This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അധ്യാപക-വിദ്യാര്‍ഥി അനുപാതം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അധ്യാപക-വിദ്യാര്‍ഥി അനുപാതം
ഒരു വിദ്യാലയത്തിലെ അധ്യാപകരുടെ ആകെ എണ്ണവും വിദ്യാര്‍ഥികളുടെ എണ്ണവും തമ്മിലുള്ള അനുപാതം. താത്ത്വികമായി ഇതാണ് വിവക്ഷയെങ്കിലും സാമാന്യേന ഒരു ക്ളാസ്സിലെ കുട്ടികളുടെ എണ്ണം അഥവാ ഒരധ്യാപകന്റെ ചുമതലയിലുള്ള കുട്ടികളുടെ എണ്ണം ആണ് അനുപാതമായി കണക്കാക്കുന്നത്. ക്ളാസ്സധ്യാപകര്‍ക്കു പുറമേ ക്രാഫ്റ്റ്, ഡ്രായിങ്, ഡ്രില്‍ തുടങ്ങിയവയ്ക്കുള്ള അധ്യാപകരെയും ഒന്നിച്ചുചേര്‍ത്ത് ആകെ വിദ്യാര്‍ഥികളുടെ എണ്ണത്തെ ഹരിക്കുന്നതുകൊണ്ടാണ് അധ്യാപക വിദ്യാര്‍ഥി അനുപാതവും ക്ളാസ്സിലെ കുട്ടികളുടെ എണ്ണവും പൊരുത്തപ്പെടാത്തത്. ക്ളാസ്സിലെ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നാണ് അധ്യാപകരും വിദ്യാഭ്യാസചിന്തകരും ആവശ്യപ്പെടുന്നത്. വ്യക്തിപരമായ ബോധനം കൂടുതല്‍ സാധ്യമാക്കാനും ആന്തരികമൂല്യനിര്‍ണയനത്തിനും അധ്യേതാക്കളുടെ എണ്ണം കുറഞ്ഞിരിക്കുന്നതാണ് നല്ലത്. ജനസംഖ്യാവര്‍ധനവിന് ആനുപാതികമായി വിദ്യാലയങ്ങളുടെ എണ്ണം വര്‍ധിക്കാത്തതിനാല്‍ വളരെയേറെ കുട്ടികളെ ഓരോ ക്ളാസ്സിലും ഉള്‍പ്പെടുത്തേണ്ടിവരുന്നു.
കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍. 1953-ലെ മുതലിയാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍, അധ്യാപകരും വിദ്യാര്‍ഥിയും തമ്മില്‍ വ്യക്തിപരമായ ബന്ധം പുലര്‍ത്തുന്നതിനും അധ്യേതാവില്‍ പൂര്‍ണമായ ശ്രദ്ധ പതിപ്പിക്കുന്നതിനും ഉതകുമാറ് ഓരോ ക്ളാസ്സിലെയും കുട്ടികളുടെ എണ്ണം പരമാവധി പരിമിതപ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. അതില്‍ 20 മുതല്‍ 30 വരെ കുട്ടികളേ ഒരു ക്ളാസ്സില്‍ ഉണ്ടാകാവു എന്നാണെങ്കിലും പ്രായോഗികതയെ ആധാരമാക്കി 30 മുതല്‍ 40 വരെ ആകാമെന്ന് സമ്മതിച്ചിട്ടുണ്ട്.
1966-ല്‍ കോഠാരി കമ്മിഷന്‍ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കണ്ടറി വിഭാഗങ്ങളില്‍ ഒരു ക്ളാസ്സ് ഡിവിഷനിലെ കുട്ടികളുടെ എണ്ണം യഥാക്രമം 50, 45, 40-ല്‍ അധികമാകാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ദേശീയ വികസനം മുഖ്യലക്ഷ്യമാക്കിയതുകൊണ്ടാകാം കോഠാരി കമ്മിഷന്‍ ക്ളാസ്സിലെ പരമാവധി സംഖ്യ ഉയര്‍ത്തി പറഞ്ഞിരിക്കുന്നത്. 6 മുതല്‍ 10 വരെ സ്റ്റാന്‍ഡേര്‍ഡുകളില്‍ യഥാക്രമം 13.2 ശ.മാ., 10.2 ശ.മാ., 19.3 ശ.മാ., 24.1 ശ.മാ., 19.8 ശ.മാ. അധ്യാപകര്‍ 50-ലധികം കുട്ടികളുള്ള ക്ളാസ്സുകള്‍ കൈകാര്യം ചെയ്യുന്നവരാണെന്ന് കോഠാരി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസപ്രശ്നങ്ങള്‍ അപഗ്രഥിച്ചിട്ടുള്ള കമ്മിഷനുകളെല്ലാം തന്നെ അധ്യാപകവിദ്യാര്‍ഥി അനുപാതം ലഘുവാക്കണമെന്നും ക്ളാസ്സിലിരിക്കുന്ന കുട്ടികളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. ലണ്ടനിലെ പ്രസിദ്ധമായ റോബിന്‍സ് റിപ്പോര്‍ട്ടില്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ അനുപാതം പോസ്റ്റ് ഗ്രാഡ്വേറ്റ് ലവലില്‍ 1:5-ഉം ഗ്രാഡ്വേറ്റ് ലവലില്‍ 1:10-ഉം ആയി നിര്‍ദേശിച്ചിട്ടുണ്ട്. 1970-ല്‍ കേരളത്തില്‍ പ്രൈമറി, സെക്കണ്ടറി തലങ്ങളിലെ അനുപാതം 1:30 അഥവാ 1:35 ആയി കുറയ്ക്കണമെന്ന് കേരളത്തിലെ അധ്യാപകരുടെ അധ്വാനഭാരത്തെക്കുറിച്ച് പഠിച്ച ദേവഗൌഡാകമ്മിഷനും നിര്‍ദേശിച്ചിട്ടുണ്ട്.
(ഡോ. കെ. ശിവദാസന്‍പിള്ള)