This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അടിമവ്യാപാരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അടിമവ്യാപാരം
മനുഷ്യനെ ജംഗമവസ്തുവായിക്കരുതി വാങ്ങുകയും വില്ക്കുകയും ചെയ്തിരുന്ന സമ്പ്രദായം. ചരിത്രാതീതകാലം മുതല്‍ അടുത്തകാലംവരെ അടിമകളെ വാങ്ങുന്നതിനും വില്ക്കുന്നതിനുമുള്ള വ്യാപാരസമ്പ്രദായങ്ങളും വിപണികളും ഉണ്ടായിരുന്നു. അടിമവ്യാപാരത്തിന് രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍, 'മനുഷ്യച്ചരക്ക്' നിറച്ച കപ്പലുകള്‍, അടിമച്ചന്തകള്‍, ചങ്ങലകൊണ്ടുബന്ധിച്ച അടിമവേലക്കാര്‍, ആള്‍പിടിത്തക്കാര്‍-ഇതെല്ലാം അടുത്തകാലംവരെ വസ്തുതകളായിരുന്നുവെന്ന് വിശ്വസിക്കാന്‍ ഇന്ന് പ്രയാസം തോന്നാം. അടിമച്ചന്തകള്‍ വിജയനഗരത്തിലുമുണ്ടായിരുന്നു. കൊച്ചി തുറമുഖത്തും കോഴിക്കോട്ടും പൊന്നാനിയിലും കൊല്ലത്തും ചെന്നൈയിലും നാഗപട്ടണത്തും വിദേശക്കപ്പലുകള്‍ വന്ന് ഇന്ത്യയില്‍നിന്ന് നിര്‍ഭാഗ്യവാന്‍മാരായ മനുഷ്യരെ വാങ്ങി അടിമക്കമ്പോളങ്ങളില്‍ വിറ്റിരുന്നു. വയനാട്ടില്‍ മാനന്തവാടിക്കടുത്ത വള്ളൂര്‍ക്കാവില്‍ ഉത്സവകാലത്ത് സമീപസ്ഥരായ കൃഷിക്കാര്‍ പണിയരെ ഒരു സംവത്സരക്കാലം പണിക്കായി 'നില്പുപണം' കൊടുത്ത് 'റിക്രൂട്ട്' ചെയ്തിരുന്നു. നിരവധി പണിയര്‍ അങ്ങിങ്ങായി കൂട്ടംകൂടി നില്ക്കുന്നതും കൃഷിക്കാര്‍ അവരുമായി നില്പുപണസംഖ്യയെക്കുറിച്ച് സംസാരിക്കുന്നതും പണ്ടത്തെ അടിമച്ചന്തയുടെ ഒരു നിഴലാട്ടംപോലെ തോന്നും. അടിമസമ്പ്രദായം നിര്‍ത്തി നൂറിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അതിന്റെ നിഴല്‍ വയനാട്ടില്‍നിന്ന് തീരെ തിരോധാനം ചെയ്തിട്ടില്ല. 'ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ കഞ്ഞി', 'അടിയന്റെ പുറം തമ്പുരാന്റെ കൈ' എന്നിങ്ങനെയുള്ള ചൊല്ലുകള്‍ പഴയ അടിമത്തത്തിന്റെ മാറ്റൊലിയായി മലയാളത്തില്‍ അവശേഷിക്കുന്നു.
കേരളത്തില്‍ 16-ാം ശ.ത്തിനുമുന്‍പുള്ള അടിമവ്യാപാരത്തെപ്പറ്റി വിശ്വസിക്കത്തക്ക വിവരങ്ങള്‍ അല്പം മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇന്ത്യയില്‍ അന്യഭാഗങ്ങളിലെന്നപോലെ, അടിമജാതികള്‍ കേരളത്തിലും ഉണ്ടായിരുന്നതുകൊണ്ട് അടിമക്കച്ചവടത്തിന് വലിയ ആവശ്യമുണ്ടായിരുന്നില്ല. എ.ഡി. 1902-ല്‍ കുറുമ്പ്രനാട്ട് രാജാവ് കോവിലകം അടിമപ്പണിയരില്‍ 13 കുടുംബങ്ങളെ വയനാട്ട് മുപ്പതിനാടംശംദേശത്ത് കുണ്ടരഞ്ഞിരാമനും അനന്തിരവന്‍ ചൂണ്ടനും വില്ക്കുന്ന ഒരു 'മുളക്കരണം' താഴെ കൊടുക്കുന്നു. (ഈ വില്പനയില്‍ ഭൂമി കൈമാറ്റമില്ലാത്തതുകൊണ്ട് ഈ പണിയര്‍ ഭൂമിയോടു ചേര്‍ന്ന അടിമകളല്ലെന്ന് വ്യക്തം).
കൊല്ലം 1077... മതമകരം വ്യായം കുഭം ഞായാറ്റില്‍
എഴുതിയാ അട്ടിപ്പെറ്റൊല കരുണമാവിത കുറുമ്പ്രനാടു
കൊളപ്പുറത്ത കോവിലത്ത് വീരരായിരവന്‍ വീരരായിര
വന്‍ കുണ്ടരഞ്ഞിയില്‍ രാമനും അനിന്തിരവന്‍ ചൂണ്ടനും
കൂടി എഴുതികൊടുത്താ കരുണമാവിത. നമ്മുടെ പുതി
ശ്ശേരി കോവിലത്തെ ജെന്‍മമായി വെള്ളിന്റെ മകന്‍ മാതന്‍
പണിയനെയും ചന്തനെയും മൂപ്പനെയും ചാത്തിനെയും
അവരുടെ മക്കളെയും ചാത്തിന്റെ മകന്‍ വെരനെയും പൂയ
നെയും ചെമ്പനെയും പുളിയനെയും പൂയന്റെ മകന്‍
കൊളമ്പനെയും വെളിയനെയും അവരെ മക്കളെയും
വെള്ളിന്റെ മകന്‍ കൊഞ്ചനെയും അവന്റെ മക്കളെയും കറ
പ്പന്റെ മകന്‍ കഴവനെയും കൊറവന്റെ മകന്‍ കുങ്കനെയും
ഇവരെ ണ്ടെള്‍ക്കളന്ന അട്ടിപ്പെരും നീരുമായി അന്നപെറും
വില അര്‍ഥവും വാങ്ങി എഴുതിക്കൊടുത്താന്‍ കൊളപ്പു
റത്ത കോവിലത്ത വീരരായിരവന്‍ വീരരായിരവന്‍ അന്ന
ടുക്കും അനന്തിരവരെയുംകൂടി അന്നപെറും വില അര്‍ഥ
വും കൊടുത്ത എഴുതിച്ചുകൊണ്ടാന്‍ വയനാട താലൂക്ക
മുപ്പതിനാടംശം ദേശത്ത കുണ്ടരെഞ്ഞിരാമനും അനന്തി
രവന്‍ ചൂണ്ടനും കൂടി വെള്ളിന്റെ മകന്‍ മാതന്‍' (ബാക്കി
പേരുകളും ഇവിടെ രണ്ടാമതും എടുത്തുപറയുന്നു).
അന്നുപെറും വില അര്‍ഥവും കൊടുത്ത അന്നടുക്കും
അനന്തിരവരെയും കൂട്ടി അട്ടിപ്പെറും നീരും കൊണ്ടാമെ
യിക്കും അറിയും സാക്ഷി സഭവടമറിയെ കേട്ടുകേള്‍പ്പിച്ച
കയ്യഴുതി(നെ)ന്‍ നാറങ്ങാളി ഇട്ടിരാരപ്പന്‍ നായരകയ്യഴുത്ത.
............ല്‍
...........തു
ഇവിടെ സാക്ഷികളുടെ ഒപ്പ് രാമവര്‍മരാജാവവൃകള്
ഷ്ട്രില്‍.
കേരളത്തിലെ മിക്ക തുറമുഖങ്ങളിലും അടിമക്കയറ്റുമതി 16-ാം ശ.മുതല്‍ 18-ാം ശ.-ത്തിന്റെ അവസാനം വരെ ഉണ്ടായിരുന്നു. ഡച്ചുകാര്‍ കൊച്ചിയില്‍നിന്ന് ജാവയിലേക്ക് ധാരാളം അടിമകളെ വാങ്ങി അയച്ചിരുന്നു. അഞ്ചുതെങ്ങിലെ ഇംഗ്ളീഷ് വ്യാപാരികളും അടിമവ്യാപാരത്തില്‍ ഏര്‍പ്പെട്ടു.
ആഫ്രിക്കന്‍ അടിമകളെ മിക്ക മുസ്ളിം രാജധാനികളിലും കാവല്‍ക്കാരായും കാണാമായിരുന്നു. ഒരു കൊച്ചിരാജാവിനും ആഫ്രിക്കന്‍ അടിമകളില്‍ താത്പര്യമുണ്ടായിരുന്നുവെന്ന് 1793 ആഗ. 3-ന് കൊച്ചിരാജാവിന് ഡച്ച് ഗവര്‍ണര്‍ അയച്ച ഈ കത്തില്‍നിന്ന് വ്യക്തമാണ്.
കൊടുത്തയച്ച തിട്ടൂരവും വായിച്ചുകണ്ട അവസ്ഥയും ധരിച്ചു. കാപ്പിരിവകയില്‍ ഒര ആങ്കിടാവിനെയും ഒര പെങ്കിടാവിനെയും മെടിച്ചുകൊടുത്തയക്കമെന്നും തിട്ടൂരത്തില്‍ എഴുതിവന്നുവല്ലോ. ഇവിടെ അന്വെഷിച്ചിട്ടു 36-38 വയസ്സുള്ളതില്‍ ഒര ആങ്കിടാവും 34-35 വയസ്സുള്ള ഒര പെങ്കിടാവും നമ്മുടെ അടുക്കല്‍ കൊണ്ടുവന്നു. അതിന്റെ ഉടയക്കാര ഒരൊന്നിനു മൂന്നരിച്ചെ രൂപ ചോദിച്ചു. ആയത എത്രയും വില കടുപ്പം ആകകൊണ്ടു നാം അങ്ങയ്ക്കു കൊടുത്തയക്കാന്‍ ശംഖിച്ചു.
1. തമിഴ്‍നാട്ടില്‍. ചോളകാലത്ത് തമിഴ്‍നാട്ടിലെ കൃഷിത്തൊഴിലാളികളില്‍ ഭൂരിഭാഗവും അടിമകളോ അടിമകള്‍ക്ക് തുല്യരോ ആയിരുന്നു എന്നാണ് കെ.എ. നീലകണ്ഠശാസ്ത്രിയുടെ നിഗമനം. മനുഷ്യജീവികളെ സ്വകാര്യവസ്തുവായി ഗണിച്ച് അവരെ വില്ക്കുകയും വാങ്ങിക്കുകയും ചെയ്തിരുന്നുവെന്നതിന് അസന്ദിഗ്ധമായ തെളിവ് പല ശിലാശാസനങ്ങളിലും തമിഴ്‍നാട്ടില്‍ കാണാം. നിരവധി ശാസനങ്ങളില്‍ കാണുന്നത് ക്ഷേത്രങ്ങളിലേക്കുള്ള അടിമവില്പനയാണ്. ചിലപ്പോള്‍ ഈ വില്പന സ്വന്തം ഇഷ്ടാനുസരണം മതപരമായ ആവശ്യത്തിനുവേണ്ടിയായിരുന്നു. ഒരു ശാസനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 13 കാശിന് നൂറുപേരെ ഒരാള്‍ വില്ക്കുന്ന ഒരിടപാടാണ്; ഇതില്‍ കാഞ്ചനേച്ഛയല്ലാതെ ഭക്തിയുടെ ലാഞ്ഛനയൊന്നുംതന്നെയില്ല. എ.ഡി. 948-ല്‍ നന്ദിവര്‍മമംഗലം ഗ്രാമത്തിലെ മധ്യസ്ഥന്‍ തൃശ്ശിനാപ്പള്ളി നാട്ടിലെ വയലൂര്‍ ക്ഷേത്രത്തിലേക്ക് തിരുപ്പതിയം പാടുവാനും ദേവവിഗ്രഹത്തിന് വെണ്‍ചാമരം വീശുവാനുമായി മൂന്നു ദാസികളെ ദാനംചെയ്യുന്നു; ആറുകൊല്ലം മുന്‍പ് ആ മധ്യസ്ഥന്‍ വാങ്ങിയവരാണ് ദാസിമാര്‍ എന്നും ശാസനത്തില്‍ പറയുന്നു. രാജരാജചോളന്റെ 17-ാം ഭരണവര്‍ഷത്തില്‍ (എ.ഡി. 1002) തിരുവടന്തെ (ചിങ്കല്‍പ്പേട്ട ജില്ല) ശ്രീവരാഹസ്വാമിക്ഷേത്രത്തിലേക്ക് രണ്ടു നാട്ടുപ്രമാണിമാരുടെ (ഒരു നാടു കണ്‍-കാട് ചി, ഒരു നാടു-വകൈ) ആജ്ഞപ്രകാരം പന്ത്രണ്ടു പട്ടിണവ (മുക്കുവ) കുടുംബങ്ങളെ ക്ഷേത്രദാസന്‍മാരായി കൊടുക്കപ്പെടുന്നു. അവരുടെ തൊഴിലില്‍നിന്ന് (നെയ്ത്ത്, മീന്‍പിടുത്തം) കിട്ടുന്ന വരുമാനത്തില്‍നിന്ന് ഓരോ മുക്കുവകുടുംബവും ക്ഷേത്രത്തിലേക്ക് വര്‍ഷംതോറും 3/4 കഴഞ്ച് സ്വര്‍ണം കൊടുക്കണമെന്നും ചിങ്ങത്തില്‍ ചതയം നാളോടുകൂടി അവസാനിക്കുന്ന ഉത്സവങ്ങള്‍ക്കുവേണ്ട പണികള്‍ ചെയ്യണമെന്നും തിരുവടന്തെ ഗ്രാമത്തിലെ സഭയും ഊര്‍കാരും മുക്കുവരെക്കൊണ്ട് ഈ പണി ശരിയായി ചെയ്യിക്കണമെന്നും ശാസനത്തില്‍ നിര്‍ദേശമുണ്ട്. ഇത് കര്‍ശനമായ അടിമത്തമല്ലെങ്കിലും അവരുടെ സമ്മതത്തോടെയല്ല തിരുവടന്തെയിലെ മുക്കുവര്‍ ക്ഷേത്രദാസന്‍മാരായത് എന്ന് വ്യക്തമാണ്.
ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിക്കാരുടെ സൂറത്ത് ഫാക്ടറിയുടെ 1641-ലെ കണക്കുകളില്‍ ഇങ്ങനെയൊരു കുറിപ്പു കാണുന്നു. 'മൈക്കെല്‍' എന്ന കപ്പല്‍ 5-1-1641-ന് തുണിച്ചരക്കുകളോടും മലബാര്‍തീരത്തുനിന്ന് വാങ്ങിയ 14 അടിമകളോടുംകൂടി ബാന്റാമില്‍ (ജാവാ) എത്തി. മലയാളി അടിമകള്‍ ജാവായില്‍ എത്തിയതിനും എങ്ങനെയെത്തിയെന്നതിനും വേറെ തെളിവുകള്‍ ആവശ്യമില്ല. അടിമവ്യാപാരത്തിന് ചെന്നൈ പട്ടണത്തില്‍ പല സൌകര്യങ്ങളുമുണ്ടായിരുന്നു. ഡച്ചുകമ്പനിക്കാരുടെ സങ്കേതമായ പുലിക്കാട്ടും ഈ കച്ചവടം നടന്നുവന്നു. അന്യദേശങ്ങളിലേക്ക് കയറ്റി അയയ്ക്കുന്ന ഓരോ അടിമയ്ക്കും കമ്പനിക്കാര്‍ ഒരു പഗൊഡ ചുങ്കം ചുമത്തിയിരുന്നു. വില്ക്കാനുള്ള ഓരോ അടിമയെയും രജിസ്റ്റര്‍ ചെയ്യണമെന്നും നിയമമുണ്ടായിരുന്നു. രജിസ്റ്റര്‍ ഓഫീസില്‍ കമ്പനിയുടെ ഓഹരി അരരൂപാ ആയിരുന്നു. 1646-ല്‍ തമിഴ്‍നാട്ടില്‍ ഒരു ക്ഷാമബാധയുണ്ടായപ്പോള്‍ അനേകം പട്ടിണിപ്പാവങ്ങള്‍ നാഗപട്ടണത്തുവന്ന് തങ്ങളെത്തന്നെ ഒരു പറങ്കിക്കപ്പിത്താനു വിറ്റുവെന്നും അക്കാലത്തെ ചരിത്രരേഖകളില്‍ കാണാം. ട്രാന്‍ക്യൂബാറിലെ ഒരു ഇറ്റാലിയന്‍ പുരോഹിതന്‍, മധുരക്കാരനായ ഒരു ക്രിസ്ത്യാനിയുടെ ഭാര്യയെയും നാലു മക്കളെയും 30 പഗൊഡക്ക് മനിലായിലേക്കുപോകുന്ന ഒരു കപ്പലിലെ കപ്പിത്താനു വിറ്റുവെന്ന് നിക്കോളായ് മനുച്ചി (1650-1708) തന്റെ യാത്രാഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഫോര്‍ട്ട് സെയിന്റ് ജോര്‍ജിലെ വ്യാപാരികളുടെ പ്രധാന 'ദുബാഷു'മാരായിരുന്ന വെങ്കടിയും കണ്ണപ്പനും ആള്‍പിടിത്തക്കാരും അടിമദല്ലാളുകളും ആയിരുന്നു. കമ്പനിയുടെ പ്രസിഡണ്ട് ബേക്കര്‍ ഇവരുടെ ചങ്ങാതിയായിരുന്നു. കമ്പനിക്കാര്‍ക്കുതന്നെ 1687-ല്‍ അവരുടെ മസൂല തോണികളില്‍ പങ്കെടുക്കുവാന്‍ 43 മുക്കുവ അടിമകളുണ്ടായിരുന്നു. അടിമകളാക്കി വില്ക്കപ്പെട്ടവരുടെ ജ്ഞാതികളില്‍നിന്ന് നിരവധി പരാതികള്‍ കിട്ടിയപ്പോള്‍ മദിരാശിയിലെ കമ്പനിക്കാര്‍ 1688-ല്‍ ചില കര്‍ശനനടപടികള്‍ സ്വീകരിച്ചു. ചൌെള്‍ട്രി (choultry ) ന്യായാധിപതിയുടെ സമ്മതത്തോടുകൂടി മാത്രമേ അടിമകളെ വിദേശങ്ങളിലേക്കു കയറ്റി അയയ്ക്കുവാന്‍ പാടുള്ളൂ എന്നാക്കി നിയമം; ഇത് ലംഘിക്കുന്നവര്‍ക്ക് 5 മുതല്‍ 16 വരെ പഗൊഡ പിഴ നല്കി; തുടര്‍ച്ചയായി നിയമം ലംഘിക്കുന്നവരെ തടങ്കലിലിട്ടു ചെവി അറുക്കുക എന്നതായി ശിക്ഷ. ഇതുകൊണ്ടും ആള്‍പിടിത്തം കുറഞ്ഞില്ല; മാത്രമല്ല, പരസ്യമായി തുടര്‍ന്നു. മുസല്‍മാന്‍കുടികളെയും ആള്‍പിടിത്തക്കാര്‍ വിദേശങ്ങളിലേക്ക് വില്ക്കുന്ന കഥ ഡല്‍ഹിയില്‍ അറംഗസീബ് ചക്രവര്‍ത്തിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഈ ദുഷിച്ച വ്യാപാരത്തിനെതിരെ മസൂലിപട്ടണത്തിലെ ലന്തക്കാരോട് അദ്ദേഹം പ്രതിഷേധിച്ചു. ദുഷ് പേര് ഭയന്ന് ഇംഗ്ളീഷുകാരും മദിരാശിപട്ടണത്തിലെ അടിമവ്യാപാരം നിരോധിച്ചു (1688). ഇതുകൊണ്ടും ഫലമൊന്നുമുണ്ടായില്ല. ഒരു നൂറ്റാണ്ടുകാലംകൂടി, അതായത്, 1793 വരെ, മദിരാശി തുറമുഖത്ത് അടിമവ്യാപാരം നിര്‍വിഘ്നം തുടര്‍ന്നു. ജാവ, സുമാട്ര എന്നീ പൂര്‍വേഷ്യന്‍ ദ്വീപുകളിലെ തോട്ടക്കൃഷി വികസനത്തിനാണ് തമിഴ്‍നാട്ടിലെ അടിമകള്‍ നിയുക്തരായിരുന്നത്. നെല്‍ക്കൃഷി അവിടെ പ്രചരിപ്പിച്ചതിന് കാരണക്കാര്‍ ദക്ഷിണേന്ത്യന്‍ അടിമകളായിരുന്നു.
അടയാളംകുത്തല്‍. ദേവദാസികളുടെ ദേഹത്തില്‍ ഉടമസ്ഥാവകാശം സൂചിപ്പിക്കുന്നതിനായി അടയാളം കുത്തുന്ന സമ്പ്രദായം ഗ്രീസിലും റോമിലും യു.എസ്സിലും എന്നപോലെ, തമിഴകത്തും ഉണ്ടായിരുന്നു. ചോളകാലത്ത് ചൂടുവയ്ക്കുകയോ വേറെ ഏതെങ്കിലും വിധത്തില്‍ അടയാളം കുത്തുകയോ ചെയ്തിരുന്നുവെന്ന് ഗവേഷകര്‍ വ്യക്തമാക്കിയിട്ടില്ല. ശിവക്ഷേത്രങ്ങളിലേക്ക് ദാനമായി കൊടുത്ത സ്ത്രീകളുടെ ശരീരത്തില്‍ ത്രിശൂലചിഹ്നമാണ് കുത്തിയിരുന്നത്. പില്ക്കാലത്തെ വൈഷ്ണവന്‍മാര്‍ തങ്ങളുടെ ശരീരത്തില്‍ വൈഷ്ണവചിഹ്നങ്ങള്‍ ചൂടുവച്ചിരുന്നുവെന്നതില്‍നിന്ന് അടിമകളെയും ദേവദാസികളെയും ചൂടുവയ്ക്കലിന് വിധേയമാക്കിയിരുന്നുവെന്ന് തെളിയുന്നു.
പ്രതിഷേധം തമിഴ്‍നാട്ടിലെ അടിമകള്‍ ചില അപൂര്‍വാവസരങ്ങളില്‍ യജമാനന്‍മാര്‍ക്കെതിരെ പ്രതിഷേധം പ്രകടിപ്പിക്കാതിരുന്നില്ല എന്നതിനും ചരിത്രപരമായ തെളിവുകളുണ്ട്. ഇതിനുള്ള ഒരുദാഹരണം തഞ്ചാവൂര്‍ ജില്ലയിലെ തിരുവാലങ്ങാടു ക്ഷേത്രത്തിലെ ഒരു ശിലാലിഖിതത്തില്‍ കാണാം. വയിരാദരായര്‍ എന്നൊരാള്‍ക്ക് കുറെ അടിമകളുണ്ടായിരുന്നു. ഇവരില്‍ കുറെപേര്‍ അയാള്‍ക്ക് പിന്‍തുടര്‍ച്ചയായി കിട്ടിയവരും ബാക്കി അടിയാള്‍ അയാളുടെ ഭാര്യമാര്‍ക്ക് സ്ത്രീധനമായി കിട്ടിയവരും ആയിരുന്നു. ഭാര്യമാരുടെ സമ്മതത്തോടുകൂടി തന്റെ അടിമകളില്‍ ചിലരെ സ്ഥലത്തെ ക്ഷേത്രാധികാരികള്‍ക്കു വിറ്റു. മഠ-അടിമകളായി ഇവര്‍ നിയോഗിക്കപ്പെട്ടു. ശൈവമഠമായിരുന്നതുകൊണ്ട് അടിമകളുടെ ദേഹത്തില്‍ ത്രിശൂലമുദ്ര കുത്തി. ഈ അടിമകള്‍ ജോലി ശരിക്കു ചെയ്യാതെയും 'സ്ഥആനത്താരെ' (ക്ഷേത്രാധികാരികളെ) അനുസരിക്കാതെയും കലമ്പല്‍ കൂട്ടിയതിനാല്‍ ഇവരെ ശിക്ഷിക്കാനായി ക്ഷേത്രത്തിന്റെയും മഠത്തിന്റെയും ഭരണസമിതിയോഗം കൂടേണ്ടിവന്നു. ശിലാലിഖിതത്തിന്റെ അവസാനഭാഗം തേഞ്ഞുമാഞ്ഞുപോയതുകൊണ്ട് എന്തുശിക്ഷയാണ് അടിയാര്‍ക്ക് കിട്ടിയതെന്നറിയുവാന്‍ നിവൃത്തിയില്ല.
2. മൈസൂറില്‍. അടിമസമ്പ്രദായം 1830-ല്‍ മൈസൂര്‍ രാജാവ് നിര്‍ത്തല്‍ ചെയ്തുവങ്കിലും ആ നിയമം ഏട്ടിലെ പശുവായി നിന്നു. അടിമകളെ കന്നഡഭാഷയില്‍ 'ഇത്താളു' എന്നും 'മണ്ണാളു' എന്നും പറയുന്നു. പരമ്പരാഗതമായി ദാസ്യവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ് ഇവര്‍. ഭൂസ്വത്തിന്റെ ഭാഗമായിക്കണക്കാക്കപ്പെട്ടിരുന്നവരും ഭൂമി കൈമാറ്റത്തില്‍ ഉള്‍ പ്പെട്ടിരുന്നവരുമായ അടിമകളെ മണ്ണാളു എന്നു പറഞ്ഞുവരുന്നു. അടിമകളെ വില്ക്കുകയോ പണയം കൊടുക്കുകയോ ചെയ്യുകയായിരുന്നു പതിവ്. ഗ്രാമത്തിന്റെ പരിധിയില്‍നിന്ന് പുറത്തുപോകാന്‍ അടിമകള്‍ക്ക് പാടില്ലായിരുന്നു. ഹൊലെരു ജാതിയില്‍പ്പെട്ടവരായിരുന്നു അടിമകള്‍.
യജമാനന്‍മാരുടെ (ഹെഗ്ഡെമാരുടെ, ഡെയാറുടെ) സ്ഥിരം വല്ലിയാളാകുന്നതിന് തുടക്കമായി ഹൊലെരുജാതിയില്‍പെട്ടവര്‍ സാധാരണ വിവാഹച്ചെലവിന് പണം വാങ്ങുകയും യജമാനന്റെ പക്കല്‍നിന്ന് പാല്‍ വാങ്ങിക്കുടിക്കുന്ന ചടങ്ങിനുശേഷം ദാമ്പത്യവൃത്തി തുടങ്ങുകയും ചെയ്യുന്നു. എല്ലാ ദീപാവലിദിനത്തിലും ഈ കരാര്‍ പുതുക്കുകയും വേണം. കാപ്പിത്തോട്ടങ്ങളില്‍ ഹൊലെരുജാതിക്കാര്‍ക്ക് കൂലിപ്പണിക്ക് സൗകര്യം കിട്ടിയപ്പോള്‍ വല്ലിയാള്‍വൃത്തിക്ക് അവര്‍ പോകാതായിത്തുടങ്ങി. ഭൂവുടമസ്ഥാവകാശം അവര്‍ക്കുണ്ടായിരുന്നില്ല. സ്വന്തം കൃഷി ചെയ്യാനും അവരെ അനുവദിച്ചിരുന്നില്ല. പണം അവര്‍ക്കു കൊടുത്തുകൂടാ എന്നതായിരുന്നു ചില പ്രദേശങ്ങളിലെ പതിവ്.
3. ഉത്തരേന്ത്യയില്‍. ബീഹാറില്‍ എ.ഡി. 18-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ അടിമകളെ പ്രമാണംവഴി എങ്ങനെയായിരുന്നു കൈമാറ്റം ചെയ്തിരുന്നതെന്ന് ഉദാഹരിക്കുവാന്‍ ഡോ. ഡി.സി. സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയ സംസ്കൃതഭാഷയിലുള്ള കരണത്തില്‍ ഇപ്രകാരം കാണുന്നു.
'ഗൗരീ വരാടികാപത്രമിദം മാണ്ഡരസം ശ്രീ ഭവദേവ ശര്‍മാ പാലീസം ശ്രീസാഹേബുശര്‍മസുപത്രം അര്‍പ്പയതി തദ് ഏതദ്സകാശാദ് രാജതമുദ്രാത്രയം ആദായ അമാതജാതീയാം - തുലായീപുത്രീം ശ്യാമവര്‍ണാം ഷഡ്വര്‍ഷവയസ്കാം വാ (ബാ)ദരീപുത്രായ പരിണേതുംദത്താ. അതഃപരം മമ സ്വത്ത്വം നാസ്തി. ശാകെ 1645 സന 1131 സാലമുലകീ ആഷാഡശുക്ളദ്വിതീയാം ഗുരൌെ സാച്ചി (ക്ഷി)ണൌെ ശ്രീ വാസുദേവഝാ ശ്രീ വിഘ്നേശഝാ ലിഖിതം ഉഭയാനുമത്യാ ശ്രീ ഘോഘെശര്‍മണാ. ലിഖാപണ അനാതീനി (ഗൌരി-എട്ടു വയസ്സായ പെണ്‍കുട്ടി വരാടിക) (കൌടി) പ്രമാണം. മണ്ഡരക്കാരന്‍ ഭവദേവശര്‍മ പാലിക്കാരന്‍ സാഹേബശര്‍മനു കൊടുക്കുന്ന പത്രം. മൂന്നു വെള്ളി കൈപ്പറ്റി, എന്റെ അമാതജാതിക്കാരി ദാസി തുലായിയുടെ കറുത്ത, ആറുവയസ്സായ മകളെ (സാഹേബശര്‍മന്റെ ദാസി) ബാദരീപുത്രന് കല്യാണം ചെയ്യിക്കുവാന്‍ കൊടുത്തു. ഇനിമേല്‍ എനിക്ക് (അവളുടെമേല്‍) യാതൊരവകാശവുമില്ല. ശക. 1645-ന് മുല്കി വര്‍ഷം 1131, ആഷാഡശുക്ളദ്വിതീയവ്യാഴാഴ്ച സാക്ഷികള്‍ ശ്രീ വാസുദേവ ഝാ., ശ്രീ വിഘ്നേശ ഝാ. രണ്ടുപേരുടെയും അനുമതിയോടുകൂടി ഘോഘെശര്‍മ എഴുത്ത്. എഴുത്തുപണം മൂന്ന് അണ. (ഈ പത്രത്തിന്റെ ഇംഗ്ളീഷ് തീയതി 1724 ജൂണ്‍ 11).
സായ്തോ എന്ന ഒരു അടിമസ്ത്രീയുടെയും അവരുടെ മകളുടെയും മേല്‍ രണ്ടു ബ്രാഹ്മണര്‍ക്കുണ്ടായിരുന്ന അവകാശത്തര്‍ക്കത്തില്‍ സചലമിശ്രന്‍ എന്ന മൈഥിലീപണ്ഡിതന്റെ വിധിയും മറ്റു രേഖകളും ഡോ. കെ.പി. ജയസ്‍വാല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ തര്‍ക്കം നടന്നത് 1794-ലാണ്.
4. വിദേശങ്ങളില്‍. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതിനുശേഷം അടിമവ്യാപാരം ആഗോളവ്യാപകമായി. ഈ വ്യാപാരത്തിലെ വിപണിതവസ്തുവില്‍ സിംഹഭാഗവും ആഫ്രിക്കന്‍ ജനങ്ങളും ഇതില്‍നിന്ന് ഏറ്റവും കുപ്രസിദ്ധിയും ലാഭവും നേടിയവര്‍ ഇംഗ്ളീഷുകാരും അവര്‍ക്ക് മുന്‍പ് ലന്തക്കാരും ആയിരുന്നു. പടിഞ്ഞാറന്‍ യൂറോപ്യരുടെ അമേരിക്കന്‍ കുടിയേറ്റത്തിന്റെ നാനൂറുകൊല്ലത്തെ കഥയുടെ ഒരു ഭാഗമായി ഈ അടിമവ്യാപാരം ചരിത്രകാരന്‍മാര്‍ വിവരിക്കാറുണ്ട്. ആ എഴുത്തുകാരെല്ലാം വെള്ളക്കാരാണ്. അടുത്തകാലത്താണ് കറുത്തവര്‍ഗ ചരിത്രകാരന്‍മാരും എഴുത്തുകാരും അവരുടെ ദാരുണമായ കഥ ചര്‍ച്ചചെയ്യാന്‍ തുടങ്ങിയത്.
അമേരിക്കയില്‍ ആദ്യം എത്തിയ നീഗ്രോകള്‍ ആഫ്രിക്കയില്‍ നിന്നല്ല, യൂറോപ്പില്‍ നിന്നായിരുന്നു. എ.ഡി. 14-ാം ശ.-ത്തില്‍ സ്പെയിന്‍കാരും പോര്‍ത്തുഗീസുകാരും വ. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍നിന്ന് നീഗ്രോത്തൊഴിലാളികളെ കൊണ്ടുപോയി വീട്ടുവേലയ്ക്കും മറ്റു പണികള്‍ക്കുമായി ഉപയോഗപ്പെടുത്തിയിരുന്നു. അധികം താമസിയാതെ യൂറോപ്പില്‍ ആഫ്രിക്കയില്‍ നിന്നുള്ള വേറെ ഇറക്കുമതികളോടുകൂടി നീഗ്രോഅടിമകളുടെയും വരവു തുടങ്ങി. ഈ വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടെന്ന് സ്പെയിന്‍കാരും പറങ്കികളും മനസ്സിലാക്കി. പുതുതായി കണ്ടുപിടിച്ച പടിഞ്ഞാറന്‍ അര്‍ധഗോളത്തില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുവാന്‍ 'നീഗ്രോത്തൊഴില്‍' സഹായകമാകുമെന്നും അവര്‍ കാണാതിരുന്നില്ല. സ്പെയിന്‍കാരും പറങ്കികളും അമേരിക്കന്‍ വന്‍കരകളില്‍ 16-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ നടത്തിയ ദിഗ് വിജയങ്ങളിലും സാഹസികയാത്രകളിലും നിരവധി നീഗ്രോദാസന്‍മാര്‍ ഉണ്ടായിരുന്നു. കാനഡയിലും മിസ്സിസിപ്പിയിലും ഫ്രഞ്ചുകാര്‍ പ്രവേശിച്ചപ്പോള്‍ നീഗ്രോദാസന്‍മാര്‍ സഹായത്തിനെത്തി. അമേരിക്കയിലെ പുതിയ ഭൂമിയും വിഭവങ്ങളും പ്രയോജനപ്പെടുത്തുന്നതിന് അവിടത്തെ ഗോത്രവര്‍ഗക്കാരുടെ യത്നം മതിയാവുകയില്ലെന്നും ആഫ്രിക്കന്‍ കായികശക്തി അതിനാവശ്യമാണെന്നും കണ്ടു.
ഒരു സ്പാനിഷ് ബിഷപ്പാണ് അമേരിക്കന്‍ അടിമത്തൊഴില്‍ വ്യവസ്ഥ നാന്ദി കുറിച്ചത്. അമേരിക്കന്‍ ഗോത്രവര്‍ഗക്കാരെ സ്പെയിന്‍ കോളനിക്കാര്‍ നശിപ്പിക്കുന്നതുകണ്ട് സങ്കടം തോന്നി അവര്‍ക്കുപകരം യൂറോപ്പില്‍നിന്ന് നിഗ്രോ അടിമകളെ ഹെയ്തിയിലേക്കയച്ചുകൊടുക്കാന്‍ രാജാവിന്റെ കല്പന ബിഷപ്പ് ബാര്‍തൊലൊമെ ദെ ലാസ്കാസാസ് സമ്പാദിച്ചു. ഇതോടുകൂടി യൂറോപ്യന്‍ അടിമവ്യാപാരം പടിഞ്ഞാറന്‍ അര്‍ധഗോളത്തില്‍ ഔദ്യോഗികമായി ആരംഭിച്ചു. അടിമവ്യാപാരത്തിന് വലിയ കമ്പനികള്‍ 1621 മുതല്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങി. ആദ്യത്തെ പ്രധാന കമ്പനി ഡച്ച് വെസ്റ്റ് ഇന്ത്യാക്കമ്പനിയായിരുന്നു. വെസ്റ്റിന്‍ഡീസിലും അവിടെനിന്ന് വടക്കും തെക്കുമുള്ള എല്ലാ തുറമുഖങ്ങളിലും ആഫ്രിക്കയില്‍നിന്നു കൊണ്ടുവന്ന അടിമകളുടെ വിപണനം ഈ കമ്പനിക്കാര്‍ നടത്തി. ഒരു ഡച്ചുകപ്പലാണ് 1619-ല്‍ ഒന്നാമതായി യു.എസ്സിലെ വെര്‍ജീനിയായില്‍ ജെയിംസ്ടൌണ്‍ തുറമുഖത്ത് 20 നീഗ്രോ കൂലിക്കാരെ (അവര്‍ അടിമകളായിരുന്നില്ല) കൊണ്ടുവന്നിറക്കിയത്. ആഫ്രിക്കയുടെ പടിഞ്ഞാറന്‍തീരത്ത് പറങ്കികള്‍ക്കുണ്ടായിരുന്ന വ്യാപാരക്കുത്തക ഭേദിച്ച് (1562) അവിടത്തെ കച്ചവടത്തിലെ ഒരു നല്ലഭാഗം സ്വായത്തമാക്കാനും, അമേരിക്കന്‍ വ്യാപാരത്തില്‍ സ്പെയിനിനുള്ള കുത്തക പൊളിക്കാനും ക്യാപ്റ്റന്‍ ജോണ്‍ ഹോക്കിന്‍സ് എന്ന ഇംഗ്ളീഷുകാരന് കഴിഞ്ഞു. ഈസ്റ്റിന്ത്യാക്കമ്പനി, റോയല്‍ ആഫ്രിക്കന്‍ കമ്പനി മുതലായ ബ്രിട്ടിഷ് കമ്പനികള്‍ മറ്റുള്ള വ്യാപാരങ്ങളിലെന്നപോലെ അടിമവ്യാപാരത്തിലും ഇംഗ്ളണ്ടിനെ ഒന്നാം സ്ഥാനത്തേക്കുയര്‍ത്തി. 18-ാം ശ.-ത്തിന്റെ രണ്ടാം ദശകം മുതല്‍ അടിമവ്യാപാരത്തിന്റെ മാതൃകാസമ്പ്രദായം ബ്രിട്ടീഷുകാരുടേതായിരുന്നു.
യൂറോപ്യന്‍ തുറമുഖങ്ങളില്‍നിന്നു പുറപ്പെടുന്ന കപ്പലുകള്‍ പരുത്തിത്തുണി, ലോഹങ്ങള്‍, മണികള്‍, വെടിമരുന്ന്, മദ്യങ്ങള്‍ മുതലായ ചരക്കുകളോടുകൂടി ആഫ്രിക്കന്‍ തീരപ്രദേശത്ത് അവരുടെ കച്ചവടസങ്കേതങ്ങളില്‍ എത്തുന്നു; ആ സങ്കേതങ്ങളിലെ വര്‍ത്തകര്‍ കപ്പലില്‍ വന്ന ചരക്കുകള്‍ ആഫ്രിക്കക്കാര്‍ക്ക് വില്ക്കുന്നു; ഗോത്രപ്രമുഖന്‍മാരില്‍നിന്ന് അവര്‍ പിടിച്ചുവച്ചിട്ടുള്ള അടിമകളെ കപ്പലില്‍ നിറയ്ക്കുന്നു - കപ്പല്‍ നിറയെ അടിമകളെ സംഭരിക്കുന്നതിന് ചിലപ്പോള്‍ മൂന്നോ നാലോ തുറമുഖങ്ങള്‍ സന്ദര്‍ശിക്കേണ്ടിവരും - പിന്നീട് പടിഞ്ഞാറോട്ടു യാത്ര തിരിക്കുന്നു. അടിമകള്‍ക്ക് കപ്പല്‍ ജയില്‍ തന്നെയായിരുന്നു. ഈരണ്ടടിമകളെ മണിബന്ധത്തിലും കണങ്കാലിലും ചങ്ങലകൊണ്ടു കൂട്ടിക്കെട്ടുകയായിരുന്നു പതിവ്. അത്‍ലാന്തിക്ക് സമുദ്രം തരണം ചെയ്യുന്ന സമയത്തിനുള്ളില്‍ ഒരു നല്ല ശ.മാ. അടിമകള്‍ മരിച്ചുപോകുമായിരുന്നു. അമേരിക്കന്‍ തുറമുഖങ്ങളില്‍ അടിമക്കപ്പലുകളെ സ്വീകരിക്കുവാന്‍ ദല്ലാളന്‍മാര്‍ സദാ സന്നദ്ധരായിരുന്നു. അമേരിക്കയില്‍ ഇറക്കുമതി ചെയ്ത അടിമകളുടെ എണ്ണം 17, 18, 19 ശ.-ങ്ങളില്‍ യഥാക്രമം 27,50,000; 70,00,000; 40,00,000 ആണെന്ന് കണക്കാക്കിയിട്ടുണ്ട്. വഴിക്കുവച്ചുമരണമടഞ്ഞവരുടെ എണ്ണത്തിനു കണക്കില്ല.
കരീബിയന്‍ ദ്വീപുകളിലെ വന്‍കിട തോട്ടങ്ങളിലാണ് പുതിയ ലോകത്തിലെ അടിമവ്യവസ്ഥ രൂപംകൊണ്ടത്. അവിടെ ആദ്യം പുകയിലത്തോട്ടങ്ങളും പിന്നീട് കരിമ്പു തോട്ടങ്ങളും ആണ് വന്‍കിടവ്യവസായങ്ങളായി വികസിച്ചത്. ഉടമസ്ഥന്‍മാര്‍ യൂറോപ്പിലായിരിക്കും. അടിമകളെക്കൊണ്ടു പണിയെടുപ്പിച്ചിരുന്നത് തോട്ടം മാനേജര്‍മാരും കങ്കാണികളുമായിരുന്നു. തൊഴിലാളികളുടെ ക്ഷേമം വിദൂരസ്ഥരായ ഈ ഉടമസ്ഥന്‍മാര്‍ക്ക് ഒരു പ്രശ്നമായിരുന്നില്ല. പണി എടുപ്പിക്കുക, ലാഭം പെരുപ്പിക്കുക എന്നിവ മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അടിമകളെ മൃഗങ്ങളെപ്പോലെ മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും അത്യധ്വാനം ചെയ്യിച്ചു.
യു.എസ്സില്‍ യൂറോപ്യന്‍മാര്‍ കുടിയേറ്റക്കാരായതുകൊണ്ട് അവരുടെ കൃഷി വന്‍തോട്ടകൃഷി മാതൃകയിലായിരുന്നില്ല. ഏറ്റവും വലിയ കൃഷിക്കാരന് 100 അടിമകളിലധികം ഉണ്ടായിരുന്നില്ല. ഭൂരിഭാഗം കൃഷിക്കാര്‍ക്കും നാലോ അഞ്ചോ അടിമകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. കൃഷിക്കാരുടെയും അടിമകളുടെയും എണ്ണം ഓരോ കോളനിയിലും വര്‍ധിക്കുവാന്‍ തുടങ്ങിയപ്പോള്‍, കരീബിയന്‍ പ്രദേശത്തുണ്ടായിരുന്നതുപോലെ, കര്‍ശനമായ അടിമനിയമങ്ങള്‍ (Slave codes) കൊളോണിയല്‍ അധികാരികള്‍ അടിമകളുടെമേല്‍ അടിച്ചേല്പിക്കുവാന്‍ തുടങ്ങി (കരോലിനാ കോളനിയുടെ ഉടമസ്ഥന്‍മാര്‍ നാലുപേര്‍ റോയല്‍ ആഫ്രിക്കന്‍ കമ്പനി അംഗങ്ങളായിരുന്നു). അടിമയ്ക്ക് അക്ഷരാഭ്യാസം പാടില്ല എന്നുതൊട്ട് ശരിയായ വിവാഹവും പാടില്ല എന്നതരത്തില്‍ പോലും നിഷ്ഠൂരമായിരുന്നു അടിമനിയമാവലി. വിദ്യാഭ്യാസംകൊണ്ടും സാംസ്കാരികജീവിതംകൊണ്ടും അടിമ നന്നായാല്‍ അടിമത്തം നിലനിര്‍ത്താന്‍ പ്രയാസമായിരിക്കും എന്നറിഞ്ഞ് അതിനു മുന്‍കരുതലായിട്ടാണ് അടിമനിയമങ്ങളുണ്ടാക്കിയത്.
1808-ല്‍ അടിമവ്യാപാരം ഔദ്യോഗികമായി തടയപ്പെട്ടുവെങ്കിലും കള്ളക്കച്ചവടം പണ്ടത്തെപ്പോലെതന്നെ നാട്ടിന് പുറത്തും അകത്തും അരനൂറ്റാണ്ടുകാലം നടന്നു. അടിമവ്യവസ്ഥയ്ക്കെതിരായുള്ള ചലനങ്ങള്‍ ഇംഗ്ളണ്ടിലും അമേരിക്കയിലും ക്രമേണ ശക്തിയേറിവന്നതും അതിന് എബ്രഹാം ലിങ്കണ്‍ നേതൃത്വം നല്കിയതും 19-ാം ശ.-ത്തിന്റെ ചരിത്രത്തിലെ പ്രധാന ഏടുകളാണ്. ആഫ്രിക്കയില്‍ അബിസീനിയയിലും അറബിരാജ്യങ്ങളില്‍ പലതിലും (ഉദാ. സൗദി അറേബ്യ) 20-ാം ശ.-ത്തില്‍ അടിമവ്യാപാരം അവശേഷിച്ചിരുന്നു.
(ഡോ. എ. അയ്യപ്പന്‍)