This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനന്ത് കന്ദളി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അനന്ത് കന്ദളി
15-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന അസമിയ കവി. അസമിയ (ആസാമീസ്) സാഹിത്യത്തില്‍ പ്രബലമായിത്തീര്‍ന്ന വൈഷ്ണവ ഭക്തിപ്രസ്ഥാനത്തിന്റെ പ്രണേതാവെന്നറിയപ്പെടുന്ന ശങ്കരദേവ കവിയുടെ ശിഷ്യന്‍മാരില്‍ മുഖ്യനാണ് ഇദ്ദേഹം. ആസാമിലെ കാമരൂപ് ജില്ലയില്‍പ്പെട്ട ഹജോ എന്ന ഗ്രാമത്തില്‍ ഒരു സാധാരണ ബ്രാഹ്മണകുടുംബത്തില്‍ ജനിച്ചു. ജനനത്തീയതിയെപ്പറ്റി വ്യക്തമായ അറിവില്ല. കാമരൂപ് രാജ്യം (ഇന്നത്തെ ആസാമില്‍പ്പെട്ട ഒരു പ്രദേശം) ഭരിച്ചിരുന്ന നരനാരായണ രാജാവിന്റെ (15-ാം ശ.) ഡര്‍ബാറിലെ കവികളുടെ കൂട്ടത്തില്‍ ശങ്കരദേവനും അദ്ദേഹത്തിന്റെ ശിഷ്യനായ അനന്ത് കന്ദളിയും ഉണ്ടായിരുന്നതായി പരാമര്‍ശങ്ങള്‍ ഉണ്ട്.
കന്ദളിയുടെ യഥാര്‍ഥ നാമം ഹരിചരണ്‍ എന്നായിരുന്നു. 'അനന്ത് കന്ദളി' എന്നത് ഇദ്ദേഹത്തിന്റെ തൂലികാനാമമാണ്. കന്ദളിയുടെ പ്രകൃഷ്ട കൃതിയായി കരുതപ്പെട്ടു പോരുന്നത് ഭാഗവത പുരാണം ഉത്താരാര്‍ധത്തിന്റെ അസമിയ പരിഭാഷയാണ്. ഭാഗവതപുരാണത്തിന്റെ പൂര്‍വഭാഗം ശങ്കരദേവകവി പരിഭാഷപ്പെടുത്തിയിരുന്നു. ബാക്കി ഭാഗം കന്ദളി തന്നെ പരിഭാഷപ്പെടുത്തി തന്റെ യത്നത്തിനൊരു പൂര്‍ണത വരുത്തണമെന്ന് ശങ്കരദേവ് ശിഷ്യനെ സ്വപ്നത്തില്‍ ഉപദേശിച്ചുവെന്നും അതനുസരിച്ച് കന്ദളി ഗുരുവിന്റെ ആഗ്രഹം സഫലമാക്കിയെന്നുമാണ് ഐതിഹ്യം.
കന്ദളി നിരവധി കൃതികള്‍ രചിച്ചിട്ടുള്ളതായി പരാമര്‍ശങ്ങള്‍ കാണുന്നുണ്ടെങ്കിലും ഭാഗവത തര്‍ജുമ കൂടാതെ മഹിരാവണബദ്ധ, ഹരിഹരയുദ്ധ, വൃത്താസുരബധ, ഭരത സാവിത്രി, ജീവസ്തുതി, കുമാര ഹരണകാവ്യ എന്നീ കൃതികള്‍ മാത്രമേ ലഭ്യമായിട്ടുള്ളു. ഉഷയുടെയും അനിരുദ്ധന്റെയും പ്രേമകഥയെ ആസ്പദമാക്കി രചിച്ച കുമാരഹരണ കാവ്യം അസമിയ സാഹിത്യത്തിലെ ഒരു ഉത്കൃഷ്ട കൃതിയാണെന്ന് നിരൂപകന്‍മാര്‍ അഭിപ്രായപ്പെടുന്നു.