This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തഃപ്രജ്ഞ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്തഃപ്രജ്ഞ

Intuition

യാഥാര്‍ഥ്യത്തെക്കുറിച്ച് അവ്യവഹിതമായി ലഭിക്കുന്ന അറിവ്. അനുമാനം, ന്യായവാദം എന്നിവയെ ആശ്രയിക്കാതെ, പെട്ടെന്ന് നേരിട്ടു ലഭിക്കുന്ന അറിവ് അവ്യവഹിതമാണ്. പ്രവചനം നടത്താനും പ്രത്യേക സൂചന നല്കുവാനും ഉള്ള മനുഷ്യമനസ്സിന്റെ, അസാധാരണമായ ഒരു കഴിവായി അന്തഃപ്രജ്ഞയെ പൊതുവേ വ്യാഖ്യാനിക്കപ്പെടുന്നു. ഈശ്വരന്‍, ഈശ്വരാസ്തിത്വം തുടങ്ങിയഅനിര്‍വചനീയങ്ങളായ വിഷയങ്ങളെക്കുറിച്ചുള്ള ജ്ഞാനം ഉള്‍ക്കൊള്ളുന്ന പ്രജ്ഞയേയും നന്മ, സൌന്ദര്യം തുടങ്ങിയ സാര്‍വലൌകിക പ്രതിമാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രജ്ഞയേയും അന്തഃപ്രജ്ഞയെന്ന് ചില ദാര്‍ശനികര്‍ വ്യവഹരിക്കുന്നു.

ഭാരതീയ ദര്‍ശനങ്ങളിലും പാശ്ചാത്യദര്‍ശനങ്ങളിലും അന്തഃപ്രജ്ഞയ്ക്ക് ഉയര്‍ന്ന സ്ഥാനമാണ് ഉള്ളത്. ഭാരതീയ തത്ത്വചിന്തയുടെ പേരുതന്നെ 'ദര്‍ശനം' എന്നാണ്. സത്യം നേരിട്ടു കാണുക അല്ലെങ്കില്‍ അറിയുക എന്നതാണ് ഇതിന്നര്‍ഥം. വേദോപനിഷത്തുകളിലും ആറ് ആസ്തികദര്‍ശനങ്ങളിലും രണ്ട് നാസ്തികദര്‍ശനങ്ങളിലും അന്തഃപ്രജ്ഞയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ജൈനമതത്തില്‍ അന്തഃപ്രജ്ഞാജ്ഞാനത്തെ മൂന്നുവിധത്തില്‍ തരംതിരിച്ചിരിക്കുന്നു: അവധി, മനഃപര്യയം, കേവലജ്ഞാനം. ഇതില്‍ കേവലജ്ഞാനം, ദേശകാലഭേദങ്ങള്‍ക്ക് അതീതമാണ്. ബുദ്ധമതത്തിലെ നിര്‍വാണമെന്ന അനിര്‍വചനീയാവസ്ഥ അന്തഃപ്രജ്ഞയില്‍കൂടി മാത്രമേ അറിയുവാന്‍ സാധിക്കൂ. അദ്വൈത വേദാന്തത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനമുള്ള ശ്രുതി, ഋഷിമാരുടെ അന്തഃപ്രജ്ഞാജ്ഞാനമാണ്. പ്രവാചകര്‍, മഹര്‍ഷിമാര്‍, ആചാര്യന്‍മാര്‍ തുടങ്ങിയവര്‍ക്ക് ഈശ്വരനെക്കുറിച്ച് ലഭിക്കുന്ന അറിവ് അന്തഃപ്രജ്ഞയില്‍കൂടിയാണെന്ന് ഖുര്‍-ആനും സിദ്ധാന്തിക്കുന്നു.

പ്ളേറ്റോണിക് ചിന്തയിലും അരിസ്റ്റോട്ടലിന്റെ ദര്‍ശനത്തിലും അന്തഃപ്രജ്ഞയ്ക്ക് പ്രധാനസ്ഥാനം നല്കിയിട്ടുണ്ട്. സ്വതഃപ്രാമാണ്യങ്ങളായ (Axiomatic) തത്ത്വങ്ങള്‍ അന്തഃപ്രജ്ഞവഴി ലഭിക്കുന്നവയാണെന്ന് ദെക്കാര്‍ത് പ്രസ്താവിക്കുന്നു. അറിവിനുള്ള മൂന്നാമത്തെ മാര്‍ഗമെന്നാണ് അന്തഃപ്രജ്ഞയെക്കുറിച്ച് സ്പിനോസ പറഞ്ഞിട്ടുള്ളത്. അന്തഃപ്രജ്ഞയെ അനുഭവസാപേക്ഷമെന്നും അനുഭവനിരപേക്ഷമെന്നും കാന്റ് രണ്ടായി തരംതിരിക്കുന്നു. ഫിക്ടെയുടെ അഭിപ്രായത്തില്‍ 'അഹ'(Ego)ത്തെക്കുറിച്ചുള്ള ജ്ഞാനം ബുദ്ധിപരമായ അന്തഃപ്രജ്ഞയില്‍കൂടിയാണ് ലഭിക്കുന്നത്. പരമതത്ത്വത്തെക്കുറിച്ച് അറിയുന്നതിനുള്ള മാധ്യമമാണ് അന്തഃപ്രജ്ഞ എന്ന് ഷെല്ലിങ് സിദ്ധാന്തിക്കുന്നു. യുക്തിവഴി ലഭിക്കുന്ന ജ്ഞാനത്തിനു പുറമേ, ഇന്ദ്രിയാനുഭവങ്ങളില്‍ അധിഷ്ഠിതമല്ലാത്ത മനസ്സിന്റെ പ്രത്യേകമായ കഴിവുകൊണ്ട് പെട്ടെന്ന് ലഭിക്കുന്ന അറിവിനെയാണ് തത്ത്വദര്‍ശനത്തില്‍ അന്തഃപ്രജ്ഞകൊണ്ടുദ്ദേശിക്കുന്നത്. ഇത് ഒരുതരം ദിവ്യാനുഭവവാദമാണ്. ഹെന്റി ബര്‍ഗ്സണ്‍, ലോസ്കി തുടങ്ങിയവരാണ് ഇതിന്റെ പ്രധാന പ്രയോക്താക്കള്‍. നിയോതോമിസ്റ്റ് ചിന്തയിലും അന്തഃപ്രജ്ഞയെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്.

അന്തഃപ്രജ്ഞാവാദം (Intuitionism). സത്യാന്വേഷണത്തില്‍ അന്തഃപ്രജ്ഞയെ മുഖ്യോപാധിയായി സ്വീകരിച്ചുകൊണ്ടുള്ള സിദ്ധാന്തം. മധ്യകാല സ്കൊളാസ്റ്റിക്ക് ചിന്തയില്‍ നിന്നാണ് അന്തഃപ്രജ്ഞാവാദത്തിന്റെ ഉദ്ഭവം. ഇത് പ്രയോജനവാദ (pragmatism)ത്തിനെതിരാണ്. മുഖ്യമായി തത്ത്വദര്‍ശനത്തിലും നീതിശാസ്ത്രത്തിലും ആണ് ഈ സിദ്ധാന്തത്തെ അംഗീകരിച്ചിട്ടുള്ളത്. ഷാഫ്റ്റ്സ്ബറിയാണ് നീതിശാസ്ത്രത്തില്‍ അന്തഃപ്രജ്ഞാവാദത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ പതിനെട്ടാം ശ.-ത്തില്‍ ബട്ലര്‍ ഓ. ഹച്ചിസണ്‍ കൂടുതല്‍ പരിപുഷ്ടമാക്കി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ധാര്‍മികവിധി-പ്രസ്താവനകളുടെ പരമാധികാരി മനസ്സാക്ഷിയാണ്. സ്വതഃസിദ്ധമായ ധാര്‍മികബോധം (Moral sense)കൊണ്ടാണ് നമ്മള്‍ തെറ്റും ശരിയും മനസ്സിലാക്കുന്നത് എന്ന് ഹച്ചിസണ്‍ വാദിക്കുന്നു. പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് ഓരോ വസ്തുവിന്റേയും ഗുണവിശേഷങ്ങള്‍ മനസ്സിലാക്കുന്നതുപോലെ ആന്തരികപ്രേരണകൊണ്ട് നന്മ-തിന്മകള്‍ മനസ്സിലാക്കുന്നു. ഈ സിദ്ധാന്തം പലരും സ്വീകരിച്ചു. ആധുനിക നീതിശാസ്ത്രത്തില്‍ പ്രത്യേകിച്ച് ബ്രിട്ടനില്‍ ഇതിന് പ്രചാരം ലഭിച്ചു. ജോര്‍ജ് മൂര്‍, ചാര്‍ലി ബ്രോഡ്, ഡേവിഡ് റോസ്, ആല്‍ഫ്രഡ് ഇവിങ് തുടങ്ങിയവരാണ് ഇതിന്റെ പ്രയോക്താക്കള്‍. അന്തഃപ്രജ്ഞ വഴി ലഭിച്ച ചില തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് നീതിശാസ്ത്രം ചുമതലകള്‍ നിശ്ചയിക്കുന്നത്. അല്ലാതെ മനുഷ്യന്‍, സമൂഹം, പ്രകൃതി എന്നിവയെക്കുറിച്ചുള്ള അറിവില്‍നിന്നല്ല എന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. ഈ തത്ത്വങ്ങള്‍ സ്വതഃപ്രാമാണ്യങ്ങളാണെന്ന് ഫലനിരപേക്ഷതാവാദികള്‍ (Deontologists) അഭിപ്രായപ്പെട്ടു. ധാര്‍മികമൂല്യങ്ങളെക്കുറിച്ചോ തത്ത്വങ്ങളെക്കുറിച്ചോ പെട്ടെന്നുള്ള അവബോധത്തെയാണ് നീതിശാസ്ത്രത്തില്‍ അന്തഃപ്രജ്ഞകൊണ്ടുദ്ദേശിക്കുന്നത്.

ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ക്കാധാരമായ പരീക്ഷണ നിരീക്ഷണങ്ങളില്‍ ചില നിര്‍ണായകഘട്ടങ്ങളില്‍ അന്തഃപ്രജ്ഞ പ്രവര്‍ത്തിക്കാറുണ്ടെന്ന് ചിലര്‍ കരുതുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍