This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അണ്ണാദുരൈ, സി.എന്‍.
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അണ്ണാദുരൈ, സി.എന്‍. (1909 - 69)
തമിഴ്നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡി.എം.കെ. അഥവാ തി.മു. ക.) സ്ഥാപകനേതാവ്. കാഞ്ചീപുരം പട്ടണത്തില്‍ 1909 സെപ്. 15-ന് ഒരു നെയ്ത്തു തൊഴിലാളികുടുംബത്തില്‍ ജനിച്ചു. സ്വദേശത്തും മദിരാശിയിലും വിദ്യാഭ്യാസം നടത്തി. രാഷ്ട്രതന്ത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും എം.എ. ബിരുദം നേടി. ആയിടയ്ക്കു ഡോ. ടി.എം. നായരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട 'ജസ്റ്റിസ് പാര്‍ട്ടി'യുടെ പ്രവര്‍ത്തകനെന്ന നിലയില്‍ പൊതുരംഗത്തു പ്രവേശിച്ചു. അനന്തരം ഈ.വി. രാമസ്വാമി നായ്ക്കരുടെ 'ദ്രാവിഡകഴകം' എന്ന സംഘടനയില്‍ ചേര്‍ന്നു. ഇതിനിടയ്ക്ക് കാഞ്ചീപുരം നഗരസഭാംഗമായും സേവനം അനുഷ്ഠിച്ചു. കുറച്ചുകാലം അധ്യാപകനായി കഴിച്ചുകൂട്ടുകയും ചെയ്തു.
രാമസ്വാമി നായ്ക്കരുമായുണ്ടായ അഭിപ്രായവ്യത്യാസംമൂലം ഇദ്ദേഹം ദ്രാവിഡകഴകം വിടുകയും ഏതാനും ചില അനുയായികളുമൊത്ത് 1949-ല്‍ ദ്രാവിഡ മുന്നേറ്റ കഴകം എന്നൊരു പുതിയ സംഘടന രൂപവത്കരിക്കുകയും ചെയ്തു. തമിഴ് ഭാഷയോടും തമിഴ് നാടിനോടും തോന്നിയ തീവ്രമായ അഭിമാനബോധം സ്വന്തം ജനങ്ങളില്‍ ആളിക്കത്തിക്കുവാന്‍ സ്വതസിദ്ധമായ വാക്ചാതുര്യം ഇദ്ദേഹത്തിന് ഏറെ സഹായകമായിരുന്നു. തമിഴ് ജനതയുടെ അനിഷേധ്യ നേതാവായി ഉയര്‍ന്ന അണ്ണാദുരൈയെ അനുയായികള്‍ 'അണ്ണാ' എന്ന ഓമനപ്പേരു നല്കി ആദരിച്ചു.
സി. രാജഗോപാലാചാരി മദ്രാസ് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് (1937-39) അണ്ണാദുരൈ ഹിന്ദിഭാഷാ പ്രചരണത്തിനെതിരായി പ്രക്ഷോഭണം നടത്തിയതിന്റെ ഫലമായി തടവുശിക്ഷയ്ക്കു വിധേയനായി. 1962-ല്‍ ഇദ്ദേഹം ലോകസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
1967-ലെ പൊതുതെരഞ്ഞെടുപ്പില്‍ മദ്രാസ് നിയമസഭയില്‍ ഡി.എം.കെ. ഭൂരിപക്ഷം കരസ്ഥമാക്കിയപ്പോള്‍ അതിന്റെ നേതാവായ അണ്ണാദുരൈ മുഖ്യമന്ത്രിയായി. ഇദ്ദേഹത്തിന്റെ ഭരണത്തിന്‍കീഴിലാണ് മദ്രാസ് സംസ്ഥാനത്തിന്റെ ഔദ്യോഗികനാമം 'തമിഴ്നാട്' എന്നാക്കി മാറ്റിയത്.
അണ്ണാദുരൈ ഒരു രാഷ്ട്രീയനേതാവ് എന്നതു കൂടാതെ സാഹിത്യകാരനെന്ന നിലയിലും പ്രശസ്തി നേടിയിട്ടുണ്ട്. നല്ലവന്‍ വാഴ്കൈ, കെട്ടിയ താലി, റംഗൂണ്‍ രാധ, വേലൈക്കാരി, റോമാപുരി റാണികള്‍, ചന്ദ്രോദയം, ചന്ദ്രമോഹനന് എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യ കൃതികള്‍. ഇവയില്‍ പലതും ചലച്ചിത്രരൂപേണ പുനരാവിഷ്കൃതങ്ങളായിട്ടുണ്ട്. കമ്പരുടെ രാമായണത്തെ ആസ്പദമാക്കി രചിച്ച കമ്പരസം എന്ന പഠനഗ്രന്ഥമാണ് അണ്ണാദുരൈയുടെ ശ്രദ്ധേയമായ മറ്റൊരു കൃതി. അര്ബുദരോഗബാധിതനായിത്തീര്ന്ന അണ്ണാദുരൈ 1969 ഫെ. 3-ന് നിര്യാതനായി.