍ത്തിച്ചു. നൂറിലധികം നിരീക്ഷണകേന്ദ്രങ്ങള്‍ ഇന്ത്യയില്‍തന്നെയുണ്ടായിരുന്നു. റോക്കറ്റുകള്‍, ഉപഗ്രഹങ്ങള്‍ തുടങ്ങിയ പ്രത്യേക ഉപകരണങ്ങള്‍ ഗവേഷണത്തെ സഹായിച്ചു. നിരീക്ഷണഫലങ്ങള്‍ ക്രമപ്പെടുത്തുന്നതിനും മറ്റുമായി ഇലക്ട്രോണിക് കംപ്യൂട്ടര്‍പോലെയുള്ള യന്ത്രസാമഗ്രികള്‍ ഉപയോഗിക്കപ്പെട്ടു.

സോവിയറ്റ് യൂണിയന്‍ 1957 ഒ. 4-ന് വിക്ഷേപിച്ച സ്പുട്നിക്-I എന്ന ആദ്യത്തെ ഭൌമോപഗ്രഹം ഗവേഷണത്തെ ബഹുദൂരം മുന്നോട്ടു നയിച്ചു. പ്രസ്തുത ഭൂഭൌതിക വര്‍ഷത്തില്‍ സോവിയറ്റ് യൂണിയനും യു.എസ്സും മൂന്ന് ഉപഗ്രഹങ്ങള്‍ വീതം വിക്ഷേപിക്കുകയുണ്ടായി. ഈ ഉപഗ്രഹങ്ങള്‍ ഭൂമിയുടെയും ഉപര്യന്തരീക്ഷത്തിന്റെയും പരിമാണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി. ഇതുകൂടാതെ മറ്റു ചില പ്രധാന നേട്ടങ്ങള്‍ക്കും ഉപഗ്രഹവിക്ഷേപണം സഹായകമായി. അന്റാര്‍ട്ടിക്കയിലേക്ക് ആദ്യമായി ഒരു അന്വേഷണയാത്ര സാധ്യമായിത്തീര്‍ന്നത് ഇതിന്റെ ഫലമാണ്. ഭൂരൂപത്തെപ്പറ്റിയുള്ള സങ്കല്പത്തിനു മാറ്റംവന്നു. രണ്ടഗ്രങ്ങളും പരന്ന ഗോളാകൃതിയാണ് ഭൂമിയുടേതെന്നായിരുന്നു അതുവരെയുണ്ടായിരുന്ന ധാരണ. എന്നാല്‍ പുതിയ ഗവേഷണഫലമായി ഭൂമി ദീര്‍ഘവൃത്തജാകാരമാണെന്ന് കണ്ടുപിടിക്കപ്പെട്ടു. തരംഗദൈര്‍ഘ്യമേറിയ റേഡിയോവീചികള്‍ ധ്രുവപ്രദേശത്തു സംലയനം ചെയ്യപ്പെടുന്നതിനെപ്പറ്റിയും സൌരജ്വാലാ(solar flares) പ്രസരങ്ങളുടെ സ്വഭാവപരിമാണങ്ങളെപ്പറ്റിയുമുള്ള വിശദമായ പഠനങ്ങളും നടന്നു.

(ഡോ. ഹരിനാരായണ്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍