This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അണുകേന്ദ്ര-ആഘൂര്‍ണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അണുകേന്ദ്ര-ആഘൂര്‍ണം

Nuclear moment

അണുകേന്ദ്രത്തിന്റെ ഭ്രമണം, ഘടന, വിന്യാസം എന്നിവയെആശ്രയിച്ചു നിലകൊള്ളുന്ന വൈദ്യുത, കാന്തിക, യാന്ത്രിക പരിമാണങ്ങള്‍. സമീപ അണുകങ്ങളിലെ ഇലക്ട്രോണുകളുടെയോ മറ്റ് അണുകേന്ദ്രങ്ങളുടെയോ ബാഹ്യപ്രയുക്ത മണ്ഡലങ്ങളുടെയോ വൈദ്യുത/കാന്തിക ബലങ്ങള്‍ക്ക് വിധേയമായ ഒരു അണുകേന്ദ്രത്തിന്റെ ഗുണധര്‍മങ്ങള്‍, ആ അണുകേന്ദ്രത്തിന്റെ ഘടനയെ ആശ്രയിച്ചിരിക്കും. അണുകേന്ദ്ര ഘടന സങ്കീര്‍ണമായതിനാല്‍, അതിന്റെ വൈദ്യുത, കാന്തിക വിന്യാസങ്ങള്‍, പ്രത്യേകമായാണ് കണക്കാക്കുന്നത്. മൊത്തം അണുകേന്ദ്ര ആഘൂര്‍ണത്തെ അനുക്രമമായി കുറഞ്ഞുവരുന്ന വിവിധ ഘടക ആഘൂര്‍ണങ്ങളായി വേര്‍തിരിക്കാവുന്നതാണ്. അണുകേന്ദ്രത്തിന്റെ വിവിധ സ്ഥിതിക-വൈദ്യുത-ആഘൂര്‍ണവും (static electric moment) കാന്തികാഘൂര്‍ണവും ഉള്‍പ്പെടുന്നതാണ് അണുകേന്ദ്ര-ആഘൂര്‍ണം. കാന്തിക ഡൈപോള്‍ (magnetic dipole), വൈദ്യുത ക്വാഡ്രപോള്‍ (electric quadrupole), കാന്തിക ഓക്ടപോള്‍ (magnetic octupole) എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ.

പ്രോട്ടോണുകളും ന്യൂട്രോണുകളുംകൊണ്ട് നിര്‍മിതമായ ഒരു അണുകേന്ദ്രവും അതിനെ പ്രദക്ഷിണം ചെയ്യുന്ന ഇലക്ട്രോണുകളുമാണ് ഒരു അണുവിലുള്ളത്. ഋണവൈദ്യുതിയുള്ള ഇലക്ട്രോണ്‍ ഒരു സംവൃതപരിപഥത്തില്‍ (closed path) സഞ്ചരിക്കുന്നതിനാല്‍ വൈദ്യുതി പ്രവഹിക്കുന്ന ചാലകംപോലെയാണെന്നു പറയാം. അക്കാരണത്താല്‍ പ്രദക്ഷിണപഥത്തിന്റെ തലത്തിനു ലംബമായി ഒരു ലഘുവായ കാന്തികമണ്ഡലം ഉളവാകുന്നു. കാന്തിക-ആഘൂര്‍ണമുള്ള ഒരു ചെറിയ കക്ഷീയ (orbital) കാന്തിക കവചമായി അതു വര്‍ത്തിക്കുന്നു. ഇലക്ട്രോണുകളുടെ പരിക്രമണം ഹേതുവായി അണുവിന് ഒരു കാന്തിക-ആഘൂര്‍ണമുണ്ടാകുന്നു. ഈ ഇലക്ട്രോണുകള്‍ ഓരോന്നും സ്വന്തം അക്ഷത്തെ ആധാരമാക്കി ചക്രണം ചെയ്യുന്നതുകൊണ്ട് അവയ്ക്ക് ഓരോന്നിനും ഒരു ചക്രണകാന്തിക-ആഘൂര്‍ണം (Spin magnetic moment) ലഭിക്കും. അങ്ങനെ ഒരു അണുവിന് ഇലക്ട്രോണുകളുടെ ചക്രണം ഹേതുവായി ഒരു കാന്തിക-ആഘൂര്‍ണമുണ്ടാകുന്നു.

അണുവില്‍ ഇലക്ട്രോണുകള്‍ കവചങ്ങളില്‍ വര്‍ത്തിക്കുന്നതുപോലെ പ്രോട്ടോണുകളും ന്യൂട്രോണുകളും ക്വാണ്ടവത്കൃത കക്ഷ്യകളില്‍ (Quantised axes) വര്‍ത്തിക്കുന്നു. അവയ്ക്കു കക്ഷ്യപരിക്രമണവും ചക്രണചലനവും കൂടിയുണ്ട്. അവയില്‍ ചാര്‍ജ് വഹിക്കുന്നവ അണുകേന്ദ്രത്തിന് കക്ഷീയ കാന്തിക-ആഘൂര്‍ണവും (Axial magnetic moment) ചക്രണ കാന്തിക-ആഘൂര്‍ണവും വെവ്വേറേ നല്കി മൊത്തമായി ഒരു അണുകേന്ദ്ര കാന്തിക-ആഘൂര്‍ണമുണ്ടാക്കുന്നു.

അണുകേന്ദ്ര കാന്തിക-ആഘൂര്‍ണം നിര്‍ണയിക്കാന്‍ പല പദ്ധതികളുമുണ്ട്. അവയില്‍ പ്രധാനമായവ താഴെ ചേര്‍ക്കുന്നു:

(1) അണു സ്പെക്ട്രത്തിലെ അതിസൂക്ഷ്മഘടനയുടെ (hyper - fine structure) വിശ്ളേഷണം; (2) ബാന്‍ഡ് സ്പെക്ട്ര(band spectrum)ത്തിലെ ഒന്നിടവിട്ടുള്ള തീവ്രതയുടെ പഠനം; (3) തന്‍മാത്രീയപുഞ്ജങ്ങള്‍ക്കും അണുകിരണ പുഞ്ജങ്ങള്‍ക്കും (molecular and atomic beams) ഒരു കാന്തികമണ്ഡലത്തില്‍ സംഭവിക്കുന്ന വ്യതിചലനത്തെക്കുറിച്ചുള്ള പഠനം; (4) കാന്തിക അനുനാദ-റേഡിയോ ആവൃത്തി സ്പെക്ട്രങ്ങളുടെ (magnetic resonance radio frequency spectra) പഠനം; (5) സൂക്ഷ്മതരംഗ സ്പെക്ട്രത്തിന്റെ വിശ്ളേഷണം (analysis of microwave spectra). നോ: അണുകേന്ദ്രം, അണുകേന്ദ്രവിജ്ഞാനീയം

(പ്രൊഫ. എസ്. ഗോപാലമേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍