This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അധ്യാപക വിദ്യാഭ്യാസം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അധ്യാപക വിദ്യാഭ്യാസം
അധ്യാപനയോഗ്യത നേടുന്നതിനുള്ള പരിശീലനം. പ്രാചീനകാലങ്ങളില്‍ പണ്ഡിതന്മാര്‍ (ഗുരുക്കന്മാര്‍) വിദ്യ അര്‍ഥിക്കുന്നവര്‍ക്ക് അറിവ് പകര്‍ന്നുകൊടുക്കുക എന്ന രീതിയിലായിരുന്നു അധ്യാപനം നടന്നിരുന്നത്. സാമൂഹികപരിവര്‍ത്തനം വിദ്യാഭ്യാസം കൂടുതല്‍ വ്യാപകമാക്കുകയും വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തു. അതോടുകൂടി കൂടുതല്‍ അധ്യാപകരെയും ആവശ്യമായി വന്നു. അധ്യാപനം ഒരു തൊഴിലായി മാറുകയും തുടര്‍ന്ന് തൊഴിലില്‍ പരിശീലനത്തിന്റെ ആവശ്യകത ബോധ്യമാകുകയും ചെയ്തു. അധ്യാപനം ക്രമേണ കലയും ശാസ്ത്രവുമായി ഉയര്‍ന്നതോടെ ചില നിയമങ്ങളും പ്രവിധികളും അനുവര്‍ത്തിക്കേണ്ടതായി വന്നു. അങ്ങനെ വിദ്യാഭ്യാസപ്രക്രിയയെപ്പറ്റിയുള്ള പഴയ ചിന്താഗതിക്ക് സ്ഥായിയായ മാറ്റം സംഭവിച്ചതോടുകൂടി അധ്യാപകവിദ്യാഭ്യാസം അനിവാര്യമായിത്തീര്‍ന്നു. നോ: അധ്യാപകന്‍
ഭാരതത്തില്‍. 19-ാം ശ.-ത്തോടെയാണ് അധ്യാപക വിദ്യാഭ്യാസത്തിന് ഭാരതത്തില്‍ പ്രാധാന്യം സിദ്ധിച്ചത്. 1826 ല്‍ മദ്രാസ് ഗവര്‍ണറായിരുന്ന സര്‍ തോമസ് മണ്‍ട്രോയാണ് അധ്യാപകര്‍ക്ക് പരിശീലനം ലഭിച്ചിരിക്കണമെന്ന നിര്‍ദേശം ആദ്യമായി മുന്നോട്ടു വച്ചത്. വിദ്യാഭ്യാസപുരോഗതിക്കാധാരം മെച്ചപ്പെട്ട യോഗ്യതകളുള്ള സുശിക്ഷിതരായ അധ്യാപകരാകയാല്‍ അവരെ പരിശീലിപ്പിക്കുന്നതിന് മദ്രാസ് പ്രസിഡന്‍സിയില്‍ ഒരു കേന്ദ്രവിദ്യാലയം സ്ഥാപിക്കണമെന്ന് അദ്ദേഹം ശിപാര്‍ശ ചെയ്തു. കാലക്രമേണ മദ്രാസ്, ബോംബെ, കല്‍ക്കട്ട എന്നീ പ്രവിശ്യാ സംസ്ഥാനങ്ങളില്‍ അധ്യാപകരെ പരിശീലിപ്പിക്കാന്‍ ട്രെയിനിങ് സ്കൂളുകള്‍ സ്ഥാപിതമായി. മദ്രാസ് പ്രസിഡന്‍സി കോളേജില്‍ 1853-ല്‍ അധ്യാപകപരിശീലനത്തിനായി ഒരു ഇംഗ്ളീഷ് നോര്‍മല്‍ ക്ളാസ് ആരംഭിച്ചു. അധ്യാപകരെ പരിശീലിപ്പിക്കുവാനായി ഭാരതത്തിലെ എല്ലാ പ്രവിശ്യകളിലും ഉടനടി ട്രെയിനിങ് സ്കൂളുകള്‍ സ്ഥാപിക്കപ്പെടണമെന്ന് 1854-ലെ 'വുഡ്സ് ഡെസ്പാച്ചി'ല്‍ (Woods Despatch) ആവശ്യപ്പെട്ടിരുന്നു. 1857 ആയപ്പോഴേക്കും ആഗ്ര, മീററ്റ്, ബനാറസ് എന്നിവിടങ്ങളിലും ട്രെയിനിങ് സ്കൂളുകള്‍ സ്ഥാപിതമായി. 1859-ലെ ഗ്രാന്റ്-ഇന്‍-എയ്ഡ് കോഡും സ്റ്റാന്‍ലി പ്രഭുവിന്റെ 'ഡെസ്പാച്ചും' അധ്യാപകവിദ്യാഭ്യാസപുരോഗതിയില്‍ എണ്ണപ്പെടേണ്ട നാഴികക്കല്ലുകളാണ്. അധ്യാപനത്തിന് സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് മാത്രമേ ഗ്രാന്റ് നല്കുകയുള്ളു എന്ന് നിശ്ചയിച്ചത് കൂടുതല്‍ നോര്‍മല്‍ സ്കൂളുകളാരംഭിക്കാന്‍ കാരണമായി.
ഹൈസ്കൂളില്‍ അധ്യാപകരാകാന്‍ സര്‍വകലാശാലാ ബിരുദം നിര്‍ബന്ധിതമാക്കിയതും ബിരുദധാരികള്‍ക്ക് പ്രത്യേക അധ്യാപനപരിശീലനം ആവശ്യമില്ലെന്ന് നിര്‍ദേശിച്ചതും അനന്തരകാലത്തെ പരിഷ്കാരങ്ങളില്‍പ്പെടുന്നു. പുതിയ അധ്യാപകരെ പരിചയസമ്പന്നരായ അധ്യാപകരുടെയോ ഹെഡ്മാസ്റ്റര്‍മാരുടെയോ മേല്‍നോട്ടത്തില്‍ കുറേക്കാലം പരിശീലിപ്പിക്കുന്ന (apprenticeship) സമ്പ്രദായം ബോംബെയില്‍ പ്രചാരത്തിലിരുന്നു. സെക്കണ്ടറി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം വേണമോ എന്നത് വിവാദവിഷയമായി. ഗവണ്‍മെന്റ്-പ്രൈവറ്റ് ഭേദം കൂടാതെ ഏതൊരു സെക്കണ്ടറി സ്കൂളിലും സ്ഥിരാധ്യാപകനായി നിയമിക്കപ്പെടുന്നതിന് അധ്യാപകപരിശീലനപരീക്ഷ പാസ്സായിരിക്കണമെന്ന് 1882-ലെ വിദ്യാഭ്യാസകമ്മീഷന്‍ അസന്ദിഗ്ധമായി ശിപാര്‍ശ ചെയ്തിട്ടുണ്ട്. ബിരുദധാരികള്‍ക്കും അല്ലാത്തവര്‍ക്കും വ്യത്യസ്തമായ പരിശീലനപദ്ധതികളും കമ്മീഷന്‍ നിര്‍ദേശിക്കുകയുണ്ടായി. 19-ാം ശ.-ത്തിന്റെ അവസാനം ഇന്ത്യയില്‍ ഒട്ടാകെ ആറു ട്രെയിനിങ് കോളജുകളും 40 ട്രെയിനിങ് സ്കൂളുകളും പ്രൈമറി അധ്യാപകപരിശീലനത്തിനു മാത്രമായുള്ള 54 സ്ഥാപനങ്ങളുമാണ് ഉണ്ടായിരുന്നത്. ഇന്നത് ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസനയത്തെ സംബന്ധിച്ച ഇന്ത്യാ ഗവണ്‍മെന്റ് പ്രമേയത്തില്‍ (1904) അധ്യാപകവിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ പര്യാപ്തമായ പല നിര്‍ദേശങ്ങളുമുണ്ട്. കഴിവും പരിശീലനവും നേടിയവരെ മാത്രമേ അധ്യാപകരായി നിയമിക്കാവൂ എന്നും ആര്‍ട്സ് കോളജുകളെപ്പോലെ തന്നെ ട്രെയിനിങ് കോളജുകളും പരിഗണിക്കപ്പെടണമെന്നും അധ്യാപകവിദ്യാഭ്യാസത്തില്‍ ഡിഗ്രിയോ ഡിപ്ളോമയോ നല്കുന്ന ഒരു വര്‍ഷകോഴ്സ് എല്ലാ ബിരുദധാരികള്‍ക്കും നിര്‍ബന്ധിത യോഗ്യതയാകണമെന്നും അതില്‍ നിര്‍ദേശിച്ചിരുന്നു. അധ്യാപനകലയുടെ തത്ത്വങ്ങള്‍, പ്രായോഗികാധ്യാപനത്തിലുള്ള വൈദഗ്ധ്യം ഇവ ലക്ഷ്യമാക്കി വേണം അധ്യാപകപരിശീലനം ആസൂത്രണം ചെയ്യുക എന്നും ഓരോ കോളജിനും ഓരോ പ്രാക്റ്റീസിങ് സ്കൂള്‍ ഉണ്ടായിരിക്കണമെന്നും ട്രെയിനിങ് കോളജും സമീപത്തുള്ള വിദ്യാലയങ്ങളും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തണമെന്നും ആ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യ അധ്യാപകപരിശീലനം മെച്ചപ്പെടുത്താനുള്ള പല യത്നങ്ങളും ആരംഭിച്ചു. അധ്യാപകവിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണത്തില്‍ പില്ക്കാലത്തു ഗണ്യമായ വര്‍ധനവുണ്ടായി. 1965-ല്‍ 267 ട്രെയിനിങ് കോളജുകളിലായി ഏകദേശം 26,000 പേര്‍ പരിശീലനം നേടുന്നുണ്ടായിരുന്നു. യൂണിവേഴ്സിറ്റി എഡ്യൂക്കേഷന്‍ കമ്മീഷനും, സെക്കണ്ടറി എഡ്യൂക്കേഷന്‍ കമ്മീഷനും, കോഠാരി കമ്മീഷനും അധ്യാപകവിദ്യാഭ്യാസം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയും നിര്‍ദേശങ്ങള്‍ നല്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലാകമാനം ബിരുദധാരികള്‍ക്ക് അധ്യാപക വിദ്യാഭ്യാസത്തിനുശേഷം ബി.എഡ്. (B.Ed) ബിരുദമാണ് ഇപ്പോള്‍ നല്കിപ്പോരുന്നത്. ബി.എഡ്. കഴിഞ്ഞ് എം.എഡും, തുടര്‍ന്ന് വിദ്യാഭ്യാസത്തില്‍ ഡോക്ട്രേറ്റും (Ph.D) നേടാനുള്ള സൌകര്യങ്ങള്‍ സര്‍വകലാശാലാ ഡിപ്പാര്‍ട്ടുമെന്റുകളിലും ചില ട്രെയിനിങ് കോളജുകളിലും ഇന്നുണ്ട്. ഇവയ്ക്ക് പുറമേ നാലു റീജിയണല്‍ കോളജുകളും പ്രവര്‍ത്തിച്ചുപോരുന്നു. ഇവിടെ പ്രധാനമായും ബിരുദധാരികള്‍ക്കായുള്ള ഏകവര്‍ഷകോഴ്സും അല്ലാത്തവര്‍ക്കുള്ള നാലുവര്‍ഷകോഴ്സും നടത്തപ്പെടുന്നു. പരിശീലനം ലഭിക്കാത്ത അധ്യാപകരുടെ എണ്ണം കഴിയുന്നത്ര കുറയ്ക്കാനായി സമ്മര്‍ സ്കൂള്‍കം കറസ്പോണ്ടന്‍സ് (S.S.C.C) ഈ കേന്ദ്രങ്ങളില്‍ നടത്തുന്നു. 'റ്റീച്ചര്‍ എഡ്യൂക്കേറ്റേഴ്സി'ന്റെ അഖിലേന്ത്യാ സംഘടനയുടെ (I.A.T.E) ശ്രമഫലമായി അധ്യാപകപരിശീലനമെന്നത് അധ്യാപകവിദ്യാഭ്യാസമായി മാറ്റിക്കഴിഞ്ഞു. ട്രെയിനിങ് കോളജുകള്‍ കോളജ് ഒഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ (CTE) എന്ന പേര് സ്വീകരിച്ചു കഴിഞ്ഞു. അവയില്‍ ചിലവയെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ എഡ്യൂക്കേഷന്‍ (IASE) ആയി ഉയര്‍ത്തിയിട്ടുണ്ട്. ഗവണ്‍മെന്റ് തലത്തില്‍ മാത്രമാണ് ഈ സംവിധാനം ഇപ്പോഴുള്ളത്. ഇന്റന്‍സീവ് ടീച്ചര്‍ എഡുക്കേഷന്‍ പ്രോഗ്രാം (I.T.E.P) ചില സംസ്ഥാനങ്ങളില്‍ ആരംഭിച്ചുകഴിഞ്ഞു. യു.എസ്സുമായി സഹകരിച്ച് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ടീച്ചര്‍ എക്സ്ചേഞ്ച് പ്രോഗ്രാം എന്ന പേരില്‍ മെച്ചപ്പെട്ട പരിശീലനസൌകര്യങ്ങളും നല്കിവരുന്നു. സംസ്ഥാനതലത്തിലും അഖിലേന്ത്യാതലത്തിലും അധ്യാപകവിദ്യാഭ്യാസബോര്‍ഡുകള്‍ സംഘടിപ്പിച്ചു വരുന്നു. കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളേ ഇനിയും ഇത്തരം ബോര്‍ഡുകള്‍ രൂപീകരിക്കാതെയുള്ളു. എല്ലാ തലങ്ങളിലുമുളള അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളെ (PPTTI,TTI,B.ED,LTTC,etc.) ഉള്‍പ്പെടുത്തി ഒരു അധ്യാപക വിദ്യാഭ്യാസബോര്‍ഡ് രൂപീകരിക്കേണ്ടതുണ്ട്.
കേരളത്തില്‍. അധ്യാപകപരിശീലനത്തിനായുള്ള കേരളത്തിലെ പ്രഥമ നോര്‍മല്‍ സ്കൂള്‍ 1861-ല്‍ കണ്ണൂരിലാണ് ആരംഭിച്ചത്. തിരുവിതാംകൂര്‍ പ്രദേശത്തുള്ളവര്‍ക്ക് ഏതാനും സീറ്റുകള്‍ ആ സ്ഥാപനത്തില്‍ നീക്കിവച്ചിരുന്നു. 1868-ല്‍ തിരുവനന്തപുരത്ത് ഒരു വെര്‍ണാകുലര്‍ നോര്‍മല്‍ സ്കൂള്‍ സ്ഥാപിതമായി. തുടര്‍ന്ന് കോട്ടാറും പാലക്കാട്ടും നോര്‍മല്‍ സ്കൂളുകള്‍ സ്ഥാപിതമായി. ഒരു വര്‍ഷത്തേക്കുള്ള ഈ കോഴ്സില്‍ ചേരുന്നവര്‍ക്ക് പ്രതിമാസം മൂന്നര രൂപാവീതം സ്റ്റൈപ്പന്റ് നല്കിപ്പോന്നു. ഓരോ വിദ്യാലയത്തിലും 25 പേരിലധികം വേണ്ടെന്നും നിര്‍ദേശിച്ചിരുന്നു. 1884-ല്‍ മദ്രാസ് നോര്‍മല്‍ സ്കൂള്‍ എല്‍.ടി. ഡിഗ്രി ആരംഭിച്ചതോടെ കേരളീയര്‍ക്ക് അവിടെ സീറ്റുകള്‍ സംവരണം ചെയ്തുതുടങ്ങി. പെണ്‍കുട്ടികള്‍ക്കു മാത്രമായി 1887-ല്‍ ഒരു നോര്‍മല്‍ സ്കൂള്‍ തിരുവനന്തപുരത്തു സ്ഥാപിച്ചതും 1894-ല്‍ ഇംഗ്ളീഷ് നോര്‍മല്‍ സ്കൂള്‍ ആരംഭിച്ചതും കേരളത്തിലെ അധ്യാപക വിദ്യാഭ്യാസരംഗത്തെ പ്രധാന സംഭവങ്ങളാണ്.
ലോവര്‍ സെക്കണ്ടറി, മെട്രിക്കുലേഷന്‍, ഇന്റര്‍മീഡിയറ്റ് എന്നിവ പാസ്സായവര്‍ക്കായി മൂന്നു പ്രത്യേക ബാച്ചുകള്‍ ഇംഗ്ളീഷ് നോര്‍മല്‍ സ്കൂളില്‍ ആരംഭിച്ചു. 1895 മുതല്‍ വര്‍ഷംതോറും ബിരുദധാരികളായ നാലു പേരെവീതം സൈദാപ്പെട്ട് ട്രെയിനിങ് കോളജില്‍ സ്കോളര്‍ഷിപ്പുകളും നല്കി അയച്ച് പരിശീലിപ്പിച്ചുപോന്നു. 1904-05-ല്‍ നോര്‍മല്‍ സ്കൂളിലെ പരിശീലനകാലം രണ്ടു വര്‍ഷമായി വര്‍ധിപ്പിച്ചു. പിന്നോക്കസമുദായങ്ങളില്‍പെട്ടവര്‍ക്കു മാത്രമായി നാലു സ്പെഷ്യല്‍ നോര്‍മല്‍ സ്കൂളുകള്‍ ആരംഭിച്ചതും ഇക്കാലത്തായിരുന്നു. നോര്‍മല്‍ സ്കൂളുകള്‍ 1910 മുതല്‍ ട്രെയിനിങ് സ്കൂളുകള്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്.
1911-ലാണ് തിരുവനന്തപുരത്തെ ഗവ. ട്രെയിനിങ് കോളജ് ആരംഭിച്ചത്. അധ്യാപകരായി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് മാത്രമായി 24 സീറ്റാണ് തുടക്കത്തിലുണ്ടായിരുന്നത്. കൊച്ചി പ്രദേശത്തുള്ളവര്‍ക്ക് ഏതാനും സീറ്റുകള്‍ സംവരണം ചെയ്തു പോന്നു. പരിശീലനകാലത്ത് ഡെപ്യൂട്ടേഷന്‍ അലവന്‍സും സ്റ്റൈപ്പന്റും നല്കിയിരുന്നു. നിശ്ചിതവിഷയങ്ങളില്‍ താത്ത്വികജ്ഞാനം ഉണ്ടെന്നു ബോധ്യപ്പെട്ടവരെ പ്രാക്റ്റിക്കല്‍ പരീക്ഷയ്ക്ക് വിളിച്ചിരുന്നു. കേരളത്തിലെ രണ്ടാമത്തെ ട്രെയിനിങ് കോളജ് 1945-ല്‍ തൃശൂരില്‍ സ്ഥാപിതമായി. തുടര്‍ന്ന് കോഴിക്കോട്ടും തലശ്ശേരിയിലും ട്രെയിനിങ് കോളജുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബിരുദധാരികള്‍ക്കുള്ള പരിശീലനം (B.T.) ഒരു വര്‍ഷമായും അല്ലാത്തവരുടേത് (T.T.C.) രണ്ടു വര്‍ഷമായും ക്ളിപ്തപ്പെടുത്തിയിരുന്നു. എന്നാല്‍ T.T.C. കോഴ്സിന്റെ ദൈര്‍ഘ്യം ഒരു വര്‍ഷമായി കുറച്ചു. ഇതു പില്ക്കാലത്തു വീണ്ടും രണ്ടു വര്‍ഷമായി ഉയര്‍ത്തി.
1933-ല്‍ തിരുവിതാംകൂര്‍ വിദ്യാഭ്യാസ പരിഷ്കരണ കമ്മിറ്റി റിപ്പോര്‍ട്ടില്‍, അധ്യാപകര്‍ നേരത്തെ പരിശീലനം നേടിയിരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ട്രെയിനിങ് കോളജും സ്കൂളുകളും തമ്മില്‍ മെച്ചപ്പെട്ട ബന്ധം പുലര്‍ത്തണമെന്നും കോഴ്സിന്റെ ദൈര്‍ഘ്യം രണ്ടു വര്‍ഷമാണെന്നും കമ്മിറ്റി പ്രത്യേകം നിര്‍ദേശിച്ചു. പരിശീലനം നേടാത്ത ആരെയും ഗവണ്‍മെന്റ് സ്കൂളുകളില്‍ അധ്യാപകരായി നിയമിക്കരുതെന്നും ട്രെയിനിങ്ങില്ലാത്തവരെ പ്രൈവറ്റ് സ്കൂളില്‍ രണ്ടു വര്‍ഷത്തിലധികം തുടരാന്‍ അനുവദിക്കരുതെന്നും പ്രസ്തുത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു. പരിശീലനം നേടിയവര്‍ക്കു മാത്രമേ അധ്യാപനത്തിനുള്ള ലൈസന്‍സ് നല്കൂ എന്നു നിശ്ചയിക്കുകയും ചെയ്തു.
1945-ലെ വിദ്യാഭ്യാസപരിഷ്കരണക്കമ്മിറ്റി തിരുവനന്തപുരം ട്രെയിനിങ് കോളജിലെ അണ്ടര്‍ ഗ്രാഡ്വേറ്റ് വിഭാഗം നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചതിനു പുറമേ 10 വര്‍ഷത്തിലധികം സര്‍വീസുള്ളവരെയും 40 വയസ്സിലധികം പ്രായമുള്ളവരെയും ട്രെയിനിങ്ങില്‍നിന്നൊഴിവാക്കാനും വ്യവസ്ഥ ചെയ്തു. രണ്ടു വര്‍ഷത്തെ കോഴ്സ് നല്കി ഗ്രാഡ്വേറ്റുകള്‍ക്ക് ബി.എഡ്. ബിരുദം നല്കാനും എം.എഡ്. കോഴ്സ് സമാരംഭിക്കാനും കമ്മിറ്റി നിര്‍ദേശിക്കയുണ്ടായി. പക്ഷേ ഇവ നടപ്പിലായില്ല. ട്രെയിനിങ് സ്കൂളുകള്‍ക്ക് പ്രത്യേക ഇന്‍സ്പെക്റ്ററേറ്റ് സ്ഥാപിക്കാനുള്ള നിര്‍ദേശവും ഈ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അധ്യാപകവിദ്യാര്‍ഥികളുടെ തിരഞ്ഞെടുപ്പ്, അധ്യാപികാധ്യാപകരുടെ യോഗ്യതകള്‍, പാഠ്യപദ്ധതി, സേവനകാലവിദ്യാഭ്യാസം എന്നിവയെ സംബന്ധിച്ചുള്ള ശിപാര്‍ശകളും ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. സ്വകാര്യമേഖലയില്‍ ആദ്യത്തെ ട്രെയിനിങ് കോളജ് 1953-ല്‍ കോട്ടയത്തും 1954-ല്‍ ചങ്ങനാശ്ശേരിയിലും ആരംഭിച്ചു. 1965 ആയപ്പോഴേക്കും കേരളത്തില്‍ 19 ട്രെയിനിങ് കോളജുകളും 105 ട്രെയിനിങ് സ്കൂളുകളും സ്ഥാപിതമായി. ശ്രീ എ.എന്‍. തമ്പി അധ്യക്ഷനും ഡോ. എന്‍.പി. പിള്ള മെംമ്പര്‍ സെക്രട്ടറിയുമായി 1964-ല്‍ രൂപീകരിച്ച ട്രെയിനിങ് കോളജ് ഇന്‍സ്പെക്ഷന്‍ കമ്മിഷന്‍ അടുത്ത 25 വര്‍ഷത്തേക്ക് പുതുതായി ഒരു ട്രെയിനിങ് കോളജും തുടങ്ങേണ്ടതില്ല എന്ന് നിര്‍ദേശിക്കുകയുണ്ടായി. അങ്ങനെ 1989 വരെയും ബി.എഡ്. തലത്തില്‍ പുതിയ സ്ഥാപനങ്ങള്‍ ഒന്നും ഉണ്ടായില്ല.
എന്നാല്‍ 1989-90-ല്‍ കേരളത്തിലെ സര്‍വകലാശാലകള്‍ നേരിട്ട് ബി.എഡ്. സെന്ററുകള്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തു. തുടക്കത്തില്‍ കേരള, കാലിക്കറ്റ്, മഹാത്മാഗാന്ധി സര്‍വകലാശാലകളുടെ കീഴില്‍ ഏതാനും ബി.എഡ് സെന്ററുകള്‍ (യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ റ്റീച്ചര്‍ എഡ്യൂക്കേഷന്‍ - UCTE) തുടങ്ങിയത് ഇപ്പോള്‍ നാല്പതിലേറെയായി വര്‍ധിച്ചു. സര്‍വകലാശാലകളുടെ പ്രധാന ധനാഗമമാര്‍ഗമായും ഇത് മാറിയിട്ടുണ്ട്. യു.സി.റ്റി.ഇ.കളില്‍ എം.എഡ് കോഴ്സുകളും തുടങ്ങിയിട്ടുണ്ട്.
എയിഡഡ്, അണ്‍ എയ്ഡഡ് (സെല്‍ഫ് ഫൈനാന്‍സിങ്) മേഖലകളിലായി 1990 നുശേഷം ബി.എഡ്. കോളജുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്.
1995-ല്‍ നാഷനല്‍ കൌണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ (NCTE) ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയായി കേന്ദ്രഗവണ്മെന്റ് രൂപീകരിച്ചതിനുശേഷം അതിന്റെ കേന്ദ്ര ആസ്ഥാനത്തും മേഖലാ ആസ്ഥാനങ്ങളിലുമായി സംവിധാനങ്ങള്‍ ഉണ്ടാക്കുകയും പുതിയ കോളജുകള്‍ക്ക് അപേക്ഷ സ്വീകരിച്ച്, പരിശോധന നടത്തി, അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. ബാംഗ്ളൂര്‍ ആസ്ഥാനമായി ദക്ഷിണമേഖലയിലുള്‍പ്പെട്ടതാണ് കേരള സംസ്ഥാനം. പുതുതായി കോളജുകള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നവര്‍ക്ക് ഗവണ്മെന്റ് എന്‍.ഒ.സി.യ്ക്കും യൂണിവേഴ്സിറ്റി അംഗീകാരത്തിനും വിധേയമായി എന്‍.സി.റ്റി.ഇ. അനുമതിപത്രം നല്‍കുന്നുണ്ട്. എന്‍.സി.റ്റി.ഇ.യുടെ പാനലുകള്‍ സ്ഥല ഭൌതിക സൌകര്യങ്ങള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, സ്റ്റാഫ് ലഭ്യത തുടങ്ങിയവ പരിശോധിക്കുന്നുണ്ട്. അങ്ങനെ കേരളത്തിലിപ്പോള്‍ ഇരുന്നൂറോളം ബി.എഡ്. കോളജുകള്‍ (ഗവ. എയിഡഡ്, യൂണി. സെന്റര്‍, സെല്‍ഫ് ഫൈനാന്‍സിങ് ഇനങ്ങളിലായി) പ്രവര്‍ത്തിക്കുന്നുണ്ട്.
സംസ്ഥാന ഗവണ്മെന്റിന്റെയും യൂണിവേഴ്സിറ്റികളുടെയും എന്‍.ഒ.സി. അഥവാ അനുമതി കിട്ടുംമുമ്പേ നേരിട്ടു എന്‍.സി.റ്റി.ഇ. അംഗീകാരം നല്‍കുന്ന പ്രവണതയും ഉണ്ടായിട്ടുണ്ട്. ഇത് അഭിലഷണീയമാണോ എന്ന് പരിശോധിക്കേണ്ടതാണ്.
ട്രെയിനിങ് കോളജുകള്‍ നാഷനല്‍ അസ്സസ്സ്മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കമ്മിറ്റി (NAAC) യുടെ പരിശോധനക്കും അംഗീകാരത്തിനും വിധേയമാണ് ആദ്യം സ്റ്റാര്‍ (Star) പദവിയാണ് നല്കിയതെങ്കിലും പീന്നീട് അത് ഗ്രേഡാക്കിയിട്ടുണ്ട്. A++, A+, A1, B++, B+, B എന്നിങ്ങനെയാണ് ഗ്രേഡുകള്‍ നിശ്ചയിച്ചിട്ടുള്ളത്. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പുനര്‍നിര്‍ണയവും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ കേരളത്തിലെ ഇരുന്നൂറോളം ബി.എഡ്. കോളജുകളിലായി 30000-ഓളം സീറ്റുകളാണുള്ളത്. 2004-05-ല്‍ എല്‍.ബി.എസ്.ലൂടെയും 2005-06-ല്‍ ഗവ. പരീക്ഷാ കമ്മിഷണര്‍ മുഖേനയും B.Ed. കോഴ്സിന് എന്‍ട്രന്‍സ് ടെസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ സര്‍വകലാശാലകളിലെ ബി.എഡ്. കോഴ്സുകള്‍ക്ക് ഒരു ഐകരൂപ്യവുമില്ല. ഒരു വര്‍ഷത്തെ കോഴ്സ് ദൈര്‍ഘ്യം രണ്ടുവര്‍ഷമാക്കുന്നതിനെക്കുറിച്ച് കാര്യമായ പഠനങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്. സെമസ്റ്റര്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയത് മൂല്യനിര്‍ണയ വിധേയമാണ്. ഏകീകൃത നിയമവും പ്രാക്ടിക്കല്‍ സംവിധാനവും പരിഷ്കൃതരീതിയും അവലംബിക്കുന്നതാണ് അഭിലഷണീയം.
എന്‍.സി.റ്റി.ഇ. നിലവില്‍ വന്നതോടെ ടി.ടി.ഐ., പി.പി.റ്റി.റ്റി.ഐ. തുടങ്ങിയവയും കൂടുതലായി അനുവദിച്ചുവരുന്നു.
തിരുവനന്തപുരത്തും തൃശൂരും പ്രവര്‍ത്തിച്ചിരുന്ന ഹിന്ദി ട്രെയിനിങ് കോളജുകള്‍ നിര്‍ത്തലാക്കിയെങ്കിലും അവ ഹിന്ദി ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളായി തുടര്‍ന്നുവരുന്നു. പ്രിന്‍സിപ്പലിന്റെ സ്ഥാനത്ത് ചീഫ് ഇന്‍സ്ട്രക്റ്ററും ലക്ചറര്‍മാരുടെ സ്ഥാനത്ത് ഇന്‍സ്ട്രക്റ്റര്‍മാരുമാണിപ്പോഴുള്ളത്. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ ഗവ. ട്രെയിനിങ് കോളജുകളില്‍ ഹിന്ദി ഐച്ഛിക വിഷയങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമേ കേരളത്തില്‍ ഭാഷാധ്യാപകപരിശീലനകേന്ദ്രങ്ങള്‍ ഏഴെണ്ണമുണ്ട്. അവിടെ മലയാളം, തമിഴ്, കന്നഡ, അറബി എന്നിവയില്‍ ഭാഷാധ്യാപകരെ പരിശീലിപ്പിച്ചുവരുന്നു. നഴ്സറി അധ്യാപകരെ പരിശീലിപ്പിക്കാന്‍ പ്രത്യേകം ഗവണ്‍മെന്റ് ട്രെയിനിങ് സ്കൂളുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. കേരള സംസ്ഥാന ശിശുക്ഷേമ സമിതി, ബി.എസ്.എസ്. തുടങ്ങിയ സന്നദ്ധ സംഘടനകള്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുത്തു വരുന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജുകള്‍ കായിക വിദ്യാഭ്യാസപരിശീലനം നല്കുന്നുണ്ട്. 1956-57-ലാണ് തിരുവനന്തപുരം ട്രെയിനിങ് കോളജിനോടനുബന്ധിച്ച് എം.എഡ്. കോഴ്സ് ആരംഭിച്ചത്. കേരള സര്‍വകലാശാലയിലെ എം.എഡ്. കോഴ്സിനെ തുടര്‍ന്ന് കാലിക്കറ്റ്, മഹാത്മാഗാന്ധി, ശ്രീ ശങ്കരാ സര്‍വകലാശാലകളിലും എം.എഡ്. കോഴ്സ് ഏര്‍പ്പെടുത്തി. NCTE യുടെ അംഗീകാരത്തോടെ സംസ്ഥാനത്തെ പല എയിഡഡ് കോളജുകളും സ്വാശ്രയ സംവിധാനത്തില്‍ എം.എഡ്. കോഴ്സ് ആരംഭിച്ചുകഴിഞ്ഞു. കുറേയെണ്ണം 2006-07-ല്‍ തുടങ്ങാന്‍ അനുമതി നേടിക്കഴിഞ്ഞിട്ടുമുണ്ട്. ഗവ. ട്രെയിനിങ് കോളജുകളില്‍ തിരുവനന്തപുരത്തുമാത്രമേ ഇപ്പോള്‍ എം.എഡ്. കോഴ്സുള്ളു.
എഡ്യൂക്കേഷന്‍ ഫാക്കല്‍റ്റി കേരള, കാലിക്കറ്റ്, മഹാത്മാഗാന്ധി, ശ്രീ ശങ്കരാ സര്‍വകലാശാലകളിലുണ്ട്. അവിടങ്ങളില്‍ ഫുള്‍ ടൈം, പാര്‍ട്ട് ടൈം ഗവേഷണ പഠനങ്ങള്‍ നടന്നു വരുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ട്രെയിനിങ് കോളജിനെ റിസര്‍ച്ച് സെന്ററായി 2005-06-ല്‍ അംഗീകരിച്ചിട്ടുണ്ട്. ചില എയിഡഡ് കോളജുകളും ഈ വഴിക്ക് നീങ്ങിയിട്ടുണ്ട്.
ബ്യൂറൊ ഒഫ് എഡ്യുക്കേഷനല്‍ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡീസ് ആയിരുന്ന സ്ഥാപനം, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷന്‍ (SIE) എന്നും സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് എഡ്യൂക്കേഷന്‍ (SISE) എന്നും പുനര്‍ നാമകരണം ചെയ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളുടെ പാത പിന്തുടര്‍ന്ന് സ്വസ്ഥാപനങ്ങളെ ഒന്നിപ്പിച്ച് സ്റ്റേറ്റ് കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷനല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (SCERT) ആയി മാറി. ഒരു കമ്മിറ്റിയുടെ പഠനത്തിനും ശിപാര്‍ശകള്‍ക്കും ശേഷമാണ് ഈ നടപടി സ്വീകരിച്ചത്. ഹയര്‍ സെക്കന്‍ഡറിതലം വരെയുള്ള സിലബസ്, പാഠപുസ്തകം, മൂല്യനിര്‍ണയരീതികള്‍ ഇവ ആവിഷ്കരിക്കുന്നതിനുപുറമേ പ്രാഥമിക അധ്യാപക വിദ്യാഭ്യാസ (TTC) കോഴ്സിന്റെ രൂപകല്പനയും എസ്.സി.ഇ.ആര്‍.ടി. ആണ് നടത്തുന്നത്.
മറ്റു സംസ്ഥാനങ്ങളുടെ ചുവടുപിടിച്ച് കേരളത്തിലും 2005-06-ല്‍ ഒരു സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എഡ്യൂക്കേഷനല്‍ മാനേജ്മെന്റ് ആന്‍ഡ് ട്രെയിനിങ് (SIEMAT) സ്ഥാപിതമായി. ഹെഡ്‍മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ മുതല്‍ മേലോട്ടുള്ള ഉദ്യോഗസ്ഥ പരിശീലനവും ആസൂത്രണ കാര്യങ്ങളുമാണിതിന്റെ ചുമതല. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എഡ്യൂക്കേഷനല്‍ പ്ളാനിങ് ആന്‍ഡ് അഡ്മിനിസ്റ്റ്രേഷന്‍ (NIEPA) ന്റെ സംസ്ഥാനതല സ്ഥാപനമാണിത്.
റ്റി.റ്റി.സി. കോഴ്സ്. നിശ്ചിത ശ.മാ. മാര്‍ക്കില്‍ കുറയാതെ വാങ്ങി മെട്രിക്കുലേഷനോ തത്തുല്യ പരീക്ഷയോ ജയിക്കുന്നവരില്‍ നിന്നാണ് പഠിതാക്കളെ തിരഞ്ഞെടുക്കുന്നത്. രണ്ടു വര്‍ഷമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. ആദ്യവര്‍ഷാവസാനമുള്ള വെക്കേഷന്‍കാലം ഒരു മാസം 'കമ്യൂണിറ്റി ലിവിങ്' നടത്തണമെന്ന് വ്യവസ്ഥയുണ്ട്. ബേസിക് മാതൃകയിലാണ് പരിശീലനം നല്കപ്പെടുന്നത്. പ്രൈമറി സ്കൂളുകളില്‍ പഠിപ്പിക്കുന്ന എല്ലാ വിഷയങ്ങളും ഉള്ളടക്ക (content) വും ബോധനരീതിയും ഇവര്‍ പഠിച്ചിരിക്കണം. പൊതുവിദ്യാഭ്യാസ വിഷയങ്ങളും സ്കൂള്‍ സംഘാടനം, പൊതുജനാരോഗ്യം തുടങ്ങിയവയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാംവര്‍ഷം പാഠ്യവിഷയങ്ങളുടെ ഉള്ളടക്കത്തിനാണ് പ്രാധാന്യം. വര്‍ഷാവസാനം പൊതുപരീക്ഷ നടത്തിപ്പോരുന്നു. രണ്ടാംവര്‍ഷം പ്രാക്റ്റീസ് റ്റീച്ചിങ്ങിനാണ് മുന്‍തൂക്കം. രണ്ടു വര്‍ഷത്തെ കര്‍ത്തവ്യനിര്‍വഹണം (performance) കൂടെ കണക്കിലെടുത്താണ് ക്ളാസ് നിര്‍ണയിക്കുന്നത്. 1970-71-ല്‍ ഒരു ബാച്ചിലെ പരമാവധി സംഖ്യ 20 ആയി നിജപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക വിഷയത്തിലോ വിദ്യാഭ്യാസത്തിലോ മാസ്റ്റര്‍ ബിരുദമുള്ളവരെ മാത്രമേ ട്രെയിനിങ് സ്കൂള്‍ അധ്യാപകരായി നിയമിക്കാവൂ എന്ന് കോഠാരി കമ്മീഷന്‍ നിര്‍ദേശിച്ചെങ്കിലും ചില പ്രായോഗിക വൈഷമ്യങ്ങള്‍ മൂലം അത് പരിഗണിക്കപ്പെട്ടിട്ടില്ല. ടീച്ചേഴ്സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് (T.T.C.) നേടിയവരാണ് ലോവര്‍ പ്രൈമറി സ്കൂളുകളിലും അപ്പര്‍ പ്രൈമറി സ്കൂളുകളിലും പഠിപ്പിക്കുന്നത്.
ബി.എഡ്. കോഴ്സ്. ബിരുദധാരികള്‍ക്ക് സെക്കണ്ടറി സ്കൂളുകളില്‍ അധ്യാപകരാകാന്‍ നല്കുന്ന പരിശീലനമാണിത്. ഇതാണു വിദ്യാഭ്യാസ പരിശീലനത്തിലെ പ്രഥമബിരുദം. ഒരു വര്‍ഷമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. ബിരുദതലത്തില്‍ സെലക്റ്റീവായി പഠിച്ച വിഷയമാവും ബി.എഡ്.ന് എടുക്കുന്ന വിഷയം. ഒറ്റവിഷയത്തിന്റെ പ്രാക്ടിക്കല്‍/തിയറിയില്‍ മാത്രമേ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ശ്രദ്ധിക്കുന്നുള്ളു. ഡബിള്‍ ഓപ്ഷന്റെ സ്ഥാനത്ത് ഇപ്പോള്‍ സിംഗിള്‍ ഓപ്ഷനെ ഉള്ളൂ. സോഷ്യോളജി, സൈക്കോളജി, ഫിലോസഫി, പൊളിറ്റിക്സ്, എക്കണോമിക്സ് തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രത്യേക സ്പെഷ്യലൈസേഷന്‍ ഇല്ല. ബിരുദത്തിലോ പ്രീഡിഗ്രി തലത്തിലോ പഠിച്ച വിഷയത്തിന്റെ അടിസ്ഥാനത്തില്‍ സ്പെഷ്യലൈസേഷനാവാം. കോമേഴ്സ്, ഹോം സയന്‍സ് തുടങ്ങിയ വിഷയങ്ങള്‍ക്ക് ബി.എഡ്.പഠനസൌകര്യം നല്‍കിയിട്ട് നാളേറെയായിട്ടില്ല. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജുകളില്‍ ബി.എഡ്, എം.എഡ്. എന്നീ കോഴ്സുകള്‍ നിലവിലുണ്ട്. കേരളത്തില്‍ കാര്യവട്ടത്ത് പ്രവര്‍ത്തിക്കുന്ന എന്‍.സി.പി.ഇ. മാത്രമാണിത്തരത്തിലുള്ള സ്ഥാപനം.
കേരള ഹിന്ദി പ്രചാരസഭയും ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയും നടത്തുന്ന 'ആചാര്യ' കോഴ്സുകള്‍ B.Ed. ന് തുല്യമായി പരിഗണിച്ച് സെക്കന്‍ഡറി തലംവരെ അധ്യാപകരാവാനുള്ള യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്. പുറമേ വിദ്യാഭ്യാസ മനഃശാസ്ത്രം, വിദ്യാഭ്യാസത്തിന്റെ താത്ത്വികാടിസ്ഥാനം, ഇന്ത്യയിലെ വിദ്യാഭ്യാസം എന്നീ പൊതുവിഷയങ്ങള്‍ ഓരോ വിദ്യാര്‍ഥിയും പഠിക്കേണ്ടതുണ്ട്. സ്കൂള്‍ ഓര്‍ഗനൈസേഷന്‍, ലൈബ്രറി ഓര്‍ഗനൈസേഷന്‍, കേസ്‍സ്റ്റഡി, മെഷര്‍മെന്റ്, ആഡിയോവിഷ്വല്‍ എഡ്യൂക്കേഷന്‍ എന്നിവയും പ്രാക്റ്റീസ് റ്റീച്ചിങും ഈ കോഴ്സിന്റെ ഭാഗങ്ങളാണ്. മൂന്ന് ആഴ്ചകളോളം നീണ്ടുനില്ക്കുന്ന ബ്ളോക്‍റ്റീച്ചിങ് കാലത്ത് ഓരോരുത്തരും ഐച്ഛികവിഷയങ്ങളില്‍ പത്തില്‍ കുറയാതെ ക്ളാസ്സുകള്‍ എടുക്കണമെന്നാണ് വ്യവസ്ഥ. കൂടാതെ മാതൃകാപാഠം (model lesson), നിരൂപണപാഠം (criticism lesson), പാഠക്കുറിപ്പുകള്‍, നിരീക്ഷണം (observation) എന്നിവയ്ക്കും പ്രാധാന്യം നല്കിയിട്ടുണ്ട്. തിയറിക്കും പ്രാക്റ്റിക്കലിനും വെവ്വേറെയാണ് ജയാപജയങ്ങള്‍ നിശ്ചയിക്കുന്നത്.
എം.എഡ്. കോഴ്സ്. ബിരുദതലത്തില്‍ രണ്ടാംക്ളാസെങ്കിലും ഉള്ളവരും ബി.എഡ്.-ന് മുമ്പ് രണ്ടുവര്‍ഷത്തെയോ അതിനുശേഷം ഒരു വര്‍ഷത്തെയോ അധ്യാപനപരിചയമുള്ളവരുമാണ് എം.എഡ്. കോഴ്സിന് അപേക്ഷിക്കാവുന്നവര്‍. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 12 മാസത്തെ കോഴ്സാണിതിന് നല്കുന്നത്. അഞ്ച് തിയറി പേപ്പറും പതിനായിരത്തിനും ഇരുപതിനായിരത്തിനും മധ്യേ വാക്കുകളുള്ള ഒരു തീസിസുമാണ് എം.എഡ്. പരീക്ഷയുടെ പ്രധാന ഭാഗങ്ങള്‍.
മറ്റു രാഷ്ട്രങ്ങളില്‍. 1963-ല്‍ ഇംഗ്ളണ്ടില്‍ സമര്‍പ്പിക്കപ്പെട്ട റോബിന്‍സ് (Robbins) റിപ്പോര്‍ട്ട് അവിടെ മാത്രമല്ല ലോകത്താകമാനം വിദ്യാഭ്യാസവികസനത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെടാവുന്നതാണ്. പ്രസ്തുത റിപ്പോര്‍ട്ടിലെ ഒന്‍പതാം അധ്യായം അധ്യാപകപരിശീലനമാണ് ചര്‍ച്ച ചെയ്യുന്നത്. 1944-ലെ മക്നയര്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളെ ഇതില്‍ കുറെയൊക്കെ വിലയിരുത്തുന്നു. പ്രൈമറി അധ്യാപകരെന്നും സെക്കണ്ടറി അധ്യാപകരെന്നും അധ്യാപകരെ രണ്ടായി കാണേണ്ടതില്ലെന്നാണ് കമ്മിറ്റിയുടെ അഭിപ്രായം. വെവ്വേറെ ട്രെയിനിങ് നല്കേണ്ട ആവശ്യവും അവര്‍ കാണുന്നില്ല. അക്കാദമിക് ഡിഗ്രിക്കും അധ്യാപനപരിശീലനത്തിനുമായി ഒരാള്‍ നാലു വര്‍ഷമാണ് പഠിക്കേണ്ടത്. ആദ്യത്തെ മൂന്നു വര്‍ഷം ജനറല്‍ കോഴ്സും അവസാനത്തെ ഒരു വര്‍ഷം പ്രൊഫഷണല്‍ കോഴ്സുമാണ്. വിവിധ പാഠ്യവിഷയങ്ങള്‍, ബോധനരീതികള്‍, വിദ്യാഭ്യാസ തത്ത്വങ്ങള്‍ എന്നിവ താത്ത്വികമായും പ്രായോഗികമായും ഓരോ വിദ്യാര്‍ഥിയും അഭ്യസിക്കുന്നു. പ്രാക്റ്റിസ് റ്റീച്ചിങ്ങിന് വളരെ പ്രാധാന്യം നല്കുന്നുണ്ട്. അധ്യാപകരും അധ്യാപകവിദ്യാര്‍ഥികളും താരതമ്യേന മെച്ചപ്പെട്ട നിലവാരമാണ് പുലര്‍ത്തുന്നത്. സ്ഥാപനങ്ങളെല്ലാംതന്നെ ദേശീയ സ്വഭാവമുള്ളവയാണെങ്കിലും അവ നടത്തുന്നത് ലോക്കല്‍ എഡ്യൂക്കേഷണല്‍ അതോറിറ്റികളും സാമൂഹ്യസംഘടനകളും സര്‍വകലാശാലകളുമാണ്.
യു.എസ്. യു.എസ്സില്‍ ഓരോ സ്റ്റേറ്റും അതതിന്റെ വിദ്യാഭ്യാസ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ് പതിവ്. അധ്യാപകവിദ്യാഭ്യാസത്തിന് ഒരു ദേശീയനിലവാരമോ പരിപാടിയോ ഇല്ലെന്നതാണ് അവിടത്തെ പ്രത്യേകത. പൊതുവിദ്യാഭ്യാസയോഗ്യത നേടിക്കഴിഞ്ഞാല്‍ നാലോ അഞ്ചോ വര്‍ഷംകൊണ്ടു മാത്രമേ അധ്യാപകയോഗ്യത നേടാന്‍ കഴിയുകയുള്ളു. പാഠ്യവിഷയങ്ങളെപ്പറ്റിയുള്ള വിശദമായ പഠനം, വിദ്യാഭ്യാസ ചരിത്രം, വിദ്യാഭ്യാസ സാമൂഹികശാസ്ത്രം, വിദ്യാഭ്യാസ തത്ത്വശാസ്ത്രം, വിദ്യാഭ്യാസ മനഃശാസ്ത്രം, എന്നിവ ഓരോ വ്യക്തിയും പഠിക്കേണ്ട വിഷയങ്ങളാണ്. പുറമേ അധ്യാപന പരിശീലനത്തിന് ഗണ്യമായ സ്ഥാനം നല്കിയിട്ടുണ്ട്. ഇടയ്ക്കിടെയുള്ള റ്റീച്ചിങ് പ്രാക്റ്റീസ് കൂടാതെ ബ്ളോക്ക് ടീച്ചിങ് പ്രാക്റ്റീസും അവിടെ നിര്‍ബന്ധിതമാണ്. ഒന്‍പതു ആഴ്ചയാണ് ഇതിന് നീക്കിവച്ചിട്ടുള്ളത്. തിയറിയിലെ വിജയത്തിനു പുറമേ പ്രായോഗിക പരിശീലനവും മികച്ചതാണെന്ന് ബോധ്യപ്പെട്ടാലേ യോഗ്യതാപത്രം ലഭിക്കുകയുള്ളു. അധ്യാപകനിയമനത്തിന് ഈ യോഗ്യതാപത്രം അനിവാര്യമാകുന്നു. അതായത് പ്രീ-സര്‍വീസ് ട്രെയിനിങ്ങിനാണ് അവിടെ മുന്‍തൂക്കം നല്കിയിട്ടുള്ളത്. പുറമേ ഇന്‍സര്‍വീസ് ട്രെയിനിങ്ങിനുള്ള സൌകര്യങ്ങളും വ്യവസ്ഥകളും ഉണ്ട്. അധ്യാപകന്‍ എവിടെ പ്രവൃത്തിയെടുക്കുന്നുവെന്നതിനെക്കാള്‍ എന്തെല്ലാം യോഗ്യതകള്‍ നേടിയിട്ടുണ്ടെന്നുള്ളതാണ് ശമ്പളം നിര്‍ണയിക്കുന്നതിന്റെ പ്രധാന മാനദണ്ഡം. അതുകൊണ്ടുതന്നെയാകാം ഉന്നതബിരുദധാരികള്‍ സ്കൂളുകളില്‍ ധാരാളമുള്ളത്.
റഷ്യ. റഷ്യയില്‍ അധ്യാപകവിദ്യാഭ്യാസത്തിനായി പെഡഗോഗിക്കല്‍ സ്കൂള്‍, പെഡഗോഗിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് രണ്ടിനം സ്ഥാപനങ്ങളുണ്ട്. അധ്യാപകന് നല്കുന്ന പദവിയുടെയും പരിശീലനത്തിന്റെയും ഫലമായാണ് അവിടെ വിദ്യാഭ്യാസം മെച്ചപ്പെട്ടിരിക്കുന്നതെന്ന് പറയാം. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പില്‍ വരുത്തുന്നതിനുമിടയ്ക്ക് ഏറ്റവും കുറഞ്ഞ സമയം എടുക്കുന്ന രാഷ്ട്രമെന്ന ബഹുമതി റഷ്യ കരസ്ഥമാക്കിയിട്ടുണ്ട്. കിന്റര്‍ഗാര്‍ട്ടനിലേക്കും പ്രൈമറിക്ളാസ്സുകളിലേക്കും-1 മുതല്‍ 4 വരെ ക്ളാസ്സുകള്‍-ഉള്ള അധ്യാപകരെ പെഡഗോഗിക്കല്‍ സ്കൂളുകളിലും 5 മുതല്‍ 11 വരെ ക്ളാസ്സുകളിലേക്കുള്ള അധ്യാപകരെ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും അതിനു മുകളിലുള്ളവരെ സര്‍വകലാശാലകളിലുമാണ് പരിശീലിപ്പിക്കുന്നത്. എട്ടുവര്‍ഷത്തെ വിദ്യാഭ്യാസം നേടിയവര്‍ക്ക് നാലുവര്‍ഷത്തെയും പത്തുവര്‍ഷത്തെ വിദ്യാഭ്യാസം നേടിയവര്‍ക്ക് രണ്ടുവര്‍ഷത്തെയും പരിശീലനമാണ് പെഡഗോഗിക്കല്‍ സ്കൂളുകളില്‍ നല്കുന്നത്. പാഠ്യവിഷയങ്ങള്‍ക്കു പുറമേ സംഗീതം, കായികവിദ്യാഭ്യാസം, ഡ്രോയിങ് എന്നിവ നിര്‍ബന്ധിതമാണ്. പ്രൈമറിസ്കൂളുകളിലെ അധ്യാപകര്‍ എല്ലാ വിഷയങ്ങളും പഠിപ്പിക്കേണ്ടതുകൊണ്ട് പ്രത്യേക വിഷയത്തില്‍ വിശിഷ്ടാധ്യയനം നടത്താറില്ല. അവസാനവര്‍ഷം ആറ് ആഴ്ച ഒരംഗീകൃത സ്കൂളില്‍ ഇവര്‍ പഠിപ്പിക്കവേയാണ് പ്രായോഗിക പരിശീലനം വിലയിരുത്തപ്പെടുന്നത്.
സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുടര്‍ന്ന് അഞ്ചുവര്‍ഷത്തെ പരിശീലനം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നല്കുന്നു. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. രണ്ടുവര്‍ഷം ഫാക്റ്ററിയിലോ പാടത്തോ പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്കായി 80 ശതമാനം സീറ്റുകള്‍ നീക്കിവയ്ക്കാന്‍ 1958 മുതല്‍ നിയമമുണ്ട്. പൊതുവിഷയങ്ങള്‍ക്കു പുറമേ പാഠ്യപദ്ധതിയില്‍ വിദ്യാഭ്യാസതത്ത്വങ്ങള്‍, ചരിത്രം, വിദ്യാഭ്യാസത്തിന്റെ സാമൂഹിക താത്വികമനഃശാസ്ത്രാടിസ്ഥാനങ്ങള്‍ എന്നിവയും പ്രായോഗിക പരിശീലനവും ഉള്‍പ്പെടുന്നുണ്ട്. 'വിദ്യാഭ്യാസവും ജീവിതവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം' എവിടെയും കാണുന്നു. അധ്യാപകനാകുന്നതോടൊപ്പം യൂത്ത്ലീഡറായും കമ്മ്യൂണിറ്റിലീഡറായും സേവനമനുഷ്ഠിക്കാനുള്ള തയ്യാറെടുപ്പും അധ്യാപകപരിശീലനകാലത്ത് ഓരോ വ്യക്തിയും നേടണം. നാലാം വര്‍ഷം വിദ്യാര്‍ഥി ഒരംഗീകൃത സ്കൂളില്‍ പൂര്‍ണകാലാധ്യാപകനായി പ്രവര്‍ത്തിക്കണം. താന്‍ തിരഞ്ഞെടുക്കുന്ന രണ്ടു വിഷയങ്ങള്‍ ഏതു ക്ളാസ്സിലും പഠിപ്പിക്കാനുള്ള പ്രാഗല്ഭ്യം അഞ്ചാം വര്‍ഷത്തിനകം ഓരോരുത്തരും നേടിയിരിക്കും. താന്താങ്ങളുടെ അനുഭവങ്ങളും നേട്ടങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ലിഖിതറിപ്പോര്‍ട്ടും ഓരോ വ്യക്തിയും നല്കണമെന്നാണ് വ്യവസ്ഥ. വിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങള്‍, പാഠ്യപദ്ധതി മുതലായവയെപ്പറ്റി വിശേഷജ്ഞാനം പരിശീലനകാലത്ത് ഓരോ വിദ്യാര്‍ഥിയും നേടിയിരിക്കും. ഇതിനുപുറമേ 'കാന്‍ഡിഡേറ്റ്' ഡിഗ്രിക്കുവേണ്ടി ഗവേഷണം നടത്താനും സ്വയം തയ്യാറാക്കുന്ന പ്രബന്ധം വിദഗ്ധന്മാരുടെ മുമ്പാകെ അവതരിപ്പിച്ച് ബിരുദം കരസ്ഥമാക്കാനും ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ സൌകര്യമുണ്ട്. പെഡഗോഗിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകര്‍ 'കാന്‍ഡിഡേറ്റ്' അഥവാ 'ഡോക്ടറേറ്റ്' ഡിഗ്രി ഉള്ളവരായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
രണ്ടുവര്‍ഷത്തിലൊരിക്കല്‍ ഓരോ അധ്യാപകനും ഏതെങ്കിലും ഇന്‍സര്‍വീസ് ട്രെയിനിങ് പൂര്‍ത്തിയാക്കിയിരിക്കണം. ഈ വ്യവസ്ഥ ഇംക്രിമെന്റ് നേടുന്നതിനുള്ള യോഗ്യതയായി നിശ്ചയിച്ചിട്ടുണ്ട്.
പുതിയ സമീപനം. കോഠാരി കമ്മീഷന്റെ ശുപാര്‍ശകള്‍ അധ്യാപനപരിശീലനത്തിന് മുന്‍തൂക്കം നല്കിക്കൊണ്ട് ഒരു പുതിയ സമീപനത്തിന് വഴിതെളിച്ചിരിക്കുകയാണ്. പാഠ്യവിഷയങ്ങളുടെ ഉള്ളടക്കത്തെ അവഗണിക്കാതെ അധ്യാപകവിദ്യാഭ്യാസം പുനരാവിഷ്കരിക്കുകയാണ് അഭികാമ്യം. ട്രെയിനിങ് സ്കൂളുകളുടെ പദവി ജൂനിയര്‍ കോളജുകളുടേതിന് തുല്യമാക്കണം. പാഠ്യവിഷയത്തിലോ എഡ്യൂക്കേഷനിലോ പോസ്റ്റ്ഗ്രാഡ്വേറ്റ് ബിരുദമുള്ളവരെ മാത്രമേ അവിടെ അധ്യാപകരാക്കാവൂ എന്ന് നിര്‍ദേശിച്ച് മെച്ചപ്പെട്ട ശമ്പളസ്കെയിലുകള്‍ നല്കുകയും വേണം. ട്രെയിനിങ് കോളജുകളില്‍ ഡബിള്‍ മാസ്റ്റേഴ്സ് ഡിഗ്രി ഉള്ളവരെ മാത്രമേ അധ്യാപകരാക്കാവു. അവിടെയും മികച്ച സേവനവ്യവസ്ഥകളും ശമ്പളസ്കെയിലുകളും നല്കപ്പെടണം. ഗവേഷണസൌകര്യങ്ങള്‍ എല്ലാ ട്രെയിനിങ് കോളജുകളിലും ഉണ്ടാകണം. അധ്യാപനം തൊഴിലാക്കാന്‍ ഒരുമ്പെടുന്നവരെയെല്ലാം പരിശീലനത്തിന് നിയോഗിക്കാതെ അതില്‍ അഭിരുചിയുള്ളവരെ മാത്രം തിരഞ്ഞെടുക്കുന്നരീതി അനുവര്‍ത്തിക്കപ്പെടണം. ഇന്‍സര്‍വീസ്‍കോഴ്സുകള്‍ നിര്‍ബന്ധിതമാക്കണം. ഒരു നിശ്ചിതകാലയളവില്‍ (മൂന്നോ അഞ്ചോ വര്‍ഷങ്ങള്‍ക്കുള്ളില്‍) ഓരോ അധ്യാപകനും ഈ കോഴ്സ് പൂര്‍ത്തിയാക്കിയിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നത് അധ്യാപകന്റെ കഴിവും കാഴ്ചപ്പാടും മെച്ചപ്പെടുത്താന്‍ ഉപകരിക്കുകതന്നെ ചെയ്യും. ഒരേ കാമ്പസില്‍ തന്നെ പ്രീ-പ്രൈമറി മുതല്‍ ഉന്നതവിദ്യാഭ്യാസപരിശീലനകേന്ദ്രം വരെ ഉള്‍ക്കൊള്ളുന്ന കോംപ്രിഹെന്‍സീവ് കോളജുകള്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം സ്ഥാപിക്കപ്പെടണം. ഒരു യൂണിവേഴ്സിറ്റി ഡിസിപ്ളിനായി അംഗീകരിച്ച് ബിരുദതലത്തിലും ബിരുദാനന്തരതലത്തിലും എഡ്യൂക്കേഷന്‍ പാഠ്യവിഷയമാകണം. വസ്തുനിഷ്ഠമായ മൂല്യനിര്‍ണയരീതികളും സ്വീകരിക്കപ്പെടണം. റ്റീച്ചര്‍ എഡ്യൂക്കേറ്റര്‍മാരുടെ പ്രൊഫഷനല്‍ സംഘടനയാണ് കൌണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ (CTE). മുമ്പ് ഐ.എ.റ്റി.ഇ., എന്‍.എ.റ്റി.ഇ. എന്നീ പേരുകളില്‍ അറിഞ്ഞിരുന്ന സംഘടനയുടെ പുതിയ രൂപമാണിത്. മധ്യപ്രദേശിലെ ഭോപ്പാല്‍ ആണ് ഇതിന്റെ ആസ്ഥാനം. സംസ്ഥാനങ്ങളില്‍ സ്റ്റേറ്റ് ചാപ്റ്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 2000 മുതല്‍ കേരളാ ചാപ്റ്റര്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. വാര്‍ഷിക സെമിനാറുകള്‍, കണ്‍വെന്‍ഷനുകള്‍, സുവനീറുകള്‍, റെഗുലേറ്ററുകള്‍ എന്നിവയുടെ പ്രൊഫഷനല്‍ ഇംപ്രൂവ്മെന്റ് ഉറപ്പിക്കുന്നത് ഈ സംഘടനയാണ്. 2006 ആദ്യം കേരളത്തില്‍ 500-ലധികം ആയുഷ്കാല വ്യക്ത്യംഗങ്ങളും 25 സ്ഥാപനാംഗങ്ങളും ഉണ്ട്. ആണ്ടുതോറും 'ബെസ്റ്റ് ടീച്ചര്‍ എഡ്യൂക്കേറ്റര്‍ അവാര്‍ഡ്' നല്‍കിവരുന്നു. ഗവ. എയ്ഡഡ്, അണ്‍ എയ്ഡഡ് ഭേദചിന്തയോ ബി.എഡ്/എം.എഡ്/ടി.ടി.ഐ. ഭേദചിന്തയോ കൂടാതെയാണ് സി.റ്റി.ഇ. പ്രവര്‍ത്തിക്കുന്നത്. അധ്യാപക വിദ്യാഭ്യാസ നവീകരണവും നിലവാരം മെച്ചപ്പെടുത്തുകയും ആണ് സംഘടനയുടെ ലക്ഷ്യം. ഒരു അധ്യാപക വിദ്യാഭ്യാസ ഡയറക്റ്ററേറ്റ്, പെഡഗോഗിക്കല്‍ യൂണിവേഴ്സിറ്റി എന്നിവയ്ക്കും സി.റ്റി.ഇ. ശബ്ദമുയര്‍ത്തുന്നുണ്ട്.
(ഡോ. കെ. ശിവദാസന്‍ പിള്ള)