This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അധ്യാപക രക്ഷാകര്‍ത്തൃ സംഘടന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അധ്യാപക രക്ഷാകര്‍ത്തൃ സംഘടm

അധ്യാപകരും രക്ഷാകര്‍ത്താക്കളും ചേര്‍ന്നു രൂപവത്കരിക്കുന്ന സംഘടന. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാന്‍ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. പി.ടി.എ. എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്.


വിദ്യാര്‍ഥികള്‍ക്ക് രണ്ടുതരം ജീവിതാനുഭവങ്ങള്‍ ഉണ്ട്: ഒന്ന് വിദ്യാലയത്തിനകത്തും മറ്റേത് വിദ്യാലയത്തിനു പുറത്തും. ഈ രണ്ടനുഭവങ്ങളും അവന്റെ വ്യക്തിത്വത്തെ സാരമായി സ്വാധീനിക്കുന്നു. ഈ സ്വാധീനശക്തികള്‍ അവനില്‍ പരസ്പരപൂരകങ്ങളായോ ഒന്നിനു മറ്റൊന്നു അനുബന്ധമായോ അല്ലെങ്കില്‍ ഘടകവിരുദ്ധമായോ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. വിദ്യാലയങ്ങളില്‍ സദാചാരത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്ന കുട്ടി അതിനു വിരുദ്ധമായ ഒരു സാഹചര്യത്തില്‍ വീട്ടില്‍ വളരാന്‍ ഇടവരുമ്പോള്‍ അവന്റെ ഈ അനുഭവങ്ങള്‍ തമ്മില്‍ സംഘട്ടനമുണ്ടാകുന്നു എന്നത് ഒടുവില്‍ പറഞ്ഞ വസ്തുതയ്ക്ക് ഒരു ദൃഷ്ടാന്തമാണ്. ഏതായാലും ഈ രണ്ട് അനുഭവങ്ങളുടെയും ആകെത്തുക വിദ്യാര്‍ഥിയുടെ വ്യക്തിത്വത്തെ സ്വാധീനിച്ചുകൊണ്ടിരിക്കും.


അടുത്തകാലത്ത് നടത്തിയ നിരീക്ഷണപരീക്ഷണങ്ങളില്‍നിന്ന് രണ്ടു പ്രധാന സംഗതികള്‍ വ്യക്തമായിട്ടുണ്ട്: 1. കുട്ടിയുടെ വിദ്യാലയത്തിനു പുറത്തുള്ള അനുഭവങ്ങളെപ്പറ്റി ശരിയായ അറിവുണ്ടെങ്കില്‍ അധ്യാപകന്റെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമായിത്തീരും; 2. ഗാര്‍ഹിക പരിതഃസ്ഥിതികളിലുള്ള മാറ്റം കുട്ടിയുടെ സ്കൂള്‍ ജീവിതത്തെയും ബാധിക്കും. ഇത്രയും കാര്യം വ്യക്തമായതോടുകൂടി വിദ്യാര്‍ഥിയുടെ ഗാര്‍ഹികവും സാമൂഹികവുമായ പശ്ചാത്തലവും മറ്റു ബന്ധപ്പെട്ട കാര്യങ്ങളും അറിഞ്ഞിരിക്കുക എന്നത് അധ്യാപകര്‍ക്ക് സ്വന്തം കര്‍ത്തവ്യനിര്‍വഹണത്തിന് അനുപേക്ഷണീയമാണെന്ന് ബോധ്യപ്പെട്ടു തുടങ്ങി. അതുപോലെ കുട്ടിയുടെ വിദ്യാലയജീവിതത്തെക്കുറിച്ച് മനസ്സിലാക്കിയാലേ അവനെ വീട്ടില്‍ വേണ്ടപോലെ നയിക്കുന്നതിന് തങ്ങള്‍ക്ക് സാധ്യമാകൂ എന്ന് രക്ഷകര്‍ത്താക്കള്‍ക്കും മനസ്സിലായി. രണ്ടു ഭാഗത്തുനിന്നും ഇപ്രകാരമുണ്ടായ പ്രതികരണങ്ങള്‍മൂലം അധ്യാപകരും രക്ഷകര്‍ത്താക്കളും പരസ്പരധാരണയും സഹകരണവും പുലര്‍ത്തേണ്ടതാണെന്ന അഭിപ്രായം ഉടലെടുത്തു. ഇതാണ് അധ്യാപക രക്ഷാകര്‍തൃസംഘടനയുടെ താത്ത്വിക പശ്ചാത്തലം.


രൂപവത്കരണം. അധ്യാപകരക്ഷാകര്‍ത്തൃസംഘടന മൂന്നു തരത്തിലാണ് രൂപംകൊണ്ടത്: 1. അധ്യാപകര്‍ മുന്‍കൈയെടുത്തതിന്റെ ഫലമായി; 2. രക്ഷകര്‍ത്താക്കള്‍ മുന്‍കൈ എടുത്തതിന്റെ ഫലമായി; 3. അധ്യാപകരും രക്ഷകര്‍ത്താക്കളും ഒന്നിച്ച് ആസൂത്രണം ചെയ്തതിന്റെ ഫലമായി. ഇപ്രകാരമുണ്ടായ അധ്യാപകരക്ഷാകര്‍ത്തൃസംഘടനകള്‍ പ്രയോജനമുള്ള പലവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാര്‍ഥിയുടെ പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവര്‍ത്തനങ്ങളില്‍ രക്ഷകര്‍ത്താക്കള്‍ പൊതുവേ താത്പര്യം കാണിക്കുക, അധ്യാപകര്‍ വിദ്യാര്‍ഥികളുടെ വീടുകള്‍ സന്ദര്‍ശിച്ച് രക്ഷകര്‍ത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, രക്ഷകര്‍ത്താക്കള്‍ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കുകയും വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളില്‍ ഉള്‍പ്പെടുന്നു.


അധ്യാപക രക്ഷാകര്‍ത്തൃ സംഘടനകള്‍ (പി.ടി.എ.-Parent Teacher Association) ഇന്നു മിക്ക പരിഷ്കൃത രാജ്യങ്ങളിലും ഉടലെടുത്തിട്ടുണ്ട്. യു.എസ്., ഇംഗ്ളണ്ട്, കാനഡ, സ്കോട്ട്ലന്‍ഡ്, ഇന്ത്യ, ജപ്പാന്‍ എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍ അധ്യാപക രക്ഷാകര്‍ത്തൃസംഘടനകള്‍ ഊര്‍ജിതമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പ്രാദേശികാടിസ്ഥാനത്തിലും ദേശീയാടിസ്ഥാനത്തിലും ഇത്തരം സംഘടനകള്‍ ഇന്ന് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും അധ്യാപകരക്ഷാകര്‍ത്തൃസംഘടനകള്‍ രൂപം കൊണ്ടുകഴിഞ്ഞു. ഇവയുടെ ഒരു കേന്ദ്രസംഘടനയും പ്രവര്‍ത്തിക്കുന്നുണ്ട്.


കേരളത്തില്‍ സ്വകാര്യ (മാനേജ്മെന്റ്) സ്കൂളുകളിലാണ് ഇത് ആദ്യം ആരംഭിച്ചത്. സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫര്‍ണിച്ചര്‍, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സംഘടിതയത്നത്തിലൂടെയാണ് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ രൂപമെടുത്തത്. ഇപ്പോള്‍ ഗവണ്‍മെന്റ് നല്കിയ മാതൃകാ നിയമാവലികളുടെ അടിസ്ഥാനത്തില്‍ ഒട്ടുമുക്കാലും സ്കൂളുകളില്‍ പി.ടി.എ. പ്രവര്‍ത്തിക്കുന്നുണ്ട്. കോളജുതലത്തിലും ഇവ പ്രവര്‍ത്തിച്ചുവരുന്നു.


ചുമതലകള്‍, ലക്ഷ്യങ്ങള്‍. പഠിതാക്കളുടെ സര്‍വതോമുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവര്‍ത്തിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് അധ്യാപക രക്ഷാകര്‍ത്തൃസംഘടനയുടെ പ്രധാനലക്ഷ്യം. കലാപരിപാടികള്‍, ബനിഫിറ്റ്ഷോ, കൂപ്പണ്‍സമ്പ്രദായം മുതലായവവഴി ധനശേഖരണം നടത്തി സ്കൂളിലേക്ക് അവശ്യംവേണ്ട ഉപകരണങ്ങളും മറ്റു സൌകര്യങ്ങളും ഉണ്ടാക്കുകയും അവ അധികൃതരെ ഏല്പിച്ചുകൊടുക്കയുമാണ് പ്രധാന ചുമതലകളില്‍ ഒന്ന്. സ്കൂളിന്റെ യശസ്സ് വളര്‍ത്തുന്നതിനും നിലനിര്‍ത്തുന്നതിനും പി.ടി.എ. കടപ്പെട്ടിരിക്കുന്നു. അച്ചടക്കപാലനത്തിലും ഇതിന് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാര്‍ഥ്യമാക്കുന്നത് ഈ സംഘടനയാണ്.


ഒരു രക്ഷകര്‍ത്താവ് പ്രസിഡന്റും പ്രധാനാധ്യാപകന്‍ കാര്യദര്‍ശിയും കണ്‍വീനറും ആയുള്ള ഒരു ഭരണസമിതി, പി.ടി.എ. അംഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നു. ഒരു പേട്രണ്‍ ഉണ്ടാകാമെന്നും വ്യവസ്ഥയുണ്ട്. ജോയിന്റ് സെക്രട്ടറിയോ ജോയിന്റ് കണ്‍വീനറോ രക്ഷിതാക്കളില്‍നിന്നാകാം. ഇതിന്റെ ഭരണസമിതികളില്‍ ഏതാണ്ട് സമപ്രാതിനിധ്യമാണ് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉള്ളതെങ്കിലും, മിക്കപ്പോഴും രക്ഷിതാക്കള്‍ക്ക് മുന്‍തൂക്കം നല്കിപ്പോരുന്നു.

(ഡോ. കെ. ശിവദാസന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍