This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനൈച്ഛിക ചേഷ്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനൈച്ഛിക ചേഷ്ട

Reflex Action


ഒരു ബാഹ്യചോദനയ്ക്ക് വിധേയമായുണ്ടാകുന്ന അനൈച്ഛിക പേശീപ്രവര്‍ത്തനം. ഏതെങ്കിലും ഇന്ദ്രിയത്തില്‍നിന്നും ഒരു ആവേഗം (impulse) കേന്ദ്രനാഡീവ്യൂഹത്തില്‍ എത്തുകയും അവിടെ നിന്ന് ആ പ്രത്യേക അവയവത്തിലേക്ക് മറ്റൊരാവേഗം തിരിച്ചു ചെല്ലുകയും ചെയ്യുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രതിചേഷ്ടയാണ് അനൈച്ഛികചേഷ്ട.
റിഫ്ളെക്സ് ആര്‍ക് :1.അസോസിയേ​ഷന്‍ ന്യൂറോണ്‍ 2.സൈനാപ്സ് 3.സെന്‍സറി നാ‍‍ഡികോശം 4.സെന്‍സറി ആക്സോണ്‍ 5.ബോധേന്ദ്രിയം 6.മോട്ടോര്‍ നാ‍ഡികോശം 7. മോട്ടോര്‍ ആക്സോണ്‍ 8.പേശി


ഇതിന് നാല് ഘട്ടങ്ങളുള്ളതായി കാണാം: (1) ബോധേന്ദ്രിയം അഥവാ 'ഗ്രാഹിഅവയവം' (receptor organ) ബാഹ്യചോദനയെ സ്വീകരിക്കുന്നു. (2) അഭിവാഹി (afferent) നാഡീതന്ത്രികള്‍ വഴി കേന്ദ്രനാഡീവ്യൂഹത്തിലേക്ക് അഭിവാഹി ആവേഗങ്ങള്‍ അയയ്ക്കുന്നു; (3) കേന്ദ്രനാഡീവ്യൂഹത്തില്‍ നിന്നും അവയവങ്ങളി(effector organ)ലേക്ക് അപവാഹി (efferent) ആവേഗങ്ങള്‍ അയക്കപ്പെടുന്നു; (4) 'ഇഫക്റ്റോര്‍' (effector) അവയവത്തിന്റെ പ്രതിചേഷ്ട.


ഏറ്റവും ലളിതമായ ഒരു അനൈച്ഛികചേഷ്ടയ്ക്ക് കുറഞ്ഞതു 3 ന്യൂറോണു(നാഡീകോശം)കളെങ്കിലും ഉണ്ടായിരിക്കും: (1) അഭിവാഹി ന്യൂറോണ്‍ - ബോധേന്ദ്രിയത്തില്‍ നിന്നും ഡോഴ്സല്‍ റൂട്ട് ഗാങ്ഗ്ളിയണി(Dorsal root ganalion)ലെത്തിച്ചേരുന്ന നാഡീകോശം; (2) അസോസിയേഷന്‍ ന്യൂറോണ്‍ -- സുഷുമ്നാനാഡിയിലെ ധൂസരദ്രവ്യ (grey matter)ത്തില്‍ കാണുന്ന ബഹുധ്രുവിയായ(mutipolar) നാഡീകോശം; (3) അപവാഹിന്യൂറോണ്‍ - ധൂസരദ്രവ്യത്തില്‍ കാണുന്ന ഈ നാഡീകോശത്തിന്റെ ആക്സോണ്‍, ഇഫക്റ്റോര്‍ അവയവത്തില്‍ കടന്നിരിക്കും. സുഷുമ്നാനാഡി കേന്ദ്രമായി ഒരു റിഫ്ളെക്സ് ആര്‍ക്ക് ഇപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്: -- കാലില്‍ ഒരുസൂചികൊണ്ടു കുത്തുന്നു എന്നിരിക്കട്ടെ. ഇത് അവിടത്തെ ഒരു സ്പര്‍ശനേന്ദ്രിയത്തെ പ്രചോദിപ്പിക്കുന്നു; അതില്‍നിന്നുണ്ടാകുന്ന ഒരാവേഗം ഡോഴ്സല്‍ റൂട്ട് ഗാങ്ഗ്ളിയണിലെ അഭിവാഹി ന്യൂറോണിലെത്തിച്ചേരുന്നു. ഇവിടെനിന്നും ആ ആവേഗം ധൂസരദ്രവ്യത്തിന്റെ ഡോഴ്സല്‍ ഹോണില്‍ (Dorsal horn) എത്തുന്നു. അസോസിയേഷന്‍ ന്യൂറോണിലേക്ക് ആവേഗങ്ങള്‍ പകര്‍ന്നുകൊടുക്കപ്പെടുന്നത് ഇവിടെവച്ചാണ്. തത്ഫലമായി നിര്‍ദേശങ്ങള്‍ ഇഫക്റ്റോര്‍ അവയവത്തിലെത്തുകയും കാലിലെ പേശികളുടെ ചലനം മൂലം കാല്‍ വലിക്കുകയും ചെയ്യുന്നു. ഒരു സെക്കന്റിന്റെ അംശം മാത്രം മതിയാവുന്നത്ര വേഗതയിലാണ് ഈ പ്രവര്‍ത്തനം നടക്കുക. ഈ പ്രവര്‍ത്തനങ്ങളോടൊപ്പംതന്നെ അസോസിയേഷന്‍ ന്യൂറോണിന്റെ മറ്റു ശാഖകള്‍ തലച്ചോറിലേക്കും ആവേഗങ്ങളയയ്ക്കുന്നു. സൂചികൊണ്ടു കുത്തുമ്പോള്‍ വേദനയുണ്ടാകുന്നു എന്നു മനസ്സിലാകുന്നത് ഈ ആവേഗങ്ങള്‍ സ്വീകരിച്ചശേഷമുള്ള തലച്ചോറിന്റെ പ്രവര്‍ത്തനം മൂലമാണ്. ഇക്കാരണത്താല്‍ പലപ്പോഴും കാല്‍ മാറ്റിക്കഴിഞ്ഞശേഷമാകും നാം ആ സംഭവത്തെപ്പറ്റി അറിയുകതന്നെ. അപ്പോള്‍ സാഹചര്യങ്ങള്‍ക്കനുസൃതമായ മറ്റു പ്രവൃത്തികള്‍ക്ക് തലച്ചോറ് നിര്‍ദേശം നല്കിയെന്നു വരാം. എന്നാല്‍ അനൈച്ഛികചേഷ്ടയ്ക്ക് ഇവിടെയുള്ള പ്രാധാന്യം അടിയന്തിരസ്വഭാവമുള്ളതാണ്. അപകടകരമായ ഒരു സാഹചര്യത്തില്‍നിന്നും വളരെ പെട്ടെന്നു രക്ഷ നേടുവാന്‍ ഈ പ്രവൃത്തി സഹായിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍