This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അണ്ണാക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അണ്ണാക്ക്

Palate

നാസികാകോടരത്തേയും (nasal cavity) വായയേയും തമ്മില്‍ വേര്‍തിരിക്കുന്ന ഭിത്തി. ഇതിന് കട്ടിയുള്ള ഒരു മുന്‍ഭാഗവും മൃദുവായ ഒരു പിന്‍ഭാഗവും ഉണ്ട്. കാഠിന്യമുള്ള മുന്‍ഭാഗം അസ്ഥികൊണ്ടുള്ളതും അതിന്റെ രണ്ടു പ്രതലങ്ങളും ശ്ളേഷ്മസ്തരംകൊണ്ടു മൂടപ്പെട്ടതുമാണ്. വായ്ക്കുള്ളിലെ പ്രതലം ഉള്ളിലേക്കു വളഞ്ഞിരിക്കും (concave). മൃദുഅണ്ണാക്കിന്റെ (soft palate) മുന്‍ഭാഗം ദൃഢഅണ്ണാക്കിന്റെ (hard palate ) പിന്‍ഭാഗത്തോടു യോജിക്കുന്നു. മൃദുഅണ്ണാക്കിന്റെ പിന്‍ഭാഗം സ്വതന്ത്ര സീമാന്തം (border) ആയിട്ടാണ് അവസാനിക്കുന്നത്. ഇതിന്റെ മധ്യഭാഗം ഒരു ചെറുവിരലിന്റെ ആകൃതിയില്‍ താഴോട്ടു നീണ്ടുനില്ക്കുന്നു. ഇതിനെ 'ഉവുല' (uvula) എന്നുപറയുന്നു. മൃദുഅണ്ണാക്കില്‍ പേശികളുണ്ട്. വായിലൂടെ ആഹാരം കടന്നുപോകുമ്പോള്‍ അണ്ണാക്കിന്റെ പിന്‍ഭാഗം തൊണ്ടയില്‍ ചെന്ന് തട്ടുകയും നാസാഗഹ്വരവുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്യുന്നു. ശബ്ദോച്ചാരണത്തിലും അണ്ണാക്ക് ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.

ജന്‍മനാതന്നെ അണ്ണാക്കിന് പല വൈകല്യങ്ങളും ഉണ്ടാകാറുണ്ട്. അണ്ണാക്കിന്റെ കട്ടിയുള്ള ഭാഗം സാധാരണയില്‍ കവിഞ്ഞ് ചിലപ്പോള്‍ വളഞ്ഞിരിക്കും. വായിലൂടെ ശ്വാസോച്ഛ്വാസം ചെയ്യുന്നവരിലാണ് ഇതു പ്രധാനമായും കണ്ടുവരുന്നത്.

ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയുടെയും വികാസത്തിന്റെയും ഘട്ടങ്ങളില്‍ ശിശുവിന്റെ മുഖം, തൊണ്ട എന്നീ ഭാഗങ്ങളില്‍ പല പിളര്‍പ്പുകളുണ്ടായിരിക്കും (clefts). രണ്ടു കണ്ണുകള്‍ക്കിടയില്‍ നിന്നും ലലാട-നാസാപ്രവര്‍ധം (fronto-nasal process) താഴേക്ക് വളരുന്നു. നാസികയുടെ ബഹിര്‍ഭാഗം, നാസാപുടം, മേല്‍ച്ചുണ്ടിന്റെ മധ്യഭാഗം, ഊര്‍ധ്വഹനു (upper jaw) മുതലായവ ഈ പ്രവര്‍ധത്തില്‍നിന്നുമാണുണ്ടാകുക. രണ്ടു വശത്തെയും മാക്സില(maxilla)കളില്‍ നിന്നും ഉള്ളിലേക്കാണ് മാക്സിലറി പ്രവര്‍ധങ്ങള്‍ (maxilary process) വളരുന്നത്. അണ്ണാക്കും ഊര്‍ധ്വഹനുവിന്റെ മറ്റു ഭാഗങ്ങളും മാക്സിലറി പ്രവര്‍ധങ്ങളില്‍നിന്നുമാണുണ്ടാകുക. ശരിയായ വളര്‍ച്ചയും വികാസവുമുള്ള കുഞ്ഞുങ്ങളില്‍ മാക്സിലറി പ്രവര്‍ധങ്ങളും ലലാട-നാസാ പ്രവര്‍ധവുമായി ജനനത്തിനു മുമ്പ് യോജിച്ചിരിക്കും. ഇങ്ങനെയുള്ള സംയോജനം നടന്നില്ലെങ്കില്‍ കുഞ്ഞ് ജനിക്കുമ്പോള്‍ 'Y'യുടെ ആകൃതിയിലുള്ള ഒരു വിടവ് ഉണ്ടായിരിക്കും. ഈ വിടവ് അണ്ണാക്കിന്റെ പിന്‍ഭാഗത്തുനിന്നും ആരംഭിച്ച് മുന്‍വശത്തെ പല്ലുകളുടെ തൊട്ടു പിന്‍ഭാഗം വരെയും അവിടെനിന്നു മേല്‍ച്ചുണ്ടുവഴി രണ്ടു നാസാദ്വാരങ്ങളിലേക്കും നീണ്ടുപോകുന്നു. ഇത്തരം 'Y'യുടെ ആകൃതിയിലുള്ള വിദരത്തിന് പൂര്‍ണ വിദരിത-അണ്ണാക്ക് (complete cleft palate) എന്നു പറയുന്നു. ചിലപ്പോള്‍ ഈ പിളര്‍പ്പ് അപൂര്‍ണമായി മാത്രമേ കാണാനുളളൂ എന്നു വരാം. അണ്ണാക്കിലെ വിടവ് ഭാഗികമാണെങ്കില്‍ മേല്‍ച്ചുണ്ടിലും ഊര്‍ധ്വഹനുവിലും പിളര്‍പ്പുകളുണ്ടായിരിക്കുകയില്ല; അവ സ്വാഭാവിക സ്ഥിതിയിലായിരിക്കും. ചിലപ്പോള്‍ പിളര്‍പ്പ് മേല്‍ച്ചുണ്ടില്‍ മാത്രമായി ചുരുങ്ങുന്നു. ഇതിനെ 'മുച്ചുണ്ട്' എന്നാണ് പറയുന്നത്.

ഈ രണ്ടു വൈകല്യങ്ങളും ശസ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്നതാണ്. ശൈശവത്തില്‍ ഇവ രണ്ടും കുഞ്ഞിന്റെ പാലൂട്ടില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു; മുച്ചുണ്ട് മുഖത്തിന് വൈരൂപ്യം ഉണ്ടാക്കുകയും ചെയ്യും. അണ്ണാക്കിലെ പിളര്‍പ്പ് ശബ്ദത്തിന് ഒരു അനുനാസികാസ്വരവും നല്കുന്നു. കുഞ്ഞിന് മുച്ചുണ്ട് മാത്രമേ ഉള്ളുവെങ്കിലും അതിന്റെ വലുപ്പം കുറവാണെങ്കിലും ജനിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ശസ്ത്രക്രിയ ചെയ്യാവുന്നതാണ്. എന്നാല്‍ അസാമാന്യമായ വലുപ്പം ഉണ്ടെങ്കില്‍ ജനിച്ച് ഏതാനും മാസങ്ങള്‍ക്കുശേഷമേ ശസ്ത്രക്രിയ ചെയ്യാറുള്ളു. അണ്ണാക്കിലും പിളര്‍പ്പ് ഉണ്ടെങ്കില്‍ ശസ്ത്രക്രിയ കൂടുതല്‍ പ്രയാസകരവും ദുര്‍ഘടവും ആയിരിക്കും. ശസ്ത്രക്രിയയെ തുടര്‍ന്ന് അമിതമായ രക്തസ്രാവവും ഉണ്ടാകാന്‍ ഇടയുണ്ട്. അതുകൊണ്ട് ഈ ശസ്ത്രക്രിയ ചെയ്യുമ്പോള്‍ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിരിക്കണം. സാധാരണയായി ഇത് ജനിച്ചു 18-30 മാസങ്ങള്‍ക്കിടയിലാണ് ചെയ്യുക. കുട്ടി സംസാരിച്ചു തുടങ്ങുന്നതിനു മുമ്പ് ശസ്ത്രക്രിയ ചെയ്യുകയാണ് നല്ലത്. ഈവിധ വൈകല്യങ്ങളുള്ള കുഞ്ഞുങ്ങള്‍ക്ക് പാല്‍ വലിച്ചുകുടിക്കാന്‍ സാധിക്കാത്തതിനാല്‍ കരണ്ടികൊണ്ട് കോരിക്കൊടുക്കേണ്ടതാണ്. ചിലപ്പോള്‍ അണ്ണാക്കിലുള്ള പിളര്‍പ്പ് ശസ്ത്രക്രിയ മൂലം നികത്താനാവാത്ത വിധം വലുതായിരിക്കും. കുട്ടി വളര്‍ന്നതിനുശേഷം ഒരു കൃത്രിമ-അണ്ണാക്ക് ഉപയോഗിച്ച് ഇതു കുറെയൊക്കെ പരിഹാരിക്കാവുന്നതാണ്.

(ഡോ. ആര്‍. രഥീന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍