സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അനൂബിസ്
Anubis
പുരാതന ഈജിപ്തിലെ മൃത്യുദേവത. കറുത്ത മനുഷ്യശരീരവും കുറുക്കന്റെ (നായയുടെയോ) ശിരസ്സും ചേര്‍ന്ന രൂപത്തിലും രോമനിബിഡമായ വാലോടുകൂടിയ കറുത്ത കുറുക്കന്റെ രൂപത്തിലും ഈ ദേവത ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.
പുരാതന ഈജിപ്ത് രാജവംശങ്ങളില്‍ ഇതിന് പ്രമുഖസ്ഥാനം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആ സ്ഥാനം ഒസീറിസ്സിന് നല്കപ്പെട്ടു. മരിച്ചവര്‍ക്ക് പരലോകത്തേക്കുള്ള വഴി തുറന്നുകൊടുക്കുന്നത് അനൂബിസ് ആണെന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തില്‍ 'ആത്മാക്കളുടെ മാര്‍ഗദര്‍ശി' എന്നും ഇതിനെ വിളിക്കുന്നു. മൃതദേഹം കേടുകൂടാതെ 'മമ്മി'യായി സൂക്ഷിക്കുന്ന വിദ്യ കണ്ടുപിടിച്ചയാള്‍ എന്ന നിലയിലും അനൂബിസ് ആരാധിക്കപ്പെട്ടിരുന്നു. ഒസീറിസ്സിന്റെ ജഡത്തെയാണ് ആദ്യമായി അനൂബിസ് ഇതിന് വിധേയമാക്കിയത്. ശവസംസ്കാരപ്രാര്‍ഥനകളില്‍ അധികവും അനൂബിസിനെ സംബന്ധിച്ചവയാണ്. ഒസീറിസ്സിന്റെ ഗണത്തില്‍പ്പെട്ട ദേവതയെന്ന നിലയ്ക്ക് അനൂബിസ് വളരെക്കാലം ആരാധിക്കപ്പെട്ടിരുന്നു. ആത്മാക്കളുടെ മാര്‍ഗദര്‍ശി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ മൂലം യവനദേവതയായ 'ഹെര്‍ബിസ്' ആയിക്കരുതി ഇതിന് 'ഹെര്‍മാനുബിസ്' എന്ന പേര് പില്ക്കാലത്ത് നല്കിയിട്ടുള്ളതായും കാണുന്നു.