This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡ്രിനാലിന്‍, നോര്‍അഡ്രിനാലിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഡ്രിനാലിന്‍, നോര്‍അഡ്രിനാലിന്‍

Adrenaline,Noradrenalin

അഡ്രിനല്‍ ഗ്രന്ഥിയുടെ (അധിവൃക്കഗ്രന്ഥി) മെഡുല്ലയില്‍ നിന്നു (adrenal medulla) സ്രവിക്കുന്ന രണ്ടു ഹോര്‍മോണുകള്‍. ഇവയ്ക്കു യഥാക്രമം 'എപ്പിനെഫ്രിന്‍', 'നോര്‍എപ്പിനെഫ്രിന്‍' എന്ന് വേറെ ഓരോ പേരുകൂടിയുണ്ട്.

ഒലിവര്‍, ഷേഫര്‍ എന്നിവര്‍ ചേര്‍ന്ന് 1894-ല്‍ അഡ്രിനല്‍ മെഡുല്ലയുടെ നിഷ്കര്‍ഷത്തിന് (extract) രക്തസമ്മര്‍ദം വര്‍ധിപ്പിക്കാന്‍ നല്ല കഴിവുണ്ടെന്നു തെളിയിച്ചു. ആല്‍ഡ്രിച്ച്, തക്കമീനേ എന്നിവര്‍ 1901-ല്‍ നിഷ്കര്‍ഷത്തിലുള്ള രാസപദാര്‍ഥങ്ങളുടെ സംയോഗം കണ്ടുപിടിച്ചു. ആദ്യം കണ്ടുപിടിച്ചതും പഠനവിധേയമായതും 'അഡ്രിനാലിന്‍' എന്ന ഹോര്‍മോണ്‍ ആയിരുന്നു. ടൈറോസിനില്‍ (tyrosine) നിന്നാണ് ഇത് ഉദ്ഭൂതമാകുന്നതെന്നു തെളിഞ്ഞു. രണ്ടാമതായിട്ടാണ് 'നോര്‍അഡ്രിനാലിന്‍' എന്ന ഒരു ഹോര്‍മോണുകൂടി നിഷ്കര്‍ഷത്തിലുണ്ടെന്നു മനസ്സിലായത്.

രചനയിലെന്നപോലെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളിലും ഇവയ്ക്കു തമ്മില്‍ വളരെ സാദൃശ്യമുണ്ട്. അഡ്രിനല്‍ മെഡുല്ലയില്‍ നോര്‍അഡ്രിനാലിന്റെ 1-5 ഇരട്ടിയോളം അഡ്രിനാലിന്‍ ഉണ്ടായിരിക്കും. ജന്തുവര്‍ഗത്തിന്റെയും വയസ്സിന്റെയും വ്യത്യാസങ്ങള്‍ ഈ അനുപാതത്തെ ബാധിക്കുന്നതാണ്. അനുകമ്പി-നാഡിസമൂഹമാണ് അഡ്രിനല്‍ മെഡുല്ലയിലെ ഹോര്‍മോണ്‍-ഉത്പാദനത്തെ നിയന്ത്രിക്കുന്നത്. നോര്‍അഡ്രിനാലിന്റെ പ്രവര്‍ത്തനത്തെയും രചനയെയും പറ്റി ഏറ്റവും പ്രധാനമായ കണ്ടുപിടിത്തങ്ങള്‍ നടത്തിയ ഫൊണ്‍ യൂളര്‍ (Von Euler) എന്ന വൈജ്ഞാനികന് വൈദ്യശാസ്ത്രത്തിനും ശരീരക്രിയാശാസ്ത്രത്തിനുമുള്ള നോബല്‍ സമ്മാനം 1970-ല്‍ ലഭിക്കുകയുണ്ടായി.


പ്രവര്‍ത്തനം. ബാഹ്യലോകത്തുനിന്നും സ്വശരീരത്തില്‍നിന്നും ഉണ്ടാകുന്ന എല്ലാത്തരം സമ്മര്‍ദങ്ങളെയും (stress) ചെറുത്തുനില്ക്കുവാനുള്ള ശക്തി ഒരു ജന്തുവിനു പ്രദാനം ചെയ്യുന്നത് അഡ്രിനല്‍ ഗ്രന്ഥിയും അനുകമ്പി നാഡിവ്യൂഹവും ചേര്‍ന്നാണ്. ഒരു പ്രതിരോധമുറയുടെ ആദ്യഭാഗമെന്ന നിലയില്‍ ചുറ്റുപാടും നല്ലവണ്ണം കാണാനായി അഡ്രിനാലിന്‍ കൃഷ്ണമണികളെ വികസിപ്പിക്കുകയും കാഴ്ച ശക്തിപ്പെടുത്തുകയും ചെയ്യും. ആ സംരംഭത്തില്‍ സഹായിക്കാനായി ദഹനേന്ദ്രിയരക്തധമനികളുടെ വ്യാസം ചുരുക്കുകയും പ്ളീഹയുടെ വലുപ്പം കുറയ്ക്കുകയും തദ്വാരാ ധാരാളം രക്തം ടിഷ്യൂകളിലേക്കും ഹൃദയത്തിലേക്കും പായിക്കുകയും ചെയ്യും. ഗ്ളൈക്കൊജന്‍-തന്‍മാത്രകളെ വിയോജിപ്പിച്ച് ഗ്ളൂക്കോസ് നിര്‍മിക്കുക കാരണം അത് രക്തത്തില്‍ പഞ്ചസാരയുടെ അളവു വര്‍ധിപ്പിക്കുന്നു (hyperglycemia). കൂടുതല്‍ രക്തം പ്രദാനം ചെയ്യുന്നതുകൊണ്ടും ഊര്‍ജത്തിനാവശ്യമായ പഞ്ചസാര ധാരാളമായി നല്കുന്നതുകൊണ്ടും അതു മാംസപേശികളുടെ കൃത്യനിര്‍വഹണത്തിന് ഏറ്റവും പറ്റിയ വ്യവസ്ഥ സൃഷ്ടിക്കുന്നതാണ്. എതിരാളിയുമായി ഏറ്റുമുട്ടേണ്ടിവരുമ്പോള്‍ ചില ജന്തുക്കളില്‍ (ഉദാ. പൂച്ച) രോമം എഴുന്നു നില്ക്കുവാന്‍ കാരണം അഡ്രിനാലിന്റെ പ്രവര്‍ത്തനമാണ്. വിസര്‍ജനപ്രക്രിയയെ നിയന്ത്രിക്കുന്നതിനും ഈ ഹോര്‍മോണിനു കഴിവുണ്ട്. ശാരീരികവും മാനസികവുമായ സമ്മര്‍ദങ്ങള്‍ക്കു വിധേയമാകുന്ന അവസരങ്ങളിലെല്ലാം അഡ്രിനാലിന്‍, നോര്‍അഡ്രിനാലിന്‍ എന്നിവ ശരീരത്തില്‍ ധാരാളമായി ഉത്പാദിപ്പിക്കപ്പെടും. ചുരുക്കത്തില്‍ അഡ്രിനല്‍ ഗ്രന്ഥിയും അനുകമ്പി നാഡിസമൂഹവും ചേര്‍ന്നുണ്ടാക്കുന്ന ഒരു വ്യവസ്ഥിതിവിശേഷമാണ് ജന്തുക്കളുടെ ഒരു വലിയ ആത്മരക്ഷോപായകേന്ദ്രം.


ഈ രണ്ടു ഹോര്‍മോണുകള്‍ക്കും ഏതാണ്ടു സമാനമായ പ്രവര്‍ത്തനരീതിയാണു കണ്ടുവരുന്നതെങ്കിലും അവയുടെ പ്രവര്‍ത്തനശക്തി വ്യത്യസ്തസന്ദര്‍ഭങ്ങളില്‍ അത്യന്തം വിഭിന്നങ്ങളാണ് (പട്ടിക).


മേല്‍പറഞ്ഞതില്‍നിന്ന് ഈ രണ്ടു ഹോര്‍മോണുകളും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിലും രക്തചംക്രമണസ്ഥിതി കാത്തുസൂക്ഷിക്കുന്നതിനും കാര്യമായ പങ്കു വഹിക്കുന്നുണ്ടെന്നു തെളിയുന്നു. ആകയാല്‍ രക്തസമ്മര്‍ദം കുറയുന്ന അവസരങ്ങളിലെല്ലാം ഈ ഹോര്‍മോണുകള്‍ ഔഷധങ്ങളായി ഉപയോഗിക്കാം. ഹൃദയമിടിപ്പു വര്‍ധിപ്പിക്കുവാനും കൊറോണറി ധമനികളിലൂടെ പ്രവഹിക്കുന്ന രക്തത്തിന്റെ അളവു കൂട്ടുവാനും ഇവയ്ക്കു കഴിവുണ്ടെങ്കിലും മാംസപേശികളിലേയും ത്വക്കിലേയും ധമനികളെ വികസിപ്പിക്കുവാനുള്ള പ്രവണതയും കൂടിയുള്ളതുകൊണ്ട് അഡ്രിനാലിന്റെ പ്രവര്‍ത്തനം ക്ഷണികമാണ്. നേരേ മറിച്ച് ഈ ധമനികളെ സങ്കോചിപ്പിക്കുവാനുള്ള പ്രവണതയുള്ളതുകൊണ്ട് നോര്‍അഡ്രിനാലിന്‍ രക്തസമ്മര്‍ദം പെട്ടെന്നു താഴുന്ന സന്ദര്‍ഭങ്ങളില്‍ ചികിത്സിക്കുന്നതിനു കൂടുതല്‍ യോജിച്ചതായിത്തീരുന്നു.

ശ്വാസകോശക്കുഴലുകളെ വികസിപ്പിക്കുവാന്‍ കഴിവുള്ളതുമൂലം അഡ്രിനാലിന്‍ ആസ്ത്മാരോഗത്തിനു പ്രതിവിധിയായി പലപ്പോഴും കുത്തിവയ്ക്കാറുണ്ട്. ത്വക്കിലൂടെ കുത്തിവെച്ചാല്‍ ഫലം അധികനേരത്തേക്കു കാണും - വിശേഷിച്ചും എണ്ണയില്‍ അലിയിച്ചശേഷം കുത്തിവയ്ക്കുകയാണെങ്കില്‍. ആന്റിജന്‍-ആന്റിബോഡി സംഘട്ടനങ്ങളില്‍നിന്ന് ഉദ്ഭൂതമാകുന്ന എല്ലാ ദുര്‍ഘടങ്ങള്‍ക്കും ഈ ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നതു വളരെ ഫലപ്രദമായിരിക്കും. ഇതിനോടു രചനാസാദൃശ്യമുള്ള രാസവസ്തുക്കളും (ഉദാ. എഫെഡ്രിന്‍) പകരമായി ഉപയോഗിച്ചുവരുന്നു. വായിലൂടെ കഴിക്കാമെന്നതാണ് ഈ പകരക്കാര്‍ക്കുള്ള മെച്ചം.

ടൈറോസിന്‍ എന്ന അമിനൊ അമ്ളത്തില്‍നിന്നാണ് അഡ്രിനലിനുകള്‍ നിര്‍മിക്കപ്പെടുന്നത്. കാറ്റിക്കോള്‍ എന്ന യൌഗികം ടൈറോസിന്‍ തന്‍മാത്രയിലെ ഒരു അടിസ്ഥാനഘടകമാണ്. ആകയാല്‍ ഈ ഹോര്‍മോണുകളെ കാറ്റിക്കോളമിനുകള്‍ എന്നും വിളിക്കുന്നു. ഇവ എളുപ്പത്തില്‍ ഓക്സീകരണവിധേയമായതുകൊണ്ടു വായുവില്‍ തുറന്നുവച്ചാല്‍ നിര്‍വീര്യമായിപ്പോകും. ഇരുമ്പിന്റെയും ക്രോമിയത്തിന്റെയും ലവണങ്ങളുമായിച്ചേര്‍ന്ന് ഇവ പ്രത്യേകതരത്തിലുള്ള നിറങ്ങള്‍ പ്രകടമാക്കും. പ്രത്യേകസാഹചര്യത്തില്‍ ഓക്സിജനുമായിച്ചേരാന്‍ ഇവയ്ക്കു സാധിച്ചാല്‍ അഡ്രിനൊക്രോമുകള്‍ എന്ന വര്‍ണവസ്തുക്കള്‍ ലഭ്യമാകും. ഈ വക രാസപരിണാമങ്ങളുടെ അടിസ്ഥാനത്തിലാണ് രക്തത്തില്‍ ഈ ഹോര്‍മോണുകളുടെ അളവുകള്‍ കണ്ടുപിടിക്കുന്നത്. മൂത്രത്തിലൂടെ ഗ്ളൂക്കൊറോണൈഡുകളുടെ രൂപത്തില്‍ ഇവ ദേഹത്തില്‍നിന്നു പുറംതള്ളപ്പെടുന്നു.

(പ്രൊഫ. കെ. മാധവന്‍കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍