This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അതിഭൌതികശാസ്ത്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അതിഭൌതികശാസ്ത്രം
Metaphysics
ഭൌതികത്തിന് അതീതമായ കാര്യങ്ങളെക്കുറിച്ചുള്ള പഠനം. നിരീക്ഷണപരീക്ഷണങ്ങള്‍ക്ക് വിധേയമല്ലാത്ത ശാസ്ത്രം എന്നും ഇതിനെ നിര്‍വചിക്കാറുണ്ട്.
അരിസ്റ്റോട്ടലിന്റെ പ്രബന്ധങ്ങളില്‍ ഭൌതികശാസ്ത്രങ്ങള്‍ക്കു ശേഷമാണ് തത്ത്വശാസ്ത്രവിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്. അതിനാല്‍ ഭൌതികത്തിനുശേഷം എന്നര്‍ഥം വരുന്ന മെറ്റാറ്റാ ഫിസിക്ക (Meta Ta physika) എന്ന യവനപദത്തെ ആധാരമാക്കി ഇതിന് മെറ്റാഫിസിക്സ് എന്ന് പേരു നല്കപ്പെട്ടു. തത്ത്വദര്‍ശനം, സത്താശാസ്ത്രം, തത്ത്വമീമാംസ എന്നതിന്റെയെല്ലാം പര്യായമായി ഈ പദം ഉപയോഗിച്ചുവരുന്നു. എങ്കിലും ഭൌതികത്തിന് അതീതം എന്ന അര്‍ഥത്തിലാണ് അതിഭൌതികശാസ്ത്രത്തെ മനസ്സിലാക്കേണ്ടത്.
ചര്‍ച്ചാവിഷയങ്ങള്‍. ഓരോ കാലഘട്ടത്തിലും ജീവിച്ചിരുന്ന ദാര്‍ശനികന്‍മാരുടെ സവിശേഷതകളെ ആശ്രയിച്ച് അതിഭൌതികശാസ്ത്രം വിവിധരൂപം കൈക്കൊണ്ടു. പ്ളേറ്റോ, ബോത്തിയസ്, റോസലിന്‍, അബലാര്‍ഡ് പീറ്റര്‍, തോമസ് അക്വിനാസ്, ദെക്കാര്‍ത്ത്, സ്പിനോസാ, ഹെഗല്‍ തുടങ്ങിയവര്‍ ഓരോതരത്തില്‍ അതിഭൌതികവാദികള്‍ ആയിരുന്നു. ഈശ്വരന്റെ അസ്തിത്വം, ആത്മാവിന്റെ അനശ്വരത തുടങ്ങിയ വിഷയങ്ങളും ദ്രവ്യം, സാരം, രൂപം, പിണ്ഡം, (substance,essence,form,matter) എന്നീ സംപ്രത്യയങ്ങളും (cocepts) അതിഭൌതികശാസ്ത്രം ചര്‍ച്ച ചെയ്തിരുന്നു. തര്‍ക്കശാസ്ത്രം, നീതിശാസ്ത്രം, രാഷ്ട്രമീമാംസ, സൌന്ദര്യശാസ്ത്രം തുടങ്ങിയ തത്ത്വശാസ്ത്ര ശാഖകളില്‍ പെടാത്ത ദാര്‍ശനികപ്രശ്നങ്ങളെല്ലാം അടുത്തകാലം വരെ ഈ ശാസ്ത്രം കൈകാര്യം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിഭൌതികശാസ്ത്രത്തിന്റെ ചര്‍ച്ചാവിഷയങ്ങള്‍ ജ്ഞാനവും (knowledge) സത്തയും (reality) ആകുന്നു.
പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നതും അന്യോന്യം സ്വാധീനിക്കുന്നതുമായ സംപ്രത്യയങ്ങളെന്ന നിലയിലാണ് ജ്ഞാനത്തെയും സത്തയെയും ഈ ശാസ്ത്രം പഠനവിഷയമാക്കുന്നത്. ജ്ഞാതാവ്, ജ്ഞാനപ്രക്രിയ, ജ്ഞേയവസ്തു എന്നീ മൂന്നു പ്രധാനഘടകങ്ങളാണ് ജ്ഞാനമീമാംസയില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. ജ്ഞാതാവ്, അഥവാ അറിയുന്നവന്‍ ആരാണ്? ജ്ഞേയവസ്തു, അതായത് അറിയപ്പെടേണ്ടവസ്തു എന്താണ്? ജ്ഞാനപ്രക്രിയയുടെ സ്വഭാവം എന്ത്? അല്ലെങ്കില്‍ 'അറിവ്' അഥവാ 'ജ്ഞാനം' എങ്ങനെയുണ്ടാകുന്നു? ഈ ചോദ്യങ്ങള്‍ക്ക് ദാര്‍ശനികന്‍ നല്കുന്ന ഉത്തരങ്ങളാണ് വിവിധ ജ്ഞാനസിദ്ധാന്തങ്ങള്‍. ഇവയില്‍ ഒരു സിദ്ധാന്തപ്രകാരം ജ്ഞാനപ്രക്രിയയില്‍ ആത്മനിഷ്ഠവും വസ്തുനിഷ്ഠവുമായ രണ്ടു ഘടകങ്ങള്‍ ഉണ്ട്. അറിയുന്ന മനസ്സ് ആത്മനിഷ്ഠഘടകവും അറിയപ്പെടുന്നതു വസ്തുനിഷ്ഠഘടകവും ആകുന്നു. ഈ രണ്ടു ഘടകങ്ങളും ഒന്നുപോലെ യഥാര്‍ഥമാണെന്നാണ് ജ്ഞാനമീമാംസീയദ്വൈതവാദത്തിന്റെ (epistemological dualism) നിലപാട്. അറിയപ്പെടുന്ന വസ്തുവിന് തനതായ അസ്തിത്വമില്ലെന്നും ജ്ഞാതാവിന്റെ മനസ്സില്‍ മാത്രം ആശയങ്ങളായി അവ വര്‍ത്തിക്കുമെന്നും ആണ് ആത്മനിഷ്ഠാശയവാദം (subjective idealism) സിദ്ധാന്തിക്കുന്നത്. ഈ വാദം അനുസരിച്ച് മനസ്സു മാത്രമാണ് യാഥാര്‍ഥ്യം. വസ്തുക്കള്‍ വെറും ആശയങ്ങള്‍ മാത്രം. അവയുടെ അസ്തിത്വം മനസ്സിനെ ആശ്രയിച്ചിരിക്കുന്നു. മനസ്സില്ലെങ്കില്‍ ആശയങ്ങളില്ല. പ്രപഞ്ചം പരമമായ മനസ്സിന്റെ ഒരാശയം മാത്രമാകുന്നു. അപ്പോള്‍ എന്താണ് ഉണ്മ-യാഥാര്‍ഥ്യം- എന്ന പ്രശ്നം ഉദിക്കുന്നു. ഒരര്‍ഥത്തില്‍ എല്ലാം ഉണ്മയാണ്, സത്യമാണ്, യാഥാര്‍ഥ്യമാണ്. പൂവും കായും മരവും അവയെ അറിയുന്ന മനസ്സും എല്ലാം സത്യമാകുന്നു. പക്ഷേ, കൂടുതല്‍ സത്യമായ-യാഥാര്‍ഥ്യമായ-ഒന്ന് എന്ന് ഏതിനെയെങ്കിലും പറ്റി പറയുവാന്‍ സാധിക്കുമോ? പരമമായ സത്യം എന്നൊന്നുണ്ടോ? ഈ കാര്യങ്ങളില്‍ ദാര്‍ശനികര്‍ ഭിന്നാഭിപ്രായക്കാരാണ്.
ഉണ്‍മ. ബാഹ്യമായ ഒരു വസ്തുവിനെപ്പറ്റി ലഭിക്കുന്ന അറിവിന്റെ കാര്യം പരിഗണിക്കാം. ഇന്ദ്രിയങ്ങള്‍ വഴിയാണ് അറിവു ലഭിക്കുന്നത്. അറിവ് ഭാഗികമോ പൂര്‍ണമോ ആകാം. ഭാഗികമായ അറിവിന്റെ ഫലമായി രൂപം കൊള്ളുന്ന വസ്തുവിനെക്കാള്‍ കൂടുതല്‍ ഉണ്മ പൂര്‍ണമായി അറിയപ്പെടുന്ന വസ്തുവിനുണ്ട്. വസ്തുക്കള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒരു വസ്തുവിനെപ്പറ്റിയുള്ള പൂര്‍ണമായ അറിവില്‍ ആ വസ്തു മറ്റു വസ്തുക്കളുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന അറിവും ഉള്‍പ്പെടും. മറ്റു വസ്തുക്കളുമായി ബന്ധപ്പെട്ടതായറിയപ്പെടുന്ന വസ്തുവിന് കൂടുതല്‍ ഉണ്മ ഉണ്ടായിരിക്കും. എല്ലാവസ്തുക്കള്‍ക്കും ഒരു വിശ്വവ്യവസ്ഥയില്‍ (Cosmos) അതതിന്റെ സ്ഥാനം ഉണ്ട്. ഓരോവസ്തുവിന്റെയും സ്ഥാനം അറിയുക, വിശ്വവ്യവസ്ഥയെപ്പറ്റി ജ്ഞാനമുണ്ടാകുക എന്നതാണ് പരമമായ ഉണ്മ.
മേല്‍പറഞ്ഞ അര്‍ഥത്തില്‍ ഒരു പരമമായ ഉണ്മയുണ്ടോ? വസ്തുക്കള്‍ എല്ലാം വിശ്വവ്യവസ്ഥയില്‍ ഒരു സാര്‍വാംഗിക സാകല്യത്തില്‍ (organic whole) നിയതമായ സ്ഥാനം വഹിക്കുന്നവയാണോ? പഞ്ചേന്ദ്രിയങ്ങള്‍ വഴി വസ്തുക്കളെപ്പറ്റി ലഭിക്കുന്ന അറിവ് പൂര്‍ണമാണോ? വിശ്വവ്യവസ്ഥയെപ്പറ്റിയുള്ള ജ്ഞാനം എങ്ങനെ സാധ്യമാണ്? അതിഭൌതികശാസ്ത്രത്തിന്റെ മുഖ്യചര്‍ച്ചാവിഷയങ്ങളാണിവ. ഈ ചോദ്യങ്ങള്‍ക്ക് ആശയവാദികളും (Idealists) യഥാതഥവാദികളും (Realists) വിഭിന്നങ്ങളായ ഉത്തരങ്ങള്‍ നല്കുന്നു. ഒരു പ്രപഞ്ചവ്യവസ്ഥയുണ്ടെന്നും ആ വ്യവസ്ഥ അഭൌതികസാകല്യമാണെന്നും (spiritual whole) ആശയവാദികള്‍ അഭിപ്രായപ്പെടുന്നു. ഭാരതീയദര്‍ശനത്തില്‍ ഇതിനെ ബ്രഹ്മം എന്നും പാശ്ചാത്യദര്‍ശനത്തില്‍ പരമതത്ത്വം എന്നും പറയുന്നു. ഈ കേവലസത്യത്തെ അറിയുവാന്‍ സാധാരണ ശാസ്ത്രീയരീതി ഉപയോഗപ്രദമല്ലെന്നാണ് ആശയവാദികളുടെ അഭിപ്രായം. ഇതേപ്പറ്റിയുള്ള ജ്ഞാനം അന്തഃപ്രജ്ഞ(Intuition) വഴിമാത്രമേ ലഭിക്കൂ.
സാര്‍വാംഗികസാകല്യം. യഥാതഥവാദികള്‍ സാര്‍വാംഗികസാകല്യത്തെ അംഗീകരിക്കുന്നില്ല. ആശയവാദികളുടെ അദ്വൈത സങ്കല്പത്തെയും അവര്‍ സ്വീകരിക്കുന്നില്ല. പ്രപഞ്ചം വിഭിന്നസ്വഭാവമുള്ള വിവിധവസ്തുക്കളാല്‍ നിര്‍മിതമാണ്. അതിന് സാര്‍വാംഗികത്വമില്ല. യുക്തിക്ക് അതീതമായ ഒരു ജ്ഞാനസമ്പാദനരീതിയുണ്ടെന്ന് സമ്മതിക്കുവാനും അവര്‍ തയ്യാറല്ല. നിരീക്ഷണപരീക്ഷണരീതികളില്‍ കൂടിയല്ലാതെ ഒരു പ്രതിഭാസത്തെയും മനസ്സിലാക്കുവാന്‍ സാധ്യമല്ലെന്ന് യഥാതഥവാദികള്‍ സിദ്ധാന്തിക്കുന്നു. ഭൌതികത്തിന് അതീതമായി അതിഭൌതികമെന്നൊന്നില്ല. അതിഭൌതികശാസ്ത്രമെന്നപേരില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് അവ്യക്തവും ശാസ്ത്രത്തിന് നിരക്കാത്തതുമായ ചില ധാരണകളാണെന്ന് അവര്‍ കരുതുന്നു. പ്രപഞ്ചവ്യവസ്ഥയുടെ അടിസ്ഥാനസങ്കല്പങ്ങളായ സംഖ്യ, ദിക്ക്, കാലം തുടങ്ങിയവയെപ്പറ്റി വ്യക്തമായ അറിവ് ഗണിതത്തിന്റെ പുരോഗതിയോടുകൂടി ലഭിക്കുമെന്നാണ് അവരുടെ പക്ഷം. കാര്യകാരണബന്ധങ്ങള്‍ ഭൌതികശാസ്ത്രങ്ങളുടെ വളര്‍ച്ചയോടുകൂടി കൂടുതല്‍ വ്യക്തമാകുമെന്ന് അവര്‍ കരുതുന്നു.
സിദ്ധാന്തമേഖലകള്‍. ഭൌതികശാസ്ത്രങ്ങളും ഗണിതവും എത്രതന്നെ പുരോഗമിച്ചാലും അവ ദത്തങ്ങള്‍ (Data) പ്രദാനം ചെയ്യുകമാത്രമേയുള്ളു. അവയുടെ വ്യാഖ്യാനം മറ്റൊരു വിഷയമാണ്. അന്തഃപ്രജ്ഞയില്‍ കൂടെ പ്രപഞ്ചവ്യവസ്ഥ വ്യക്തമാകുമെന്നുള്ള ആശയവാദികളുടെ നിലപാട് അംഗീകരിച്ചില്ലെങ്കില്‍ തന്നെയും, ശാസ്ത്രങ്ങളുടെ സൂക്ഷ്മവിശകലനം വെളിച്ചത്തു കൊണ്ടുവരുന്ന വസ്തുക്കളെ പുനര്‍വ്യാഖ്യാനം ചെയ്യുകയെന്ന പ്രക്രിയ അവശേഷിക്കുന്നു. അതു ശാസ്ത്രങ്ങളുടെ സീമയ്ക്കപ്പുറം നടക്കുന്ന ഒരു കര്‍മമാണുതാനും. അതിഭൌതികശാസ്ത്രത്തിന്റെ മേഖല ഇവിടെ ആരംഭിക്കുന്നു.
നീതിശാസ്ത്രം, സൌന്ദര്യശാസ്ത്രം, തര്‍ക്കശാസ്ത്രം തുടങ്ങിയ മാനകശാസ്ത്രങ്ങളുടെ മൂല്യനിര്‍ണയനവും അതിഭൌതികശാസ്ത്രത്തിന്റെ കര്‍ത്തവ്യമാകുന്നു. സ്വാതന്ത്ര്യം, സൌന്ദര്യം തുടങ്ങിയവയുടെ വ്യാഖ്യാനം ഒരതിരുവരെ അതാതു ശാസ്ത്രങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. എന്നാല്‍ ഈ സങ്കല്പങ്ങളുടെ സമാകലനം മറ്റൊരു മേഖലയിലേ നടക്കുകയുള്ളു-അതിഭൌതികശാസ്ത്രത്തിന്റെ മേഖലയില്‍. അടിസ്ഥാന ശാസ്ത്രസങ്കല്പങ്ങള്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമാകുംതോറും അവയുടെ സമകാലിതവ്യാഖ്യാനങ്ങള്‍ പുതിയ രൂപങ്ങള്‍ കൈക്കൊള്ളും. ഈ വ്യാഖ്യാന പ്രക്രിയ അതിഭൌതികശാസ്ത്രത്തിന്റെ പ്രധാന കര്‍ത്തവ്യമായി തുടര്‍ന്നുപോകുകയും ചെയ്യും.
(ഡോ. കെ. വേലായുധന്‍ നായര്‍)