This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അടിപിടി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അടിപിടി
രണ്ടോ അതില്‍കൂടുതലോ ആളുകള്‍ചേര്‍ന്ന് പൊതുസമാധാനം ഭഞ്ജിക്കത്തക്കവിധത്തില് ഒരു പൊതുസ്ഥലത്തുവച്ചു പൊരുതുന്നതിനെ 'അടിപിടി' (Affray) ആയി ഇ.ശി.നി. 159-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്നു. Affraier എന്ന ഫ്രഞ്ച് വാക്കില്‍ നിന്നാണ് Affray എന്ന ഇംഗ്ളീഷ് വാക്ക് രൂപം കൊണ്ടത്. ഈ പദത്തിന്റെ നിയമപരമായ അര്‍ഥം ഉള്‍ക്കൊള്ളുന്ന മലയാളപദമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് 'അടിപിടി' എന്ന സംജ്ഞയാണ്.
പൊതുസ്ഥലത്തുവച്ചു നടക്കുന്ന സംഭവമായതിനാല്‍ പൊതുജനങ്ങള്‍ക്ക് സംഭ്രാന്തിയും ശല്യവും സംജാതമാകാന്‍ സാധ്യതയുള്ളതുകൊണ്ട് 'അടിപിടി' പൊതുസമാധാനത്തിന് എതിരായ ഒരു കുറ്റമായി കരുതപ്പെടുന്നു. കുറഞ്ഞത് രണ്ടാളുകള്തമ്മില് പോരു നടന്നാല്‍ മാത്രമേ ഇ.ശി.നി. അനുസരിച്ച് ശിക്ഷാര്ഹമാകുകയുള്ളു. പോരു നടക്കുന്നത് പൊതുസ്ഥലത്തുവച്ചായിരിക്കണം. പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ടുള്ള പരിപാടികള്‍ സ്വകാര്യസ്ഥലത്തുവച്ച് നടത്തുമ്പോള്‍ പ്രസ്തുതസ്ഥലം തത്സമയം പൊതുസ്ഥലമായി ഗണിക്കപ്പെടുന്നതാണ്. പൊതുജനങ്ങള്‍ അവകാശപ്രകാരമോ, അല്ലാതെയോ സാധാരണ സഞ്ചരിക്കുന്നതോ ഉപയോഗിക്കുന്നതോ ആയ സ്ഥലവും പൊതുസ്ഥലമായി കരുതപ്പെടുന്നു. വാക്കുതര്‍ക്കങ്ങള്‍ക്ക് അതീതമായി ശരിക്കു പോരു നടന്നാല്‍ മാത്രമേ 'അടിപിടി' എന്ന കുറ്റമാകുകയുള്ളു. ഒരു മാസത്തെ തടവോ നൂറുരൂപാ പിഴയോ രണ്ടുംകൂടിയോ ശിക്ഷ നല്കാവുന്ന ഒരു കുറ്റമാണിത്.
അടിപിടിയും ലഹളയും (riot) വ്യത്യസ്തങ്ങളായ കുറ്റങ്ങളാണ്. 'ലഹള' സ്വകാര്യസ്ഥലത്തുവച്ചും നടക്കാം. അതിനുകുറഞ്ഞത് അഞ്ചുപേരെങ്കിലും പങ്കെടുത്തിരിക്കണം. അതുപോലെതന്നെ അടിപിടിയും ആക്രമണവും വ്യത്യസ്തങ്ങളാണ്. ആക്രമണമെന്നകുറ്റം ഏതു സ്ഥലത്തുവച്ചും ചെയ്യാവുന്നതാണ്. അത് ഒരു വ്യക്തിക്കെതിരായ കുറ്റമേ ആകുന്നുമുള്ളു.
(കെ. മാധവന്‍പിള്ള)