This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തര്‍നിരീക്ഷണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്തര്‍നിരീക്ഷണം

Introspection


വ്യക്തിയുടെ മാനസികപ്രക്രിയകളെ സ്വയം നിരീക്ഷണം ചെയ്യല്‍. മനഃശാസ്ത്രചരിത്രത്തിന്റെ ആരംഭത്തില്‍ മാനസിക പ്രക്രിയകളെപ്പറ്റി പഠിക്കാന്‍ ശാസ്ത്രജ്ഞന്‍മാര്‍ അവലംബിച്ചിരുന്ന മുഖ്യമാര്‍ഗം ഇതായിരുന്നു. കാലക്രമേണ മനഃശാസ്ത്രം ശാസ്ത്രീയരീതി കൈക്കൊണ്ടതോടുകൂടി ഇതിനെ മാത്രം ആശ്രയിച്ചാല്‍ പോരെന്ന് അവര്‍ക്കു ബോധ്യമായി.


ബോധമനസ്സിന്റെ (conscious mind) ഘടകങ്ങളായ ഇന്ദ്രിയവേദനങ്ങള്‍(sensation) പ്രതിരൂപങ്ങള്‍ (images), അനുഭവങ്ങള്‍ (experience) എന്നിവയെ ശാസ്ത്രീയോപകരണങ്ങള്‍ ഉപയോഗിച്ച് പഠിക്കാന്‍ സാധ്യമല്ല; എന്നാല്‍ അന്തര്‍നിരീക്ഷണംമൂലം പഠനവിധേയമാക്കാം. 'എവിടെയാണ് വേദന?', 'കടുത്ത വേദനയാണോ?' തുടങ്ങിയ ചോദ്യങ്ങള്‍ക്ക് അന്തര്‍നിരീക്ഷണത്തിലൂടെ മാത്രമേ മറുപടി ലഭിക്കുകയുള്ളു. അബോധമനഃ (unconscious mind) പ്രേരിതമായ പ്രതികരണങ്ങള്‍ പഠിക്കുന്നതിലും അന്തര്‍നിരീക്ഷണത്തിന് സവിശേഷമായ സ്ഥാനമുണ്ട്. പരീക്ഷണ മനഃശാസ്ത്രത്തിന്റെ പിതാവായ വില്‍ഹെം വുണ്ട് (Wilhelm Wundt) മനസ്സിനെ അപഗ്രഥിക്കാന്‍ സ്വീകരിച്ച മാര്‍ഗം ഇതുതന്നെയായിരുന്നു. അദ്ദേഹം സ്വീകരിച്ച മാര്‍ഗം മനോശാരീരികരീതി (Psychophysical method) എന്ന പേരില്‍ അറിയപ്പെടുന്നു. ഇവിടെ നിയന്ത്രിതപരിതഃസ്ഥിതികളില്‍ വ്യക്തിക്ക് ഒരു ചോദനം (stimulus) നല്കുന്നു. ചോദനത്തിന്റെ അര്‍ഥത്തെ സംബന്ധിച്ച വ്യാഖ്യാനത്തിന് മുതിരാതെ, ഉണ്ടാകുന്ന അനുഭവം വ്യക്തി അതേപടി പറഞ്ഞ് അറിയിക്കുന്നു. ഈ രീതി ബോധതലത്തിന്റെ ഘടനയെ വിശദീകരിക്കാന്‍ സഹായിക്കും. ഭൌതികാംശങ്ങള്‍ ചേര്‍ന്നു ഭൌതികവസ്തുക്കള്‍ ഉണ്ടാകുന്നതുപോലെ വിവിധ മാനസികാംശങ്ങള്‍ ചേര്‍ന്നു മനസ്സുണ്ടാകുന്നുവെന്നും ഇവയെ മാനസിക-അന്തര്‍വസ്തു(mental content) എന്നു വിളിക്കാം എന്നുമാണ് വുണ്ടിന്റെ അഭിപ്രായം. മാനസിക-അന്തര്‍വസ്തുക്കളില്‍ അന്തര്‍നിരീക്ഷണം നടത്തുന്നതിനെപ്പറ്റി വുണ്ടിന്റെ ശിഷ്യനായ ടിച്ച്നര്‍ കൂടുതല്‍ പഠനം നടത്തി. ഇന്ദ്രിയവേദനം, മനഃപ്രതിബിംബം, അനുഭവം എന്നീ അന്തര്‍വസ്തുക്കള്‍ ചേര്‍ന്നതാണ് അനുഭവസഞ്ചയം.


പരിമിതികള്‍.ഇന്ദ്രിയവേദനം, ചെറുതരം ചിന്താപ്രക്രിയകള്‍ എന്നിവയില്‍ നിഷ്പ്രയാസം അന്തര്‍നിരീക്ഷണം നടത്താന്‍ കഴിയും. എങ്കിലും അഭിപ്രേരണ (motivation), വികാരം എന്നിവ അന്തര്‍നിരീക്ഷണത്തിനു പെട്ടെന്നു വഴങ്ങുകയില്ല. ഭയം, കോപം തുടങ്ങിയവയുടെ ശക്തമായ പിടിയില്‍ അമര്‍ന്നിരിക്കുമ്പോള്‍ നടത്തുന്ന അന്തര്‍നിരീക്ഷണങ്ങള്‍ പലപ്പോഴും തിരിഞ്ഞുനോട്ടം (retrospection) ആയിപ്പോകുന്നു. കൂടാതെ ചില അഭിപ്രേരണകള്‍ അബോധതലത്തിന്റെ ആഴത്തിലുള്ളവയാകയാല്‍ അന്തര്‍നിരീക്ഷണത്തിന് അവിടെ കടുന്നുചെല്ലാന്‍ സാധിക്കുകയില്ല. മറ്റു രംഗങ്ങളിലും ഈ മാര്‍ഗം അവലംബിച്ചു ലഭിക്കുന്ന വിവരം സൂക്ഷ്മമാകണമെന്നില്ല. സൂചികൊണ്ടു കുത്തുമ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വേദന തീകൊണ്ടു പൊള്ളുമ്പോള്‍ ഉണ്ടാകുന്നുവെന്ന് പറയുമെങ്കിലും ഈ വേദനകള്‍ തമ്മിലുള്ള വ്യത്യാസം സൂക്ഷ്മമായി നിര്‍ണയിക്കാന്‍ അന്തര്‍നിരീക്ഷണം മതിയാവുന്നില്ല. തന്നെയുമല്ല, ഈ മാര്‍ഗം അവലംബിച്ചു ലഭിക്കുന്ന വിവരം തികച്ചും ആത്മനിഷ്ഠവുമാണ്. ചികിത്സാമനഃശാസ്ത്രത്തിലാണ് അന്തര്‍നിരീക്ഷണം മുഖ്യമായി ഇന്ന് ഉപയോഗിച്ചുവരുന്നത്. (കെ. സുലോചനന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍