This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഥര്‍വവേദം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഥര്‍വവേദം
ചതുര്‍വേദങ്ങളില്‍ നാലാമത്തേത്. അഥര്‍വാംഗിരസ്, അഥര്‍വാണം, ബ്രഹ്മവേദം എന്നിങ്ങനെ മറ്റു പല പേരുകളിലും അറിയപ്പെടുന്നു. ഇവയില്‍ അഥര്‍വാംഗിരസ്സെന്ന പേര് പ്രാചീനവും ബ്രഹ്മവേദം എന്നത് ആധുനികവുമാണ്.
അഥര്‍വവേദം എന്ന പേര് അതിലെ പ്രതിപാദ്യത്തെ ആധാരമാക്കിയുള്ളതല്ല. അഥര്‍വന്‍ എന്ന ഒരു ഋഷിയില്‍നിന്നാണ് ഈ പേരിന്റെ ഉത്പത്തി.
മന്ത്രദ്രഷ്ടാക്കള്‍. മറ്റു വേദങ്ങളെപ്പോലെ അഥര്‍വവേദവും അപൌരുഷേയമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇതു രചിച്ച ഋഷിയെപ്പറ്റിയോ മന്ത്രദ്രഷ്ടാവിനെപ്പറ്റിയോ ചരിത്രദൃഷ്ട്യാ അസന്ദിഗ്ധമായി ഒന്നും പറയുവാന്‍ നിവൃത്തിയില്ല. അഥര്‍വവേദത്തിന്റെ സര്‍വാനുക്രമണികയിലെ മന്ത്രദ്രഷ്ടാവിനെപ്പറ്റിയുള്ള കഥ വിശ്വാസയോഗ്യമായി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടില്ല. അഥര്‍വനും ബ്രഹ്മാവുമാണ് മന്ത്രദ്രഷ്ടാക്കളില്‍ പ്രമുഖന്മാര്‍. ഭൃഗു, അംഗിരസ്സ്, വസിഷ്ഠന്‍, ഭാരദ്വാജന്‍, ശൌനകന്‍, പ്രജാപതി തുടങ്ങിയവര്‍ ഇതിലെ മറ്റു മന്ത്രദ്രഷ്ടാക്കളാണ്. അഥര്‍വന്‍ ഏകദേശം 180-ല്‍ പരം മന്ത്രങ്ങളുടെയും ബ്രഹ്മാവ് 75-ല്‍പ്പരം മന്ത്രങ്ങളുടെയും ദ്രഷ്ടാക്കളാണ്. അഥര്‍വനും ബ്രഹ്മാവും ദര്‍ശിച്ച മന്ത്രങ്ങള്‍ കൂടുതലുള്ളതുകൊണ്ടാവാം ഇതു അഥര്‍വവേദമെന്നും ബ്രഹ്മവേദമെന്നും വ്യവഹരിക്കപ്പെടുന്നത്.
കാലം. അഥര്‍വവേദത്തിലെ പ്രതിപാദ്യം വളരെ പഴക്കമേറിയതാണെങ്കിലും അതിന്റെ രചന അത്ര പ്രാചീനമല്ല. ഋഗ്യജുസ് സാമവേദങ്ങള്‍ക്ക് ശേഷമായിരിക്കണം ഇതിന്റെ രചനാകാലം. ശതപഥബ്രാഹ്മണത്തിലും ഛാന്ദോഗ്യോപനിഷത്തിലുമുള്ള സൂചനകളില്‍നിന്നും അഥര്‍വവേദം ഇവയ്ക്ക് മുമ്പുതന്നെ ഉണ്ടായിരുന്നു എന്നനുമാനിക്കാം. പതഞ്ജലി വേദങ്ങളെപ്പറ്റി പറയുമ്പോള്‍ അഥര്‍വവേദത്തെപ്പറ്റി ആദ്യം പറയുന്നുണ്ട്. അഥര്‍വാംഗിരസ്സെന്ന ഇതിന്റെ ആദ്യത്തെ നാമം സംഹിതയില്‍തന്നെ നിര്‍ദേശിച്ചുകാണുന്നു. അഥര്‍വവേദമെന്ന് ആദ്യമായി വ്യവഹരിക്കപ്പെടുന്നത് ഗൃഹ്യസൂത്രങ്ങളിലാണ്. ഒരുപക്ഷേ അഥര്‍വവേദത്തിന് ഒരു വേദത്തിന്റെ പദവി നേടിയെടുക്കാന്‍ കുറേക്കാലം വേണ്ടിവന്നിരിക്കും. ഋഗ്വേദത്തിലെ അന്തിമമണ്ഡലത്തിന്റെ രചനാകാലംവരെ ഇത് ഒരു പ്രത്യേക വേദമായി അംഗീകരിക്കപ്പെട്ടിരുന്നുവോ എന്നു സംശയിക്കപ്പെടുന്നു. പുരുഷസൂക്തത്തില്‍ അഥര്‍വവേദത്തെപ്പറ്റി മാത്രം പറയാത്തതും ഇതിന് ഉപോദ്ബലകമാണ്. യജുര്‍വേദം ശുക്ളയജുര്‍വേദമെന്നും കൃഷ്ണയജുര്‍വേദമെന്നും രണ്ടായി പിരിഞ്ഞ കാലഘട്ടമായിരിക്കും അഥര്‍വവേദത്തിന്റെ രചനാകാലമെന്ന് പൊതുവേ കരുതപ്പെടുന്നു.
ശാഖാഭേദങ്ങള്‍. അഥര്‍വവേദത്തിന് 9 ശാഖകളുണ്ടെന്ന് ഭാഷ്യകാരനായ പതഞ്ജലിയും വേദവ്യാഖ്യാതാവായ സായണനും പറയുന്നു (1) പൈപ്പലാദം (2) ശൌനകം (3) തൌദം (4) മൌദം (5) ജലദം (6) ജാജലം (7) ബ്രഹ്മപദം (8) ദേവദര്‍ശം (9) ചാരണവൈദ്യം എന്നിവയാണ് അവ. എന്നാല്‍ പൈപ്പലാദം, ശൌനകം എന്നീ രണ്ടു ശാഖകള്‍ മാത്രമേ ഇപ്പോള്‍ നിലവിലുള്ളു. പിപ്പലാദനാണ് പൈപ്പലാദശാഖയുടെ വിധായകന്‍. പ്രശ്നോപനിഷത്തിലെ ആദ്യത്തെ മന്ത്രത്തിലുള്ള 'ഭഗവന്തം പിപ്പലാദ മുപസന്നാ' എന്ന സൂചനയൊഴിച്ചാല്‍ പിപ്പലാദനെപ്പറ്റി വ്യക്തമായ അറിവുകളൊന്നും ഇല്ല. ഇപ്പോള്‍ പ്രചാരത്തിലുള്ളത് ശൌനകശാഖയിലുള്ള അഥര്‍വവേദമാണ്. ഋഗ്വേദത്തിന്റെ ഏഴ് അനുക്രമണികകള്‍ ഒരു ശൌനകന്‍ രചിച്ചതാണ്. 'അതിധന്വാ ശൌനകഃ', 'ശൌനകഃ കാ പേയഃ' എന്നും മറ്റും ഛാന്ദോഗ്യോപനിഷത്തിലും പറയുന്നുണ്ട്. (I-9-3; IV-3-7).
ഘടന. ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന ശൌനകശാഖയിലുള്ള അഥര്‍വവേദത്തിന് 20 കാണ്ഡങ്ങളിലായി 730 സൂക്തങ്ങളും 6,000-ത്തോളം മന്ത്രങ്ങളും ഉണ്ട്. രചനാരീതി അനുസരിച്ച് 20 കാണ്ഡങ്ങളെ മൂന്നായി തരംതിരിക്കാം. 1-7 വരെ കാണ്ഡങ്ങള്‍ അടങ്ങിയതാണ് ആദ്യത്തെ വിഭാഗം. ഇതില്‍ ചെറിയ സൂക്തങ്ങളുണ്ട്. ഇവയുടെ ക്രമം അതിലെ സൂക്തങ്ങളില്‍ അടങ്ങിയിരിക്കുന്ന മന്ത്രങ്ങളുടെ എണ്ണത്തെ ആശ്രയിച്ചാണ്. അതായത് ഒന്നാം മണ്ഡലത്തിലെ സൂക്തങ്ങളില്‍ 4 മന്ത്രങ്ങളും 2-ല്‍ 5, 3-ല്‍ 6, 4-ല്‍ 7, 5-ല്‍ 8-18 വരെ മന്ത്രങ്ങളടങ്ങിയ സൂക്തങ്ങളും ഉണ്ട്. 7-ല്‍ പല ഒറ്റമന്ത്രങ്ങളും പിന്നീട് 11 മന്ത്രങ്ങള്‍വരെയുള്ള സൂക്തങ്ങളും അടങ്ങിയിരിക്കുന്നു. 8-13 വരെ മണ്ഡലങ്ങളടങ്ങിയതാണ് രണ്ടാംഭാഗം. വേണ്ടത്ര ക്രമദീക്ഷയില്ലാതെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള നീണ്ട സൂക്തങ്ങളാണ് ഇതിലുള്ളത്. 14-18 വരെ കാണ്ഡങ്ങളടങ്ങിയ മൂന്നാം ഭാഗത്തിന്റെ ക്രമം അതിലെ വിഷയങ്ങളെ ആശ്രയിച്ചാണ്. 14-ല്‍ വിവാഹകര്‍മങ്ങള്‍, 15-ല്‍ വ്രാത്യന്‍മാരെപ്പറ്റിയുള്ള വിവരങ്ങള്‍, 16-ലും 17-ലും ആഭിചാരപ്രയോഗങ്ങള്‍, 18-ല്‍ ശ്രാദ്ധാദികള്‍ എന്നിവ കാണാം. 19-ല്‍ പല വിഷങ്ങളെപ്പറ്റിയുള്ള സൂക്തങ്ങളും 20-ല്‍ ഋഗ്വേദോദ്ധൃതമായ മന്ത്രങ്ങളും അടങ്ങിയിരിക്കുന്നു. അവസാനത്തെ രണ്ടു മണ്ഡലങ്ങള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന് പല ഗവേഷകന്‍മാരും അഭിപ്രായപ്പെടുന്നു. അഥര്‍വപ്രാതിശാഖ്യത്തില്‍ ഈ മണ്ഡലങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നില്ല. തികച്ചും ലൌകികകാര്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന അഥര്‍വണത്തിന് അംഗീകാരം കിട്ടാതെയിരുന്ന ഒരു കാലത്ത് അതിനൊരു വേദത്തിന്റെ പദവി നേടിക്കൊടുക്കാനായിരിക്കാം ഇന്ദ്രസൂക്തങ്ങളും മറ്റുമടങ്ങിയ ഈ രണ്ടു കാണ്ഡങ്ങള്‍ കൂട്ടിച്ചേര്‍ത്തത്.
ഉള്ളടക്കം. അഥര്‍വവേദം പ്രധാനമായും ആഭിചാരപ്രവൃത്തികളെ പ്രതിപാദിക്കുന്ന മന്ത്രങ്ങളുടെ ഒരു സമാഹാരമാണ്. ഇതിലെ മന്ത്രങ്ങള്‍ മഹാവ്യാധികളെ ശമിപ്പിക്കാനും ക്രൂരമൃഗങ്ങള്‍, പിശാചുക്കള്‍ എന്നിവയില്‍നിന്നും രക്ഷനേടാനും, മാന്ത്രികന്മാര്‍, ബ്രാഹ്മണദ്വേഷികള്‍ എന്നിവരെ നശിപ്പിക്കാനും ഉള്ളവയാണ്. എന്നാല്‍ മംഗളാശംസകളും ഐശ്വര്യവര്‍ധകങ്ങളുമായ മറ്റനേകം മന്ത്രങ്ങളും ഇതിലുണ്ട്. അവ കുടുംബജീവിതത്തില്‍ ശത്രുക്കളുമായുള്ള അനുരഞ്ജനം, ആയുസ്സ്, ധനം, ആരോഗ്യം എന്നിവയ്ക്കുവേണ്ടിയുള്ളവയാണ്. പൊതുവേ അഥര്‍വമെന്ന നാമം ഇതിലെ മംഗളാശംസകളായ മന്ത്രഭാഗത്തെയും അംഗീരസ്സെന്നത് ആഭിചാരപ്രതിപാദകങ്ങളായ മന്ത്രഭാഗത്തെയും സൂചിപ്പിക്കുന്നു. പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന് പറയപ്പെടുന്ന 20-ാം മണ്ഡലമൊഴിച്ചാല്‍ ഇതിന് യാഗാദികര്‍മങ്ങള്‍ പ്രതിപാദിക്കുന്ന മറ്റു വേദങ്ങളുമായി ഉള്ളടക്കത്തില്‍ വലിയ ബന്ധമൊന്നും ഇല്ല. പൊതുവേ മനുഷ്യന്റെ ഐഹികജീവിതത്തിലെ സുഖത്തെയും ക്ഷേമത്തേയും ലക്ഷ്യമാക്കിയുള്ളതാണ് ഇതിലെ മന്ത്രങ്ങള്‍. മറ്റു വേദങ്ങളിലെ ഉയര്‍ന്ന സാംസ്കാരിക പശ്ചാത്തലം ഇതിലില്ല. സാധാരണജനങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളുമാണ് ഇതില്‍ പ്രതിഫലിച്ചുകാണുന്നത്. ചരിത്രാതീതകാലത്തെ ജനങ്ങളെപ്പറ്റിയും അവരുടെ പ്രാകൃതമായ അനുഷ്ഠാനങ്ങളെപ്പറ്റിയും അഥര്‍വവേദം വേണ്ടത്ര അറിവു നല്‍കുന്നു. വിവിധ വിഷയങ്ങളെപ്പറ്റിയുള്ള ഈ മന്ത്രങ്ങളെ ബ്ളൂംഫീല്‍ഡ് 14 ആയി വിഭജിച്ചിട്ടുണ്ട്:
1. ഭൈഷജ്യങ്ങള്‍. രോഗങ്ങളെയും രോഗഹേതുക്കളായ ചില പിശാചുക്കളെയും നശിപ്പിക്കാനുള്ള മന്ത്രങ്ങള്‍. കൌശികസൂത്രത്തില്‍ ഇതിനെപ്പറ്റി വിശദമായ ചര്‍ച്ചയുണ്ട്. പക്ഷേ, പല രോഗങ്ങളെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും ഉള്ള ഇതിലെ വിവരണങ്ങള്‍ വേണ്ടത്ര വ്യക്തമല്ല.
2. ആയുഷ്യങ്ങള്‍. ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടിയുള്ളവ. 100 വയസ്സുവരെ ജീവിക്കുകയെന്നതാണ് ലക്ഷ്യം. അതിനു മുന്‍പുണ്ടാകുന്ന മൃത്യുതടയുന്നതുകൂടാതെ യമന്‍, മൃത്യു, നിരൃതി മുതലായവരെപ്പറ്റിയുള്ള സ്തുതികളും ഇതിലുണ്ട്.
3. ആഭിചാരങ്ങള്‍. പിശാചുക്കള്‍, ശത്രുക്കള്‍, മന്ത്രവാദികള്‍ എന്നിവര്‍ക്കെതിരായി പ്രയോഗിക്കേണ്ടവ. പീഡനം, മാരണം, മോഹനം, സ്തംഭനം, വശീകരണം മുതലായ ആഭിചാരങ്ങളും യാതുവിദ്യകളും അടങ്ങിയിരിക്കുന്നതു കൂടാതെ ആഭിചാരങ്ങള്‍ക്കെതിരായി ചെയ്യുന്ന കൃത്യാപ്രതിവിധികള്‍ (counter witchcraft) എന്നു പറയുന്ന പ്രയോഗങ്ങളും ഇതിലുള്‍പ്പെടുന്നു.
4. സ്ത്രീകര്‍മങ്ങള്‍. ആദ്യത്തെ 7 കാണ്ഡങ്ങളില്‍ സ്ത്രീകര്‍മപ്രതിപാദകങ്ങളായ അനേകം സൂക്തങ്ങളുണ്ട്. വിവാഹം, ഗര്‍ഭധാരണം, പ്രസവം മുതലായവയോടനുബന്ധിച്ച് അനുഷ്ഠിക്കേണ്ടവയാണവ. ഈ മന്ത്രങ്ങളില്‍ ഏറിയ പങ്കും സ്ത്രീപുരുഷബന്ധത്തെപ്പറ്റി പറയുന്നു. സ്ത്രീപുരുഷന്മാരുടെ അന്യോന്യവശീകരണത്തിനും ഇവ വിനിയോഗിക്കപ്പെടുന്നു. ദാമ്പത്യസുഖത്തിനും സന്താനസൌഭാഗ്യത്തിനും വേണ്ടി പ്രാര്‍ഥിക്കുന്ന മന്ത്രങ്ങളും വിരളമല്ല.
5. സൌമനസ്യങ്ങള്‍. ഐക്യം, സമുദായശ്രേഷ്ഠത, വിജയം, വാഗ്മിത്വം, ജനസ്വാധീനത മുതലായവയ്ക്കുവേണ്ടിയുള്ളവ.
6. രാജകര്‍മങ്ങള്‍. രാജാവിനുവേണ്ടിയുള്ളവ. രാജ്യാരോഹണം, രാജ്യസംപ്രാപ്തി മുതലായവയ്ക്കും, രാജാവിന് ശക്തി, വീര്യം, ചക്രവര്‍ത്തിപദം, വിജയം മുതലായവ നേടുന്നതിനും വേണ്ടിയുള്ള മന്ത്രങ്ങളാണിവ.
7. ബ്രാഹ്മണസൂക്തങ്ങള്‍. ബ്രാഹ്മണരുടെ രക്ഷയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ളവ. ബ്രാഹ്മണര്‍ക്ക് നല്കേണ്ട ദാനങ്ങളെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന നിരവധി മന്ത്രങ്ങളും ഇതിലുണ്ട്.
8. പൌഷ്ടികങ്ങള്‍. ഐശ്വര്യവര്‍ധകങ്ങളായ മന്ത്രങ്ങള്‍. ധാന്യവര്‍ധനം, മഴ, സമ്പത്ത് ഇവയ്ക്കുവേണ്ടി വിനിയോഗിക്കപ്പെടുന്നു. 20-ാമത്തെ മണ്ഡലമൊഴിച്ച് ബാക്കിയുള്ള മണ്ഡലങ്ങളില്‍ അഞ്ചിലൊന്ന് ഭാഗത്തോളം ഈ മന്ത്രങ്ങളാണ് കാണപ്പെടുന്നത്.
9. പ്രായശ്ചിത്തങ്ങള്‍. ഇതിലുള്ള നാല്പതോളം സൂക്തങ്ങള്‍ പ്രായശ്ചിത്തങ്ങളാണ്. ഇതില്‍ പലതും യാഗാദികര്‍മങ്ങളിലുള്ള പോരായ്മകളെ പരിഹരിക്കുന്നവയാണ്.
10. സൃഷ്ടിപരവും ബ്രഹ്മവിദ്യാപ്രതിപാദകങ്ങളുമായമന്ത്രങ്ങള്‍. ലോകോത്പത്തി, ബ്രഹ്മം, ആദിപുരുഷന്‍ മുതലായവയെപ്പറ്റി ചോദ്യരൂപത്തിലുള്ള മന്ത്രങ്ങളാണിവ. ചിലേടത്ത് ആത്മാവിനെപ്പറ്റിയുള്ള സൂചനകളും (11: 4) മറ്റു ചിലേടത്ത് ബ്രഹ്മാത്മൈക്യത്തെപ്പറ്റിയുള്ള സൂചനകളും (11: 8) കാണുന്നുണ്ട്.
11. കുന്താപസൂക്തങ്ങള്‍. കുന്താപസൂക്തങ്ങളെന്നു പറയപ്പെടുന്ന ഈ വിഭാഗത്തില്‍ അഗ്നിസ്തുതി, ഇന്ദ്രസ്തുതി മുതലായവ അടങ്ങിയിരിക്കുന്നു.
അനുബന്ധങ്ങള്‍
1. ബ്രാഹ്മണങ്ങള്‍. അഥര്‍വവേദത്തിന്റെ ബ്രാഹ്മണമാണ് ഗോപഥബ്രാഹ്മണം. യഥാക്രമം അഞ്ചും ആറും അധ്യായങ്ങളുള്ള രണ്ടു കാണ്ഡങ്ങള്‍ ഇതിനുണ്ട്. അഥര്‍വവേദത്തിന്റെ മഹിമാതിശയം വര്‍ണിക്കുകയും ബ്രഹ്മന്‍ എന്ന ഋത്വിക്കിനെ പ്രശംസിക്കുകയുമാണ് ഇതിന്റെ ഉദ്ദേശ്യം.
2. ഉപനിഷത്തുകള്‍. ഏകദേശം 112 ഉപനിഷത്തുകള്‍ അഥര്‍വവേദത്തിന്റേതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സംശയരഹിതമായി പറയാവുന്നവ 27 എണ്ണമാണ്. ഇവയില്‍ പ്രധാനപ്പെട്ടവ പ്രശ്നം, മാണ്ഡൂക്യം, മുണ്ഡകം, ജാബാലം എന്നിവയാണ്.
3. സൂത്രങ്ങള്‍. വൈതാനസൂത്രമെന്ന ശ്രൌതസൂത്രവും കൌശികസൂത്രമെന്ന ഗൃഹ്യസൂത്രവും അഥര്‍വവേദത്തിനുണ്ട്. പല അംശത്തിലും ഇവയ്ക്ക് ഗോപഥബ്രാഹ്മണവുമായി സാമ്യമുണ്ട്. കൌശികസൂത്രത്തില്‍ സാധാരണ ഗൃഹ്യസൂത്രത്തില്‍ പ്രതിപാദിക്കപ്പെടുന്ന വിഷയങ്ങള്‍ കൂടാതെ ചില ആഭിചാരങ്ങളെപ്പറ്റിയുള്ള വര്‍ണനകളും ഉണ്ട്.
ഇവ കൂടാതെ അഥര്‍വപ്രാതിശാഖ്യമെന്ന ഒരു വ്യാകരണ ഗ്രന്ഥവും അഥര്‍വവേദത്തിനുണ്ട്. സായണന്‍ അഥര്‍വവേദത്തിന്റെ 12 കാണ്ഡങ്ങള്‍ക്കു മാത്രമേ ഭാഷ്യം രചിച്ചിട്ടുള്ളൂ.
അഥര്‍വവേദവും ആയുര്‍വേദവും. ആയുര്‍വേദത്തിന്റെ ഉറവിടം അഥര്‍വവേദമാണ്. ചാരണവൈദ്യമെന്ന (സഞ്ചരിക്കുന്ന വൈദ്യം) ശാഖാഭേദം അതിപ്രാചീനമായ ഒരു ആയുര്‍വേദ സമ്പ്രദായമാണെന്ന് ഊഹിക്കപ്പെടുന്നു. അഥര്‍വവേദത്തിന് ഭൈഷജ്യമെന്ന പേരുകൂടിയുണ്ട് (11: 6). അഥര്‍വമെന്ന പേര് ഔഷധപര്യായമായിട്ടു തന്നെ പലേടത്തും പ്രയോഗിച്ചു കാണുന്നു. അഥര്‍വന്‍ ഒരുപക്ഷേ വൈദികകാലത്തെ ഒരു ഭിഷഗ്വരനായിരുന്നിരിക്കാം. രോഗങ്ങളെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്ന മിക്കവാറും മന്ത്രങ്ങളുടെ ദ്രഷ്ടാവും അഥര്‍വനാണ്. അതിപ്രാചീനമായ ഒരു ചികിത്സാപദ്ധതി ഇതിലുണ്ട്. മരുന്നും മന്ത്രവുംകൊണ്ട് രോഗം ശമിപ്പിക്കുവാനുള്ള ഉപായങ്ങള്‍ ഇതിലുടനീളം കാണാം. ആയുര്‍വേദം പഠിക്കുന്നയാളിന് അഥര്‍വവേദത്തിനോടുള്ള കടപ്പാട് ചരകനും സുശ്രുതനും തങ്ങളുടെ സംഹിതകളില്‍ എടുത്തുപറയുന്നുണ്ട്. അഥര്‍വവേദത്തിലെ ഇന്ദ്രനും പ്രജാപതിയും എല്ലാം ഭിഷഗ്വരന്‍മാരാണ്. ഇതിലെ അഞ്ചാം കാണ്ഡത്തിലെ 30-ാമത്തെ സൂക്തം ഭിഷഗ്വരനെ പ്രശംസിക്കുന്നു. നിരവധി ഔഷധ പ്രയോഗങ്ങളെപ്പറ്റിയും ശസ്ത്രക്രിയകളെപ്പറ്റിയും ഉള്ള സൂചനകള്‍ കൂടാതെ പിന്നീട് പഞ്ചകര്‍മങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രയോഗങ്ങളും എല്ലാം ഇതില്‍ ബീജരൂപത്തില്‍ അടങ്ങിയിട്ടുണ്ട്.
മതവും തത്ത്വചിന്തയും. അഥര്‍വവേദത്തിന് അതിന്റേതായ ഒരു ജീവിതവീക്ഷണമുണ്ട്. 100 വയസ്സുവരെ ലൌകികസുഖങ്ങളനുഭവിച്ച് ജീവിക്കുകയാണിതിന്റെ ആദര്‍ശം. വാര്‍ധക്യദശ പ്രാപിക്കാതെ മരിക്കുന്നത് നിന്ദ്യമാണ്. പരലോകത്തും അവിടുത്തെ സുഖങ്ങള്‍ക്കും രണ്ടാം സ്ഥാനമേ നല്കിയിട്ടുള്ളു. കഷ്ടപ്പാടും ദുഃഖവും സഹിക്കുകയല്ല പ്രത്യുത, തികച്ചും ലൌകികമായ മാര്‍ഗങ്ങളിലൂടെ അതിനു പരിഹാരം കണ്ടെത്തുകയാണ് അഥര്‍വവേദി ചെയ്യുന്നത്. ജീവിതവീക്ഷണംപോലെ തത്ത്വചിന്താമണ്ഡലത്തിലും അഥര്‍വവേദത്തിന്റെ സംഭാവനയുണ്ട്. ഒരു പ്രത്യേക തത്ത്വചിന്താപദ്ധതി ഇതിലില്ലെങ്കിലും പല ദര്‍ശനങ്ങളുടെയും അടിസ്ഥാനം ഇതില്‍ കാണാം. ബ്രഹ്മം, ആത്മാവ് തുടങ്ങിയ വിഷയങ്ങളെപ്പറ്റി ഉപനിഷത്തുകളിലുള്ള വിപുലമായ ചര്‍ച്ചയ്ക്ക് ആരംഭം കുറിച്ചത് ഇവിടെയാണ്. 230 പ്രാവശ്യത്തോളം പ്രയോഗിക്കപ്പെട്ടിരിക്കുന്ന ഇതിലെ ബ്രഹ്മശബ്ദത്തിന് പലേടത്തും പല അര്‍ഥമാണെങ്കിലും ചിലേടത്ത് അത് ആദ്യപുരുഷനെയും മറ്റു ചിലേടത്ത് പരമതത്ത്വത്തെയും കുറിക്കുന്നു. 15-ാമത്തെ വ്രാത്യകാണ്ഡം ബ്രഹ്മവിദ്യാപ്രതിപാദകമാണ്. 'വ്രത്യോ വാ ഇദ് അഗ്ര ആസീദ്' എന്നു തുടങ്ങിയുള്ള വര്‍ണനകള്‍ ഉപനിഷത്തിലെ മന്ത്രങ്ങളെ അനുസ്മരിപ്പിക്കുന്നു. വേദങ്ങളില്‍ വച്ച് ബ്രഹ്മവിദ്യയെപ്പറ്റി ഏറ്റവുമധികം പ്രതിപാദിക്കുന്നത് അഥര്‍വവേദമാണ്.
അപകര്‍ഷത. ഒരു വേദമാണെങ്കിലും അഥര്‍വവേദത്തിന് വൈദികകാലം മുതല്ക്കേ ഹീനത്വം കല്പിച്ചു കാണുന്നു. വേദങ്ങളെപ്പറ്റി പറയുമ്പോള്‍ ഋഗ്‍യജുസ്സാമങ്ങളെന്നോ ത്രയീവിദ്യയെന്നോ ആണ് ബ്രാഹ്മണങ്ങള്‍ തന്നെ നിര്‍ദേശിക്കുന്നത്. ആഭിചാരങ്ങളെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും പറയുന്നതുകൊണ്ടാവാം ഇങ്ങനെ ഭ്രഷ്ട് ഇതിന് കല്പിച്ചുകാണുന്നത്. ധര്‍മശാസ്ത്രങ്ങളിലാണ് ഇതിനെ കൂടുതല്‍ നിന്ദിച്ചിരിക്കുന്നത്. ആപസ്തംഭ ധര്‍മസൂത്രം, അഥര്‍വവേദം ഹീനമാണെന്നും അതിലെ പ്രയോഗങ്ങള്‍ നിന്ദ്യമാണെന്നും പറയുന്നു. ഇതിലെ ചില മന്ത്രങ്ങള്‍ ഉച്ചരിക്കുന്നത് സപ്തമഹാപാതകങ്ങളിലൊന്നായി വിഷ്ണുസ്മൃതി കണക്കാക്കുന്നു. ധര്‍മശാസ്ത്രങ്ങളുടെ കാലം മുതലായിരിക്കണം അഥര്‍വവേദത്തിന് കൂടുതല്‍ അപകര്‍ഷത കല്പിക്കപ്പെട്ടത്. ഇപ്പോഴും ഒരു വേദമെന്ന നിലയ്ക്കുള്ള സാര്‍വത്രികാംഗീകാരം അഥര്‍വവേദത്തിന് ലഭിച്ചിട്ടില്ല.
(നീലകണ്ഠന്‍ ഇളയത്)