This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അച്യുതവാരിയര്‍, എരുവയില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അച്യുതവാരിയര്‍, എരുവയില്‍ (? - 1746)

പഴയ കായംകുളം രാജ്യത്തിലെ (ഓടനാട്, ഓണാട്ടുകര) അവസാനത്തെ മന്ത്രിമുഖ്യനും സേനാനായകനും. കുടുംബപാരമ്പര്യം മുറയ്ക്കായിരുന്നോ അതോ സ്വന്തം സേവനത്തിന്റെ വൈശിഷ്ട്യം മാത്രം കൊണ്ടായിരുന്നോ ഇദ്ദേഹം സ്ഥാനോന്നതി നേടിയതെന്ന് വ്യക്തമല്ല; എന്നാല്‍ ഇദ്ദേഹം ആയുധവിദ്യയില്‍ അതിനിപുണന്‍ ആയിരുന്നുവെന്ന് തെളിയിക്കുന്ന പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. യുദ്ധം നിത്യസംഭവമായിരുന്ന അക്കാലത്ത് ആയുധവിദ്യാനൈപുണ്യം സ്ഥാനലബ്ധിയില്‍ ഇദ്ദേഹത്തിന് സഹായകമായിത്തീര്‍ന്നിരിക്കുമെന്ന് നിശ്ചയമാണ്.

മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് (ഭ. കാ. 1729-58) വേണാടിനെ (തിരുവിതാംകൂറിനെ) വിപുലമാക്കുവാന്‍ തുടങ്ങിയപ്പോള്‍ ആദ്യമായി പിടിച്ചടക്കിയ ചെറുരാജ്യങ്ങളായിരുന്നു ദേശിംഗനാടും (കൊല്ലം) അതിനു വ. കായംകുളവും. ഈ രാജ്യങ്ങളും തിരുവിതാംകൂറുമായി നടത്തിയിട്ടുള്ള യുദ്ധങ്ങള്‍ ആധുനിക തിരുവിതാംകൂര്‍ ചരിത്രത്തിന്റെ ഒരു ഭാഗമാണ്. കേരളാധിപത്യം സ്വപ്നം കണ്ടുകൊണ്ട് ഗൂഢതന്ത്രങ്ങള്‍ പ്രയോഗിച്ചുവന്ന ലന്തക്കാരുടെ (ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി) വലയില്‍ പെട്ടാണ് കായംകുളവും മറ്റും യുദ്ധംചെയ്തതെന്ന അഭിപ്രായവും ഉണ്ട്. ആ സമരത്തില്‍ തിരുവിതാംകൂറിന് വിജയം സിദ്ധിച്ചത് പില്ക്കാലചരിത്രത്തിന്റെ ഗതിയെത്തന്നെ മാറ്റി മറിച്ചു. കായംകുളത്തിന്റെ അഭിമാനം രക്ഷിക്കാന്‍വേണ്ടി സമരവീര്യം പ്രദര്‍ശിപ്പിച്ചുവെന്നതാണ് അച്യുതവാരിയരുടെ മഹത്വം.

കായംകുളവും ദേശിംഗനാടും ലന്തക്കാരുടെ പിന്‍തുണയോടെ ഒരു ഭാഗമായിനിന്ന് കൊല്ലത്തും കിളിമാനൂരും വച്ച് തിരുവിതാംകൂര്‍ സൈന്യത്തെ എതിര്‍ത്തപ്പോള്‍ അച്യുതവാരിയര്‍ ആയിരുന്നു സംയുക്തസൈന്യത്തിന്റെ നേതൃത്വം വഹിച്ചത്. അച്യുതവാരിയരുടെ കൈയില്‍ വാള്‍ ഉള്ളിടത്തോളം കാലം ആര്‍ക്കും ഇദ്ദേഹത്തെ വധിക്കാന്‍ സാധ്യമാവുകയില്ല എന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. പൗരുഷശാലിയും യുദ്ധവിദഗ്ധനുമായിരുന്ന വാരിയരെ നേരിട്ടു തോല്പിക്കുന്നതു പ്രയാസമായിരുന്നതിനാല്‍ ഇദ്ദേഹത്തെ ഗൂഢോപായത്തില്‍ പരാജിതനാക്കാന്‍ രാമയ്യന്‍ദളവ യത്നിച്ചതായിട്ടാണ് ഐതിഹ്യം. വാരിയര്‍ പതിവായി സന്ധ്യാഭജനത്തിനു പോകാറുണ്ടായിരുന്ന കണ്ണമംഗലം ക്ഷേത്രത്തില്‍വച്ചു ചതിയില്‍ ഇദ്ദേഹത്തെ അപായപ്പെടുത്തിയതായും പറഞ്ഞുവരുന്നു. അവിടെവച്ച് ശത്രുക്കള്‍ വാരിയരെ വളഞ്ഞ് ഇദ്ദേഹത്തിന്റെ വലതു കൈ ഛേദിച്ചു. ഇടതു കൈയില്‍ വാളേന്തി ഇദ്ദേഹം ശത്രുക്കളെ വീറോടെ നേരിട്ടുവെങ്കിലും രക്തം വാര്‍ന്ന് നഷ്ടപ്രജ്ഞനായിത്തീര്‍ന്ന വാരിയര്‍ ശ്രീകോവിലിന്റെ മുന്‍പില്‍ ശിവനാമോച്ചാരണത്തോടെ വീണ് ചരമമടഞ്ഞു എന്നാണ് കഥ. കായംകുളത്തെ വീരയോദ്ധാവ് എന്ന നിലയ്ക്ക് ചില ഐതിഹ്യങ്ങള്‍ ഇദ്ദേഹത്തെപ്പറ്റി ഉണ്ടെന്നല്ലാതെ ചരിത്രത്തില്‍നിന്ന് വിവരം ഒന്നും ലഭിക്കുന്നില്ല. വാരിയരുടെ വീരാപദാനങ്ങളെ പ്രകീര്‍ത്തിക്കുന്ന രണ്ടു ഖണ്ഡകവിതകള്‍ ഉണ്ട്. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ എരുവയില്‍ അച്യുതവാരിയര്‍ എന്ന ലഘുകവിതയും (കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ കൃതികള്‍; വാല്യം 1; പുറം 301) എം.ആര്‍. കൃഷ്ണവാരിയരുടെ ഒരു വീരവിനോദം എന്ന ഖണ്ഡകൃതിയും (എം.ആര്‍. കൃതികള്‍; വാല്യം 1; പുറം 305) വാരിയരെപ്പറ്റിയുള്ള ഐതിഹ്യങ്ങളെ നിറപ്പകിട്ടോടെ അവതരിപ്പിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍